2018-05-15 15:09:00

“അരൂപിയെ അനുസരിക്കാനുള്ള കൃപ പ്രധാനം”: മാര്‍പാപ്പാ


മെയ് 15-ാംതീയതി ചൊവ്വാഴ്ചയിലെ പ്രഭാതബലിമധ്യേ പാപ്പാ നല്‍കിയ വചനസന്ദേശത്തിലാണ് ഈ ഉദ്ബോധനം. സാന്താമാര്‍ത്താ കപ്പേളയില്‍ അര്‍പ്പിച്ച ബലിയില്‍, അപ്പസ്തോലനടപടികള്‍ 20-ാമധ്യായത്തില്‍ നിന്നുള്ള ആദ്യവായനയെ അടിസ്ഥാനമാക്കിയാണ് പാപ്പാ വചനവിചിന്തനം നല്‍കിയത്.

പൗലോസ്ശ്ലീഹാ എഫേസോസ് സഭയിലെ ശ്രേഷ്ഠന്മാരെ വിളിച്ചുകൂട്ടിയശേഷം, "പരിശുദ്ധാത്മാവിനാല്‍ നിര്‍ബന്ധിതനായി താന്‍ അവിടെ നിന്നു ജറുസലെമിലേയ്ക്കു പോകുന്നു" എന്ന വചനഭാഗം എടുത്തുപറഞ്ഞുകൊണ്ട് പരിശുദ്ധാരൂപിയ്ക്കു വിധേയപ്പെടുന്നതിന് വിവേചനത്തിന്‍റെ വരം ആവശ്യമാണെന്ന് പാപ്പാ ഓര്‍മിപ്പിച്ചു.

ആ അവസരത്തില്‍ പൗലോസ് നടത്തുന്ന ഒരു ആത്മശോധനയും നാം കേള്‍ക്കുന്നുണ്ട്.  അദ്ദേഹം തന്നെക്കുറിച്ചുള്ള വസ്തുതകള്‍ നിരത്തുമ്പോള്‍ അതില്‍ അഹങ്കരിക്കുന്നുവെന്നു നമുക്കു തോന്നാം.  എന്നാല്‍ അദ്ദേഹം രണ്ടു കാര്യങ്ങളില്‍ മാത്രമാണ് അഭിമാനിക്കുന്നത്.  തന്‍റെ തന്നെ പാപങ്ങളിലും. യേശുക്രിസ്തുവിന്‍റെ കുരിശിലും.

കാരാഗൃഹവും പീഡനങ്ങളും മാത്രം പ്രതീക്ഷിച്ചുകൊണ്ട്, ജറുസലേമിലേയ്ക്കു പോകുന്ന പൗലോസ് ശ്ലീഹായുടെ പരിശുദ്ധാത്മാവിനോടുള്ള അനുസരണത്തെ വിശദീകരിച്ചുകൊണ്ട്, പാപ്പാ പറഞ്ഞു: "മെത്രാന്മാരുടെ പ്രഥമ സ്നേഹവിഷയം യേശുക്രിസ്തുവാണ്.  രണ്ടാമത്തേത് അജഗണങ്ങളും. അജഗണങ്ങളെ കാത്തുസൂക്ഷിക്കുക. നിങ്ങള്‍ മെത്രാന്മാരായിരിക്കുന്നത്, അജഗണങ്ങള്‍ക്കു വേണ്ടിയാണ്, അവരെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ്.  അത് സഭയിലെ ഒരു ഉദ്യോഗമല്ല...  പൗലോസ് ശ്ലീഹായുടെ പ്രഘോഷണം ഒരു സാക്ഷ്യവും വെല്ലുവിളിയുമാണ്.  അത് പരിശുദ്ധാത്മാവിനോടുള്ള അനുസരണവും, അജഗണങ്ങളോടുള്ള സ്നേഹവുമായിരുന്നു. പൗലോസിന് ഒന്നും സ്വന്തമായുണ്ടായിരുന്നില്ല, ദൈവകൃപയല്ലാതെ..."  

തനിക്കും എല്ലാ മെത്രാന്മാര്‍ക്കും ഇപ്രകാരമുള്ള കൃപ ദൈവം പ്രദാനം ചെയ്യട്ടെ എന്ന വാക്കുകളോടെയാണ് പാപ്പാ തന്‍റെ സന്ദേശം അവസാനിപ്പിച്ചത്.  








All the contents on this site are copyrighted ©.