2018-04-19 13:47:00

ആര്‍ച്ചുബിഷപ്പ് അബ്രാഹം വിരുതകുളങ്ങര കാലംചെയ്തു


ഏപ്രില്‍ 19, വ്യാഴം
നാഗ്പൂര്‍ അതിരുപതയുടെ മെത്രാപ്പോലീത്തയും മഹാരാഷ്ട്ര റിജിയന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റുമായിരുന്ന ആര്‍ച്ചുബിഷപ്പ് വിരുതകളങ്ങര ഡെല്‍ഹിയിലെ ദേശീയ മെത്രാന്‍ സമിതിയുടെ മന്ദിരത്തില്‍വെച്ചാണ് ഏപ്രില്‍ 19-Ɔο തിയതി വ്യാഴാഴ്ച രാവിലെ 74-Ɔമത്തെ വയസ്സില്‍ മരണമടഞ്ഞത്. മരണകാരണം ഹൃദായാഘാതമായിരുന്നു. ചികിത്സയിലായിരുന്ന ആര്‍ച്ചുബിഷപ്പ് വിരുതകുളങ്ങര ഉറക്കത്തില്‍ വ്യാഴാഴ്ച വെളുപ്പിനാണ് മരണമടഞ്ഞതെന്ന് നാഗപൂര്‍ അതിരൂപതിയുടെ പ്രസ്താവന സ്ഥിരീകരിച്ചു.

ഹിന്ദി സംസാരിക്കുന്ന പ്രവിശ്യകളിലെ മെത്രാന്മാരുടെ ‍‍ഡല്‍ഹിയിലെ സമ്മേളനം സമാപിച്ച് വ്യാഴാഴ്ച അതിരാവിലെ കാറില്‍ നാഗപ്പൂരിലേയ്ക്ക് യാത്രചെയ്യാന്‍ പരിപാടികള്‍ ഒരുക്കിയിരിക്കെയാണ് മരണം സംഭവിച്ചത്. മുറിയില്‍ ഹൃദായഘാതതംമൂലം മരിച്ചു കിടക്കുന്നതായി കാണപ്പെട്ടുവെന്ന്, നാഗപൂര്‍ അതിരൂപതയുടെ വികാരി ജനറല്‍, ഫാദര്‍ ജെറോം പിന്‍റോ ഇറക്കിയ പ്രസ്താവന വ്യക്തമാക്കി.                                                                                                                                                                                  

മലയാളക്കരയില്‍ വിരിഞ്ഞ ദൈവവിളി
കോട്ടയം കനാനയ അതിരൂപതയിലെ കല്ലറ പുത്തപള്ളി ഇടവകയില്‍ വിരുതകുളങ്ങര കുടുംബാഗമാണ് പരേതനായ ആര്‍ച്ചുബിഷപ്പ്. ലൂക്കോസ്-ത്രേസ്യാമ്മ ദമ്പതികളുടെ 9 മക്കളില്‍ നാലാമനായി 1943-ല്‍ ജനിച്ചു. ആദ്യം കോട്ടയത്തെ രൂപതാസെമിനാരിയില്‍ ചേര്‍ന്നു പഠിച്ചു.  പിന്നീട് നാഗപൂര്‍ മിഷന്‍ സെമിനാരിയില്‍ തത്വശാസ്ത്ര-ദൈവശാസ്ത്ര പഠനങ്ങള്‍ പൂര്‍ത്തിയാക്കി. 1969-ല്‍ വൈദികപട്ടം സ്വീകരിച്ച് മിഷണറിയായി വടക്കെ ഇന്ത്യയില്‍ത്തന്നെ അജപാലനശുശ്രയ്ക്ക് തുടക്കമിട്ടു.

അതിരുകള്‍ തേടിയ അജപാലകന്‍
ആദിവാസികളായ പിന്നോക്ക വിഭാഗക്കാരുടെ വിദ്യാഭാസത്തിനും സാമൂഹിക ഉന്നമനത്തിനുമായി അദ്ദേഹം എന്നും സമര്‍പ്പിതനായിരുന്നു. 1977-ല്‍ അദ്ദേഹം ഖാണ്ടുവാ രൂപതയുടെ മെത്രാനായി നിയമിതനായി. തികച്ചും ഗിരവര്‍ഗ്ഗക്കാരുടേതായ ഈ രൂപതിയില്‍ അദ്ദേഹം 21 വര്‍ഷക്കാലം കഠിനാദ്ധ്വാനംചെയ്തിട്ടുണ്ട്. 1998-ലാണ് അദ്ദേഹത്തെ നാഗപൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയായി വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ നിയോഗിച്ചത്. അജപാലന മേഖലയിലെ കീഴ്ത്തട്ടുകാര്‍ക്കും ഗിരിവര്‍ഗ്ഗക്കാര്‍ക്കും പിന്നോക്ക ജനതയ്ക്കുംവേണ്ടിയുള്ള അദ്ദേഹത്തിന്‍റെ സമര്‍പ്പണം കറയറ്റതാണ്.

ജീസസ് യൂത്ത് നവീകരണപ്രസ്ഥാനത്തിന്‍റെ  ആത്മീയപിതാവ്
അതിരൂപതയുടെ സാരഥ്യംവഹിക്കുമ്പോഴും ദേശീയ മെത്രാന്‍ സമിതിയുടെ യുവജന കമ്മിഷനില്‍ അദ്ദേഹം നീണ്ടകാലം സജീവ സേവനംചെയ്തിട്ടുണ്ട്. ഇന്ത്യയുടെ യുവജന അല്‍മായ പ്രസ്ഥാനം “ജീസസ് യൂത്തു”മായി (Jesus Youth) അദ്ദേഹത്തിന് ദീര്‍ഘകാല ബന്ധവും അടുപ്പവും ഉണ്ടായിരുന്നു. കേരളത്തില്‍ പിറവിയെടുത്ത പ്രസ്ഥാനത്തെ ദേശീയ തലത്തിലേയ്ക്കും, പിന്നീട് 2015-ല്‍ പാപ്പാ ഫ്രാന്‍സിസ് ഒരു ആഗോള പൊന്തിഫിക്കല്‍ അല്‍മായ പ്രസ്ഥാനമായും ഉയര്‍ത്തുമ്പോള്‍ ആര്‍ച്ചുബിഷപ്പ് അബ്രാഹത്തിന്‍റെ ആത്മീയനേതൃത്വവും പിതൃസാന്നിദ്ധ്യവും യുവജനങ്ങള്‍ക്ക് ലഭ്യമായിരുന്നു. ആര്‍ച്ചുബിഷപ്പ് അബ്രാഹത്തിന്‍റെ റോമാനഗരത്തിലേയ്ക്കുള്ള അവസാനയാത്രയും പാപ്പാ ഫ്രാന്‍സിസുമായുള്ള കൂടിക്കാഴ്ചയും ജീസസ് യൂത്ത് പ്രസ്ഥാനത്തിന്‍റെ പൊന്തിഫിക്കല്‍ പദവി സ്വീകരിക്കുന്നതിനുള്ള പരിപാടികള്‍ക്കായിരുന്നു.
പ്രസ്ഥാനത്തിനുവേണ്ടി വത്തിക്കാനിലെ പൊതുകൂടിക്കാഴ്ച വേദിയില്‍ പാപ്പായ്ക്ക് നന്ദിസൂചകമായി പൊന്നാടചാര്‍ത്തിക്കൊണ്ടാണ് അന്ന് മനോജ് സണ്ണി, പ്രഫസര്‍ എട്വേര്‍ഡ് എടേഴത്ത് അടക്കമുള്ള അല്‍മായ പ്രമുഖര്‍ക്കൊപ്പം ആര്‍ച്ചുബിഷപ്പ് അബ്രാഹം ഇന്ത്യയിലേയ്ക്ക് സംതൃപ്തിയോടെ മടങ്ങിയത്. മരണംവരെയ്ക്കും ആര്‍ച്ചുബിഷപ്പ് അബ്രാഹം വിരുതകുളങ്ങര  ജീസസ് യൂത്ത് ആഗോളപ്രസ്ഥാനത്തിന്‍റെ സഭാപക്ഷ ആത്മീയ ഉപദേഷ്ടാവായിരുന്നു (Ecclesiatical Adviser).

വൈവിധ്യമാര്‍ന്ന അജപാലനശുശ്രൂഷ
ഭാരതസഭയുടെ ഗോവ-ഗുജറാത്ത്-മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള പശ്ചിമപ്രവിശ്യ കൂട്ടായ്മയുടെ ചെയര്‍മാനായി ആര്‍ച്ചുബിഷപ്പ് വിരുതകുളങ്ങര ദീര്‍ഘകാലം സേവനംചെയ്തിട്ടുണ്ട്. ബാംഗളൂര്‍ സെന്‍റ് ജോണ്‍സ് മെഡിക്കല്‍ കോളെജിന്‍റെ ഉപദേശക സമിതിയംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.  അജപാനമേഖലയിലെല്ലാം അദ്ദേഹം സമര്‍ത്ഥനായ നേതാവും, പ്രചോദകനും, നല്ല ഉപദേഷ്ടാവും ആത്മീയനായകനും ദാര്‍ശനികനും മിഷന്‍പ്രവിശ്യയുടെ വിദ്യാഭ്യാസ വിചക്ഷണനുമായിരുന്നു.

അന്തോമോപചാര ശുശ്രൂഷകള്‍
ആര്‍ച്ചുബിഷപ്പ് വിരുതകുളങ്ങരയുടെ അന്തിമോപചാര ശുശ്രൂഷകള്‍ ഏപ്രില്‍ 23-Ɔο തിയതി തിങ്കളാഴ്ച പ്രാദേശിക സമയം 3.30-ന് വിശുദ്ധ ഫ്രാന്‍സിസ് സാലസിന്‍റെ നാമത്തിലുള്ള നാഗ്പൂര്‍ അതിരൂപതിയുടെ ഭദ്രാസനദേവാലയത്തില്‍ നടത്തപ്പെടുമെന്ന് അതിരൂപതയുടെ കാര്യാലയത്തിന്‍റെ പ്രസ്താവന അറിയിച്ചു.

പൂജ്യപിതാവിന് പ്രണാമം! ആത്മശാന്തി നേരുന്നു!!








All the contents on this site are copyrighted ©.