2018-05-03 13:17:00

യാനൊസ് ബ്രെന്നെര്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്


ഹങ്കറിയില്‍ നിണസാക്ഷി യാനൊസ് ബ്രെന്നെര്‍ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടു.

ഈ മാസം ഒന്നാം തിയതി ചൊവ്വാഴ്ച (01/05/18) അന്നാട്ടിലെ ഷൊംബത്തൈയില്‍ വിശുദ്ധരു‍ടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലൊ അമാത്തോ ഫ്രാന്‍സീസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് മുഖ്യകാര്‍മ്മികനായി അര്‍പ്പിച്ച സാഘോഷമായ സമൂഹദിവ്യബലി മദ്ധ്യേയാണ് രൂപതാവൈദികനായിരുന്ന യാനൊസ് ബ്രെന്നെര്‍ സഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍ ഔദ്യോഗികമായി ചേര്‍ക്കപ്പെട്ടത്.

1931 ഡിസമ്പര്‍ 27 ന്, ഷൊംബത്തൈയില്‍ ജനിച്ച അദ്ദേഹം 1957 ഡിസമ്പര്‍ 15 ന് കത്തിക്കുത്തേറ്റു മരിക്കുകയായിരുന്നു.

ആദ്യം ഒരു സന്ന്യസ്ത സമൂഹത്തില്‍ ചേര്‍ന്ന അദ്ദേഹം മതവിരുദ്ധ നയം പിന്‍ചെന്ന സര്‍ക്കാര്‍ സന്ന്യസത് സമൂഹങ്ങളെ ഇല്ലായ്മ ചെയ്തവേളയില്‍ രൂപതാ സെമിനാരിയില്‍ ചേരുകയും 1955 ജൂണ്‍ 19 ന് പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു.

ഒരു ഇടവകയില്‍ സേവനമനുഷ്ഠിച്ചുവരവേ, അത്യാസന്നനിലിയിലായിരുന്ന ഒരു രോഗിക്കു രാത്രിയില്‍ അന്ത്യകൂദാശകള്‍ നല്കുന്നതിനു പോകുന്ന സമയത്താണ് കത്തികൊണ്ടുള്ള 32 കുത്തുകള്‍ ഏറ്റ് നവവാഴ്ത്തപ്പെട്ട യാനൊസ് ബ്രെന്നെര്‍ മരണമടഞ്ഞത്.

   








All the contents on this site are copyrighted ©.