2018-05-04 12:23:00

“ജാഗ്രതയുള്ള അജപാലകരെ ലഭിക്കാന്‍ പ്രാര്‍ഥിക്കുക”: പാപ്പാ


അജപാലകരില്ലാതെ സഭയ്ക്കു മുന്നോട്ടുപോകാനാവില്ല എന്നും ഉണര്‍ന്നിരിക്കുന്ന ജാഗ്രതയുള്ള അജപാലകര്‍ക്കായി പ്രാര്‍ഥിക്കണമെന്നും ഉദ്ബോധിപ്പിച്ചുകൊണ്ടായിരുന്നു, സാന്താ മാര്‍ത്താ കപ്പേളയില്‍, മെയ് നാലാംതീയതി വെള്ളിയാഴ്ചയിലെ പ്രഭാതബലിയര്‍പ്പണവേളയില്‍ പാപ്പാ വചനസന്ദേശം നല്‍കിയത്.  "ജാഗ്രതയോടെ ഉറക്കമിളച്ചു കാത്തിരിക്കുക എന്നതിന്‍റെ അര്‍ഥം അജഗണങ്ങളുടെ ജീവിതത്തോട് ഇടയന്‍ ഉള്‍ച്ചേരുന്നു എന്നതാണ്.  കൂലിക്കാരനല്ലാത്ത, യഥാര്‍ഥ ഇടയന്‍, അവയെ കാത്തുസൂക്ഷിക്കുന്നത് ഓരോന്നിനെയും സംരക്ഷിച്ചുകൊണ്ടാണ്, ഏതെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്നു നോക്കി, അതിനെ തിരിച്ചുകൊണ്ടുവന്നുകൊണ്ടും സമൂഹത്തിലേയ്ക്ക് കൂട്ടിച്ചേര്‍ത്തുകൊണ്ടുമാണ്", പാപ്പാ പറഞ്ഞു.

ബിഷപ്പുമാര്‍ക്ക് വിശ്വാസികളെ ശ്രവിക്കാന്‍ സമയമില്ലയെന്നും അദ്ദേഹത്തിനു മറ്റു പല കാര്യങ്ങളിലുമാണ് ശ്രദ്ധ എന്നുമുള്ള പരാതികള്‍ നാം കേള്‍ക്കാറുണ്ടെന്നു പറഞ്ഞ പാപ്പാ, ഒരു ഇടയന്‍ ഇടയനായിരിക്കുന്നത് അദ്ദേഹത്തിന്‍റെ സാമീപ്യംകൊണ്ടാണ് എന്നും അങ്ങനെയുള്ള ഇടയന്, ഉണര്‍വോടെയിരിക്കാനും, അവര്‍ക്കുവേണ്ടി ജീവനര്‍പ്പിക്കാനും കഴിയുന്നവനാണ് എന്നും ദൈവജനം അറിയുന്നു എന്നു വിശദീകരിച്ചു.  അതിനാല്‍, ദൈവം നമുക്ക് നല്ല അജപാലകരെ നല്‍കുന്നതിനായി പ്രാര്‍ഥിക്കാമെന്നും, സഭയില്‍ ഇടയന്മാരുടെ അഭാവമുണ്ടായാല്‍ അതിനു മുന്നോട്ടു പോകാനാവില്ലെന്നും വ്യക്തമാക്കിയ പാപ്പാ, സമാപനമായി ഇടയന്‍റെ സവിശേഷത വീണ്ടും ഇങ്ങനെ അനുസ്മരിപ്പിച്ചു:  “അവര്‍, അധ്വാനിക്കുന്നവരും പ്രാര്‍ഥിക്കുന്നവരും, ദൈവജനത്തോടടുത്തായിരിക്കുന്നവരുമാണ്. അതായത്, ഒറ്റവാക്കില്‍ പറഞ്ഞാല്‍, എങ്ങനെയാണ് ഉണര്‍വോടെയിരിക്കുന്നത് എന്നറിയുന്നവരാണ് അവര്‍”.








All the contents on this site are copyrighted ©.