2018-05-08 07:06:00

അടിമത്തങ്ങളുടെ ആധുനിക രൂപങ്ങള്‍ക്കെതിരെ പാപ്പാ വീണ്ടും....


അടിമത്തം ഗതകാല സംഭവമല്ല പ്രത്യുത ഇന്നും നിരവധി രൂപങ്ങളില്‍ അരങ്ങേറുന്നതും ആഴത്തില്‍ വേരോടിയിട്ടുള്ളതുമാണെന്ന് മാര്‍പ്പാപ്പാ.

തന്‍റെ ജന്മനാടായ അര്‍ജന്തീനയിലെ ബുവെനൊസ് അയിരെസില്‍ കോണ്‍സ്റ്റന്‍റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കാനസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തിലും ബുവെനോസ് അയിരെസ് അതിരൂപതയുടെയും അമേരിക്കന്‍ ഐക്യനാടുകളിലെ കാലിഫോര്‍ണിയയില്‍, ബെര്‍ക്കിലിയിലുള്ള അത്തെനഗോറസ് ഓര്‍ത്തഡോക്സ് സ്ഥാപനത്തിന്‍റെയും സംയുക്താഭിമുഖ്യത്തിലും ഈ മാസം 5 മുതല്‍ 8 വരെ “നവലോകത്തിലെ പുരാതന പ്രശ്നങ്ങള്‍” എന്ന വിചിന്തന പ്രമേയത്തോടുകൂടി സംഘടിപ്പിക്കപ്പെട്ടരിക്കുന്ന ചര്‍ച്ചായോഗത്തിന് അതിന്‍റെ ഉപാന്ത്യദിനത്തില്‍, അതായത്, തിങ്കളാഴ്ച (07/05/18) അയച്ച വീഡിയൊ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇത് പറഞ്ഞിരിക്കുന്നത്.

മനുഷ്യക്കടത്ത്, കടബാദ്ധ്യത വരുത്തി തൊഴില്‍ മേഖലയില്‍ നടത്തുന്ന ചൂഷണം, കുട്ടികളെ ചൂഷണത്തിനിരകളാക്കല്‍ , ലൈംഗികപീഢനം, നിര്‍ബന്ധിത വീട്ടുവേല തുടങ്ങിയവ ഇന്ന് അരങ്ങേറുന്ന അടിമത്തത്തിന്‍റെ ചില രൂപങ്ങള്‍ മാത്രമാണെന്നും ഏതാണ്ട് 4 കോടി ജനങ്ങള്‍ അടിമത്തദുരന്തം അനുഭവിക്കുന്നുണ്ടെന്നും ഇവരില്‍ കുട്ടികളും സ്ത്രീകളും നിരവധിയാണെന്നും പാപ്പാ വെളിപ്പെടുത്തുന്നു.

നിസ്സംഗതയുടെ മൂടുപടം വലിച്ചു കീറി ഈ പ്രശനത്തെക്കുറിച്ച് കൂടുതല്‍ അവബോധം ജനിപ്പിക്കാനുതകുന്ന തന്ത്രങ്ങള്‍ നടപ്പാക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് പാപ്പാ പറയുന്നു.

മറ്റൊരു ദൗത്യം, ചുഷണത്തിന് ഇരകളായവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും അഴിമതിക്കാരും കുറ്റവാളികളും നീതിക്കുമുന്നില്‍ നിന്ന് രക്ഷപ്പെടുന്നതു തടയുകയും ചൂഷിതരുടെ കാര്യത്തിലുള്ള അവസാന വാക്ക് അവരുടേതാകാതിരിക്കാന്‍ നോക്കുകയും ചെയ്യുകയാണെന്നും പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

വ്യക്തികളും സമൂഹങ്ങളും അടിമത്തമേഖലയില്‍ ഊഹക്കച്ചവടം നടത്തുമ്പോള്‍ ക്രൈസ്തവരായ നാം ഒത്തോരുമിച്ച് അസമത്വത്തിന്‍റെയും വിവേചനത്തിന്‍റെയും എല്ലാ രൂപങ്ങളെയും ജയിക്കുന്നതിന് സഹകരണം ഉപരിവര്‍ദ്ധമാനമാക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ പറയുന്നു.

ഈ വെല്ലുവിളിയെ നേരിടുന്നതിനുള്ള കൂട്ടായ പരിശ്രമം നവീകൃതവും, സ്വാതന്ത്ര്യവും നീതിയും ശാന്തിയും ലക്ഷ്യംവച്ച് നീങ്ങുതുമായ ഒരു സമൂഹത്തിന്‍റെ നിര്‍മ്മിതിക്ക് സാരമായ സംഭാവനയായി ഭവിക്കുമെന്നും പാപ്പാ കൂട്ടിച്ചേര്‍ക്കുന്നു.    








All the contents on this site are copyrighted ©.