2018-04-20 12:56:00

DOCAT LXIII: “ബിസിനസ്സിലെ പാപങ്ങള്‍''


ക്ഷേമവും നീതിയും എല്ലാവര്‍ക്കും എന്നു ശീര്‍ഷകത്തിലുള്ള ഡുക്യാറ്റിന്‍റെ ഏഴാമധ്യായത്തിലെ സാമ്പത്തികപ്രവര്‍ത്തനത്തെ നിര്‍വചിക്കുകയും വിശദീകരിക്കുകയും സാമ്പത്തികവ്യാപാരങ്ങളുടെ ധാര്‍മികതയെ, വിലയിരുത്തുകയും ചെയ്യുന്ന സഭാപ്രബോധനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയു‌‌ടെ അവസാനഭാഗത്താണു നാം. കഴിഞ്ഞ ഭാഗത്ത്, ബിസിനസ്സിലൂ‌ടെ മാനവകുലത്തിനു വരുന്ന നന്മയെക്കുറിച്ചും ഒപ്പം, ആ പ്രവര്‍ത്തനത്തില്‍ കടന്നുകൂടാവുന്ന സ്വാര്‍ഥലക്ഷ്യങ്ങളെക്കുറിച്ചും അധികരിച്ചുള്ള പ്രബോധനങ്ങളായിരുന്നു ഉണ്ടായിരുന്നത്.

ഈ ഭാഗത്ത്, കച്ചവടത്തിലൂടെയും വ്യാപാരത്തിലൂടെയുമുള്ള അവശ്യവിഭവങ്ങളുടെ കൈമാറ്റത്തിലും അതിനോടു ബന്ധപ്പെട്ട സാമ്പത്തികപ്രവര്‍ത്തനങ്ങളിലും അവശ്യമുണ്ടായിരിക്കേണ്ട ധാര്‍മികതയെക്കുറിച്ചുള്ള തുടര്‍ചര്‍ച്ച നാം കാണുന്നു.  ഏഴാമധ്യായത്തിലെ അവസാന ചോദ്യങ്ങളായ 189 മുതല്‍ 194 വരെയുള്ള ചോദ്യങ്ങളില്‍ ന്യായവിലയെക്കുറിച്ചും, ഈ പ്രവര്‍ത്തനങ്ങളിലെ കടന്നുകൂടാവുന്ന ലാഭേച്ഛയും അതിനായി നടത്തുന്ന കൗശലപ്രവൃത്തികളും കബളിപ്പിക്കലും വി ശ്വാസ്യതയില്ലായ്മയും ചര്‍ച്ച ചെയ്യപ്പെടുന്നു.  ന്യായവിലയെക്കുറിച്ചുള്ള ചര്‍ച്ചയാണ് 189-ല്‍ നാം കാണുന്നത്.

ചോദ്യം 189: എന്താണ് ന്യായമായ വില?

അടിസ്ഥാനപരമായി, കൊടുക്കലും ആവശ്യവും തമ്മിലുള്ള പരസ്പരപ്രവര്‍ത്തനത്തിലൂടെ സ്വതന്ത്രമായ കൂടിയാലോചനയിലൂടെ സമ്മതിക്കുന്നതെന്തോ അതാണു ന്യായമായ വില.  എ ന്നാലും, പല ഘടകങ്ങള്‍ക്കും ഈ സ്വതന്ത്ര സമ്മതത്തെ താറുമാറാക്കാന്‍ കഴിയും.  വഞ്ചന, വിവരമില്ലായ്മ, വില്‍ക്കുന്നവന്‍റെയോ വാങ്ങുന്നവന്‍റെയോ ഭാഗത്തു നിന്ന് കുത്തകാപരമായ നിലപാട്, പങ്കാളിലകളില്‍ ഒരാളെ ബാധിക്കുന്ന അടിയന്തിര സാഹചര്യം, അന്യായപ്പലിശ, ചൂഷണം എന്നിവ നീതിക്കും പരസ്പരസ്നേഹത്തിനും എതിരായ പാപങ്ങളാണ്.

ഇവിടെ വാള്‍ട്ടര്‍ എവുക്കെന്‍ എന്ന ജര്‍മന്‍ തത്വശാസ്ത്രജ്ഞന്‍റെയും ആര്‍ഥൂസ് ബര്‍ട്രാന്‍ഡ് എന്ന ഫ്രഞ്ചു പരിസ്ഥിതി പ്രവര്‍ത്തനകന്‍റെയും അഭിപ്രായങ്ങള്‍ ശ്രദ്ധേയങ്ങളാണ്. വാള്‍ട്ടര്‍ എവുക്കെന്‍ പറയുന്നു: “ലാഭമുണ്ടാക്കുന്നവര്‍ നഷ്ടം സഹിക്കാനും തയ്യാറാവണം.  മുതല്‍മുടക്കിനു എത്ര കൂടുതല്‍ ഉത്തരവാദിത്വമുണ്ടോ അത്ര കൂടുതല്‍ അവര്‍ അവയ്ക്കു വിധേയരാകും.  അത്ര കൂടുതല്‍ ശ്രദ്ധയോടെ ഈ ലാഭനഷ്ടങ്ങളുടെ ഉത്തരവാദിത്വം അവര്‍ വഹിക്കണം.” ബര്‍ട്രാന്‍ഡിന്‍റെ അഭിപ്രായവും ഇതോടു ചേര്‍ന്നുപോകുന്നതുതന്നെ. അദ്ദേഹം പറയുന്നു: “തന്നെത്തന്നെ ഒരു സൂപ്പര്‍ മാര്‍ക്കറ്റായി കാണാതെ ഒരു ഭവനമായി കാണുന്ന മനുഷ്യത്വമാണ് ലോകത്തിനു കൂടുതല്‍ ആവശ്യമായിരിക്കുന്നത്”.  ബിസിനസ്സിലെ ധാര്‍മികതയില്ലായ്മ, സ്വാഭാവികമെന്നു കരുതപ്പെടുകയും അനുവദിക്കപ്പെടുകയും ചെയ്യപ്പെടേണ്ടതല്ല.  അതു ദൈവതിരുമുമ്പില്‍ പാപമായി എണ്ണപ്പെടുന്നതാണ് എന്നത് ഒരു ക്രൈസ്തവന്‍ തന്‍റെ പ്രവര്‍ത്തനങ്ങളില്‍ അറിയുകയും മറ്റുള്ളവര്‍ക്കു മാതൃകയാകും വിധം ധാര്‍മികമായ ബിസിനസ്സ് നടത്തുകയും വേണം.  ഇതെക്കുറിച്ച് അടുത്ത ചോദ്യം വിശദമാക്കുന്നു.

ചോദ്യം 190: ബിസിനസ്സിലെ പാപങ്ങള്‍ എന്തെല്ലാമാണ്?

നിര്‍ഭാഗ്യവശാല്‍ ഏറെ നുണയും കൗശലവും കബളിപ്പിക്കലും കൃത്രിമവും ബിസിനസ്സ് ലോകത്തുണ്ട്.  ഇങ്ങനെ ചെയ്യുന്നവര്‍ കൂട്ടു വ്യവസായത്തിന്‍റെ യഥാര്‍ഥ മൂലധനത്തെ- വി ശ്വസ്തതയെ നശിപ്പിക്കുന്നു.  വിശ്വസ്തതയില്ലാതെ ബിസിനസ്സിനു പ്രവര്‍ത്തിക്കാന്‍ കഴിയുക യില്ല.  ഒരുവന്‍ വാക്കു പറയുകയോ കരാറില്‍ ഒപ്പുവയ്ക്കുകയോ ചെയ്യുമ്പോള്‍, അതിനെ വിശ്വാസപൂര്‍വം ആശ്രയിക്കാന്‍ നിങ്ങള്‍ക്കു കഴിയണം.  വിശ്വാസപൂര്‍വകമായ ആശ്രയത്തി ലൂ ടെ ഒരുവന്‍ വിശ്വാസം നേടുന്നു.  അതു സമ്പാദിക്കുന്നത് സദ്ഗുണപരമായ സ്വഭാവത്തിലൂടെ യാണ്.  ബിസിനസ്സിന്‍റെ ലോകത്തില്‍ താഴെപ്പറയുന്നവയ്ക്കെതിരെ സവിശേഷമാം വിധം സൂക്ഷ്മതയുള്ളവനായിരിക്കണം.  അത്യാഗ്രഹം, അഴിമതി, മോഷണം, വഞ്ചന, അന്യായപ്പലിശ, ചൂഷ ണം തുടങ്ങിയ അനീതിയുടെ ഏതു രൂപവും മുതലായവ.

ചോദ്യം 191: ഊഹക്കച്ചവട സംബന്ധമായ ധനകാര്യ വിപണി അതില്‍ത്തന്നെ പാപകരമായ വ്യവസ്ഥിതിയാണ് അല്ലേ?

അല്ല.  തത്വത്തില്‍ അങ്ങനെയല്ല.  നന്മയെ ലക്ഷ്യം വയ്ക്കുന്നുണ്ടെങ്കില്‍ ധനകാര്യ വിപണിയും ബാങ്കുകളും സുപ്രധാനമായ സേവനമാണു ചെയ്യുന്നത്.  സംരംഭങ്ങള്‍ക്കും വാണിജ്യത്തിനും ആവശ്യമായ മൂലധനം അവര്‍ ലഭ്യമാക്കുന്നു.  കടംവാങ്ങുന്നവന്‍ ന‍ല്‍കപ്പെട്ട പണത്തിന്‍റെ വില എന്നനിലയില്‍ പലിശ കൊടുക്കണം.  കൂടാതെ, ഊഹത്തിന്‍റെ പ്രവര്‍ത്തനം അതില്‍ത്തന്നെ നല്ല താണ്.  അത് ഒരു പ്രദേശത്തും മറ്റൊരു പ്രദേശത്തും ഉള്ള വ്യത്യസ്ത അളവുകളും വിലകളും തുല്യമാക്കുന്നു.  ദൗര്‍ലഭ്യത്തിന്‍റെയും അമിതത്വത്തിന്‍റെയും അവസ്ഥകളുടെ കാലങ്ങളെ സന്തുലിതമാക്കുന്നു.  തീര്‍ച്ചയായും ഇക്കാലത്ത് ഈ ഉപാധികളെ നാശകരമാംവിധം ദുരുപയോഗിക്കു ന്നുണ്ട്.  പണമിടപാടു വിപണി ഊതിവീര്‍പ്പിക്കപ്പെടുന്നു.  നിക്ഷേപകര്‍ തങ്ങളുടെ പണനിക്ഷേപത്തെ പിന്താങ്ങുന്ന യഥാര്‍ഥമായ ഒരു മൂല്യവുംകാണാതെ ഊഹിക്കുന്നു. അല്‍പ്പനിമിഷങ്ങള്‍ക്കുള്ളില്‍ സങ്കല്‍പ്പാതീതമായ തുകകള്‍ സമ്പാദിക്കുകയോ നഷ്ടപ്പെടുത്തുകയോ ചെയ്യുന്നു.  യഥാര്‍ഥത്തിലുള്ള യാതൊരു പ്രവൃത്തിയും അതിന്‍റെ പിന്നിലില്ലാതെതന്നെ അങ്ങനെ സംഭവിക്കുന്നു.

"സമ്പന്നനായിത്തീരുന്നതില്‍ നാണിക്കാനില്ലെങ്കിലും ധനികനായി മരിക്കുകയെന്നത് ഒരു പാപമാണ്" എന്ന് ഒരു അമേരിക്കന്‍ പഴമൊഴിയുണ്ട്.  "ധനികന്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക എത്ര ദുഷ്ക്കര"മെന്ന ക്രിസ്തുവചനം തന്നെ ഈ പഴമൊഴിക്കാധാരം എന്നു നമുക്കോര്‍ക്കാം. അതു കൊണ്ട് ധനകാര്യവിപണിയുടെ വിശ്വാസ്യത വീണ്ടെടുക്കേണ്ടതുണ്ട്.  അതേക്കുറിച്ചുള്ള പ്രബോ ധനമാണ് അടുത്ത ചോദ്യത്തില്‍.

ചോദ്യം 192:  ധനകാര്യവിപണിക്ക് എങ്ങനെ വിശ്വാസ്യത വീണ്ടെടുക്കാനാവും?

ധാര്‍മികതത്വങ്ങളോട് പരപ്രേരണ കൂടാതെയുള്ള സമര്‍പ്പണമുണ്ടായിരിക്കണം.  അതിനുംപുറമേ, ഇടപാടുകളില്‍ അങ്ങേയറ്റം സാധ്യമായ സുതാര്യത ഉണ്ടായിരിക്കുകയെന്നതാണ് ബാങ്കിങ്ങി ന്‍റെയും ധനകാര്യത്തിന്‍റെയും മേഖലയെ അതിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ വിഷമസ ന്ധിയില്‍ നിന്നു പുറത്തേക്കു നയിക്കാനുള്ള ഏറ്റവും കാര്യക്ഷമമായ മാര്‍ഗം.  കൂടാതെ അന്താരാഷ്ട്ര ധനകാര്യ വിപണി കടപ്പെടുത്തുന്ന നൈയാമിക ചട്ടക്കൂട്ടിനുള്ളില്‍ നിയന്ത്രിക്കപ്പെടുകയും വേണം.

വിശ്വാസ്യത തകര്‍ക്കാത്ത മാനുഷികവര്‍ത്തനങ്ങള്‍ ഏതു മേഖലയിലുമുണ്ടാകണം എന്ന ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ പ്രബോധനംകൂടി ഇവിടെ നമുക്കു ശ്രവിക്കാം.  പാപ്പാ പറയുന്നു: “സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രവര്‍ത്തന രീതികളിലും അതിന്‍റെ പണമിടപാടു സമ്പ്രദായങ്ങളിലും വിശ്വാസമില്ലാതാകുമ്പോള്‍ ധനകാര്യത്തില്‍ വിഷമസന്ധികള്‍ ഉണ്ടാകുന്നു...  അവ അന്ധമായ വിശ്വാസത്തിനു വിഷയങ്ങളാകുമ്പോള്‍ അവയുടെ അധഃപത നത്തിനുള്ള വേരുകള്‍ അവയില്‍തന്നെ മുളയെടുക്കുന്നു.  അവയുടെ യഥാര്‍ഥവും ദൃഢവുമായ അടിത്തറ മനുഷ്യവ്യക്തിയിലുള്ള വിശ്വാസമാണ്...”

ചോദ്യം 193: എന്തുകൊണ്ടാണ് വികസനം സാമ്പത്തികവളര്‍ച്ചയെക്കാള്‍ ഉന്നതമായിരിക്കുന്നത്?

വികസനം എന്നത്, സാമ്പത്തിക വളര്‍ച്ച എന്നതിനെക്കാള്‍ വിശാലമാണ്.  ക്ഷേമം, സുരക്ഷിതത്വം എന്നീ ലക്ഷ്യങ്ങള്‍ക്കു പുറമേ, ജനങ്ങള്‍ക്ക് വികസനത്തെക്കുറിച്ചുള്ള സമഗ്രമായ ഒരു വീക്ഷ ണമുണ്ടായിരിക്കണം.  കുടുംബത്തിലും വിശ്വാസത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും നല്ല ചി കിത്സാ ശുശ്രൂഷയിലൂടെയും അതുണ്ടാകണം.  സമ്പന്ന രാഷ്ട്രങ്ങളില്‍ അനേകര്‍ ഇപ്പോഴും സാര്‍വ ത്രിക സമൃദ്ധിയെക്കുറിച്ചു സ്വപ്നം കാണുന്നുണ്ട്.  എന്നാല്‍, ഇന്ന് ഒരു സ്റ്റേറ്റിനും തനിയെ സ്വ ന്തം പ്രശ്നങ്ങളെ നേരിടാനോ പരിഹരിക്കാനോ കഴിയുകയില്ല. അന്താരാഷ്ട്ര സാമ്പത്തികതയുടെ ഒരു ദൗത്യം മനുഷ്യവംശത്തിനുവേണ്ടി സമഗ്രവും സഹകരണ പരവുമായ വികസനത്തെ സാ ക്ഷാത്ക്കരിക്കുകയെന്നതാണ്.  മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ ഓരോ മനുഷ്യനു വേണ്ടിയും മുഴുവന്‍ മനുഷ്യവംശത്തിനുവേണ്ടിയും അപ്രകാരം ചെയ്യണം.  ഇത് സമ്പന്നരാജ്യങ്ങള്‍ക്കും ഉപകാരപ്രദമാണ്.  സമ്പന്നര്‍ എപ്പോഴും കൂടുതല്‍ സമ്പന്നരും ദരിദ്രര്‍ എപ്പോഴും കൂടുതല്‍ ദരിദ്രരും ആയിത്തീരണമെന്നതു ശരിയല്ല.  മാനുഷിക സാമ്പത്തികവ്യവസ്ഥിതിയില്‍ ചിലരെ സംബന്ധിച്ച് സാമ്പത്തിക വളര്‍ച്ച മറ്റുള്ളവരുടെ വളര്‍ച്ചയെ അഭിവൃദ്ധിയിലേയ്ക്കു നയിക്കുകയും ചെയ്യും.

അതിനാല്‍ അഴിമതിയെക്കുറിച്ച് അതിനെ ഇല്ലായ്മ ചെയ്യുന്നതിനെക്കുറിച്ച്, സാമ്പത്തിക പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ഈ അധ്യായത്തിലെ വിശകലനത്തിലെ അവസാന ചോദ്യമാണ് ഇനിയുള്ളത്.

ചോദ്യം 194: എന്താണ് അഴിമതി? അതിനെ സംബന്ധിച്ച് ഒരുവന് എന്തു ചെയ്യാനാവും?

അഴിമതി – ഒരുവന്‍ തന്നെ ഏല്‍പ്പിച്ചിരിക്കുന്ന അധികാരവും വിഭവങ്ങളും തന്‍റെ വ്യക്തി പരമായ നേട്ടത്തിനുവേണ്ടി ദുരുപയോഗിക്കുന്നത് – സമൂഹത്തെ ഉള്ളില്‍ നിന്നു നശിപ്പിക്കുന്ന ഒരു ക്യാന്‍സറാണ്.  അവകാശപ്പെട്ട സഹായങ്ങള്‍ - ഉദാഹരണമായി, സുരക്ഷിതത്വം, വിദ്യാഭ്യാ സം, ആരോഗ്യശുശ്രൂഷ, തൊഴില്‍, അഭിവൃദ്ധി മുതലായവ – അധികാരമില്ലാത്തവര്‍ക്ക് നിഷേധി ക്കപ്പെട്ടിരിക്കുന്നു.  മിക്കപ്പോഴും ഇരകള്‍ അല്‍പ്പം അധികാരം നേടുമ്പോള്‍ കുറ്റം ചെയ്യുന്നവ രായിത്തീരുന്നു. അഴിമതിക്ക് പല രൂപങ്ങളുമുണ്ട്.  കൈക്കൂലി, സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചത് ചതിയില്‍ അപഹരിക്കല്‍, പ്രത്യേകിച്ച് രാഷ്ട്രീയ കാര്യങ്ങളിലുള്ള നിയമനങ്ങളില്‍ കാണിക്കുന്ന പക്ഷ പാതം, വിഭവങ്ങളുടെ ദുരുപയോഗം എന്നിങ്ങനെയുള്ള അനേകരൂപങ്ങള്‍ അഴിമതിക്കുണ്ട്.  അഴിമതി വ്യാപകമായിരിക്കുന്നു.  അതിനു നാശകരമായ അനന്തരഫലങ്ങളുണ്ട്.  സഭയുടെ സ്ഥാപനങ്ങള്‍ പോലും അഴിമതിയാകുന്ന മധുരഫലത്തില്‍ നിന്നു (ഫ്രാന്‍സീസ് പാപ്പാ) സ്വതന്ത്രമല്ല.  അഴിമതി സാമൂഹികനീതിയുടെ മൗലികതത്വങ്ങള്‍ക്കു വിരുദ്ധമാണ്.  അതു ജനങ്ങളെ അവരുടെ സ്വാഭാവികാവകാശങ്ങളെ സംബന്ധിച്ച കാര്യങ്ങളില്‍ വഞ്ചിക്കുന്നു.  അതു പൊതുനന്മയെ ദ്രോഹിക്കുന്നു.  മനുഷ്യവ്യക്തിയുടെ മഹത്വത്തെ ചവിട്ടി മെതിക്കുന്നു.  അഴിമതിക്കെതിരെ പോരാ ടുകയെന്നത് ഓരോ പൗരന്‍റെയും ഉത്തരവാദിത്വമാണ്.  പ്രത്യേകിച്ച, രാഷ്ട്രീയത്തിലുള്ളവരുടെ ഉത്തരവാദിത്വമാണത്.  അഴിമതിക്കെതിരെയുള്ള ഒന്നാമത്തെ രക്ഷാമാര്‍ഗം വിഭവങ്ങളുടെയും അവസരങ്ങളുടെയും വിതരണത്തിലെ അങ്ങേയറ്റത്തെ സുതാര്യതയാണ്. അഴിമതിയുള്ള സമൂഹ ത്തില്‍ അഴിമതിയില്‍ നിന്ന് സ്വതന്ത്രരായി ജീവിക്കുന്ന ക്രൈസ്തവ വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും മുഴുവന്‍ സമൂഹത്തിന്‍റെയും നവീകരണത്തിനുള്ള പുളിമാവായിരിക്കാന്‍ സാധിക്കും. 








All the contents on this site are copyrighted ©.