2018-04-30 12:40:00

"മുന്തിരിച്ചെടിയും ശാഖകളും" പാപ്പായുടെ ത്രികാലജപ സന്ദേശം


ഈ ഞായറാഴ്ച (29/04/18). പാപ്പാ വത്തിക്കാനില്‍ നയിച്ച മദ്ധ്യാഹ്നപ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നതിന് വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ ചത്വരത്തില്‍ വിവിധരാജ്യാക്കാരായിരുന്ന ആയിരക്കണക്കിന് വിശ്വാസികള്‍ സന്നിഹിതരായരുന്നു. ത്രികാല ജപം നയിക്കുന്നതിനായി, റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക് അരമനയുടെ മുകളിലത്തെ നിലയിലുള്ള ജാലകത്തിങ്കല്‍ പാപ്പാ പ്രത്യക്ഷനായപ്പോള്‍ ആവേശത്തിരതള്ളലില്‍ പൊരിവെയിലിന്‍റെ താപം മറന്നു നിന്നിരുന്ന ജനങ്ങള്‍ കൈയ്യടിച്ചും ആരവങ്ങളുയര്‍ത്തിയും  പാപ്പായെ വരവേറ്റു.

വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കില്‍ അങ്കണത്തിന്‍റെ വലത്തുഭാഗത്തെ സ്തംഭാവലിക്ക് പിന്നിലായി കാണപ്പെടുന്ന അരമന കെട്ടിടസമുച്ചയത്തിന്‍റെ ഒരുഭാഗത്തിന്‍റെ ഏറ്റവും മുകളിലത്തെ നിലയിലുള്ള പത്തു ജാലകങ്ങളില്‍ വലത്തു നിന്നു രണ്ടാമത്തെതാണ് പാപ്പാ ഞായറാഴ്ചകളില്‍ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിനായി പ്രത്യക്ഷപ്പെടുന്ന ജനല്‍. ആ ജാലകത്തിങ്കല്‍ മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി  എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യക്ഷനായ പാപ്പാ ത്രികാലജപം നയിക്കുന്നതിനുമുമ്പ് വിശ്വാസികളെ സംബോധനചെയ്തു. ഈ ഞായറാഴ്ച(29/04/18) ലത്തീന്‍ റീത്തിന്‍റെ   ആരാധനക്രമമനുസരിച്ച് ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥ ഭാഗങ്ങള്‍, വിശിഷ്യ, യേശു അരുളിച്ചെയുന്ന മന്തിരിച്ചെടുയുടെയും ശാഖകളുടെയും ഉപമ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന യോഹന്നാന്‍റെ സുവിശേഷം 15-Ↄ○ അദ്ധ്യായം 1-8 വരെയുള്ള വാക്യങ്ങള്‍ ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം.

പാപ്പായുടെ ത്രികാലജിപ സന്ദേശം :                  

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം.

ഉത്ഥിതനായ കര്‍ത്താവിന്‍റെ സമൂഹമായിരിക്കുന്നതിനുള്ള വഴിയും വ്യവസ്ഥകളും നമുക്കു കാണിച്ചു തരുന്നത്, ഉയിര്‍പ്പുകാലത്തിലെ അഞ്ചാമത്തെതായ ഈ ഞായറാഴ്ചയും, ദൈവവചനം തുടരുന്നു. കഴിഞ്ഞ ഞായറാഴ്ച വിശ്വാസിയും നല്ല ഇടയനായ യേശുവും തമ്മിലുള്ള ബന്ധം എടുത്തുകാട്ടപ്പെട്ടു. ഇന്നത്തെ സുവിശേഷം നമ്മുടെ മുന്നില്‍ വയ്ക്കുന്നത് യേശു സാക്ഷാല്‍ മുന്തിരിച്ചെടിയായി സ്വയം അവതരിപ്പിക്കുന്നതും സമൃദ്ധമായി ഫലം പുറപ്പെടുവിക്കേണ്ടതിന് അവിടത്തോടു ഐക്യത്തിലായിരിക്കാന്‍ അവിടന്നു നമ്മെ ക്ഷണിക്കുകയും ചെയ്യുന്ന വേളയാണ്. നിരവധിയായ ശാഖകളുള്ള ഒറ്റത്തണ്ടോടുകൂ‌ടിയതാണല്ലൊ മുന്തിരിച്ചെടി. ഈ ശാഖകള്‍ തണ്ടോടു ചേര്‍ന്നു നില്‍ക്കുന്നുവെങ്കില്‍ മാത്രമെ അത് ഫലസമൃദ്ധമാകുകയുള്ളു. ഈ ബന്ധമാണ് ക്രിസ്തീയ ജീവിതത്തിന്‍റെ രഹസ്യം. അത് സുവിശേഷകന്‍ യോഹന്നാന്‍ ആവിഷ്ക്കരിക്കുന്നത് ഇന്നത്തെ സുവിശേഷത്തില്‍ 7 പ്രാവശ്യം ആവര്‍ത്തിക്കപ്പെട്ടിരിക്കുന്ന “നിലനില്ക്കുക” എന്ന ക്രിയാപദത്തിലൂടെയാണ്. കര്‍ത്താവ് പറയുന്നു “എന്നില്‍ വസിക്കുവിന്‍”. കര്‍ത്താവി‍ല്‍ വസിക്കുക.

മറ്റുള്ളവരുടെ ആവശ്യങ്ങളുടേതായ തുറന്നുകിടക്കുന്ന സമുദ്രത്തിലേക്കിറങ്ങാനും ലോകത്തില്‍ നമ്മുടെ ക്രിസ്തീയ സാക്ഷ്യത്തിന് കൂടുതല്‍ ജീവന്‍ നല്കാനും സാധിക്കുന്നതിന്, നമ്മില്‍ നിന്ന്, നമ്മുടെ സുഖസൗകര്യങ്ങളില്‍ നിന്ന്, നമ്മുടെ ഇടുങ്ങിയതും സുരക്ഷിതവുമായ ഇടങ്ങളില്‍ നിന്ന് പുറത്തുകടക്കാനുള്ള ധൈര്യം ഉണ്ടാകുന്നതിനു വേണ്ടി കര്‍ത്താവില്‍ നിലനില്ക്കേണ്ടത് ആവശ്യമാണ്. അവനവനില്‍ നിന്നു പുറത്തുകടന്ന് മറ്റുളളവരുടെ ആവശ്യങ്ങളിലേക്ക് പ്രവേശിക്കാന്‍ കഴിയുന്നത് ഉത്ഥിതനായ കര്‍ത്താവിലുള്ള വിശ്വാസത്താലും നമ്മുടെ ചരിത്രത്തെ നയിക്കുന്ന അവിടത്തെ ആത്മാവിലുള്ള ഉറപ്പിനാലും ആണ്. സഹോദരനുവേണ്ടിയുള്ള ഉപവിപ്രവര്‍ത്തനമാണ്, വാസ്തവത്തില്‍, ക്രിസ്തുവുമായുള്ള കൂട്ടായ്മയുടെ ഏറ്റം പാകമായ ഫലങ്ങളില്‍ ഒന്ന്. അവസാനംവരെ യേശു നമ്മെ സ്നേഹിച്ചതുപോലെ  സ്വയം പരിത്യജിച്ചുകൊണ്ട് സഹോദരങ്ങളെ സ്നേഹിച്ചുകൊണ്ടാണ് ഇപ്രകാരം ചെയ്യുക. വിശ്വാസിയുടെ ഉപവിയുടെ ബലതന്ത്രം തന്ത്രവൈദഗ്ദ്ധ്യത്തിന്‍റെ ഫലമല്ല. ബാഹ്യ സമ്മര്‍ദ്ദങ്ങളിലും സാമൂഹ്യമൊ സൈദ്ധാന്തികമോ ആയ സംഭവങ്ങളിലും നിന്നല്ല, പ്രത്യുത, യേശുവുമായുള്ള സമാഗമത്തിലും അവിടുന്നില്‍ വസിക്കലിലും നിന്ന് ജന്മംകൊള്ളുന്നതാണ് ഈ ഉപവിയുടെ ബലതന്ത്രം. ഏറ്റം എളിയവര്‍ക്ക് പ്രഥമ സ്ഥാനം കല്പിക്കുന്നതായ വ്യത്യസ്തമായൊരു ജീവിത ശൈലി, ജീവിതം ചിലവിടുന്ന രീതി, സമൂഹത്തില്‍ കൊണ്ടുവരുന്നതിന്   നാം ജീവരസം, അതായത്. ജീവന്‍ സ്വീകരിക്കുന്ന മുന്തിരിച്ചെടിയാണ്, നമ്മെ സംബന്ധിച്ചിടത്തോളം, അവിടന്ന്.

മുന്തിരിച്ചെടിയും ശാഖകളും തമ്മിലുള്ള ബന്ധം പോലെ, നാം കര്‍ത്താവുമായി ഉറ്റബന്ധത്തിലായിരിക്കുമ്പോള്‍, അവിടത്തെ ഉത്ഥാനത്തിന്‍റെ ഫലങ്ങളായ പുതുജീവന്‍റെ, കാരുണ്യത്തിന്‍റെ, നീതിയുടെ, സമാധാനത്തിന്‍റെ ഫലങ്ങള്‍ പുറപ്പെടുവിക്കാന്‍ നാം പ്രാപ്തരാകും. ക്രിസ്തീയ ജീവിതവും ഉപവിയുടെ സാക്ഷ്യവും പൂര്‍ണ്ണതയില്‍ ജീവിച്ച വിശുദ്ധര്‍ ചെയ്തത് അതാണ്. കാരണം, അവര്‍ കര്‍ത്താവിന്‍റെ മുന്തിരിച്ചെടിയുടെ  യഥാര്‍ത്ഥ ശാഖകളായിരുന്നു. വിശുദ്ധരായിത്തീരുന്നതിന് മെതാന്മാരാകേണ്ടതില്ല, വൈദികരാകേണ്ടതില്ല, സന്ന്യസിസന്ന്യാസിനികള്‍ ആകേണ്ടതില്ല. സ്നേഹത്തോടെ ജീവിക്കുകയും അനുദിന ജീവിത വ്യവഹാരങ്ങളില്‍, എവിടെ ആയിരിക്കുന്നുവോ, അവിടെ സ്വന്തം സാക്ഷ്യം ഏകുകയും ചെയ്തുകൊണ്ട് വിശുദ്ധരായിത്തീരാന്‍ നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു. നമെല്ലാവരും വിശുദ്ധരാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. ഉത്ഥിതനായ കര്‍ത്താവില്‍ നിന്നു നാം സ്വീകരിക്കുന്ന ഈ സമ്പന്നതയോടുകൂടി വിശുദ്ധരായിരിക്കാന്‍‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. എല്ലാ പ്രവര്‍ത്തനങ്ങളും, അതായത്, ജോലിയും വിശ്രമവും കുടുബജീവിതവും സാമൂഹ്യ ജീവിതവും, രാഷ്ട്രീയ,സാംസ്കാരികസമ്പത്തിക കര്‍ത്തവ്യ നിര്‍വ്വഹണവും, ചെറുതോ വലുതോ ആയ എല്ലാ പ്രവര്‍ത്തനങ്ങളും, യേശുവുമായുള്ള ഐക്യത്തില്‍, സ്നേഹത്തിന്‍റെയും സേവനത്തിന്‍റെയും മനോഭാവത്തില്‍ ജീവിക്കുകയാണെങ്കില്‍ മാമ്മോദീസായും സുവിശേഷ വിശുദ്ധിയും പൂര്‍ണ്ണതയില്‍ ജീവിക്കാനുള്ള അവസരമായി ഭവിക്കും.

വിശുദ്ധരുടെ രാജ്ഞിയും തന്‍റെ ദൈവപുത്രനോടുള്ള സമ്പൂര്‍ണ്ണ കൂട്ടായ്മയുടെ മാതൃകയും ആയ മറിയം നമ്മെ സഹായിക്കട്ടെ. ശാഖകള്‍ മുന്തിരിച്ചെടിയോടു ഒട്ടിനില്‍ക്കുന്നതുപോലെ  യേശുവില്‍ ആയിരിക്കാനും അവിടത്തെ സ്നേഹത്തില്‍ നിന്ന് ഒരിക്കലും വിട്ടുപോകാതിരിക്കാനും അവള്‍ നമ്മെ പഠിപ്പിക്കട്ടെ. അവിടത്തെക്കൂടാതെ നമുക്ക് ഒന്നും സാധ്യമല്ല, എന്തെന്നാല്‍, സഭയിലും ലോകത്തിലും സന്നിഹിതനായ ജീവിക്കുന്ന ക്രിസ്തുവാണ് നമ്മുടെ ജീവന്‍.    

ഈ വാക്കുകളില്‍ തന്‍റെ വിചിന്തനം ഉപസംഹരിച്ച ഫ്രാന്‍സീസ് പാപ്പാ തുടര്‍ന്ന്, ഉയിര്‍പ്പുകാലത്തില്‍ ചൊല്ലുന്ന “സ്വര്‍ല്ലോകരാജ്ഞി ആനന്ദിച്ചാലും” എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീര്‍വ്വാദം നല്കുകയും ചെയ്തു.

ആശീര്‍വ്വാദാനന്തരം ഫ്രാന്‍സീസ് പാപ്പാ പോളണ്ടിലെ ക്രക്കോവില്‍ ശനിയാഴ്ച (28/04/18) അല്മായ വിശ്വാസി അന്ന കൃഷനോവ്സ്ക്ക വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ടത് അനുസ്മരിച്ചു.

യേശുവിന്‍റെ വദനം രോഗികളില്‍ ദര്‍ശിച്ച നവവാഴ്ത്തപ്പെട്ടവള്‍ അവരെ ശുശ്രൂഷിക്കുന്നതിനായി ജീവന്‍ ഉഴിഞ്ഞുവച്ചുവെന്ന് പാപ്പാ പറഞ്ഞു. രോഗികളുടെ അപ്പസ്തോലയായ അവളുടെ സാക്ഷ്യത്തിനു ദൈവത്തിനു കൃതജ്ഞതയര്‍പ്പിക്കാനും അവളുടെ മാതൃക പിന്‍ചെല്ലുന്നതിന് ശ്രമിക്കാനും പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

തുടര്‍ന്ന് പാപ്പാ ഉത്തര-ദക്ഷിണകൊറിയകളുടെ തലവന്മാരുടെ വെള്ളിയാഴ്ച (27/04/18) നടന്ന ഉച്ചകോടിയുടെ സല്‍ഫലങ്ങള്‍ക്കും കൊറിയ ഉപദ്വീപിനെ അണുവായുധവിമുക്തമാക്കുന്നതിനുവേണ്ടി ആത്മാര്‍ത്ഥമായ സംഭാഷണപ്രക്രിയയുടെ സാക്ഷാത്ക്കാരത്തിനായി ഇരുവിഭാഗത്തിന്‍റെയും തലവന്മാന്മാര്‍ ഏറ്റെടുത്ത ധീര സംരംഭത്തിനും വേണ്ടി താന്‍ പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന് അറിയിച്ചു. സമാധാനപൂര്‍ണ്ണമായ ഭാവിയെയും ഉപരിയായ സാഹോദര്യസൗഹൃദത്തെയും സംബന്ധിച്ച പ്രത്യാശകള്‍ വ്യാമോഹങ്ങളായിപ്പോകാതരിക്കുന്നതിനും കൊറിയക്കാരായ പ്രിയപ്പെട്ട ജനങ്ങള്‍ക്കും  ലോകം മുഴുവനും വേണ്ടി നന്മയുടെ ഫലങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ട് സഹകരണയത്നങ്ങള്‍ മുന്നേറുന്നതിനും വേണ്ടി പാപ്പാ പ്രാര്‍ത്ഥിച്ചു.

നൈജീരിയയില്‍ കഴിഞ്ഞയാഴ്ച്ചയും രണ്ടുവൈദികരുള്‍പ്പടെ ഒരു കൂട്ടം ക്രൈസ്തവ വിശ്വാസികള്‍ വധിക്കപ്പെട്ടത് അനുസ്മരിച്ച പാപ്പാ ഈ കൊലപാതകങ്ങള്‍ പ്രാദേശിക ക്രൈസ്തവ സമൂഹത്തിന് ഒരിക്കല്‍ കൂടി ആഘാതമേല്പിച്ചിരിക്കയാണെന്നു പറഞ്ഞു.

ഏറെ പരീക്ഷണവിധേയമായ ആ സമൂഹത്തെ, ഐക്യവും സമാധാനവും വീണ്ടും ക​ണ്ടെത്താന്‍ കഴിയുന്നതിനുവേണ്ടി ദൈവിക കാരുണ്യത്തിന് പാപ്പാ സമര്‍പ്പിച്ചു.

തുടര്‍ന്ന് പാപ്പാ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളി‍ല്‍ നിന്നെത്തിയിരുന്ന തീര്‍ത്ഥാടകരെ അഭിവാദ്യം ചെയ്തു.

മെയ് ഒന്നിന് പരിശുദ്ധ കന്യകാമറിയത്തിന് പ്രത്യേകം സമര്‍പ്പിതമായ മാസം ആരംഭിക്കുന്നത് അനുസ്മരിച്ച പാപ്പാ അന്ന് ഉച്ചകഴിഞ്ഞ് റോമിലെ “ദൈവിക സ്നേഹത്തിന്‍റെ നാഥയുടെ” “ദിവീനൊ അമോരെ” തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് താന്‍ തീര്‍ത്ഥാടനം നടത്തുമെന്ന് വെളിപ്പെടുത്തി.

തദ്ദവസരത്തില്‍ കൊന്തനമസ്ക്കാരം ചൊല്ലി സിറിയയ്ക്കും ലോകം മുഴുവനും വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുമെന്ന് പാപ്പാ പറഞ്ഞു. സമാധാനത്തിനുവേണ്ടിയുള്ള ജപമാല പ്രാര്‍ത്ഥന മെയ്മാസം മുഴുവന്‍ തുടരാന്‍ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

തദ്ദനന്തരം പാപ്പാ എല്ലാവര്‍ക്കും ശുഭ ഞായര്‍ ആശംസിച്ചു. തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുതെന്ന പതിവഭ്യര്‍ത്ഥന നവീകരിച്ച പാപ്പാ എല്ലാവര്‍ക്കും നല്ല ഉച്ചവിരുന്നു നേരുകയും ഇറ്റാലിയന്‍ ഭാഷയില്‍ അരിവെദേര്‍ചി (arrivederci) അതായത് വീണ്ടും കാണമെന്ന് പറയുകയും ചെയ്തുകൊണ്ട് സുസ്മേരവദനനായി കൈകള്‍ വീശി ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങി.








All the contents on this site are copyrighted ©.