2018-04-25 12:38:00

പൊതുദര്‍ശനപ്രഭാഷണം- മാമ്മോദീസാ, തിന്മയെ ജയിക്കാനുള്ള ശക്തി


ജര്‍മ്മനിയില്‍ അഡോള്‍ഫ് ഹിറ്റ്ലറിന്‍റെ നേതൃത്വത്തില്‍ രൂപംകൊണ്ട നാസിസവും ഇറ്റലിയില്‍ ബെനീത്തൊ മുസ്സൊളീനി രൂപം കൊടുത്ത ഫാസിസവും ഇഴചേര്‍ന്ന നാസിഫാസിസത്തില്‍ നിന്ന് ഇറ്റലി 1945 ഏപ്രില്‍ 25 ന് മോചിതമായതിന്‍റെ ഓര്‍മ്മ, ഇറ്റലിയുടെ ദേശീയദിനം ആചരിക്കപ്പെട്ട ഈ ബുധനാഴ്ച (25/04/18) ഇറ്റലിയില്‍ പൊതുഅവധി ആയിരുന്നെങ്കിലും റോമാനഗരത്തിനകത്തുള്ള ചെറുരാജ്യമായ വത്തിക്കാനില്‍ പ്രവൃത്തി ദിനമായിരുന്നു. ആകയാല്‍ ബുധനാഴ്ച അനുവദിക്കുന്ന പ്രതിവാര പൊതുകൂടിക്കാഴ്ചയ്ക്ക് ഫ്രാന്‍സീസ് പാപ്പാ മുടക്കം വരുത്തിയില്ല. വസന്തകാലമെങ്കിലും വേനല്‍ക്കാലസമാന താപം അനുഭവപ്പെടുന്ന ഈ ദിനങ്ങളില്‍ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ   ബസിലിക്കയുടെ അതിവിശാലമായ തുറസ്സായ അങ്കണത്തില്‍ പാപ്പാ അനുവദിച്ച പൊതുദര്‍ശന പരിപാടിയില്‍ വിവിധ രാജ്യക്കാരായിരുന്ന ആയിരങ്ങള്‍ പങ്കുകൊണ്ടു. വെളുത്ത തുറന്ന വാഹനത്തില്‍ പാപ്പാ ചത്വരത്തിലെത്തിയപ്പോള്‍ ജനസഞ്ചയം കൈയ്യടിച്ചും ആര്‍ത്തുവിളിച്ചും തങ്ങളുടെ ആനന്ദം വിളിച്ചോതി. ചത്വരത്തിലെത്തിയ പാപ്പാ പുഞ്ചിരിതൂകി ഏവര്‍ക്കും  അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് ജനസഞ്ചയത്തിനിടയിലൂടെ വാഹനത്തില്‍ നീങ്ങി. ഇടയ്ക്കിടെ അംഗരക്ഷകര്‍ തന്‍റെ  പക്കലേക്കു എടുത്തുകൊണ്ടുവന്നുകൊണ്ടിരുന്ന പിഞ്ചുകുഞ്ഞുങ്ങളെ പാപ്പാ ആശീര്‍വ്വദിക്കുകയും ചുംബിക്കുകയും, ചെയ്യുന്നുണ്ടായിരുന്നു. പേപ്പല്‍ വാഹനം വേദിക്കരികില്‍ നിശ്ചലമായപ്പോള്‍ പാപ്പാ അതില്‍ നിന്നിറങ്ങി സാവധാനം നടന്ന് വേദിയിലെത്തുകയും റോമിലെ സമയം രാവിലെ 10 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30 ഓടെ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

താഴ്ന്ന നിലയില്‍ ജീവിക്കാന്‍ എനിക്കറിയാം; സമൃദ്ധിയില്‍ ജീവിക്കാനും ഏതു സാഹചര്യത്തിലും കഴിയാനും എനിക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്. അതേ, സുഭിക്ഷത്തിലും ദുര്‍ഭിക്ഷത്തിലും സമൃദ്ധിയിലും ദാരിദ്ര്യത്തിലുമെല്ലാം എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും”.(പൗലോസ് ഫിലിപ്പിയര്‍ക്കെഴുതിയ ലേഖനം 4,12-13)

ഈ വിശുദ്ധഗ്രന്ഥഭാഗം പാരായണംചെയ്യപ്പെട്ടതിനുശേഷം, ജനസഞ്ചയത്തെ സംബോധനചെയ്ത പാപ്പാ താന്‍ മാമ്മോദീസായെ അധികരിച്ച് ആരംഭിച്ച പ്രബോധന പരമ്പരയില്‍ മൂന്നാമത്തേതായി ജ്ഞാനസ്നാനത്തെ തിന്മയെ ജയിക്കാനുള്ള ശക്തിയായി അവതരിപ്പിച്ചു..

എല്ലാവര്‍ക്കും നല്ലൊരു ദിനം നേര്‍ന്നുകൊണ്ട് തന്‍റെ  വിചിന്തനം ആരംഭിച്ച പാപ്പാ ഇപ്രകാരം തുടര്‍ന്നു.

പാപ്പായുടെ പ്രഭാഷണത്തിന്‍റെ സംഗ്രഹം :

മാമ്മോദീസായെ അധികരിച്ചുള്ള വിചിന്തനം നമുക്ക്, സദാ, ദൈവവചനത്തിന്‍റെ   വെളിച്ചത്തില്‍ തുടരാം. സ്നാനാര്‍ത്ഥകളെ പ്രുദ്ധരാക്കുന്നതും അവരില്‍ വിശ്വാസമുളവാക്കുന്നതും സുവിശേഷമാണ്. “മാമ്മോദീസാ, സവിശേഷമാം വിധം, വിശ്വാസത്തിന്‍റെ കൂദാശയാണ്, കാരണം അത് വിശ്വാസജീവിതത്തിലേക്കുള്ള പ്രവേശനത്തെ കുറിക്കുന്നു." “നിത്യജീവന്‍റെ ജലത്തിന്‍റെ ഉറവയും” “ലോകത്തിന്‍റെ  പ്രകാശവും” “ജീവനും പുനരുത്ഥാനവു”മായ കര്‍ത്താവായ യേശുവിന് നാം നമ്മെത്തന്നെ സമര്‍പ്പിക്കുന്നതാണ് ഈ വിശ്വാസം. അവിടത്തെ വിശ്വാസത്തോടെ സ്വികരിക്കുന്നവനെ രൂപാന്തരപ്പെടുത്തുന്ന ശക്തി സുവിശേഷത്തിലടങ്ങിയിരിക്കുന്നു. ആനന്ദത്തോടും നവീകൃത ജീവിതത്തോടും കൂടെ കര്‍ത്താവിനെ സേവിക്കാന്‍ വിശ്വാസി പഠിക്കേണ്ടതിന് സുവിശേഷം അവനെ ദുഷ്ടാരൂപിയില്‍ നിന്ന് വലിച്ചകറ്റുന്നു.

മാമ്മോദീസത്തൊട്ടിയുടെ സമീപത്തേക്കു ഒരിക്കലും ഒറ്റയ്ക്കല്ല, പ്രത്യുത സഭമുഴുവന്‍റെയും പ്രാര്‍ത്ഥനയാല്‍ അനുഗതരായിട്ടാണ് ഒരുവന്‍ പോകുന്നത്. ഇത് ഭൂതോച്ചാടാന പ്രാര്‍ത്ഥനയ്ക്കും സ്നാനാര്‍ത്ഥികള്‍ക്കുള്ള തൈലം കൊണ്ടുള്ള പൂര്‍വമാമ്മോദീസാഭിഷേകത്തിനും മുമ്പു വരുന്ന സകലവിശുദ്ധരുടെയും ലുത്തീനിയ ഓര്‍മ്മപ്പെടുത്തുന്നു. സഭ പ്രാര്‍ത്ഥിക്കുന്നു, അവള്‍ എല്ലാവര്‍ക്കും വേണ്ടി, നമുക്കുവേണ്ടി പ്രാ‍ര്‍ത്ഥിക്കുന്നു. ക്രിസ്തീയവിശ്വാസാര്‍ത്ഥികളായ മുതിര്‍ന്നവരുടെ, അതായത് പ്രായപൂര്‍ത്തിയായ കാറ്റക്കൂമെന്‍സിന്‍റെ വിശ്വാസയാത്രയില്‍ ഭൂതോച്ചാടന പ്രാര്‍ത്ഥന, അതായത്, ക്രിസ്തുവില്‍ നിന്നു വേര്‍പെടുത്തുകയും അവിടന്നുമായുള്ള ഉറ്റ ഐക്യത്തിന് പ്രതിബന്ധം സൃഷ്ടിക്കുകയും ചെയ്യുന്ന സകലത്തിലും നിന്നുള്ള മോചനത്തിനായുള്ള പ്രാര്‍ത്ഥന, വൈദികന്‍ പലവുരു ആവര്‍ത്തിക്കുന്നുണ്ട്. കുഞ്ഞുങ്ങളെ ഉത്ഭവപാപത്തില്‍ നിന്നു മോചിപ്പിക്കാനും പരിശുദ്ധാരൂപിയുടെ വാസയിടമായി അവരെ മാറ്റാനും അവര്‍ക്കുവേണ്ടിയും ദൈവത്തോട് യാചിക്കുന്നു. ദുഷ്ടാരൂപിയുടെ ശക്തിയുടെ മേലുള്ള യേശുവിന്‍റെ വിജയം കര്‍ത്താവിന്‍റെ അധീശത്വത്തിന് ഇടം നല്കുന്നു. കുഞ്ഞുങ്ങള്‍ക്കുവേണ്ടി, അവരുടെ ആദ്ധ്യാത്മികവും ശാരീരികവുമായ ആരോഗ്യത്തിനുവേണ്ടി നാം പ്രാര്‍ത്ഥിക്കണം. ഈ പ്രാര്‍ത്ഥന കുഞ്ഞുങ്ങള്‍ക്ക് സംരക്ഷണമേകാനുള്ള ഒരുപാധിയാണ്.

മാമ്മോദീസാ ഒരു മാന്ത്രിക സൂത്രവാക്യമല്ല, പ്രത്യുത, പരിശുദ്ധാരൂപിയുടെ ദാനമാണ്. സാത്താന്‍റെ അധികാരം ഇല്ലാതാക്കുകയും ദുഷ്ടാരൂപിയുടെ അന്ധകാരത്തില്‍ നിന്ന് മനുഷ്യനെ അനന്തമായ വെളിച്ചത്തിന്‍റെ സാമ്രാജ്യത്തിലേക്ക് നയിക്കുകയും ചെയ്യുന്നതിനാണ് ദൈവം സ്വസുതനെ ലോകത്തിലേക്കയച്ചതെന്ന് വിശ്വസിച്ചുകൊണ്ട് തിന്മയുടെ അരൂപിക്കെതിരെ പോരാടാന്‍ പരിശുദ്ധാരൂപിയുടെ ഈ ദാനം സ്വീകരിക്കുന്നവനെ അത് പ്രാപ്തനാക്കുന്നു. ദൈവത്തില്‍ നിന്നും അവിടത്തെ ഹിതത്തില്‍ നിന്നും അവിടന്നുമായുള്ള ഐക്യത്തില്‍ നിന്നും അകലാനും ലോകത്തിന്‍റെ കെണികളില്‍ വീണ്ടും വീഴാനുമുള്ള പ്രലോഭനത്തിന് വിധേയമാണ് ക്രിസ്തീയജീവിതം എന്ന് അനുഭവം നമ്മെ പഠിപ്പിക്കുന്നു.

പ്രാര്‍ത്ഥനയ്ക്കു പുറമെ, സ്നാര്‍ത്ഥികള്‍ക്കായുള്ള തൈലം നെഞ്ചില്‍ പൂശുന്ന ഒരു ചടങ്ങുമുണ്ട്. സ്നാനത്തൊട്ടിയെ സമീപിക്കുകയും പുതുജീവനിലേക്ക് വീണ്ടും ജനിക്കുകയും ചെയ്യുന്നതിനു മുമ്പ്  സാത്താനെയും പാപത്തെയും ഉപേക്ഷിക്കാനുള്ള ശക്തി അതുവഴി ആര്‍ജ്ജിക്കുന്നു. ശരീരകോശങ്ങള്‍ക്കുള്ളിലേക്കിറങ്ങി ശരീരത്തിന് ഗുണം ചെയ്യാന്‍ തൈലത്തിനുള്ള കഴിവ് പരിഗണിച്ച് പൂര്‍വ്വികര്‍ പേശികള്‍ ബലപ്പെടുത്തുന്നതിനും ഒപ്പം ശത്രുക്കളില്‍ നിന്ന് വഴുതിമാറുന്നതിനും എണ്ണ ഉപയോഗിച്ചിരുന്നു. ഇതിന്‍റെ വെളിച്ചത്തിലാണ്, മാമ്മാദീസാര്‍ത്ഥികളെ, മെത്രാന്‍ ആശീര്‍വ്വദിച്ച, തൈലം കൊണ്ടു പൂശുന്ന പ്രതീകാത്മക ചടങ്ങ് പുരാതന ക്രൈസ്തവര്‍ നടത്തിപ്പോന്നിരുന്നത്. രക്ഷയുടെ ഈ അടയാളത്താല്‍, രക്ഷകനായ ക്രിസ്തുവിന്‍റെ   ശക്തി തിന്മയ്ക്കെതിരെ പോരാടുന്നതിനും ജയിക്കുന്നതിനും ശക്തി പകരുന്നു എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

തിന്മയ്ക്കെതിരെ പോരാടുകയും അതിന്‍റെ കെളികളില്‍ നിന്നു രക്ഷപ്പെടുകയും കഠിനമായ ഒരു പോരാട്ടാത്തിനു ശേഷം പൂര്‍വ്വസ്ഥിതിയിലേക്കു വരുകയും ചെയ്യുക ആയാസകരമാണ്. എന്നാല്‍ നാമറിയണം, ക്രിസ്തീയജീവിതം മുഴുവന്‍ ഒരു പോരാട്ടാമാണ്. എന്നാല്‍ നാം ഒറ്റയ്ക്കല്ല, സഭാമാതാവ് സ്വന്തം മക്കള്‍ക്കായി പ്രാര്‍ത്ഥിക്കുന്നുണ്ട്.

ഈ ലോകത്തിന്‍റെ അധികാരിയെ പരാജയപ്പെടുത്തിയ ഉത്ഥിതനായ കര്‍ത്താവിനാല്‍ ശക്തരായി നമുക്കും വിശുദ്ധ പൗലോസിനോടൊപ്പം ആവര്‍ത്തിക്കാം :” എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും” (ഫിലിപ്പിയര്‍4,13) നമുക്കെല്ലവര്‍ക്കും ജയിക്കാന്‍, സകലത്തെയും കീഴടക്കാന്‍ സാധിക്കും, എന്നാല്‍ യേശുവില്‍ നിന്നു വരുന്ന ശക്തികൊണ്ടു മാത്രമേ അതു സാധ്യമാകൂ. നന്ദി.

പാപ്പായുടെ പ്രഭാഷണം അവസാനിച്ചതിനെ തുടര്‍ന്ന് അതിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു.

ഉത്തര-ദക്ഷിണകൊറിയകള്‍ക്കു വേണ്ടി പാപ്പായുടെ അഭ്യര്‍ത്ഥന

ഉത്തര-ദക്ഷിണ കൊറിയകളുടെ അതിര്‍ത്തിപ്രദേശമായ പാന്‍മുന്‍ജെയോമില്‍ ഇരുരാജ്യങ്ങളുടെയും ഒരു ഉച്ചകോടി ഇരുപത്തിയേഴാം തിയതി വെള്ളിയാഴ്ച നടക്കാന്‍ പോകുന്നത് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയില്‍ അനുസ്മരിച്ചു.

ദക്ഷിണകൊറിയയുടെ നേതാവ് മൂണ്‍ ജെയിനും ഉത്തരകൊറിയയുടെ തലവന്‍ കിം യോംഗ് ഉന്നും  പങ്കെടുക്കുന്ന ഊ ഉച്ചകോടി, കൊറിയ ഉപദ്വീപിലും ലോകം മുഴുവനിലും സമാധാനം ഉറപ്പുവരുത്തുന്നതിനുള്ള സുതാര്യമായ ഒരു സംഭാഷണത്തിന് തുടക്കം കുറിക്കാനുള്ള സവിശേഷാവസരവും അനുരഞ്ജനത്തിന്‍റെയും വീണ്ടെടുക്കപ്പെട്ട സഹോദര്യത്തിന്‍റെയും സമൂര്‍ത്തമായ ഒരു സഞ്ചാര പഥവും ആയിരിക്കുമെന്നും പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.

ശാന്തി തീവ്രമായി അഭിലഷിക്കുന്ന കൊറിയയിലെ ജനങ്ങള്‍ക്ക്  തന്‍റെ വ്യക്തിപരമായ പ്രാര്‍ത്ഥനയും സഭമുഴുവന്‍റെയും സാമീപ്യവും താന്‍ ഉറപ്പുനല്കുന്നുവെന്നു പാപ്പാ വെളിപ്പെടുത്തി.

മെച്ചപ്പെട്ടൊരു ഭാവി കെട്ടിപ്പടുക്കുന്നതിനു വേണ്ടിയുള്ളതും ജനതകളുടെ സമാഗമവും സൗഹൃദവും ഉന്നം വയ്ക്കുന്നതുമായ പ്രയോജനകരവും ആത്മാര്‍ത്ഥവുമായ സകല സംരംഭങ്ങള്‍ക്കും പരിശുദ്ധസിംഹാസനം സഹകരണവും  പിന്തുണയും പ്രോത്സാഹനവും ഏകുന്നുണ്ടെന്നു പാപ്പാ പറഞ്ഞു.

സമാധാനത്തിന്‍റെ ശില്പികളായിക്കൊണ്ട് പ്രത്യാശയുടെ ധീരതകാട്ടാന്‍ പാപ്പാ രാഷ്ടീയോത്തരവാദിത്വം പേറുന്നവരോട് അഭ്യര്‍ത്ഥിക്കുകയും പൊതു നന്മോന്മുഖമായി ആരംഭിച്ചിരിക്കുന്ന യാത്രയില്‍ വിശ്വാസത്തോടെ മുന്നേറാന്‍ അവര്‍ക്ക് പ്രചോദനം പകരുകയും ചെയ്തു.

ഉത്തര-ദക്ഷിണ കൊറിയകളിലെ ജനങ്ങള്‍ക്കുവേണ്ടി സ്വര്‍ഗ്ഗസ്ഥനായ പിതാവിനോടു പ്രാര്‍ത്ഥിക്കാന്‍ പാപ്പാ എല്ലാവരേയും ക്ഷണിച്ചു.

പാപ്പാ യുവതയോടും വയോജനത്തോടും രോഗികളോടും നവദമ്പതികളോടും

യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ സുവിശേഷകനായ വിശുദ്ധ മര്‍ക്കോസിന്‍റെ തിരുന്നാള്‍ അനുവര്‍ഷം ഏപ്രില്‍ 25ന് ആചരിക്കപ്പെടുന്നത് അനുസ്മരിച്ചു. ഈ വിശുദ്ധന്‍ വിശ്വാസയാത്രയില്‍ അവര്‍ക്ക് തുണയായിരിക്കട്ടെയെന്നും ഈ വിശുദ്ധന്‍റെ മാതൃക പിന്‍ചെന്ന് ജിവിതം കൊണ്ടു സാക്ഷ്യമേകി ക്രിസ്തുവിന്‍റെ  സുവിശേഷത്തിന്‍റെ  ശ്രോതാക്കളും പ്രഘോഷകരുമായിത്തീരാന്‍ അവര്‍ക്ക് സാധിക്കട്ടെയന്നും പാപ്പാ ആശംസിക്കുകയും ചെയ്തു.   

പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.








All the contents on this site are copyrighted ©.