2018-04-26 12:48:00

ഒമ്പതംഗ കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ ഇരുപത്തിനാലാം യോഗം


റോമന്‍ കൂരിയ നവീകരണത്തില്‍ ഫ്രാന്‍സീസ് പാപ്പായെ സഹായിക്കുന്നതിന് രൂപീകൃതമായ, സി ണയന്‍ (C9) എന്ന ചുരുക്ക സംജ്ഞയില്‍ അറിയപ്പെടുന്ന ഒമ്പതംഗ കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ ഇരുപത്തിനാലാം യോഗം വത്തിക്കാനില്‍ ബുധനാഴ്ച (25/04/18) സമാപിച്ചു.

ഈ ത്രിദിന സമ്മേളനത്തെ (23-25/04/12) സംബന്ധിച്ച വിവരങ്ങള്‍ പരിശുദ്ധ സിംഹാസനത്തിന്‍റെ  വാര്‍ത്താവിതരണകാര്യാലയത്തിന്‍റെ, പ്രസ്സ് ഓഫീസിന്‍റെ മേധാവി ഗ്രെഗ് ബര്‍ക്ക്  അന്നുച്ചയ്ക്ക് മാദ്ധ്യമപ്രവര്‍ത്തകര്‍ക്കായി സംഗ്രഹിച്ചു.

റോമന്‍ കൂരിയായെ സംബന്ധിച്ച പുതിയ അപ്പസ്തോലിക രേഖയുടെ നക്കലിന്‍റെ പുനപരിശോധനയായിരുന്നു ഈ യോഗത്തില്‍ പ്രധാനമായും നടന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഈ നക്കലിന്‍റെ അന്ത്യരൂപം തയ്യാറാക്കുന്നതിന് കുറച്ചു സമയം കൂടി വേണ്ടിവരുമെന്നും പൂര്‍ത്തിയായിക്കഴി‍ഞ്ഞാല്‍ അത് ഫ്രാന്‍സീസ് പാപ്പായുടെ പരിശോധനയ്ക്കും അംഗീകാരത്തിനുമായി സമര്‍പ്പിക്കപ്പെടുമെന്നും ഗ്രെഗ് ബര്‍ക്ക്  വെളിപ്പെടുത്തി.

റോമന്‍ കൂരിയ മാര്‍പ്പാപ്പായുടെയും വൈയക്തിക സഭകളുടെയും സേവനത്തിന്; റോമന്‍ കൂരിയായുടെ പ്രവര്‍ത്തനങ്ങളുടെ അജപാലന സ്വഭാവം; വത്തിക്കാന്‍ സംസ്ഥാന കാര്യാലയത്തിന്‍റെ മൂന്നാം വിഭാഗത്തിന്‍റെ രൂപീകരണവും പ്രവര്‍ത്തനവും; റോമന്‍ കൂരിയ മുഴുവന്‍റെയും പ്രവര്‍ത്തനത്തിന്‍റെ സവിശേഷതയായ സുവിശേഷ പ്രഘോഷണവും പ്രേഷിതാരൂപിയും തുടങ്ങിയവയാണ് ഈ അപ്പസ്തോലിക രേഖയുടെ ഉള്ളടക്കത്തില്‍ പ്രധാനങ്ങളെന്നും അദ്ദേഹം സൂചിപ്പിച്ചു.

വത്തിക്കാന്‍റെ മാദ്ധ്യമവിഭാഗങ്ങളെ ഒരു കുടക്കീഴിലാക്കി ആ മേഖലയില്‍ നടത്തിപ്പോരുന്ന നവീകരണപ്രവര്‍ത്തനങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചുള്ള വിവരങ്ങള്‍ വത്തിക്കാന്‍റെ മാദ്ധ്യമ കാര്യാലയത്തിന്‍റെ കാര്യദര്‍ശി മോണ്‍സിഞ്ഞോര്‍ ലൂച്യൊ റൂയിസ് ഒമ്പതംഗ കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ യോഗത്തില്‍ അവതരിപ്പിച്ചു.  

 ഒമ്പതംഗ കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ അടുത്ത സമ്മേളനം ജൂണ്‍ 11 മുതല്‍ 13 വരെ ആയിരിക്കും.

 








All the contents on this site are copyrighted ©.