2018-05-19 08:51:00

മുസ്ലീംസഹദരങ്ങള്‍ക്ക് റമദാന്‍ ആശംസയേകി വത്തിക്കാന്‍


മതാന്തരസംവാദത്തിനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്‍റെ കര്‍ദിനാള്‍ ഴാന്‍-ളൂയി തൗറാന്‍ റമദാന്‍ ആചരണത്തിന്‍റെയും, ഈദ് ഉള്‍ ഫിത്തര്‍ തിരുനാളിന്‍റെയും ആശംസകള്‍ നേര്‍ന്നുകൊണ്ട് സന്ദേശം നല്‍കി.

പ്രിയ മുസ്ലീം സഹോദരീസഹോദരന്മാരേ, എന്ന അഭിസംബോധനയോടെ നല്‍കിയ സന്ദേശത്തില്‍ മതാന്തരസംവാദത്തിനു വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍,ലോകമാസകലമുള്ള മുസ്ലീം സഹോദരങ്ങള്‍, ഉപവസിച്ചും പ്രാര്‍ഥിച്ചും സര്‍വശക്തന്‍റെ ദാനങ്ങള്‍ ദരിദ്രരുമായി പങ്കുവയ്ക്കുന്നതിനും പ്രയത്നിക്കുന്ന ഈ മാസത്തിന്‍റെ പ്രാധാന്യത്തെ വിലമതിക്കുന്നു എന്നു വ്യക്തമാക്കുന്നു.  "റമദാന്‍ ആചരണത്തിലൂടെ ലഭിക്കുന്ന കൃപകളെക്കുറിച്ചുള്ള തികഞ്ഞ ബോധ്യത്തോടെ, കരുണാസമ്പൂര്‍ണനായ ദൈവത്തോട് അവിടുത്തെ ഔദാര്യത്തിനും നന്മ്യ്ക്കും, നന്ദി പറയുന്നതില്‍ ഞങ്ങള്‍ നിങ്ങളോടൊത്തു ചേരുന്നു.  ഒപ്പം, ഞങ്ങളുടെ ഹൃദയപൂര്‍വമായ മംഗളങ്ങളും ആശംസിക്കുന്നു".

"ഏറ്റവും പ്രിയപ്പെട്ട സഹോദരീസഹോദരന്മാരേ, ഈയവസരത്തില്‍, ഞങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കാനാഗ്രഹിക്കുന്നത്, ക്രൈസ്തവരും മുസ്ലീങ്ങളും തമ്മിലുള്ള ബന്ധത്തിന്‍റെ സുപ്രധാനവശത്തിന്‍റെ പരിഗണന, അതായത്, മത്സരത്തില്‍ നിന്ന് സഹകരണത്തിലേയ്ക്കുള്ള നമ്മുടെ നീക്കമാണ് നമുക്കാവശ്യം എന്നതാണ്.

മത്സരത്തിന്‍റെ മനോഭാവത്താല്‍ പലപ്പോഴും മുദ്രിതമായിരുന്നു ക്രൈസ്തവരും മുസ്ലീങ്ങളും തമ്മിലുള്ള കഴിഞ്ഞകാല ബന്ധം.  അതിന്‍റെ നിഷേധാത്മക ഫലങ്ങള്‍ പ്രകടവുമായിരുന്നു... ഇത്തരം മതാന്തരമത്സരങ്ങള്‍ മതങ്ങളുടെ പ്രതിച്ഛായയെയും മതാനുയായികളെയും  മുറിവേല്‍പ്പിക്കുകയും, അങ്ങനെ മതങ്ങള്‍ സമാധാനത്തിന്‍റെയല്ല, ഉറവിടങ്ങളല്ല എന്നും മറിച്ച്, അസ്വസ്ഥതകളുടെയും അക്രമത്തിന്‍റെയുമാണ് എന്നുമുള്ള വീക്ഷണം ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു..."

പരസ്പരം ബഹുമാനിച്ചുകൊണ്ട് സമാധാനത്തിലും സാഹോദര്യത്തിലും അടിയുറച്ച ബന്ധങ്ങള്‍ക്കായി കൂടുതല്‍ പ്രയത്നിക്കാമെന്നുള്ള ആഹ്വാനത്തോടെ,, വീണ്ടും ഈദുള്‍ ഫിത്തര്‍ ആശംസയേകിയാണ് പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്‍റ് കര്‍ദിനാള്‍ ഴാന്‍-ളൂയി തൗറാന്‍ നല്‍കിയിരിക്കുന്ന ഈ സന്ദേശം അവസാനിക്കുന്നത്
All the contents on this site are copyrighted ©.