2018-05-09 12:47:00

മാമ്മോദീസാ വഴിയുള്ള പുനര്‍ജനനം-പാപ്പായുടെ പൊതുദര്‍ശനപ്രഭാഷണം


റോമില്‍ രണ്ടു ദിവസമായി തുടരുന്ന വൃഷ്ടി പൊതുവെ പ്രതികൂലാവസ്ഥ സൃഷ്ടിച്ചുവെങ്കിലും  ഈ  ബുധനാഴ്ചയും (09/05/18) ഫ്രാന്‍സീസ് പാപ്പാ, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ    ബസിലിക്കയുടെ അതിവിശാലമായ തുറസ്സായ അങ്കണം വേദിയാക്കി, അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയില്‍, മലയാളികളുള്‍പ്പെടെ, വിവിധ രാജ്യക്കാരായിരുന്ന ആയിരങ്ങള്‍ പങ്കുകൊണ്ടു. ഇംഗ്ലണ്ടിലെ, കേംബ്രിഡ്ജ് മുസ്ലീം കോളേജില്‍ നിന്നുള്ള പതിനെട്ടംഗ പ്രതിനിനിധിസംഘവും ഭിന്നരാജ്യക്കാരായ കര്‍ഷകരും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. പൊതുദര്‍ശന വേളയില്‍ മഴവിട്ടു നിന്നു, ക്രമേണ കതിരൊളി പരക്കുകയും ചെയ്തു..  വെളുത്ത തുറന്ന വാഹനത്തില്‍ ചത്വരത്തിലെത്തിയ പാപ്പായെ ജനസഞ്ചയം കരഘോഷത്തോടും ആര്‍പ്പുവിളികളോടുംകൂടെ വരവേറ്റു. ചത്വരത്തിലെത്തിയ പാപ്പാ പുഞ്ചിരിതൂകി ഏവര്‍ക്കും  അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് ജനസഞ്ചയത്തിനിടയിലൂടെ വാഹനത്തില്‍ നീങ്ങി. ഇടയ്ക്കിടെ അംഗരക്ഷകര്‍ തന്‍റെ  പക്കലേക്കു എടുത്തുകൊണ്ടുവന്നുകൊണ്ടിരുന്ന പിഞ്ചുകുഞ്ഞുങ്ങളെ പാപ്പാ വണ്ടി നിറുത്തി ആശീര്‍വ്വദിക്കുകയും ചുംബിക്കുകയും, ചെയ്യുന്നുണ്ടായിരുന്നു. പാപ്പാവേഷധാരിയായ ഒരു നവജാതശിശുവിനെ പാപ്പാ ചുംബിച്ച് അനുഗ്രഹം നല്കിയത് ഏവരുടെയും പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി.  പേപ്പല്‍ വാഹനം വേദിക്കരികില്‍ നിശ്ചലമായപ്പോള്‍ പാപ്പാ അതില്‍ നിന്നിറങ്ങി സാവധാനം നടന്ന് വേദിയിലെത്തുകയും റോമിലെ സമയം രാവിലെ 10 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30 ഓടെ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

യേശുക്രിസ്തുവിനോട് ഐക്യപ്പെടാന്‍ ജ്ഞാനസ്നാനം സ്വീകരിച്ച നാമെല്ലാവരും അവന്‍റെ മരണത്തോട് ഐക്യപ്പെടാനാണ് ജ്ഞാനസ്നാനം സ്വീകരിച്ചതെന്ന് നിങ്ങള്‍ക്കറിഞ്ഞുകൂടേ? അങ്ങനെ അവന്‍റെ മരണത്തോടു നമ്മെ ഐക്യപ്പെടുത്തിയ ജ്ഞാനസ്നാനത്താല്‍ നാം അവനോടൊത്തു സംസ്കരിക്കപ്പെട്ടു. ക്രിസ്തു മരിച്ചതിനുശേഷം പിതാവിന്‍റെ മഹത്വത്തില്‍ ഉയിര്‍ത്തെഴുന്നേറ്റതുപോലെ നാമും പുതിയ ജീവിതം നയിക്കേണ്ടതിനാണ് അവനോടൊത്ത് സംസ്കരിക്കപ്പെട്ടത്.” (വി.പൗലോസ് റോമാക്കാര്‍ക്കെഴുതിയ ലേഖനം 6:3-4)

ഈ വിശുദ്ധഗ്രന്ഥഭാഗം പാരായണംചെയ്യപ്പെട്ടതിനുശേഷം, ജനസഞ്ചയത്തെ സംബോധനചെയ്ത പാപ്പാ താന്‍ മാമ്മോദീസായെ അധികരിച്ച് നടത്തിപ്പോരുന്ന പ്രബോധന പരമ്പര തുടര്‍ന്നു. വീണ്ടും ജനിക്കുന്നതിനെക്കുറിച്ചായിരുന്നു പാപ്പാ വിശദീകരിച്ചത്.

എല്ലാവര്‍ക്കും നല്ലൊരു ദിനം നേര്‍ന്നുകൊണ്ടാണ് പാപ്പാ പതിവുപോലെ തന്‍റെ   വിചിന്തനം ആരംഭിച്ചത്.

പ്രഭാഷണ സംഗ്രഹം:

മാമ്മോദീസായെ അധികരിച്ചുള്ള പ്രബോധനത്തില്‍ ഇന്നത്തെ നമ്മുടെ പരാമര്‍ശവിഷയം പരിശുദ്ധതമത്രിത്വത്തെ വിളിച്ചപേക്ഷിച്ചുകൊണ്ടു നടത്തുന്ന പവിത്രക്ഷാളനമാണ്. ക്രിസ്തുവിന്‍റെ പെസാഹാരഹസ്യത്തില്‍ സ്നാനപ്പെടുത്തുന്ന- അതായത്-മുക്കുന്ന- മുഖ്യ മാമ്മോദീസാകര്‍മ്മമാണ് അത്. ഇതിന്‍റെ പൊരുളെന്തെന്ന് പൗലോസ് അപ്പസ്തോലന്‍ ആദ്യം അനുസ്മരിപ്പിക്കുന്നത് റോമാക്കോരോട് ഇങ്ങനെ ചോദിച്ചുകൊണ്ടാണ്: “യേശുക്രിസ്തുവിനോട് ഐക്യപ്പെടാന്‍ ജ്ഞാനസ്നാനം സ്വീകരിച്ച നാമെല്ലാവരും അവന്‍റെ മരണത്തോട് ഐക്യപ്പെടാനാണ് ജ്ഞാനസ്നാനം സ്വീകരിച്ചതെന്ന് നിങ്ങള്‍ക്കറിഞ്ഞുകൂടേ? തുടര്‍ന്നുള്ള വാക്കുകളും ഈ കര്‍മ്മത്തിന്‍റെ  പൊരുള്‍ വെളിപ്പെടുത്തുന്നതാണ്. അപ്പസ്തോലന്‍ പറയുന്നു: “അവന്‍റെ മരണത്തോടു നമ്മെ ഐക്യപ്പെടുത്തിയ ജ്ഞാനസ്നാനത്താല്‍ നാം അവനോടൊത്തു സംസ്കരിക്കപ്പെട്ടു. ക്രിസ്തു മരിച്ചതിനുശേഷം പിതാവിന്‍റെ മഹത്വത്തില്‍ ഉയിര്‍ത്തെഴുന്നേറ്റതുപോലെ നാമും പുതിയ ജീവിതം നയിക്കേണ്ടതിനാണ് അവനോടൊത്ത് സംസ്കരിക്കപ്പെട്ടത്.” ‌മാമ്മോദീസാ, ലൗകികജീവിതത്തിന്‍റെയല്ല, പ്രത്യുത, പുനരുത്ഥാനത്തിന്‍റെ ഒരു ജീവിതത്തിലേക്കുള്ള വാതില്‍ നമുക്കു തുറന്നുതരുന്നു. അതു ക്രിസ്തുവിന്‍റെ ഹിതാനുസാരമുള്ള ഒരു ജീവിതമാണ്.

മാമ്മോദീസത്തൊട്ടിയാണ് പെസഹാ ക്രിസ്തുവിനോടുകൂടെ ആചരിക്കുന്നയിടം. പഴയ മനുഷ്യന്‍ അവന്‍റെ വഞ്ചനാത്മക വികാരങ്ങളോടുകൂടെ സംസ്കരിക്കപ്പെടുന്നു; അത് ഒരു പുതുസൃഷ്ടിയായി പുനര്‍ജനിക്കേണ്ടതിനാണ്. വിശുദ്ധ സിറില്‍ നവസ്നാനിതരോടു മാമ്മോദീസാജലത്തില്‍ സംഭവിക്കുന്നതിനെക്കുറിച്ച് വിവരിക്കുന്നതിങ്ങനെയാണ്: “ഒരേ സമയം നിങ്ങള്‍ മരിക്കുകയും ജനിക്കുകയും ചെയ്യുന്നു, ഒരേ ആരോഗ്യദായക തരംഗം നിങ്ങള്‍ക്ക് കല്ലറയും അമ്മയുമായിത്തീരുന്നു.”

മാതാപിതാക്കള്‍ ഭൗമികജീവിതത്തിലേക്ക് നമ്മെ ജനിപ്പിച്ചെങ്കില്‍ സഭയാകട്ടെ, മാമ്മോദീസായിലൂടെ നമ്മെ നിത്യജീവിതത്തിലേക്ക് വീണ്ടും ജനിപ്പിക്കുന്നു. നാം ദൈവപുത്രനായ യേശുവില്‍ ദൈവത്തിന്‍റെ മക്കളായിത്തീര്‍ന്നു. ജലത്തിനാലും ആത്മാവിനാലും വീണ്ടും ജനിച്ച നാമോരോരുത്തരുടെയും മേല്‍ ദൈവപിതാവ് അനന്ത സ്നേഹത്തോടുകൂടെ അവിടത്തെ ഈ സ്വരം പ്രതിധ്വനിപ്പിക്കുന്നു : “നീ എന്‍റെ പ്രിയ പുത്രനാണ്” കാതുകള്‍ക്ക് കേള്‍ക്കാന്‍ കഴിയാത്ത ഈ പിതൃസ്വരം വിശ്വാസിയുടെ ഹൃദയത്തിന് നല്ലവണ്ണം ശ്രവിക്കാന്‍ സാധിക്കുകയും ഒരിക്കലും കൈവെടിയാതെ ജീവിതകാലം മുഴുവന്‍ നമ്മെ നയിക്കുകയും ചെയ്യും. ജീവിതകാലം മുഴുവന്‍ പിതാവ് നമ്മോടു പറയുന്നു “ നീ എന്‍റെ പ്രിയ പുത്രനാണ്, നീ എന്‍റെ പ്രിയ പുത്രിയാണ് എന്ന്. ഒരു പിതാവിനെപോലെ ദൈവം നമ്മെ ഏറെ സ്നേഹിക്കുന്നു, നമ്മെ ഒറ്റയ്ക്കാക്കുന്നില്ല. ഇതാണ് മാമ്മോദീസാ വേള. നാം എന്നന്നേക്കുമായി ദൈവമക്കളായി പുനര്‍ജനിക്കുന്നു. മാമ്മോദീസാ വാസ്തവത്തില്‍ അനാവര്‍ത്തിതമാണ്. കാരണം അതു മായാത്ത മുദ്രയാണ് പതിക്കുന്നത്. രക്ഷയുടെ ഫലങ്ങള്‍ പുറപ്പെടുവിക്കുന്നതിന് പാപം പ്രതിബന്ധമാകുമെങ്കിലും ഒരു പാപത്തിനും ഈ മുദ്ര മായിച്ചു കളയാനാകില്ല. ജനങ്ങളെ കൊന്നാടുക്കുകയും അനീതി നടപ്പാക്കുകയും ചെയ്യുന്ന വ്യക്തിയില്‍ നിന്ന് ഈ മുദ്ര മായിക്കപ്പെടുമോ എന്നു നിങ്ങളില്‍ ആരെങ്കിലും ചോദിച്ചാല്‍ ആ വ്യക്തിയിലും അത് മായാത്ത മുദ്രതന്നെയാണ്. ആ വ്യക്തി ദൈവത്തിന്‍റെ പുത്രന്‍ തന്നെയാണ്. അവന്‍ ദൈവത്തിനെതിരെ നീങ്ങുന്നുവെങ്കിലും ദൈവം സ്വന്തം മക്കളെ ഒരിക്കലും തള്ളിക്കളയില്ല. മാമ്മോദീസാ വഴി ക്രിസ്തുവിന്‍റെ  ശരീരത്തിലെ അവയവമായത്തീരുന്നവര്‍, സ്നാനിതര്‍, അനേകം സഹോദരങ്ങളില്‍ ആദ്യജാതനായ യേശുക്രിസ്തുവിനോടു അനുരൂപരായിത്തീരുന്നു. പരിശുദ്ധാരൂപിയുടെ പ്രവര്‍ത്തനം വഴി മാമ്മോദീസാ അനേകരെ ക്രിസ്തുവില്‍ ഏകശരീരമാക്കിത്തീര്‍ക്കുന്നതിന്, ശുദ്ധിയാക്കുകയും പവിത്രീകരിക്കുകയും നീതികരിക്കുകയും ചെയ്യുന്നു. “പുരോഹിതനും രാജാവും പ്രവാചകനുമായ ക്രിസ്തുവിനോടു ചേര്‍ക്കപ്പെട്ട് ജീവിതകാലം മുഴുവന്‍ എന്നും അവിടത്തെ ശരീരത്തിലെ അവയവമായിരിക്കുന്നതിന്  രക്ഷയുടെ വിശുദ്ധ തൈലത്താല്‍ ദൈവം തന്നെ നിന്നെ പവിത്രീകരിക്കുന്നു” എന്ന് പറഞ്ഞുകൊണ്ട് വൈദികന്‍ മാമ്മോദീസാ സ്വീകരിച്ച ഒരോ വ്യക്തിയുടെയും ശിരസ്സില്‍ വിശുദ്ധ തൈലം പൂശുന്നു.

പ്രിയ സഹോദരീ സഹോദരന്മാരേ, തിരുസഭയില്‍ ക്രിസ്തുവിനോടു ഐക്യപ്പെട്ടു ജീവിക്കുക എന്നതിലാണ് ക്രിസ്തീയ വിളി അടങ്ങിയിരിക്കുന്നത്. ഏകാത്മാവിനാല്‍ നയിക്കപ്പെട്ട് ദൈവജനം മുഴുവന്‍ പുരോഹിതനും രാജാവും പ്രവാചകനുമായ യേശുക്രിസ്തുവിന്‍റെ ദൗത്യങ്ങളില്‍ പങ്കുചേരുന്നു. യേശുവിന്‍റെ രജകീയപ്രവാചക പൗരോഹിത്യത്തില്‍ പങ്കുചേരുക എന്നതിന്‍റെ അര്‍ത്ഥം എന്താണ്. അതിനര്‍ത്ഥം,  വിശ്വാസത്തിന്‍റെയും സ്നേഹത്തിന്‍റെയുമായ ഒരു ജീവിതം വഴി ദൈവത്തിന് സാക്ഷ്യമേകിക്കൊണ്ടും കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ മാതൃക പിന്‍ചെന്ന് എല്ലാവരുടെയും ശുശ്രൂഷകനായിക്കൊണ്ടും, ദൈവത്തിന് പ്രീതികരമായ ആത്മാര്‍പ്പണം നടത്തുക എന്നാണ്. നന്ദി.  

പാപ്പായുടെ പ്രഭാഷണം അവസാനിച്ചതിനെ തുടര്‍ന്ന് അതിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു. ആംഗലഭാഷാക്കാരെ സംബോധന ചെയ്യവെ പാപ്പാ വിവിധരാജ്യാക്കാരായ ചെറുകിട കര്‍ഷകരെ പ്രത്യേകം അഭിവാദ്യം ചെയ്തു. നമ്മുടെ ഈ ലോകത്തില്‍ സകലര്‍ക്കും  ആഹാരം ലഭ്യമാക്കുന്നതിന് അവരേകുന്ന സംഭാവന പാപ്പാ നന്ദിയോടെ അനുസ്മരിച്ചു.

യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും അഭിവാദ്യം ചെയ്ത പാപ്പാ പരിശുദ്ധ കന്യകാമറിയത്തിന് സവിശേഷമാംവിധം പ്രതിഷ്ഠിതമായ മാസത്തിലാണ് നാമെന്ന് ഓര്‍മ്മിപ്പിക്കുകയും ജപമാല ചൊല്ലി മാതവിനോടുള്ള ഭക്തിയില്‍ വളരാന്‍ പ്രചോദനം പകരുകയും ചെയ്തു.

.പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

 








All the contents on this site are copyrighted ©.