2018-05-07 13:01:00

കുടുംബ ഭാഷയിലുള്ള സംഭാഷണം കുടുംബത്തില്‍ അനിവാര്യം-പാപ്പാ


കുടുംബത്തില്‍ മാതാപിതാക്കളും മക്കളും തമ്മിലുള്ള സംഭാഷണത്തിന്‍റെയും മുത്തശ്ശീമുത്തശ്ശന്മാരുടെ സഹായസാന്നിധ്യത്തിന്‍റെയും പ്രാധാന്യം മാര്‍പ്പാപ്പാ ചൂണ്ടിക്കാട്ടുന്നു.

ഞായറാഴ്ച (06/05/18) റോം രൂപതയിലെ തോര്‍ ദെ സ്ക്യാവിയിലുള്ള പരിശുദ്ധതമ കൂദാശയുടെ ഇടവക സന്ദര്‍ശനവേളയില്‍ യുവജനങ്ങളും കുട്ടികളും അവരുടെ മാതാപിതാക്കളുമായി നടത്തിയ കൂടിക്കാഴ്ചാവേളയില്‍ മാതാപിതാക്കളുടെയും യുവതയുടെയും കുട്ടികളുടെയും 4 പ്രതിനിധികള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു  ഫ്രാന്‍സീസ് പാപ്പാ.

മതാപിതാക്കളുടെ ജോലിത്തിരക്കു മൂലവും  അതുപോലുള്ള മറ്റു കാരണങ്ങളാലും മുത്തശ്ശീമുത്തശ്ശന്മാരുടെ അഭാവത്താലും കുടുംബത്തില്‍ കുട്ടികള്‍ തനിച്ചു വളരേണ്ടിവരുന്ന ഖേദകരമായ അവസ്ഥയെപ്പറ്റി പരാമര്‍ശിച്ച പാപ്പാ കുടുംബത്തിന്‍റെതായ ഭാഷയില്‍ സംവേദനം ചെയ്യപ്പെടേണ്ട വലിയ മൂല്യങ്ങളും വിശ്വാസവും തന്മൂലം കൈമാറ്റം ചെയ്യപ്പെടാതെ പോകുന്നതിനെക്കുറിച്ചു പരാമര്‍ശിച്ചു.

കുടുംബത്തില്‍ സംഭാഷ​ണം നടക്കുന്നവെങ്കില്‍ കുട്ടികള്‍ മാതാപിതാക്കളിലും മുത്തശ്ശീമുത്തശ്ശന്മാരിലും നിന്നു വിശ്വാസവും ജീവിത ജ്ഞാനവും ആര്‍ജ്ജിക്കുമെന്നും അത് അവരെ ശക്തരാക്കുമെന്നും അല്ലാത്ത പക്ഷം അവര്‍ വളരുക ബലഹീനരായിട്ടായിരിക്കുമെന്നും പാപ്പാ പറഞ്ഞു.

ആകയാല്‍ കുട്ടികളെ ഒറ്റയ്ക്കു വളരാന്‍ അനുവദിക്കരുത്, മുത്തശ്ശീമുത്തശ്ശന്മാരുടെയും മാതാപിതാക്കളുടെയും സാന്നിധ്യം കുടുംബത്തില്‍ ഉണ്ടായിരിക്കണം എന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.   








All the contents on this site are copyrighted ©.