2018-04-27 13:12:00

“ഹൃദയം കൊണ്ടും കരങ്ങള്‍ കൊണ്ടും സ്നേഹിക്കുക” - പാപ്പാ


നിരന്തര മാറ്റങ്ങള്‍ക്കിരയായ ആഗോളവത്കൃത ലോകത്തിന് ഓജസ്സേകാന്‍ സ്നേഹ നാഗരികതയ്ക്കു മാത്രമെ സാധിക്കുകയുള്ളുവെന്ന് മാര്‍പ്പാപ്പാ.

മോണ്ട്ഫോര്‍ട്ടിലെ വിശുദ്ധ ലൂയീ മരീ സ്ഥാപിച്ച വിശുദ്ധ ഗബ്രിയേലിന്‍റെ സഹോദരര്‍, ബ്രദേഴ്സ് ഓഫ് സെന്‍റ് ഗബ്രിയേല്‍ എന്ന സമൂഹത്തിന്‍റെ മുപ്പത്തിരണ്ടാം പൊതു സംഘത്തില്‍, അതായത്, ജനറല്‍ ചാപ്റ്ററില്‍ സംബന്ധിക്കുന്നവരും മോണ്ട്ഫോര്‍ട്ട്  കുടുംബത്തിലെ ഇതര പ്രേഷിതരും വിജ്ഞാനത്തിന്‍റെ പുത്രികള്‍ എന്നറിയപ്പെടുന്ന സന്ന്യാസിനീ സമൂഹത്തിലെയും, വാര്‍ഷികം ആചരിക്കുന്ന, കോട്ടയത്തെ, വിശുദ്ധ യൗസേപ്പിതാവിന്‍റെ നാമത്തിലുള്ള സന്ന്യാസിനി സമൂഹത്തിലെയും അംഗങ്ങളുമുള്‍പ്പടെ തൊണ്ണൂറോളം പേരടങ്ങിയ സംഘത്തിന് വെള്ളിയാഴ്ച (27/04/18) വത്തിക്കാനില്‍ ദര്‍ശനം അനുവദിച്ച അവസരത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.

“ഹൃദയം കൊണ്ടും കരങ്ങള്‍ കൊണ്ടും സ്നേഹിക്കുക” എന്നീ വാക്കുകള്‍ മോണ്ട്ഫോര്‍ട്ട് കുടുംബം ജീവിക്കാനും പകര്‍ന്നു നല്കാനും ആഗ്രഹിക്കുന്നവയുടെ സംഗ്രഹമാണെന്ന് പാപ്പാ പറഞ്ഞു.

ഉത്ക്കണ്ഠകള്‍ക്ക് കാരണമാകുന്ന ഇന്നത്തെ ആദ്ധ്യാത്മിക പ്രതിസന്ധിയുടെയും ജീവിതത്തിന്‍റെ അര്‍ത്ഥം നഷ്ടപ്പെട്ടതുമൂലം സംജാതമാകുന്ന വ്യഥകളുടെയുമായ ഒരവസ്ഥയില്‍ ഏവര്‍ക്കും സ്വാഗതമോതുന്ന ഒരു സമൂഹത്തിന് രൂപമേകാനും ക്രിസ്തുവിനെ പിന്‍ചെല്ലുകയും അവിടത്തെ വിളി ശ്രവിക്കുകയും ചെയ്യുന്നതിലുള്ള ആനന്ദം, വിശിഷ്യ, യുവജനത്തിന് കാണിച്ചുകൊടുക്കാനും പാപ്പാ മോണ്ടഫോര്‍ട്ട്  സമൂഹാംഗങ്ങള്‍ക്ക് പ്രചോദനമേകി.

വിനയാന്വിതരായി വിധേയത്വത്തോടെ ദൈവവചനം ശ്രവിക്കുക, വിശ്വസ്തതയില്‍ സ്ഥൈര്യമുള്ളവരായി യേശുക്രിസ്തുവില്‍, അവിടന്നുവഴി പ്രവര്‍ത്തിക്കുക, എല്ലാവരെയും നിത്യജീവിതത്തിലേക്കു നയിക്കുന്നതിനും എല്ലാവരെയും വിജ്ഞാനത്തിന്‍റെ  സ്നേഹത്താല്‍ പ്രചോദിപ്പിക്കുന്നതിനും ആവശ്യമായ വെളിച്ചവും അഭിഷേകവും സ്വീകരിക്കുക എന്നീ വിശുദ്ധ ലൂയി മരീ മോണ്ട്ഫോര്‍ട്ടിന്‍റെ  ഉപദേശങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനും പാപ്പാ പ്രോത്സാഹനം പകര്‍ന്നു.

മോണ്ട്ഫോര്‍ട്ടു പ്രേഷിതരുടെ ദൗത്യത്തിന്‍റെ കേന്ദ്രസ്ഥാനത്ത് എന്നും പാവപ്പെട്ടവരോടും പ്രാന്തവല്‍കൃതരോടും കരുതല്‍ ഉണ്ടെന്നത് അനുസ്മരിച്ച പാപ്പാ അവര്‍ക്ക്  സമൂഹത്തിലുള്ള സ്ഥാനം വീണ്ടെടുക്കാനും സ്വന്തം ഭാവി കെട്ടിപ്പടുക്കുന്നതില്‍ നായകരായി മാറാനും അവരെ സഹായിക്കുന്നതു തുടരണമെന്ന് ഓര്‍മ്മിപ്പിച്ചു.    

 

 

 








All the contents on this site are copyrighted ©.