2018-04-27 13:43:00

സ്ഥായിയായ സമാധാനത്തിന് ആത്മാര്‍ത്ഥ പരിശ്രമം അനിവാര്യം


സുസ്ഥിര സമാധാനം എന്ന ആശയമായിരിക്കണം സംഘര്‍ഷങ്ങള്‍ക്കു തടയിടുകയും സമാധാനം പരിപോഷിപ്പിക്കുകയും ചെയ്യുന്നതിന് ഐക്യരാഷ്ട്ര സഭ നടത്തുന്ന പരിശ്രമങ്ങളുടെ ഹൃദയസ്ഥാനത്ത് ഉണ്ടായിരിക്കേണ്ടെതെന്ന് ആര്‍ച്ച്ബിഷപ്പ് ബെര്‍ണ്ണര്‍ദീത്തൊ ഔത്സ.

അമേരിക്കന്‍ ഐക്യനാടുകളിലെ ന്യുയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയുടെ കേന്ദ്ര ആസ്ഥാനത്ത് സമാധാനസംസ്ഥാപനത്തെയും സ്ഥായിയായ സമധാനത്തെയും അധികരിച്ചു ഇക്കഴിഞ്ഞ 24,25 തീയതികളില്‍ നടന്ന ഉന്നതതല സമ്മേളനത്തെ സംബോധനചെയ്യുകയായിരുന്നു ഐക്യരാഷ്ട്ര സംഘടനയില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ അദ്ദേഹം.

സംഘര്‍ഷനിവാരണത്തിന്‍റെയും സമാധാനത്തിന്‍റെയും എല്ലാ മാനങ്ങളെയും, അതായത്, സംഘര്‍ഷങ്ങള്‍ തടയല്‍, കാര്യക്ഷമമായ സമാധാന സംസ്ഥാപനം, സംഘര്‍ഷങ്ങളുടെ മൂലകാരണങ്ങള്‍ ഇല്ലായ്മ ചെയ്യല്‍, സംഘര്‍ഷങ്ങളുടെ ആവര്‍ത്തനം തടയല്‍ എന്നിവയെ ആശ്ലേഷിക്കുന്നതാണ് സുസ്ഥിര സമാധാനം എന്ന് ആര്‍ച്ചുബിഷപ്പ് ഔത്സ ഉദ്ബോധിപ്പിച്ചു.

സ്ഥായിയായ സമാധാനം സംജാതമാക്കുന്നതിന് ആത്മാര്‍ത്ഥതയോടെ പരിശ്രമിക്കേണ്ടതിന്‍റെയും അനധികൃതമായ ആയുധക്കടത്തും ആയുധ സമാഹരണവും ഫലപ്രദമായി തടയേണ്ടതിന്‍റെയും അനിവാര്യത അദ്ദേഹം ചൂണ്ടിക്കാട്ടി.  
All the contents on this site are copyrighted ©.