2018-04-28 12:07:00

ക്രൈസ്തവര്‍ പരസ്പരാദരവില്‍ വര്‍ത്തിക്കണം-പാപ്പാ


പരസ്പരം ആദരിക്കുകയും വിലമതിക്കുകയും പൊറുക്കുകയും ചെയ്യുന്ന മനോഭാവത്തെ ഊട്ടിവളര്‍ത്തുന്നതും ഏതൊരവസ്ഥയിലും മാനവാന്തസ്സിന് യഥാര്‍ത്ഥ  സംരക്ഷണം ഉറപ്പുവരുത്തുന്നതുമായ ഐക്യദാര്‍ഢ്യം നരകുലത്തിന് ഏറെ ആവശ്യമാണെന്ന് മാര്‍പ്പാപ്പാ.

ലത്തീനമേരിക്കന്‍ നാടായ കൊളൊംബിയായുടെ തലസ്ഥാനമായ ബൊഗൊട്ടായില്‍ ഈ മാസം 24 മുതല്‍ 27 വരെ (24-27/04/18) സംഘടിപ്പിക്കപ്പെട്ട ആഗോള ക്രൈസ്തവ ചര്‍ച്ചായോഗത്തിന് വെള്ളിയാഴ്ച (27/04/18) നല്കിയ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇതു ചുണ്ടിക്കാട്ടിയിരിക്കുന്നത്.

ലോകം വിശ്വസിക്കേണ്ടതിന് എല്ലാവരും ഒന്നായിത്തീരുന്നതിനു വേണ്ടിയുള്ള യേശുവിന്‍റെ  പ്രാര്‍ത്ഥനയുടെ സാക്ഷാത്ക്കാരത്തിലേക്ക് കൈകോര്‍ത്തു നീങ്ങുന്ന സഹോദരീസഹോദരന്മാരെന്ന നിലയില്‍ നിരവധിയായ ക്രൈസ്തവ സമൂഹങ്ങളുടെ പ്രതിനിധികള്‍ സമ്മേളിച്ചിരിക്കുന്നതിനാല്‍ ഈ ചര്‍ച്ചാവേദി അനുഗ്രഹപൂരിതമായ ഒരു അവസരമാണെന്ന് സമാപനദിനമായ വെള്ളിയാഴ്ച വായിക്കപ്പെട്ട തന്‍റെ സന്ദേശത്തില്‍ പാപ്പാ പറഞ്ഞു.‌

വ്യക്തിപരവും സഭാപരവുമായ വിശ്വാസാനുഭവങ്ങള്‍ പങ്കുവയ്ക്കാനുള്ള സവിശേഷ സമയമായി ഈ സമ്മേളനം ഭവിക്കുന്നതിനും തുറവിന്‍റെയും പരസ്പരാദരവിന്‍റെയും ഇടം അത് ഒരുക്കുന്നതിനും വേണ്ടി താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്ന് പാപ്പാ തന്‍റെ   സന്ദേശത്തില്‍ അറിയിച്ചു.

പുതുമ പ്രദാനം ചെയ്യുന്നതും നവീകൃതവുമായ രീതിയില്‍ ഐക്യദാര്‍ഢ്യവും ക്രിസ്തീയ സഹകരണവും പരിപോഷിപ്പിച്ചുകൊണ്ട് ഇന്നിന്‍റെ വെല്ലുവിളികളെ നേരിട്ടുകൊണ്ട് മുന്നേറാനുള്ള ഒരു അവസരമാകട്ടെ ഈ ചര്‍ച്ചാവേദി എന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.








All the contents on this site are copyrighted ©.