2018-04-27 13:38:00

ഹന്ന ഹെലന്‍ കൃഷനോസ്ക്ക വാഴ്ത്തപ്പെട്ട പദത്തിലേക്ക്


പോളണ്ടില്‍ അല്മായ വനിത ഹന്ന ഹെലന്‍ കൃഷനോസ്ക്ക വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെടും.

ക്രക്കോവ് അതിരൂപതയില്‍, ദൈവികകരുണയുടെ തീര്‍ത്ഥാടനകേന്ദ്രത്തില്‍, ശനിയാഴ്ച (28/04/18) വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലൊ അമാത്തൊയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആയിരിക്കും വാഴ്ത്തപ്പെട്ടപദപ്രഖ്യാപന തിരുക്കര്‍മ്മം.

1902 ഒക്ടോബര്‍ 7 ന് പോളണ്ടിലെ വര്‍സ്വ പട്ടണത്തിലായിരുന്നു ധന്യ ഹന്ന ഹെലേനയുടെ ജനനം. അവളുടെ കുടുബത്തില്‍ ഒരു വിഭാഗം പ്രൊട്ടസ്റ്റന്‍റ്  സഭാനുയായികളും ശേഷിച്ചവര്‍ കത്തോലിക്കരുമായിരുന്നു.

കത്തോലിക്കാവിശ്വാസത്തില്‍ വളര്‍ന്ന ഹന്ന കൃഷനോസ്ക്ക ആതുരശുശ്രൂഷാപഠനത്തില്‍ മുഴുകുകയും നഴ്സായിത്തീരുകയും ചെയ്തു.

റഷ്യന്‍ വിപ്ലവകാലത്ത് മുറിവേറ്റ സൈനികരെ പരിചരിച്ച അവള്‍ 1937 ല്‍ പോളണ്ടില്‍ കത്തോലിക്കാ നഴ്സുമാരുടെ സംഘടനയക്ക് രൂപം നല്കി.

രണ്ടാം ലോകമഹായുദ്ധകാലത്ത് വീടുകള്‍ കയറിയിറങ്ങി ആതുരസേവനം നടത്തിയ ധന്യ ഹന്ന ഹെലന്‍ അഭയാര്‍ത്ഥികള്‍ക്ക് ഭിന്ന രീതികളില്‍ സഹായഹസ്തം നീട്ടുന്നതിനും സമയം കണ്ടെത്തി.

1957 മുതല്‍ 1973 വരെയുള്ള കാലയളവില്‍ കരോള്‍ വൊയത്തീവ എന്ന പൂര്‍വാശ്രമ നാമമുള്ള വിശുദ്ധ രണ്ടാം ജോണ്‍ പോള്‍ മാര്‍പ്പാപ്പായുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്ന അര്‍ബുദബാധിതയായ ഹന്ന കൃഷനോസ്ക്ക 1973 ഏപ്രില്‍ 29 ന് ക്രക്കോവില്‍ വച്ച് മരണമടഞ്ഞു.

ധന്യയായ കൃഷനോസ്ക്കയെ വാഴ്‍ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനാവശ്യമായ, അവളുടെ മദ്ധ്യസ്ഥതയാല്‍ നടന്ന അത്ഭുതം 2017 ജൂലൈ 7 നാണ് ഫ്രാന്‍സീസ് പാപ്പാ അംഗീകരിച്ചത്.

 








All the contents on this site are copyrighted ©.