2018-05-18 14:38:00

"പ്രവാചകത്വമുള്ളവളാകട്ടെ ചിലിയന്‍സഭ!": മെത്രാന്മാരോട് പാപ്പാ


ചിലിയന്‍ സഭയിലെ ലൈംഗികാരോപണ പ്രശ്നത്തെസംബന്ധിച്ചു സംസാരിക്കുന്നതിനായി ഫ്രാന്‍സീസ് പാപ്പായുടെ ക്ഷണപ്രകാരം എത്തിയ മെത്രാന്മാരുമായുള്ള കൂടിക്കാഴ്ച, മെയ് 17-ാംതീയതി വൈകിട്ട് 6.40-ന് അവസാനിച്ച അവസരത്തില്‍,  കൂടിക്കാഴ്ചയ്ക്കെത്തിയ 34 മെത്രാന്മാര്‍ക്കും നല്‍കിയ കത്തിലാണ് മാര്‍പ്പാപ്പായുടെ ഈ ആഹ്വാനം.

തന്‍റെ ക്ഷണം സ്വീകരിച്ച് ഇവിടെ എത്തിയ അവര്‍ക്കേവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ആരംഭിച്ചിട്ടുള്ള കത്തില്‍, നാം ഈ നൊമ്പരപ്പെടുത്തുന്ന സംഭവങ്ങളുടെ ഗൗരവവും, അവയുടെ പ്രത്യേകിച്ചും അതിനിരകളായവരുടെ ദാരുണമായ അനന്തരഫലങ്ങളെക്കുറിച്ചും അന്വേഷിച്ചുവെന്നും വ്യക്തമാക്കിയിട്ടുണ്ട്. അവരില്‍ ചിലരോട്, താന്‍ ഹൃദയപൂര്‍വമായ മാപ്പ് ചോദിച്ചുവെന്നു തുറന്നുപറയുന്ന പാപ്പാ അതോടൊപ്പം അവരും പങ്കുചേരണമെന്ന് തന്‍റെ സഹോദരമെത്രാന്മാരോട് ആവശ്യപ്പെടുന്നു.

ഏതാണ് മുഖ്യവും കേന്ദ്രസ്ഥാനത്തുള്ളതുമെന്ന് തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്ന പ്രവാചകസ്വഭാവമുള്ള സഭയെ പടുത്തുയര്‍ത്താന്‍, വിശക്കുന്നവരിലും, കാരാഗൃഹത്തിലായിരിക്കുന്നവരിലും, പരദേശിയിലും, ചൂഷിതരിലും ആയിരിക്കുന്ന കര്‍ത്താവിനെ ശുശ്രൂഷിക്കാന്‍ അവരെ ആഹ്വാനം ചെയ്തുകൊണ്ടും, തനിക്കുവേണ്ടിയുള്ള പ്രാര്‍ഥന യാചിച്ചുകൊണ്ടുമാണ് ഈ ഹ്രസ്വമായ കത്ത് പാപ്പാ ഉപസംഹരിക്കുന്നത്.

വത്തിക്കാന്‍ മാധ്യമകാര്യാലയമേധാവി ഗ്രെഗ്ബര്‍ക് ആണ് ഇതേക്കുറിച്ചുള്ള പ്രസ്താവന മെയ് 17-ാംതീയതി നല്‍കിയത്.

ഇതേത്തുടര്‍ന്ന്, ഫ്രാന്‍സീസ് പാപ്പായ്ക്കു, പാപ്പായുടെ പൈതൃകമായ ശ്രവണത്തിനും സാഹോദര്യപൂര്‍വമായ തിരുത്തലുകള്‍ക്കും നന്ദി പറഞ്ഞുകൊണ്ട്, സംഭവങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയവര്‍ക്കും നന്ദിയര്‍പ്പിച്ച്, ചൂഷണത്തിനിരയായവര്‍ കാണിച്ച ധൈര്യത്തിനും സഹിഷ്ണുതയ്ക്കും നന്ദിയും ഒപ്പം അവരോടു മാപ്പപേക്ഷിച്ചും, പ്രകാശപൂര്‍ണമായ ഒരു സഭയെക്കുറിച്ചുള്ള പ്രത്യാശ പങ്കുവച്ചുമുള്ള, ചിലിയന്‍ മെത്രാന്മാരുടെ  പ്രസ്താവനയും മെയ് പതിനെട്ടാം തീയതി പ്രസിദ്ധപ്പെടുത്തി.
All the contents on this site are copyrighted ©.