2018-05-05 12:52:00

ഒരുമയില്‍ നീങ്ങുക-സദാ അഭ്യസിക്കേണ്ട കല- ഫ്രാന്‍സീസ് പാപ്പാ


ഒറ്റയ്ക്കു സഞ്ചരിക്കുന്നവനല്ല, പ്രത്യുത, ഒത്തൊരുമിച്ചു സഞ്ചരിക്കുന്നവനാണ് പൂര്‍ണ്ണ പ്രേഷിതന്‍ എന്ന് മാര്‍പ്പാപ്പാ.

ക്രീസ്തീയ രൂപവല്ക്കരണത്തിനൂന്നല്‍ നല്കുന്നതും സ്പെയിനിലെ മാഡ്രിഡില്‍ 1964 ല്‍ രൂപം കൊണ്ടതുമായ “നെയൊ കാറ്റക്കൂമെനല്‍ വേ” പ്രസ്ഥാനം റോമാ നഗരത്തില്‍ 1968 ല്‍ എത്തിച്ചേര്‍ന്നതിന്‍റെ സുവര്‍ണ്ണ ജൂബിലിയാചരണത്തോടനുബന്ധിച്ച്, വത്തിക്കാനില്‍ നിന്ന് 25ലേറെ കിലോമീറ്റര്‍ തെക്കുമാറി സ്ഥിതി ചെയ്യുന്ന “തോര്‍ വേര്‍ഗാത്ത”യിലെ മൈതാനിയില്‍ ഈ പ്രസ്ഥാനത്തിലെ അംഗങ്ങളെ ശനിയാ‌ഴ്ച (05/05/18) സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ഒത്തൊരുമിച്ചു നീങ്ങുകയെന്നത് സദാ അഭ്യസിക്കേണ്ട ഒരു കലയാണെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

നാം സ്വീകരിച്ചവ ദാനം ചെയ്യുകയാണ് പ്രേഷിത ദൗത്യം എന്നുദ്ബോധിപ്പിച്ച പാപ്പാ യേശു ഏല്പിച്ച ഈ ദൗത്യ നിര്‍വ്വഹണത്തില്‍ “പുറപ്പെടല്‍” അടങ്ങിയിരിക്കുന്നുവെന്നും “പോകുക” എന്ന അവിടത്തെ ആഹ്വാനത്തില്‍ ഉപയോഗിക്കപ്പെട്ടിരിക്കുന്നത് ബഹുവചനമാണെന്നും വിശദീകരിച്ചു.

ദൈവത്തിന്‍റെ സ്നേഹത്തിന്‍റെ ആനന്ദം ഇനിയും അറിഞ്ഞിട്ടില്ലാത്ത സഹോദരങ്ങളെ തേടി പുറപ്പെടാനുള്ള ശക്തമായ ആഹ്വാനമാണ് യേശു നല്കുന്നതെന്നും ദൈവത്തിലുള്ള വിശ്വാസത്തിന്‍റെ ഭാണ്ഡമല്ലാതെ മറ്റൊന്നും പേറിയായിരിക്കരുത് ഈ യാത്രയെന്നും ഇസ്രായേല്‍ ജനത്തിന്‍റെ മരുഭൂമിയിലൂടെയുള്ള യാത്രയെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പാപ്പാ ഓര്‍മ്മിപ്പിച്ചു.

പിടിച്ചടക്കാനും ആധ്യപത്യം സ്ഥാപിക്കാനുമല്ല, മറിച്ച്, “നിങ്ങള്‍ പോയി എല്ലാജനതകളേയും ശിഷ്യപ്പെടുത്തുവിന്‍” എന്നാണ് ഉത്ഥിതന്‍ പ്രേഷിതദൗത്യം ഏല്പിക്കുമ്പോള്‍ പറയുന്നത് എന്ന്  അനുസ്മരിച്ച പാപ്പാ ഇതിനര്‍ത്ഥം സ്വീകരിച്ച ദാനം, ജീവിതത്തെ മാറ്റിമറിച്ച സ്നേഹസമാഗമം മറ്റുള്ളവരുമായി പങ്കുവയ്ക്കുകയാണെന്ന് ഉദ്ബോധിപ്പിച്ചു.

ദൈവം നമ്മെ സ്നേഹിക്കുന്നു എന്ന് സാക്ഷ്യമേകുകയാണ് പ്രേഷിതദൗത്യത്തിന്‍റെ  കാതല്‍ എന്ന് പാപ്പാ പ്രസ്താവിച്ചു.

സകലജനതകളും എന്ന് യേശു പറയുന്നതിന്‍റെ അര്‍ത്ഥം അവിടത്തെ ഹൃദയത്തില്‍ സകലര്‍ക്കും സ്ഥാനമുണ്ട് എന്നാണെന്നും പാപ്പാ വിശദീകരിച്ചു.   








All the contents on this site are copyrighted ©.