2018-04-26 14:11:00

DOCAT ​LXIV​: “സമ്പത്ത് എല്ലാവര്‍ക്കുംവേണ്ടി''


ക്ഷേമവും നീതിയും എല്ലാവര്‍ക്കും എന്നു ശീര്‍ഷകത്തിലുള്ള ഡുക്യാറ്റിന്‍റെ ഏഴാമധ്യായത്തില്‍ സാമ്പത്തികപ്രവര്‍ത്തനത്തെ നിര്‍വചിക്കുകയും വിശദീകരിക്കുകയും സാമ്പത്തികവ്യാപാരങ്ങളുടെ ധാര്‍മികതയെ, വിലയിരുത്തുകയും ചെയ്യുന്ന സഭാപ്രബോധനങ്ങളായിരുന്നു കഴിഞ്ഞ ദിനങ്ങളില്‍ നമ്മുടെ ചര്‍ച്ചയ്ക്കു വിഷയമായിരുന്നത്. ഇന്ന് ഈ അധ്യായത്തിന് ഉചിതമായ അനുബന്ധമായി ചേര്‍ത്തിരിക്കുന്ന സഭയുടെ പ്രശസ്തമായ സാമൂഹികപ്രബോധനങ്ങളില്‍ നിന്നുള്ള ഭാഗങ്ങളാണു നാം  പരിചിന്തനത്തിനെടുക്കുക.  നാം നേരത്തെതന്നെ മനസ്സിലാക്കിയിട്ടുള്ളതുപോലെ, സഭയുടെ ആദ്യത്തെ സാമൂഹികപ്രബോധനമെന്ന വിശേഷണത്തി നര്‍ഹമായിട്ടുള്ള ലെയോ പതിമൂന്നാമന്‍ പാപ്പായുടെ റേരും നൊവാരും എന്ന രേഖയില്‍ നിന്നുളളതാണ് ആദ്യത്തെ രണ്ടു ഭാഗങ്ങള്‍.  1891-ലെ ഈ രേഖ, അക്കാലഘട്ടത്തിലെ സാമ്പത്തികപ്രവര്‍ത്തനത്തിലെ അനീതികളെക്കുറിച്ച് വിമര്‍ശനാത്മകമായി പ്രതികരിച്ചതും ഇന്നുവരെയുള്ള സാമൂഹിക പ്രബോധനങ്ങള്‍ക്ക് അടിസ്ഥാനമായി ഭവിച്ചിട്ടുള്ളതുമായ പ്രബോധനമാണ്.  തുടര്‍ന്നുള്ള മൂന്നു ഖണ്ഡികകള്‍, വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെയും, ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെയും പ്രബോധനങ്ങളില്‍ നിന്നുള്ളവയാണ്.  ഇവ സാമ്പത്തിക വിതരണത്തിലെ നീതിയെക്കുറിച്ചു പഠിപ്പിക്കുന്നു.

വ്യാവസായിക മുന്നേറ്റത്തിന്‍റെ അക്കാലത്ത്, സംരംഭകര്‍, തൊഴിലാളികളുടെ അവകാശങ്ങളെ മനസ്സിലാക്കാതെയും അംഗീകരിക്കാതെയും സമ്പത്തിനെ കാമ്യമായി കരുതിയ വേളയില്‍, സമ്പത്തിനോടുള്ള ദാഹത്തെ കടുത്ത ഭാഷയില്‍, യേശുവചനങ്ങളുപയോഗിച്ച്, ലെയോ പതിമൂന്നാമന്‍ പാപ്പാ അപലപിക്കുന്നതാണ് 18-ാം ഖണ്ഡികയില്‍ നാം കാണുക. സമ്പന്നര്‍ക്കുള്ള ഈ മുന്നറിയിപ്പാണത്.

ലെയോ പതിമൂന്നാമന്‍ പാപ്പാ: ‘‘റേരും നൊവാരും’’ 18: സമ്പന്നര്‍ക്കുള്ള മുന്നറിയിപ്പ്

സമ്പത്ത് സമ്പന്നരെ ദുഃഖത്തില്‍ നിന്ന് വിമുക്തരാക്കുകയില്ലെന്നും നിത്യസൗഭാഗ്യത്തിന് അത് ഉപകരിക്കുകയില്ലെന്നും, നേരെമറിച്ച് അതു തടസ്സമാകുമെന്നും യേശുക്രിസ്തു സമ്പന്നര്‍ക്ക് മുന്നറിയിപ്പു നല്‍കുന്നുണ്ട്.  സാധാരണഗതിയില്‍ യേശുവില്‍നിന്നു പുറപ്പെടാന്‍ ഇടയില്ലാത്ത കടുത്ത ശാസനകള്‍ ധനികരെ കിടിലം കൊളളിക്കേണ്ടതാണ്.  നമ്മുടെ സര്‍വസമ്പത്തിന്‍റെയും കൃത്യമായ കണക്ക് അത്യുന്നത ന്യായാധിപന്‍റെ മുമ്പില്‍ സമര്‍പ്പിക്കേണ്ടതാണെന്നും നാം അറിഞ്ഞിരിക്കണം.

മഹാനായ ലെയോ പതിമൂന്നാമന്‍ പാപ്പാ, സ്വകാര്യസ്വത്തിനുള്ള അവകാശം ഊന്നിപ്പറയുമ്പോഴും, പങ്കുവയ്ക്കാനുള്ള കടമയെ, ക്രൈസ്തവസ്നേഹത്തിന്‍റെ ഒഴിവാക്കാനാവാത്ത കടമയെ, അതിലേറെ ശക്തിയോടെ ഉദ്ബോധിപ്പിക്കുകയാണ് ഇതേ രേഖയുടെ 19-ാമത്തെ ഖണ്ഡികയില്‍.

ലെയോ പതിമൂന്നാമന്‍ പാപ്പാ ‘‘റേരും നൊവാരും’’ 19: സമ്പത്ത് എല്ലാവര്‍ക്കുംവേണ്ടിയുള്ളതാണ്

മനുഷ്യന്‍ തന്‍റെ ഭൗതികസമ്പത്ത് തന്‍റെ സ്വന്തമാണെന്നു കരുതരുത്.  അന്യര്‍ക്ക് ആവശ്യം വരുമ്പോള്‍ വൈമനസ്യംകൂടാതെ അവരുമായി പങ്കുവയ്ക്കത്തക്കവിധം അതു പൊതുസ്വത്താണെന്ന് കരുതിക്കൊള്ളണം. അതിനാലാണ് ധനികരോട് ലോഭംകൂടാതെ കൊടുക്കാനും ഉദാരമായി സ്വത്തു പങ്കുവയ്ക്കാനും കല്‍പ്പിക്കുവിന്‍ എന്ന് അപ്പസ്തോലന്‍ പറയുന്നത്.  ഒരാള്‍ സ്വന്തം ആവശ്യ ങ്ങള്‍ക്കും കുടുംബാവശ്യങ്ങളുമുള്ളത് മറ്റുള്ളവര്‍ക്കു വിഭജിച്ചു കൊടുക്കണമെന്ന് ആരോടും ആജ്ഞാപിച്ചിട്ടില്ലെന്നത് വാസ്തവമാണ്... ഇത് ഒരു കടമയാണ്.  ഈ കടമ നീതിയാല്‍ പ്രേരിതമല്ല (ആവശ്യങ്ങളുടെ മൂര്‍ധന്യാവസ്ഥയിലൊഴികെ), പ്രത്യുത ക്രൈസ്തവ പരസ്നേഹത്താല്‍ പ്രേരിതമാണ്.

തുടര്‍ന്നു നാം ഡുക്യാറ്റില്‍ കാണുക, വി. ജോണ്‍ പോള്‍ പാപ്പായുടെ ചെന്തേസ്സിമൂസ്സ് അന്നൂസ്, എന്ന രേഖയില്‍ നിന്നുള്ള പ്രബോധനമാണ്.  റേരും നൊവാരുമിന്‍റെ നൂറാം വര്‍ഷത്തില്‍ നല്‍കപ്പെട്ട ഈ രേഖയിലെ 48-ാംഖണ്ഡികയിലൂടെ, വിശുദ്ധനായ പാപ്പാ, രാഷ്ട്രങ്ങള്‍ സമൂഹത്തിനു സഹായം നല്‍കുമ്പോള്‍, അത് സമൂഹത്തിന്‍റെ ഉത്തരവാദിത്വം ഇല്ലാതാക്കുന്നതും, മാനുഷികോര്‍ജത്തെ ഫല പ്രദമായി ഉപയോഗപ്പെടുത്തുന്നതിനുപകരം അത് നഷ്ടപ്പെടുത്തുന്നതും ആയിരിക്കരുത് എന്ന് ഓര്‍മിപ്പിക്കുന്നുണ്ട്

ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ: ‘‘ചെന്തേസ്സിമൂസ് അന്നൂസ്’’ 48: ക്ഷേമരാഷ്ട്രത്തിന്‍റെ പരിധികള്‍

സാമൂഹിക സഹായ രാഷ്ട്രങ്ങള്‍ നേരിട്ട് സമൂഹത്തിനു അതിന്‍റെ ഉത്തരവാദിത്വങ്ങള്‍  ഇല്ലാതാക്കിയും മാനുഷിക ഊര്‍ജത്തിന്‍റെ നഷ്ടത്തിലേയ്ക്കും പൊതു ഏജന്‍സികളുടെ ക്രമരഹിതമായ വര്‍ധനവിലേയ്ക്കും നയിക്കുന്നു.  ആ ഏജന്‍സികള്‍ ഉദ്യോഗസ്ഥ മേധാവിത്വപരമായ ചിന്താരീതികളാല്‍ കീഴടങ്ങപ്പെട്ടവയാണ്.  അവരുടെ പതിവുകാരെ സഹായിക്കുക എന്നതിലേറെ അപ്ര കാരമുള്ളതായിരിക്കുന്നു.  ചെലവിടലിന്‍റെ അളവറ്റ വര്‍ധനവുള്ളവയുമാണത്.

അവസാനമായി നാം കാണുക ബെനഡിക്ട് 16-ാമന്‍ പാപ്പായുടെ കാരിത്താസ് ഇന്‍ വെരിത്താത്തെയില്‍ നിന്നുള്ള രണ്ടു ഖണ്ഡികകളാണ്. അവയില്‍, ആദ്യമായി നല്‍കിയിരിക്കുന്ന 25-ാംഖണ്ഡികയില്‍ ആധുനികലോകത്തിന്‍റെ വളര്‍ച്ചയുടെ ഫലമായുണ്ടായ ആഗോളവത്ക്കരണമെന്ന പ്രതിഭാസത്തിന്‍റെ അപകടങ്ങളെ പാപ്പാ നിരീക്ഷിക്കുകയും ക്രൈസ്തവ സഹജമായ ഉള്‍ക്കാഴ്ചയോടെ, അത് മനുഷ്യാവകാശങ്ങളെ, പ്രത്യേകിച്ചും തൊഴിലാളികളുടെ അവകാശങ്ങളെ ഊന്നിപ്പറയുകയുമാണ്.

ബെനഡിക്ട് 16-ാമന്‍ പാപ്പാ: ‘‘കാരിത്താസ് ഇന്‍ വെരിത്താത്തെ’’ (2009, 25): ആഗോളവത്ക്കരണത്തിന്‍റെ അപകടങ്ങള്‍

സമ്പന്നരാഷ്ട്രങ്ങളിലെ ആഗോള വിപണി ചെലവുകുറച്ച് പുറംരാജ്യങ്ങളില്‍ കരാര്‍വഴി ഉത്പാദനം നടത്താന്‍പറ്റിയ പ്രദേശങ്ങള്‍ അന്വേഷിക്കുകയാണ്. പല സാധനങ്ങളുടെയും വിലകുറയ്ക്കുന്നതിനും അവയുടെ ക്രയശക്തി വര്‍ധിപ്പിക്കുന്നതിനും അങ്ങനെ സ്വന്തം രാജ്യത്തുള്ള വിപണിയില്‍ ഉപഭോഗവസ്തുക്കളുടെ ക്രയശക്തി വര്‍ധിപ്പിക്കുന്നതിനും സംലഭ്യത വര്‍ധിപ്പിച്ചുകൊണ്ട് വികസനത്തിന്‍റെ തോത് കൂടുതല്‍ വേഗത്തിലാക്കുന്നതിനുംവേണ്ടിയാണത്. അതിന്‍റെ ഫലമായി രാഷ്ട്രങ്ങള്‍തമ്മിലുള്ള മത്സരത്തിന്‍റെ പുതിയരൂപങ്ങളെ വിപണി പ്രചോദിപ്പിച്ചിട്ടുണ്ട്. വിവിധ ഉപാധികള്‍കൊണ്ട്, ഉത്പാദനകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനു വിദേശവ്യാപാരങ്ങളെ ആകര്‍ഷിക്കാന്‍ അവര്‍ ശ്രമിക്കുമ്പോള്‍ അതു സംഭവിക്കുന്നു.  ആ ഉപാധികളില്‍ അനുകൂലമായി ധനകാര്യ ഭരണക്രമങ്ങളോടൊപ്പം തൊഴില്‍ വിപണിയിലെ നിയമരാഹിത്യം ഉള്‍പ്പെടുന്നു.  ഈ പ്രക്രിയകള്‍ സാമൂഹിക സുരക്ഷിതത്വ സംവിധാനങ്ങളെ ചുരുക്കിക്കൊണ്ടിരിക്കുന്നു.  ആഗോളവിപണിയില്‍ മത്സരപരമായ കൂടുതല്‍ നേട്ടം അന്വേഷിക്കുന്നതിനുള്ള വിലയായിട്ടാണ് അങ്ങനെ ചെയ്യുന്നത്.  ഇതിന്‍റെ ഫലമായി തൊഴിലാളികളുടെ അവകാശങ്ങള്‍ക്കും മൗലിക മാനുഷികാവകാശങ്ങള്‍ക്കും സോഷ്യല്‍ സ്റ്റേറ്റിന്‍റെ പരമ്പരാഗത രൂപങ്ങളോടു ബന്ധപ്പെട്ട ഐക്യദാര്‍ഢ്യത്തിനനും വലിയ അപകടമുണ്ടാകുന്നു. സാമൂഹിക സുരക്ഷിത സംവാധാനങ്ങള്‍ക്ക് തങ്ങളുടെ ദൗത്യം നിര്‍വഹിക്കാന്‍ വേണ്ട ശക്തി നഷ്ടപ്പെടും.  വളര്‍ന്നുവരുന്ന രാജ്യങ്ങളിലും ആദ്യകാലത്ത് വികസിച്ച രാജ്യങ്ങളിലും ദരിദ്രരാഷ്ട്രങ്ങളിലും അതു സംഭവിക്കും.

ഇവിടെ മിക്കപ്പോഴും അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെ സമ്മര്‍ദംമൂലം സാമൂഹിക കാര്യങ്ങളുടെ ചെലവു ചുരുക്കുന്ന ബഡ്ജറ്റു പരമായ പോളിസികളുണ്ടാകുന്നു.  പഴയതും പുതിയതുമായ അപകടസാധ്യതകളുടെ മുമ്പില്‍ പൗരന്മാരെ അശക്തരാക്കാന്‍ അവയ്ക്കു കഴിയുന്നു.  തൊഴിലാളി സംഘടനകളുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ സംരക്ഷണമില്ലാതാകുന്ന തുവഴി ഈ ശക്തിരാഹിത്യം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങള്‍ ഒന്നിക്കുന്നു.  അതുമൂലം തൊഴിലാളികളുടെ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി വാദിക്കുകയെന്ന ദൗത്യം നിറവേറ്റാന്‍ ട്രേഡ് യൂണിയുകള്‍ക്ക് കൂടുതല്‍ പ്രയാസമുണ്ടാകുന്നു. അതിന്‍റെ കാരണം, ഭാഗികമായി ഗവണ്‍മെന്‍റുകളാണ്.  ഗവണ്‍മെന്‍റുകള്‍ സാമ്പത്തിക ലാഭത്തിനുവേണ്ടി പലപ്പോഴും തൊഴിലാളി യൂണിയനുകളുടെ സ്വാതന്ത്ര്യത്തെ അല്ലെങ്കില്‍ കൂടിയാലോചനയ്ക്കുള്ള അവയുടെ കഴിവിനെ പരിമിതപ്പെടുത്തുന്നു.  അങ്ങനെ ഐക്യദാര്‍ഢ്യത്തിന്‍റെ പരമ്പരാഗത ശൃംഖലകള്‍ക്ക് കൂടുതല്‍ കൂടുതല്‍ തടസ്സങ്ങളെ കീഴടക്കേണ്ടതായി വരുന്നു.

ഇതേ രേഖയിലെ 36-ാം ഖണ്ഡികയില്‍, രാഷ്ട്രം പാലിക്കേണ്ട സഹായതത്വത്തെക്കു റിച്ചും, ദാനത്തിന്‍റെ യുക്തിയെക്കുറിച്ചും ബെനഡിക്ട് പാപ്പാ പറയുന്നു.  ഇവിടെയെല്ലാം സുതാര്യതയും സത്യസന്ധതയും പാലിക്കുന്നത് എത്ര സുപ്രധാനമാണെന്ന് പാപ്പാ പ്രത്യേകം ഓര്‍മിപ്പി ക്കുന്നുമുണ്ട്.

ബെനഡിക്ട് 16-ാമന്‍ പാപ്പാ: ‘‘കാരിത്താസ് ഇന്‍ വെരിത്താത്തെ’’ (2009, 36): സഹായകതത്വവും ദാനത്തിന്‍റെ യുക്തിയും

ഈ ആഗോളീകൃതയുഗത്തില്‍ വികസനത്തിന്‍റെ പ്രശ്നങ്ങളാല്‍ കൂടുതല്‍ തീവ്രമാക്കപ്പെട്ട വലി യൊരു വെല്ലുവിളി നമ്മുടെ മുമ്പിലുണ്ട്.  അതു സാമ്പത്തികവും ധനകാര്യപരവുമായ ദുര്‍ഘടസന്ധിയാല്‍ കൂടുതല്‍ അടിയന്തിര സ്വഭാവം ഉള്ളതാക്കപ്പെട്ടിരിക്കുന്നു.  നമ്മുടെ ചിന്തയിലും പെരുമാറ്റത്തിലും ഒരു കാര്യം തെളിയിക്കാനുള്ള വലിയ വെല്ലുവിളിയാണത്.  ഇതാണു നാം തെളിയിക്കേണ്ടത്: സുതാര്യത, സത്യസന്ധത, ഉത്തരവാദിത്വബോധം. ഈ സാമൂഹിക ധര്‍മശാസ്ത്ര ത്തിലെ പരമ്പരാഗത തത്വങ്ങളെ അവഗണിക്കാനോ ബലക്ഷയപ്പെടുത്താനോ പാടില്ല.  മാത്രമല്ല, വ്യാപാരബന്ധങ്ങളില്‍ സാഹോദര്യത്തിന്‍റെ പ്രകടനമെന്ന നിലയിലുള്ള സൗജന്യദാനത്തിന്‍റെ തത്വ ത്തിനും ദാനത്തിന്‍റെ യുക്തിക്കും സാധാരണ സാമ്പത്തിക പ്രവര്‍ത്തനത്തില്‍ സ്ഥാനം കണ്ടെത്താന്‍ കഴിയും. അങ്ങനെ കഴിയുകയും വേണം. ഇക്കാലത്ത്, ഇതൊരു മാനുഷികാവശ്യമാണ്. എന്നാല്‍ ഇതു സാമ്പത്തിക യുക്തിയും ആവശ്യപ്പെടുന്ന ഒന്നാണ്.  ഇത് സ്നേഹത്തിന്‍റെയും സത്യത്തിന്‍റെയും ആവശ്യമാണ്.

ദൈവം പിതാവാണെന്നു തിരിച്ചറിയുന്ന മാനവസമൂഹത്തിലേ സാഹോദര്യം പുലരുകയുള്ളു.  അവിടെയേ സമ്പത്ത് എല്ലാവര്‍ക്കുമുള്ളതാണെന്ന തിരിച്ചറിവും ഒപ്പം ഓരോ വ്യക്തിയുടെ സമഗ്രവികസനത്തിലുള്ള താല്പര്യവും വിലമതിക്കപ്പെടുകയുള്ളു. അവിടെ മാത്രമേ, മനുഷ്യന്‍ ഈ ലോകത്തിനുവേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടവനല്ല, നിത്യത അവന്‍റെ അവകാശമാണെന്നുമുള്ള വലിയ ജ്ഞാനവും കൈവരികയുള്ളു എന്നതാണ് മേല്‍പ്പറഞ്ഞ പ്രബോധനങ്ങള്‍ നമുക്കു നല്‍കുന്ന പാഠം. 








All the contents on this site are copyrighted ©.