2018-05-20 12:30:00

"വിശുദ്ധി ആനന്ദത്തിന്‍റെ പൂ‍ര്‍ണാനുഭവം": ത്രികാലജപസന്ദേശം


2018, മെയ്മാസം 20-ാം തീയതി, പന്തക്കുസ്താത്തിരുനാളിലെ മധ്യാഹ്നത്തില്‍ വത്തിക്കാനിലെ വി. പത്രോസിന്‍റെ ബസ്ലിക്കയുടെ പതിവുപോലെ പാപ്പാ ത്രികാലജപം നയിച്ചു. "സ്വര്‍ലോകരാജ്ഞി ആനന്ദിച്ചാലും" എന്ന ഉയിര്‍പ്പുകാലത്തിലെ ത്രികാലജപം നയിക്കുന്നതിന് പതിവു ജാലകത്തിങ്കല്‍ എത്തിയ ഫ്രാന്‍സീസ് പാപ്പാ കൈകളുയര്‍ത്തി വീശി തീര്‍ഥാടകസമൂഹത്തെ അഭിവാദ്യം ചെയ്തപ്പോള്‍ പ്രത്യഭിവാദനം ചെയ്തുകൊണ്ട‌് കരങ്ങളുയര്‍ത്തി വീശിയും, കരഘോഷവും ആഹ്ലാദാരവവും മുഴക്കിയും, മാര്‍പ്പാപ്പായോടുള്ള സ്നേഹാദരവുകളോടെ അവര്‍ പാപ്പായെ എതിരേറ്റു. ത്രികാലജപത്തിനുമുമ്പ്, പന്തക്കുസ്താത്തിരുനാളിന്‍റെ പ്രസക്തിയെയും അരൂപിയ്ക്കു തുറവിയുള്ളവരായിരുന്നുകൊണ്ട് വിശുദ്ധിയില്‍ മുന്നേറാനുള്ള നമ്മുടെ വിളിയെയും പാപ്പാ ഉദ്ബോധിപ്പിച്ചു.  ഇറ്റാലിയന്‍ ഭാഷയില്‍ നല്‍കിയ സന്ദേശത്തിന്‍റെ പരിഭാഷ വായിക്കാം.

പ്രിയ സഹോദരീസഹോദരന്മാരേ സുപ്രഭാതം!

യേശുവിന്‍റെ മരണത്തെയും ഉയിര്‍പ്പിനെയും കേന്ദ്രമാക്കുന്ന ഉയിര്‍പ്പുകാലത്തിന്‍റെ പൂര്‍ണതയാണ് ഇന്നത്തെ പന്തക്കുസ്താത്തീരുനാള്‍.  ഈ ആഘോഷം സെഹിയോന്‍ശാലയില്‍ കന്യകാമറിയത്തോടൊപ്പം, പ്രാര്‍ഥനയിലായിരുന്ന അപ്പസ്തോലന്മാരുടെയും ശിഷ്യരുടെയും മേലുണ്ടായ, പരിശുദ്ധാത്മാവിന്‍റെ ആവാസം (നടപടി 2:1-11) അനുസ്മരിക്കുന്നതിനും അതു നവമായി ജീവിക്കുന്നതിനും നമുക്കിട നല്‍കുന്നു.  ക്രിസ്തീയവിശുദ്ധിയുടെ കഥ ആ ദിവസത്തിലാണ് ആരംഭിക്കുക.  എന്തെന്നാല്‍, പരിശുദ്ധാത്മാവാണ് പരിശുദ്ധിയുടെ ഉറവിടം.  അത് കുറച്ചുപേര്‍ക്കുള്ള അവകാശമല്ല, എല്ലാവര്‍ക്കുമുള്ള വിളിയാണത്.

മാമോദീസയിലൂടെ, വാസ്തവത്തില്‍, നാം വിളിക്കപ്പെട്ടിരിക്കുന്നത് ക്രിസ്തുവിന്‍റെ അതേ ദൈവികജീവനില്‍ പങ്കുകാരാകുന്നതിനാണ്.  സ്ഥൈര്യലേപനത്തിലൂടെ നാം ലോകത്തില്‍ അവിടുത്തെ സാക്ഷികളാകാനും വിളിക്കപ്പെടുന്നു. ”പരിശുദ്ധാത്മാവ് ദൈവത്തിന്‍റെ വിശുദ്ധരും വിശ്വസ്തരുമായ ജനത്തിനിടയിലേയ്ക്ക് സമൃദ്ധമായി അവിടുത്തെ പരിശുദ്ധി ചൊരിയുന്നു” (ആനന്ദിച്ചാഹ്ലാദിക്കുവിന്‍, 6). രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രസ്താവിക്കുന്നതുപോലെ, ദൈവം നിശ്ചയിച്ചത്, മനുഷ്യരെ പരസ്പരബന്ധമില്ലാത്ത വ്യക്തികളാക്കി വിശുദ്ധീകരിക്കാനും രക്ഷിക്കാനുമല്ല.  സത്യത്തില്‍, അവര്‍ തന്നെ അറിയുകയും വിശുദ്ധിയില്‍ തന്നെ ശുശ്രൂഷിക്കുകയും ചെയ്യാന്‍ വേണ്ടി അവരെ ഒരു ജനപദമാക്കാന്‍ അവിടുന്നു തിരുമനസ്സായി (തിരുസ്സഭ, 9).

പുരാതനകാലത്തെ പ്രവാചകന്മാരിലൂടെ, കര്‍ത്താവ് തന്‍റെ ജനത്തെക്കുറിച്ചുള്ള രൂപരേഖ അറിയിച്ചിട്ടുണ്ടായിരുന്നു.  എസെക്കിയേലിലൂടെ അവിടുന്നു പറയുന്നു: “എന്‍റെ ആത്മാവിനെ ഞാന്‍ നിങ്ങളില്‍ നിവേശിപ്പിക്കും. നിങ്ങളെ എന്‍റെ കല്‍പ്പനകള്‍ പാലിക്കുന്നവരും നിയമങ്ങള്‍ കാക്കുന്നതില്‍ ശ്രദ്ധയുള്ളവരുമാക്കും... നിങ്ങള്‍ എന്‍റെ ജനവും ഞാന്‍ നിങ്ങളുടെ ദൈവവും ആയിരിക്കും” (36:27-28). ജോയേല്‍ പ്രവാചകന്‍റെ അധരങ്ങള്‍ പ്രഖ്യാപിക്കുന്നു: “എല്ലാവരുടെയും മേല്‍ എന്‍റെ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും.  നിങ്ങളുടെ പുത്രന്മാരും പുത്രികളും പ്രവചിക്കും... ആ നാളുകളില്‍ എന്‍റെ ദാസന്മാരുടെയും ദാസികളുടെയുംമേലും എന്‍റെ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും...കര്‍ത്താവിന്‍റെ നാമം വിളിച്ചപേക്ഷിക്കുന്നവര്‍ രക്ഷപ്രാപിക്കും” (2:28-29,32). എല്ലാ പ്രവചനങ്ങളും അരൂപിയുടെ എന്നേയ്ക്കുമുള്ള വര്‍ഷിക്കലിന്‍റെ, മധ്യസ്ഥനും അച്ചാരവുമായ യേശുക്രിസ്തുവില്‍ നിറവേറുകയായിരുന്നു,

പന്തക്കുസ്താദിനംമുതല്‍, ലോകാവസാനംവരെയും ക്രിസ്തുവില്‍ പൂര്‍ണമായ ഈ പരിശുദ്ധി, അരൂപിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുറന്നുനല്‍കുന്നവര്‍ക്ക്, അതിനായി വഴങ്ങുന്നതിനാഗ്രഹിക്കുന്നവര്‍ക്ക് നല്‍കപ്പെടുന്നു.  വാസ്തവത്തില്‍, വിശുദ്ധിയുടെ അടിസ്ഥാനപരമായ മറ്റൊരു തലം, അത് പരിശുദ്ധാരൂപിയുടെ, സമാനതകളില്ലാത്ത ഫലമായിരിക്കുന്നു എന്നതാണ്.  നാം അരുപിയ്ക്കായി തുറവിയുള്ളവരായിരിക്കുമ്പോള്‍, അരൂപിയാല്‍ നയിക്കപ്പെടുന്നതിനായി നാം അനുവദിക്കുമ്പോള്‍, നാം വിശുദ്ധിയുടെ പാതയിലേയ്ക്കു പ്രവേശിക്കുകയാണ്.  അത് ദൈവത്തിനു യോഗ്യമായ ഒരു ജീവിതം ഉള്‍ക്കൊള്ളുന്നു; അതു നമ്മെ പൂര്‍ണസന്തോഷത്തിന്‍റെ അനുഭവമുള്ളവരാക്കുന്നു.  പരിശുദ്ധാരൂപി നമ്മിലേയ്ക്കു വന്നുകൊണ്ട്, നമ്മുടെ ജീവിതത്തിലെ വരള്‍ച്ചയെ തോല്‍പ്പിക്കുകയും, ഹൃദയത്തെ പ്രത്യാശയിലേയ്ക്കു തുറക്കുകയും ചെയ്തുകൊണ്ട് ദൈവവും അയല്‍ക്കാരുമായുള്ള ബന്ധത്തില്‍ ആന്തരികപക്വത ഉത്തേജിപ്പിക്കുകയും വളര്‍ത്തുകയും ചെയ്യുന്നു.  ഇതാണ് വി. പൗലോസ് പറയുന്നത്: “ആത്മാവിന്‍റെ ഫലങ്ങള്‍ സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം എന്നിവയാണ്” (ഗലാ 5:22).

നവമായ പന്തക്കുസ്താ സഭയ്ക്കു നേടിത്തരുവാന്‍ കന്യകാമറിയത്തോട് നമുക്കു യാചിക്കാം.  നവമായ പന്തക്കുസ്താ, സുവിശേഷം ജീവിക്കുന്നതിന്‍റെയും സാക്ഷ്യപ്പെടുത്തുന്നതിന്‍റെയും ആനന്ദം നമുക്കു നല്‍കും; ദൈവത്തിന്‍റെ ഉപരിമഹത്വത്തിനായി, വിശുദ്ധരായിരിക്കുന്നതിനുള്ള തീക്ഷ്ണമായ ആഗ്രഹം നമ്മില്‍ നിവേശിപ്പിക്കുകയും ചെയ്യും.

ഈ പ്രാര്‍ഥനാശംസയോടെ പാപ്പാ ത്രികാലജപം ചൊല്ലി. തുടര്‍ന്ന് അപ്പസ്തോലികാശീര്‍വാദം നല്‍കുകയും ചെയ്തു.

 








All the contents on this site are copyrighted ©.