2018-05-03 12:28:00

DOCAT ​LXV​: “ഐശ്വര്യം എല്ലാവര്‍ക്കും''


ക്ഷേമവും നീതിയും എല്ലാവര്‍ക്കും എന്ന ശീര്‍ഷകം നല്‍കപ്പെട്ടിരിക്കുന്ന ഡുക്യാറ്റിന്‍റെ 7-ാമധ്യായത്തിലെ, സാമ്പത്തിക പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലൂടെയാണു കഴിഞ്ഞ ദിനങ്ങളില്‍ നാം കടന്നുപോയത്. ഈ അധ്യായത്തിന് അനുബന്ധമായി സഭയുടെ പ്രബോധനങ്ങളില്‍ നിന്നുള്ള പ്രസക്തഭാഗങ്ങളില്‍, അഞ്ചുഭാഗങ്ങള്‍ നാം കണ്ടു. അവിടെ ലെയോ പതിമൂന്നാമന്‍ പാപ്പായുടെ റേരും നൊവാരും എന്ന രേഖയില്‍ സമ്പത്ത് എല്ലാവര്‍ക്കുമായിട്ടുള്ളതാണ് എന്നും അതിനാല്‍ സാമ്പത്തികതാല്‍പ്പര്യം മാത്രം ലക്ഷ്യംവയ്ക്കുന്നതിലെ അധാര്‍മികതയോടു പൊരുത്തപ്പെടാനാവില്ലെന്നും ഉള്ള ശക്തമായ ഉദ്ബോധനം നാം ശ്രവിച്ചു.  തുടര്‍ന്ന് ശ്രവിച്ച മൂന്നു ഖണ്ഡികകള്‍, വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെയും, ബെനഡിക്ട് പതി നാറാമന്‍ പാപ്പായുടെയും പ്രബോധനങ്ങളില്‍ നിന്നുള്ളവയായിരുന്നു. അവയും സാമ്പത്തിക വിതരണത്തിലെ ധാര്‍മികത, ആഗോളവത്ക്കരണമെന്ന പ്രതിഭാസത്തിന്‍റെ അപകടങ്ങള്‍ എന്നിവയൊക്കെ വിശകലനം ചെയ്യുന്നുവെന്നു നാം കണ്ടു.

കാരിത്താസ് ഇന്‍ വെരിത്താത്തെ, എവാഞ്ചെലീ ഗാവുദിയും എന്നീ രേഖകളിലൂ‌‌ടെ ദരിദ്രരെക്കുറിച്ചും, സമ്പന്നസമൂഹങ്ങള്‍ അവകാശപ്പെടുകയും ആര്‍ജിക്കുകയുംചെയ്യുന്ന ആര്‍ഭാട ജീവിതത്തെക്കുറിച്ചുമൊക്കെ പ്രാഥമികവും അടിസ്ഥാനപരവുമായ മനുഷ്യാവകാശങ്ങളുടെ പരിപ്രേക്ഷ്യത്തില്‍ വരച്ചുകാട്ടുന്ന മൂന്നു ഭാഗങ്ങള്‍കൂടി ഈ പഠനപരമ്പരയുടെ അറുപത്തഞ്ചാംഭാഗത്ത് പരിചിന്തനത്തിനു മുന്നോട്ടുവയ്ക്കുന്നു. കൂടാതെ, ഫ്രാന്‍സീസ് പാപ്പാ ബ്രീട്ടീഷ് പ്രധാനമന്ത്രി, കാമറൂണിന് അയച്ച ഒരുകത്തും ഇവിടെ ചേര്‍ത്തിരിക്കുന്നു. ഈ കത്തിലും സാമ്പത്തികകാര്യങ്ങളിലെ ധാര്‍മികതയാണ് ഊന്നിപ്പറയുക.  നമുക്ക് ഈ പ്രബോധനഭാഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം.

ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ കാരിത്താസ് ഇന്‍ വെരിത്താത്തെ, അഥവാ സത്യത്തില്‍ സ്നേഹം എന്ന രേഖയിലെ 43-ാം ഖണ്ഡികയില്‍, കുടിവെള്ളം, ഭക്ഷണം, പ്രാഥമികമായ ആരോഗ്യ, വിദ്യാഭ്യാസ അവകാശങ്ങള്‍ എന്നിവപോലും ലഭിക്കാത്ത ദരിദ്രരെ അവഗണിച്ചുകൊണ്ട്, ആര്‍ഭാടജീവിതത്തിനുവേണ്ട അമിതമായ അവകാശങ്ങള്‍ക്കായി, ഒരു പക്ഷേ, നിയമലംഘനത്തിലൂടെയും ദുര്‍ഗുണങ്ങള്‍ തുടരുന്നതിനുവേണ്ടിയും സമ്പന്നര്‍ വാദിക്കുന്നു എന്നു തുറന്നു പറയുന്നതിനു ബെനഡിക്ട് പതിനാറാമന്‍ പാപ്പാ മടിക്കുന്നില്ല.

ബെനഡിക്ട് 16-ാമന്‍ പാപ്പാ ‘‘കാരിത്താസ് ഇന്‍ വെരിത്താത്തെ’’ (2009, 43): ദരിദ്രരും ആര്‍ഭാട ജീവിതക്കാരും

തങ്ങളോടു തന്നെയല്ലാതെ ആരോടും ഒന്നിനും കടപ്പെട്ടിട്ടില്ലെന്ന് അനേകം ആളുകള്‍ ഇന്നു വാദിച്ചേക്കും.  അവര്‍ക്ക് തങ്ങളുടെ അവകാശങ്ങളില്‍ മാത്രമേ താല്‍പ്പര്യമുള്ളു. തങ്ങളുടെയും മറ്റു ജനങ്ങളുടെയും സമഗ്രവികസനത്തിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പലപ്പോഴും അവര്‍ക്കു വലിയ പ്രയാസമുണ്ട്. അതുകൊണ്ട്, അവകാശങ്ങള്‍ കേവലം എന്തും ചെയ്യാനുള്ള ലൈസന്‍സാകാതിരിക്കണമെങ്കില്‍ എങ്ങനെ കടമകളെ മുന്‍കൂട്ടിക്കാണുന്നു എന്നതിനെക്കുറിച്ച് പുതുതായി വിചിന്തനംചെയ്യുക സുപ്രധാനകാര്യമാണ്. ഇക്കാലത്ത് ഗൗരവപൂര്‍ണമായ ഒരു അസ്ഥിരതയ്ക്കു നാം സാക്ഷ്യം വഹിക്കുന്നു.  ഒരുവശത്ത്, ആരോപിക്കപ്പെടുന്ന അവകാശങ്ങള്‍ക്കായി അഭ്യര്‍ഥന നടത്തുന്നു. അവ കേവലം തോന്നലനുസരിച്ചുള്ള നിസ്സാരപ്രകൃതിയുള്ള അവകാശങ്ങളാണ്. പൊതുവ്യവസ്ഥിതികള്‍ അവയെ അംഗീകരിക്കുകയും വളര്‍ത്തുകയും വേണമെന്നു വാദിക്കപ്പെടുന്നു.  മറുവശത്ത്, ലോകത്തിന്‍റെ പല ഭാഗങ്ങളിലും പ്രാഥമികവും അടിസ്ഥാനപരവുമായ അവകാശങ്ങള്‍ അംഗീകരിക്കപ്പെടാതെ വരികയും ലംഘിക്കപ്പെടുകയും ചെയ്യുന്നു.

സമ്പന്നസമൂഹങ്ങളില്‍ “അമിത അവകാശ”ത്തിനുവേണ്ടി – നിയമലംഘനം, ദുര്‍ഗുണം എന്നിവയ്ക്കുവേണ്ടിപ്പോലും – വാദിക്കപ്പെടുന്നു.  ലോകത്തിലെ അവികസിത പ്രദേശങ്ങളിലും വലിയ മെട്രോപ്പോലീത്തന്‍ നഗരങ്ങളുടെ വിശാലമായ ചേരികളിലും ഭക്ഷണം, കുടിവെള്ളം, പ്രാഥമിക വിദ്യാഭ്യാസം, പ്രാഥമികാരോഗ്യ സംരക്ഷണം എന്നിവ ഇല്ലാതിരിക്കുന്നു.

തു‌ടര്‍ന്നു നാം കാണുന്നത് ഫ്രാന്‍സീസ് പാപ്പായുടെ എവാഞ്ചെലീ ഗാവുദിയും എന്ന രേഖയില്‍ നിന്നുള്ള 55-ാം ഖണ്ഡികയാണ്.  അതില്‍ രണ്ടു കാര്യങ്ങള്‍ പ്രത്യേകമായി ചൂണ്ടിക്കാണിക്കു ന്നുണ്ട്. ആദ്യമായി പാപ്പാ നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുന്നത് വ്യക്തിരഹിത സാമ്പത്തിക സ്വേച്ഛാധിപത്യത്തെക്കുറിച്ചാണ്.  എന്നുപറഞ്ഞാല്‍, സാമ്പത്തികപ്രവര്‍ത്തനത്തിന്‍റെ കേന്ദ്രം മനുഷ്യവ്യക്തിയല്ലാതെ വരുന്ന, മനുഷ്യത്വപരമായ ലക്ഷ്യമില്ലാത്ത ഇന്നത്തെ ധനാരാധനയെക്കുറിച്ചാണ്.

ഫ്രാന്‍സീസ് പാപ്പാ ‘‘എവാഞ്ചെലീ ഗാവുദിയും’’ (2013, 55) വ്യക്തിരഹിത സാമ്പത്തിക സ്വേച്ഛാധിപത്യം

ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി ഒരു വസ്തുത അവഗണിക്കാന്‍ നമുക്കിടയാക്കുന്നു.  ഗുരു തരമായ ഒരു മാനുഷിക വിസ്മൃതിയില്‍ നിന്നാണ് അതുളവായതെന്ന വസ്തുത: മനുഷ്യവ്യക്തി യുടെ പ്രാഥമ്യത്തിന്‍റെ നിഷേധം! നാം പുതിയ വിഗ്രഹങ്ങള്‍ നിര്‍മിച്ചിരിക്കുന്നു. പണ്ട് സ്വര്‍ണം കൊണ്ടുള്ള കാളക്കുട്ടിയെ ആരാധിച്ചു (പുറ 32:1-35).  ആ ആരാധന ഇന്ന് നവീനവും നിര്‍ദയ വുമായ വിധത്തില്‍ തിരിച്ചുവന്നിരിക്കുന്നു.  പണത്തിന്‍റെ ആരാധനയും മാനുഷികമായ മുഖമോ മനുഷ്യത്വപരമായ ലക്ഷ്യമോ ഇല്ലാത്ത ഒരു സാമ്പത്തികതയേയും ബാധിക്കുന്ന ലോകവ്യാപകമായ വിഷമസ്ഥിതി അവയുടെ അസന്തുലിതാവസ്ഥകളും സര്‍വോപരി, മനുഷ്യജീവികളോട് അവയ്ക്കുള്ള ഗുരുതരമായ ആഭിമുഖ്യരാഹിത്യവും വെളിവാക്കുന്നു.  മനുഷ്യനെ അവന്‍റെ ആ വശ്യങ്ങളില്‍ ഒന്നിലേയ്ക്കുമാത്രം ചുരുക്കിയിരിക്കുന്നു: ഉപഭോഗം.

ഇതേ ഖണ്ഡികയില്‍ എല്ലാവര്‍ക്കും സമൃദ്ധി എന്ന ലക്ഷ്യത്തെ കാമ്യമായി കരുതേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച്, അധികാരത്തിനും സമ്പാദ്യത്തിനും വേണ്ടി അഴിമതിയും വെട്ടിപ്പും നടത്തു ന്ന പ്രവണതയെക്കുറിച്ച് അര്‍ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം പാപ്പാ തുറന്നു പറയുന്നു.

ഫ്രാന്‍സീസ് പാപ്പാ ‘‘എവാഞ്ചെലീ ഗാവുദിയും’’ (2013, 55) എല്ലാവര്‍ക്കും സമൃദ്ധി

ന്യൂനപക്ഷത്തിന്‍റെ സമ്പാദ്യം അസൂയാര്‍ഹമാംവിധം വളരുമ്പോള്‍ സന്തുഷ്ടരായ ഇക്കൂട്ടരുടെ ഐ ശ്വര്യത്തിനും ബഹുഭൂരിപക്ഷത്തിന്‍റെ സമ്പാദ്യത്തിനുമിടയിലുള്ള വിടവ് ഉത്തരോത്തരം വര്‍ധിച്ചുവരികയാണ്.  വിപണിയുടെ കേവലാധിപത്യത്തെയും സാമ്പത്തിക സൈദ്ധാന്തികതയെയും പിന്താങ്ങുന്ന പ്രത്യയശാസ്ത്രങ്ങളുടെ ഫലമാണ് ഈ അസന്തുലിതാവസ്ഥ.  തല്‍ഫലമായി പൊതുനന്മയ്ക്കുവേണ്ടി ജാഗ്രതപുലര്‍ത്താന്‍ കടമയുള്ള സ്റ്റേറ്റുകള്‍ക്കുള്ള അവകാശം അവ തള്ളിക്കളയുന്നു.  അങ്ങനെ ഒരു പുതിയ സ്വേച്ഛാധിപത്യം ജനിക്കുന്നു.  അത് അദൃശ്യമാണ്, മിക്കപ്പോഴും അമൂര്‍ത്തവുമാണ്.  അത് ഏകപക്ഷീയമായി സ്വന്തം നിയമങ്ങളും കല്‍പ്പനകളും നിരന്തരം അടിച്ചേല്‍പ്പിക്കുന്നു.  കൂടാതെ ചില രാജ്യങ്ങളുടെ കടവും പലിശയും കുന്നുകൂടിക്കൊണ്ടിരിക്കുന്നതിനാല്‍ അവയ്ക്കു സ്വന്തം സാമ്പത്തികതയുടെ സാധ്യതകള്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിയാതെ വരുന്നു. പൗരന്മാരുടെ യഥാര്‍ഥ ക്രയശേഷി പ്രയോഗിക്കാന്‍പറ്റാതാകുന്നു. ആഗോളമാനം ആര്‍ജിച്ചിരിക്കുന്ന സര്‍വവ്യാപിയായ അഴിമതിയും സ്വാര്‍ഥത നിറഞ്ഞ വെട്ടിപ്പും ഇവയോടെല്ലാം കൂട്ടിച്ചേര്‍ക്കേണ്ടവയാണ്.  അധികാരത്തിനും സമ്പാദ്യത്തിനും വേണ്ടിയുള്ള ദാഹത്തിന് അതിരുകളില്ല.  ഈ സമ്പ്രദായം ലാഭവര്‍ധനയുടെ വഴിയിലുള്ള സകലതിനെയും വിഴുങ്ങാന്‍ ശ്രമിക്കുന്നു.  പരിസ്ഥിതിപോലെ ദുര്‍ബലമായതെന്തും ”ദൈവമാക്കപ്പെട്ടിരിക്കുന്ന” വിപണിയുടെ താല്‍പ്പര്യങ്ങള്‍ക്കു മുമ്പില്‍ അരക്ഷിതമാണ്.  വിപണിയുടെ താല്‍പ്പര്യങ്ങളാണ് ഇവിടെ കേവലനിയമം.

സാമ്പത്തികപ്രവര്‍ത്തനത്തിന്‍റെ കേന്ദ്രം മനുഷ്യവ്യക്തിയായിരിക്കണം എന്ന വാദം ആവര്‍ത്തിക്കുന്നതില്‍ ഫ്രാന്‍സീസ് പാപ്പാ ഒരിക്കലും മടുക്കുന്നില്ല എന്നു പാപ്പായുടെ വാക്കുകളും പ്രവൃ ത്തികളും തെളിയിക്കുന്നുണ്ട്.  അതിനൊരുദാഹരണമാണ്, ഫ്രാന്‍സീസ് പാപ്പാ ബ്രിട്ടീഷ് പ്രധാന മന്ത്രി ഡേവിഡ് കാമറോണിന്, 2013 ജൂണ് 15-ന് അയച്ച കത്ത്. അല്പം ദീര്‍ഘമായതെങ്കിലും ലളിതവും സുഗ്രഹവുമായ ഈ കത്ത് ശ്രദ്ധാവിഷയമാക്കി, നമുക്ക് ഈ സാമ്പത്തിക പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ഏഴാമധ്യായത്തിലെ വിചിന്തനത്തിനു പരിസമാപ്തി കുറിക്കാം.

ഫ്രാന്‍സീസ് പാപ്പാ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്, 2013 ജൂണ് 15-ന് അയച്ച ഒരു കത്തില്‍ നിന്ന് : ”മനുഷ്യന്‍ സാമ്പത്തികപ്രവര്‍ത്തനത്തിന്‍റെ കേന്ദ്രത്തില്‍”

എല്ലാ സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ക്കുമുള്ള പര്യാപ്തമായ നൈയാമിക ചട്ടക്കൂട് ഉറപ്പുവരുത്താന്‍വേണ്ടി നിശ്ചയിക്കുന്ന ദീര്‍ഘകാലനടപടികളും അതിനോടു ബന്ധപ്പെട്ട ആഗോളസാമ്പത്തിക ദുര്‍ഘടസന്ധി പരിഹരിക്കാനുള്ള അടിയന്തിര സ്വഭാവമുള്ള നടപടികളും സത്യത്തിന്‍റെ ധര്‍മശാസ്ത്രത്താല്‍ നയിക്കപ്പെടണം. മനുഷ്യന്‍ എന്ന സത്യത്തോടുള്ള ആദരവ് പ്രഥമവും പ്രധാനവുമായി ഇതില്‍ ഉള്‍ക്കൊള്ളുന്നു. മനുഷ്യന്‍ കേവലം അനുബന്ധിത സാമ്പത്തികഘടകമല്ല. അല്ലെങ്കില്‍ എറിഞ്ഞു കളയാവുന്ന ഒരു വസ്തുവല്ല.  പിന്നെയോ വെറും സാമ്പത്തിക കണക്കുകൂട്ടലിലേക്ക് ഒതുക്കാനാവാത്ത സ്വഭാവത്തോടും മഹത്വത്തോടും കൂടിയവനാണ്. അതുകൊണ്ട്, ഓരോ മനു ഷ്യവ്യക്തിയുടെയും മൗലികമായ, ഭൗതികവും ആത്മീയവുമായ ക്ഷേമത്തോടു താല്പ്പര്യമുണ്ടാകണം. അതാണ് എല്ലാ രാഷ്ട്രീയ സാമ്പത്തിക പരിഹാരമാര്‍ഗത്തിന്‍റെയും തുടക്കസ്ഥാനം.  അതിന്‍റെ കാര്യക്ഷമതയുടെ ആത്യന്തികമാര്‍ഗവുമാണത്.

കൂടാതെ ധനതത്വശാസ്ത്രത്തിന്‍റെയും രാഷ്ട്രതന്ത്രത്തിന്‍റെയും ലക്ഷ്യം മനുഷ്യവംശത്തിനു സേവനം ചെയ്യുകയെന്നതാണ്. ഏറ്റവും ദരിദ്രരും മുറിവേല്പ്പിക്കപ്പെടുന്നവരുമായ മനുഷ്യരില്‍ അതു തുടരണം.  അവര്‍ എവിടെയായാലും, അമ്മമാരുടെ ഗര്‍ഭപാത്രങ്ങളിലായാലും, അങ്ങനെ ചെയ്യണം.  ഓരോ രാഷ്ട്രീയ സിദ്ധാന്തവും അല്ലെങ്കില്‍ രാഷ്ട്രീയപ്രവര്‍ത്തനവും ഭൂഗോളത്തിലെ ഓരോ വ്യക്തിക്കും മഹത്വത്തോടും സ്വാതന്ത്ര്യത്തോടുംകൂടെ ജീവിക്കാനുള്ള മിനിമം വസ്തുക്കള്‍ നല്‍കാന്‍ പരിശ്രമിച്ചുതുടങ്ങണം.  ഓരോ വ്യക്തിക്കും കുടുംബത്തെ പിന്താങ്ങാനും കുട്ടികളെ പഠിപ്പിക്കാനും ദൈവത്തെ സ്തുതിക്കാനും സ്വകീയമായ മാനുഷികകഴിവുകളെ വികസിപ്പിക്കാനുമുള്ള സാധ്യത നല്‍കിക്കൊണ്ട് അങ്ങനെചെയ്യണം. ഇതാണ് പ്രധാനപ്പെട്ട കാര്യം. ഇപ്രകാരമുള്ള ഒരു ദര്‍ശനമില്ലെങ്കില്‍ എല്ലാ സാമ്പത്തിക പ്രവര്‍ത്തനങ്ങളും അര്‍ഥമില്ലാത്തതാകും.

ഈ അര്‍ഥത്തില്‍, ഇന്നത്തെ ലോകം നേരിടുന്ന ഗൗരവപൂര്‍വമായ സാമ്പത്തിക – രാഷ്ട്രീയ വെല്ലു വിളികള്‍ ഒരു കാര്യം ആവശ്യപ്പെടുന്നു. മനോഭാവത്തിന്‍റെ ധീരതയുള്ള മാറ്റമാണത്.  ആ മനോഭാവം ലക്ഷ്യത്തിനും (മനുഷ്യവ്യക്തിക്കും) മാര്‍ഗത്തിനും (സാമ്പത്തികശാസ്ത്രത്തിനും രാഷ്ട്രതന്ത്രത്തിനും) അവയുടെ ശരീയായ സ്ഥാനങ്ങളും പണവും മറ്റു രാഷ്ട്രീയ സാമ്പത്തിക മാര്‍ഗങ്ങളും ഭരിക്കുകയല്ല, സേവനംചെയ്യുകയാണു വേണ്ടത്. ആഗോളസാമ്പത്തികതയുടെ മയമുള്ള പ്രവര്‍ത്തനത്തിന്‍റെ കേന്ദ്രതത്വം സ്വതന്ത്രവും നിസ്വാര്‍ഥവുമായ ഐക്യദാര്‍ഢ്യമാണ്.  ഈ തത്വം വിരോധാഭാസമായി തോന്നുന്ന വിധത്തില്‍ മനസ്സില്‍ ഉറപ്പിച്ചുകൊണ്ടുവേണം അങ്ങനെ ചെയ്യാന്‍.

പ്രൈംമിനിസ്റ്റര്‍, ഈ ചിന്തകള്‍ നിങ്ങളോടു പങ്കുവയ്ക്കാന്‍ ഞാനാഗ്രഹിക്കുന്നു.  എല്ലാ രാഷ്ട്രീയ തീരുമാനങ്ങളിലും അന്തര്‍ലീനമായിരിക്കുന്നതും എന്നാല്‍ ചിലപ്പോള്‍ മറന്നുപോകുന്നതുമായ ഒരു വസ്തുത ഉയര്‍ത്തിക്കാണിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഞാനിങ്ങനെ ചെയ്യുന്നത്. അതായത്, മ നുഷ്യവംശത്തെ – ഓരോ സ്ത്രീയെയും പുരുഷനെയും – സകല രാഷ്ട്രീയ, സാമ്പത്തികപ്രവര്‍ത്തനത്തിന്‍റെയും മധ്യത്തില്‍ സ്ഥാപിക്കണം.  ദേശീയമായും അന്തര്‍ദേശീയമായും അങ്ങനെയാണു ചെയ്യേണ്ടത്.  എന്തെന്നാല്‍, രാഷ്ട്രതന്ത്രത്തിന്‍റെയും സാമ്പത്തിക ശാസ്ത്രത്തിന്‍റെയും ഏറ്റവും യഥാര്‍ഥവും ഏറ്റവും ആഴമുള്ളതുമായ വിഭവം മനുഷ്യനാണ്.  അവയുടെ ലക്ഷ്യവും മനുഷ്യനാണ്.








All the contents on this site are copyrighted ©.