2018-05-02 12:33:00

മാമ്മോദീസാ: ജീവന്‍റെ ഉറവ-പാപ്പായുടെ പൊതുദര്‍ശന പ്രഭാഷണം


രണ്ടു ദിവസമായി റോമില്‍ പൊതുവെ മോശമായ കാലവസ്ഥയാണ് അനുഭവപ്പെടുന്നതെങ്കിലും ഈ  ബുധനാഴ്ച (02/05/18) ഫ്രാന്‍സീസ് പാപ്പാ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയില്‍ വിവിധ രാജ്യക്കാരായിരുന്ന ആയിരങ്ങള്‍ പങ്കുകൊണ്ടു. കര്‍ണ്ണാടകയിലെ കര്‍വ്വാറിലുള്ള “റെദെംപ്തോരിസ് മാത്തെര്‍” സെമിനാരിയില്‍ നിന്നുള്ള 40 ഉം, ബാംഗ്ലൂരിലെ നെയൊ കാറ്റേക്കൂമെനല്‍ വേ പ്രസ്ഥാനത്തിലെ 60 ഉം പേരടങ്ങിയ സംഘവും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ വച്ച് പൗരോഹിത്യം സ്വീകരിച്ചതിന്‍റെ രജതജൂബിലിയാചരിക്കുന്ന വിവിധരാജ്യക്കാരായ 13 വൈദികരും ഈ കൂടിക്കാഴ്ചയ്ക്കായി എത്തിയിരുന്നു. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ    ബസിലിക്കയുടെ അതിവിശാലമായ തുറസ്സായ അങ്കണമായിരുന്നു കൂടിക്കാഴ്ചാവേദി. വെളുത്ത തുറന്ന വാഹനത്തില്‍ ചത്വരത്തിലെത്തിയ പാപ്പായെ ജനസഞ്ചയം കരഘോഷത്തോടും ആര്‍പ്പുവിളികളോടുംകൂടെ വരവേറ്റു.ചത്വരത്തിലെത്തിയ പാപ്പാ പുഞ്ചിരിതൂകി ഏവര്‍ക്കും  അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് ജനസഞ്ചയത്തിനിടയിലൂടെ വാഹനത്തില്‍ നീങ്ങി. ഇടയ്ക്ക് വച്ച് പാപ്പാ തന്‍റെ  വാഹനത്തില്‍ ഏതാനും ബാലികാബലന്മാരെയും കയറ്റി സവാരി തുടര്‍ന്നു.  ഇടയ്ക്കിടെ അംഗരക്ഷകര്‍ തന്‍റെ  പക്കലേക്കു എടുത്തുകൊണ്ടുവന്നുകൊണ്ടിരുന്ന പിഞ്ചുകുഞ്ഞുങ്ങളെ പാപ്പാ വണ്ടി നിറുത്തി ആശീര്‍വ്വദിക്കുകയും ചുംബിക്കുകയും, ചെയ്യുന്നുണ്ടായിരുന്നു. പേപ്പല്‍ വാഹനം വേദിക്കരികില്‍ നിശ്ചലമായപ്പോള്‍ പാപ്പാ ആദ്യം കുട്ടികളെ ഇറക്കിയതിനു ശേഷം, അതില്‍ നിന്നിറങ്ങി സാവധാനം നടന്ന് വേദിയിലെത്തുകയും റോമിലെ സമയം രാവിലെ 10 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30 ഓടെ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

സ്നാനം കഴിഞ്ഞയുടന്‍ യേശു വെള്ളത്തില്‍ നിന്നു കയറി. അപ്പോള്‍ സ്വര്‍ഗ്ഗം തുറക്കപ്പെട്ടു. ദൈവാത്മാവ് പ്രാവിന്‍റെ രൂപത്തില്‍ തന്‍റെ മേല്‍ ഇറങ്ങിവരുന്നത് അവന്‍ കണ്ടു.” (മത്തായി 3,16)

ഈ വിശുദ്ധഗ്രന്ഥഭാഗം പാരായണംചെയ്യപ്പെട്ടതിനുശേഷം, ജനസഞ്ചയത്തെ സംബോധനചെയ്ത പാപ്പാ താന്‍ മാമ്മോദീസായെ അധികരിച്ച് തുടരുന്ന പ്രബോധന പരമ്പരയില്‍ നാലാമത്തേതായി ജ്ഞാനസ്നാനത്തെ ജീവന്‍റെ ഉറവയായി അവതരിപ്പിച്ചു.

എല്ലാവര്‍ക്കും നല്ലൊരു ദിനം നേര്‍ന്നുകൊണ്ട് തന്‍റെ  വിചിന്തനം പാപ്പാ ആരംഭിച്ചു.  

പ്രഭാഷണ സംഗ്രഹം:

മാമ്മോദീസായെ അധികരിച്ചു തുടരുന്ന വിചിന്തനത്തില്‍ ഇന്ന് വിശകലനം ചെയ്യുക മാമ്മോദീസത്തൊട്ടിക്ക് സമീപം നടത്തപ്പെടുന്ന മുഖ്യ കര്‍മ്മങ്ങളാണ്.

നമുക്ക്, സര്‍വ്വോപരി, ജലത്തെക്കുറിച്ചു ചിന്തിക്കാം. പുനര്‍ജനിപ്പിക്കാനും നവീകരിക്കാനുമുള്ള കഴിവ് വെള്ളത്തിനു ലഭിക്കുന്നതിനുവേണ്ടി അതിലേക്ക് പരിശുദ്ധാരൂപിയുടെ ശക്തി ക്ഷണിക്കുന്നു. ജലം ജീവന്‍റെയും സുസ്ഥിതിയുടെയും പ്രഭവകേന്ദ്രമാണ്. അതിന്‍റെ അഭാവമാകട്ടെ, മരൂഭൂമികളില്‍ സംഭവിക്കുന്നതു പോലെ സകലവിധ ഫലദായകത്വത്തെയും ഇല്ലാതാക്കും; അതുപോലെതന്നെ, ജലത്തിന്‍റെ വന്‍തിരകളില്‍പ്പെടുകയോ അത്യധികമായ ജലം സകലത്തെയും  ആമഗ്നമാക്കുകയോ ചെയ്യുമ്പോള്‍ അത്, ജലം, മരണഹേതുവുമാകാം. അവസാനമായി, ജലത്തിന് ക്ഷാളനം ചെയ്യാനും അഴുക്കു നീക്കനും ശുദ്ധീകരിക്കാനും കഴിവുണ്ട്.

സാര്‍വ്വത്രികമായി അംഗീകരിക്കപ്പെട്ടിരിക്കുന്നതും സ്വാഭാവികവുമായ ഈ പ്രതീകാത്മകതയില്‍ നിന്നു തുടങ്ങി ബൈബിള്‍ ദൈവത്തിന്‍റെ ഇടപെടലുകളെയും വാഗ്ദാനങ്ങളെയും ജലത്തെ അടയാളമായി ഉപയോഗപ്പെടുത്തി വിവരിക്കുന്നു. എന്തുതന്നെയായാലും, പാപം മോചിക്കാനുള്ള ശക്തി വെള്ളത്തിന് അതില്‍ത്തന്നെ ഇല്ല. ഇതു വിശുദ്ധ അംബ്രോസ് നവസ്നാനിതരോട് വിവരിക്കുന്നുണ്ട്: “നീ വെള്ളം കണ്ടു, എന്നാല്‍ എല്ലാ ജലവും ശുദ്ധീകരിക്കാന്‍ കഴിവുള്ളതല്ല: ക്രിസ്തുവിന്‍റെ  വരപ്രസാദമുള്ള ജലത്തിനു മാത്രമെ ശുദ്ധീകരിക്കാന്‍ സാധിക്കൂ. പ്രവര്‍ത്തനം ജലത്തിന്‍റെയും ഫലദായകത്വം പരിശുദ്ധാരൂപിയുടെയുമാണ്”.

ആകയാല്‍ ജലത്തിന്മേല്‍ പരിശുദ്ധാരൂപി വരുന്നതിനായി സഭ പ്രാര്‍ത്ഥിക്കുന്നു. അങ്ങനെ ജലം പരിശുദ്ധാത്മശക്തിയുടെ സംവാഹകയായി മാറുന്നു. പരിശുദ്ധാത്മശക്തിയുള്ള ഈ ജലത്താല്‍ ജനത്തെ, മുതിര്‍ന്നവരും കുട്ടികളുമുള്‍പ്പടെ സകലരെയും, സ്നാനപ്പെടുത്തുന്നു.

സ്നാനത്തൊട്ടിയിലെ ജലം പവിത്രീകരിക്കപ്പെട്ടു, ഇനി ഹൃദയം ഒരുക്കണം, അതേ ജ്ഞാനസ്നാനത്തിനായി വെള്ളം ആശീര്‍വ്വദിച്ചു, ഇനി ഹൃദയം ആശീര്‍വ്വദിക്കണം. അത് സംഭവിക്കുന്നത് സാത്താനെ ഉപേക്ഷിക്കുകയും വിശ്വാസ പ്രഖ്യാപനം നടത്തുകയും ചെയ്യുമ്പോഴാണ്. ഈ രണ്ടു പ്രവൃത്തികളും അഭേദ്യം ബന്ധപ്പെട്ടിരിക്കുന്നു. ഭിന്നിപ്പിക്കുന്നവനായ സാത്താന്‍റെ നിര്‍ദ്ദേശങ്ങളോട് വിസമ്മതം പ്രകടിപ്പിക്കുന്നതിനാനുപാതികമായി, നാം, നമ്മെ തന്നോടു അനുരൂപരാക്കുന്നതിന് ക്ഷണിക്കുന്ന ദൈവത്തിന് സമ്മതമരുളാന്‍ പ്രാപ്തരാകും. സാത്താന്‍ ഭിന്നിപ്പിക്കുമ്പോള്‍ ദൈവമാകട്ടെ സമൂഹത്തെ ഒന്നിപ്പിക്കുന്നു, ജനങ്ങളെ ഏക ജനതയായിമാറ്റുന്നു. ഉപാധികള്‍ വച്ച് ക്രിസ്തുവിനോട് ഐക്യപ്പെടാന്‍ സാധിക്കില്ല.

സാത്താനെയും അവന്‍റെ സകല ചെയ്തികളെയും അവന്‍റെ എല്ലാ പ്രലോഭനങ്ങളെയും ഉപേക്ഷിക്കുന്നുവോ എന്ന ചോദ്യത്തിനുള്ള ഉത്തരം ഉത്തമപരുഷ ഏകവചനത്തിലാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. “ഞാന്‍ ഉപേക്ഷിക്കുന്നു” എന്നാണ് പ്രത്യുത്തരിക്കുന്നത്. അതുപോലെ തന്നെ സഭയുടെ വിശ്വാസ പ്രഖ്യാപനത്തിലും കാണുന്നത് .”ഞാന്‍ വിശ്വസിക്കുന്നു” എന്നാണ്. ഞാന്‍ ഉപേക്ഷിക്കുന്നു, ഞാന്‍ വിശ്വസിക്കുന്നു- ഇതാണ് മാമ്മോദീസായുടെ അടിസ്ഥാനം. ഇത് ഉത്തരവാദിത്വപൂര്‍ണ്ണമായ ഒരു തിരഞ്ഞടുപ്പാണ്, ദൈവത്തിലുള്ള വിശ്വാസം സമൂര്‍ത്തമാക്കുന്നതിനുള്ള യത്നം ഇതില്‍ അന്തര്‍ലീനമാണ്. വിശ്വാസ പ്രഖ്യാപനം ഒരു പരിശ്രമം ആവശ്യപ്പെടുന്നുണ്ട്. ജീവിതത്തിലെ ഭിന്ന സാഹചര്യങ്ങളിലും പരീക്ഷണങ്ങളിലും സ്ഥൈര്യത്തോടെ പരിശ്രമം തുടരാന്‍ മാമ്മോദീസ സഹായിക്കുന്നു.

പ്രിയ സഹോദരീ സഹോദരന്മാരേ, ആശീര്‍വ്വദിക്കപ്പെട്ട ജലത്തില്‍ നാം കരങ്ങള്‍ മുക്കുമ്പോള്‍, അതായത്, ദേവാലയത്തിലേക്കു പ്രവേശിക്കവെ, വിശുദ്ധ ജലത്തെ സ്പര്‍ശിക്കുമ്പോള്‍, കുരിശടയാളം വരയ്ക്കുമ്പോള്‍ നാം സ്വീകരിച്ച മാമ്മോദീയസയെക്കുറിച്ച് ആനന്ദത്തോടും കൃതജ്ഞതയോടും കൂടെ ഓര്‍ക്കുന്നു. അങ്ങനെ നാം നമ്മുടെ ആമേന്‍, പരിശുദ്ധതമ ത്രിത്വത്തിന്‍റെ സ്നേഹത്തില്‍ ആമഗ്നരായി ജീവിക്കാനുള്ള സമ്മതം, നവീകരിക്കുന്നു. നന്ദി.  

പാപ്പായുടെ പ്രഭാഷണം അവസാനിച്ചതിനെ തുടര്‍ന്ന് അതിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

സുവിശേഷാനന്ദം സകലയിടത്തും വിളങ്ങുന്നതിന് നമ്മുടെ പ്രത്യാശയുടെ ഉറവിടമായ ക്രിസ്തുവിനോടു വിശ്വസ്തരായിരിക്കാന്‍ പാപ്പാ പൊതുകൂടിക്കാഴ്ചയില്‍ പങ്കെടുത്തവര്‍ക്ക് പൊതുവായി  പ്രചോദനം പകര്‍ന്നു.

യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ വേദപാരംഗതനായ വിശുദ്ധ അത്തനേഷ്യസിന്‍റെ തിരുന്നാള്‍ അനുവര്‍ഷം മെയ് 2 ന് ആചരിക്കപ്പെടുന്നത് അനുസ്മരിക്കുകയും അദ്ദേഹത്തിന്‍റെ   വിശുദ്ധി വിശ്വാസത്തിന് താങ്ങാകുകയും ക്രൈസ്തവസാക്ഷ്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.








All the contents on this site are copyrighted ©.