2018-04-18 12:35:00

പൊതുദര്‍ശന പ്രഭാഷണം: മാമ്മോദീസാ- ക്രീസ്തീയ വിശ്വാസചിഹ്നം


കാര്‍മേഘാവൃതമായിരുന്ന ഒരു ദിനമായിരുന്നു റോമില്‍ ഈ ബുധനാഴ്ച (18/04/18). ഇടയ്ക്ക് ചെറിയ ചാറ്റല്‍ മഴയും ഉണ്ടായിരുന്നു. എന്നിരുന്നാലും വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ   ബസിലിക്കയുടെ അതിവിശാലമായ തുറസ്സായ അങ്കണത്തില്‍ ഫ്രാന്‍സീസ് പാപ്പാ അനുവദിച്ച പ്രതിവാര പൊതുദര്‍ശന പരിപാടിയില്‍ വിവിധരാജ്യക്കാരായിരുന്ന ആയിരങ്ങള്‍ പങ്കുകൊണ്ടു. വെളുത്ത തുറന്ന വാഹനത്തില്‍ പാപ്പാ ചത്വരത്തിലേക്കു കടന്നപ്പോള്‍ ജനസഞ്ചയം കൈയ്യടിച്ചും ആര്‍ത്തുവിളിച്ചും പാപ്പായ്ക്ക് സ്വാഗതമോതി.ചത്വരത്തിലെത്തിയ പാപ്പാ പുഞ്ചിരിതൂകി ഏവര്‍ക്കും  അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് ജനസഞ്ചയത്തിനിടയിലൂടെ വാഹനത്തില്‍ നീങ്ങി. ഇടയ്ക്കിടെ അംഗരക്ഷകര്‍ തന്‍റെ  പക്കലേക്കു എടുത്തുകൊണ്ടുവന്നുകൊണ്ടിരുന്ന പിഞ്ചുകുഞ്ഞുങ്ങളെ പാപ്പാ ആശീര്‍വ്വദിക്കുകയും ചുംബിക്കുകയും, ചെയ്യുന്നുണ്ടായിരുന്നു. പേപ്പല്‍ വാഹനം വേദിക്കരികില്‍ നിശ്ചലമായപ്പോള്‍ പാപ്പാ അതില്‍ നിന്നിറങ്ങി സാവധാനം നടന്ന് വേദിയിലെത്തുകയും റോമിലെ സമയം രാവിലെ 10 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30 ഓടെ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

യേശു പ്രതിവചിച്ചു: സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല. മാംസത്തില്‍ നിന്നു ജനിക്കുന്നതു മാംസമാണ്; ആത്മാവില്‍ നിന്നു ജനിക്കുന്നത് ആത്മാവും.” (യോഹന്നാന്‍റെ സുവിശേഷം 3,5-6)

ഈ വിശുദ്ധഗ്രന്ഥഭാഗം പാരായണംചെയ്യപ്പെട്ടതിനുശേഷം, ജനസഞ്ചയത്തെ സംബോധനചെയ്ത പാപ്പാ കഴിഞ്ഞയാഴ്ച താന്‍ മാമ്മോദീസായെ അധികരിച്ച് ആരംഭിച്ച പ്രബോധന പരമ്പരയില്‍ രണ്ടാമത്തേതായി ക്രൈസ്തവവിശ്വാസത്തിന്‍റെ അടയാളമായി ജ്ഞാനസ്നാനത്തെ അവതരിപ്പിച്ചു..

പാപ്പായുടെ പ്രഭാഷണത്തിന്‍റെ സംഗ്രഹം:

ഈ ഉയിര്‍പ്പുകാലത്തില്‍ നമുക്കു മാമ്മോദീസായെ അധികരിച്ചുള്ള വിചിന്തനം തുടരാം. മാമ്മോദീസായുടെ പരികര്‍മ്മത്തില്‍ നിന്ന് അതിന്‍റെ പൊരുള്‍ പ്രസ്പഷ്ടമാകുന്നു. ആകയാല്‍ മാമ്മോദീസായുടെ പരികര്‍മ്മത്തെക്കുറിച്ചു നമുക്ക് ചിന്തിക്കാം. ഈ തിരുക്കര്‍മ്മത്തില്‍ ഉപയോഗിക്കപ്പെടുന്ന ആംഗ്യങ്ങളും വാക്കുകളും വഴി നമുക്കു ഈ കൂദാശയുടെ വരപ്രസാദവും അതിലടങ്ങിയിരിക്കുന്ന കടമയും ഉള്‍ക്കൊള്ളാന്‍ സാധിക്കും. ഉപരിയുപരി കണ്ടെത്തേണ്ട ഒരു കൂദശയാണ് ഇത്. ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാനയുടെ ആരംഭത്തില്‍ വിശുദ്ധ ജലം തെളിക്കപ്പെടുമ്പോഴും പെസഹാജാഗര തിരുക്കര്‍മ്മവേളയില്‍ ജ്ഞാനസ്നാന വാഗ്ദാനങ്ങള്‍ നവീകരിക്കുമ്പോഴും ഈ കൂദാശയുടെ ഓര്‍മ്മിക്കപ്പെടുകയാണ്. സ്നാനപ്പെട്ടവരുടെ ജീവിതത്തിലുടനീളം കടന്നുപോകുന്ന ഒരു ആദ്ധ്യാത്മിക ചൈതന്യം വാസ്തവത്തില്‍ മാമ്മോദീസാ വേളയില്‍ സംജാതമാക്കപ്പെടുന്നു. സഭയില്‍ ക്രിസ്തുവുമായുള്ള ഐക്യത്തില്‍ ജീവിക്കുക സാധ്യമാക്കിത്തീര്‍ക്കുന്ന ഒരു പ്രക്രിയയ്ക്ക് തുടക്കം കുറിക്കപ്പെടുന്നു.

പ്രാരംഭകര്‍മ്മത്തല്‍ ആദ്യം, തങ്ങളുടെ ശിശുവിന് നല്കാനുദ്ദേശിക്കുന്ന പേര് എന്തെന്ന് മാതാപിതാക്കളോടു ചോദിക്കുന്നു. കാരണം നാമമാണ് ഒരു വ്യക്തിയുടെ അനന്യതയെ സൂചിപ്പിക്കുന്നത്. പേരു പറഞ്ഞാണല്ലൊ നാം നമ്മെത്തന്നെ പരിചയപ്പെടുത്തുക. പേരിന്‍റെ അഭാവത്തില്‍ ഒരുവന്‍ അജ്ഞാതനും അവകാശങ്ങളും കടമകളും ഇല്ലാത്തവനുമായി നിലകൊള്ളുന്നു. ദൈവം നമ്മെ പേരു പറഞ്ഞ് വിളിക്കുന്നു. ജ്ഞാനസ്നാനത്തില്‍ നമുക്കു ലഭിക്കുന്ന നാമം, നാമോരോരുത്തരും ദൈവത്താല്‍ സ്നേഹിക്കപ്പെടുന്ന അനന്യ വ്യക്തിയാണെന്നും നമ്മുടെ ജീവിതത്തിലെ എല്ലാ നിമിഷങ്ങളിലും ആ സ്നേഹത്തോടു പ്രത്യുത്തരിക്കാന്‍ വിളിക്കപ്പെട്ടവരാണെന്നും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. വാസ്തവത്തില്‍, നിരവധിയായ വിളികളും ഉത്തരങ്ങളും കൊണ്ടു ഇഴചേര്‍ക്കപ്പെട്ടതാണ് ക്രിസ്തീയ ജീവിതം. തന്‍റെ സുതനായ യേശുവിനോടു അനുരൂപരായിത്തീരുന്നതിന് ദൈവം നമ്മെ പലപലരീതികളില്‍ വിളിക്കുന്നതിനെക്കുറിച്ച് ഓര്‍മ്മിപ്പിക്കും വിധം, അവിടന്ന്, ആണ്ടുകളു‍ടെ പ്രയാണത്തില്‍ നമ്മുടെ നാമം ഉച്ചരിച്ചുകൊണ്ടിരിക്കുന്നു. ആകയാല്‍ പേരു സുപ്രധാനമാണ്. കുഞ്ഞു ജനിക്കുന്നതിനുമുമ്പു തന്നെ ആ കുഞ്ഞിന്‍റെ പേരിനെക്കുറിച്ച് മാതാപിതാക്കള്‍ ചിന്തിക്കുന്നു.  അതും ഒരു കുഞ്ഞിനെ പ്രതീക്ഷിക്കുന്നതിന്‍റെ  ഭാഗമാണ്.

തീര്‍ച്ചയായും, ക്രിസ്തുവിശ്വാസിയാകുക എന്നത് ഉന്നതത്തില്‍ നിന്നു നല്കപ്പെടുന്ന ഒരു ദാനമാണ്. വിശ്വാസം വിലയ്ക്കു വാങ്ങാനാകില്ല, എന്നാല്‍ അത് യാചിക്കാം, ദാനമായി സ്വീകരിക്കാം. കര്‍ത്താവേ വിശ്വാസദാനം എനിക്കേകണമേ. ഇത് മനോഹരമായ ഒരു പ്രാര്‍ത്ഥനയാണ്.

വാസ്തവത്തില്‍ മാമ്മോദീസാ, ആ വിശ്വാസത്തിന്‍റെ കൂദാശയാണ്. അതു വഴി മനുഷ്യര്‍ പരിശുദ്ധാരൂപിയാല്‍ പ്രബുദ്ധരായി ക്രിസ്തുവിന്‍റെ സുവിശേഷത്തോടു പ്രത്യുത്തരിക്കുന്നു.

ക്രിസ്തീയവിശ്വാസാര്‍ത്ഥികളുടെ, അതായത്, കാറ്റക്കൂമെന്‍സിന്‍റെ പരിശീലനവും മാതാപിതാക്കള്‍ക്കുള്ള പരിശീലനവും അതുപോലെ തന്നെ  മാമ്മോദീസാ പരികര്‍മ്മ വേളയില്‍ ദൈവവചന ശ്രവണവും  സുവിശേഷത്തോടുള്ള ആത്മാര്‍ത്ഥമായ പ്രത്യുത്തരമെന്നോണം  വിശ്വാസം ഉളവാക്കാനും അതിനെ വീണ്ടും ഉണര്‍ത്താനും സഹായകമാകമാണ്.

സഭയില്‍ നിന്ന് ദാനം സ്വീകരിക്കാനുള്ള ആഗ്രഹം മുതിര്‍ന്നവരായ ക്രിസ്തീയ വിശ്വാസാര്‍ത്ഥികള്‍ നേരിട്ട് വെളിപ്പെടുത്തുമ്പോള്‍ കഞ്ഞുങ്ങളെ കൊണ്ടുവരുന്നത് മാതാപിതാക്കളും കുഞ്ഞുങ്ങളുടെ തലോതൊട്ടപ്പനും തലതൊട്ടമ്മയും ചേര്‍ന്നാണ്. കുഞ്ഞിനെ സഭയുടെ വിശ്വാസത്തില്‍ വളര്‍ത്തിക്കൊള്ളാമെന്ന് വാഗ്ദാനം ചെയ്യുന്ന അവര്‍ തുടര്‍ന്ന് ആ ശിശുവിന്‍റെ നെറ്റിയില്‍ കുരിശടയാളം വരയ്ക്കുന്നു. ക്രിസ്തുവിനോടു ചേര്‍ക്കപ്പെടാന്‍ പോകുന്നവന്‍റെ മേല്‍ വയ്ക്കപ്പെടുന്ന ക്രിസ്തുവിന്‍റെ  മുദ്രയെ ആണ്  കുരിശടയാളം ആവിഷ്ക്കരിക്കുന്നത്. തന്‍റെ കുരിശിനാല്‍ ക്രിസ്തു നമുക്കായി നേടിയ രക്ഷയുടെ കൃപയെയും അതു സൂചിപ്പിക്കുന്നു. കുഞ്ഞുങ്ങളെ കുരിശടയാളം വരയ്ക്കാന്‍ പഠിപ്പിക്കുക. കുരിശടയാളം വരയ്ക്കാന്‍ കുഞ്ഞുങ്ങളായരിക്കുമ്പോള്‍ നല്ലവണ്ണം പഠിച്ചാല്‍ മുതിര്‍ന്നു കഴിഞ്ഞാലും  അവര്‍ അതു നന്നായി ചെയ്യും. നാം ആരാകുന്നു, നമ്മുടെ സംസാരവും ചിന്താരീതിയും വീക്ഷണവും പ്രവര്‍ത്തനവും കുരിശടയാളത്തിന്‍ കീഴിലാണെന്ന്, അതായത്, അവസാനം വരെ യേശുവിന്‍റെ സ്നേഹത്തിന്‍റെ അടയാളത്തിന്‍ കീഴിലാണെന്ന് വെളിപ്പെടുത്തുന്ന സവിശേഷ ചിഹ്നമാണ് കുരിശ്. ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോഴും, ഭക്ഷണത്തിനു മുമ്പും, അപകടത്തിനു മുന്നിലും, തിന്മയെ ചെറുക്കുമ്പോഴും, ഉറങ്ങുന്നതിനു മുമ്പും കുരിശടയാളം വരയ്ക്കുകയെന്നാല്‍ അതിനര്‍ത്ഥം നാം ആരുടെയാണ്, എന്തായിരിക്കാനാണ് ആഗ്രഹിക്കുന്നത് എന്ന് നമ്മോടുതന്നെയും മറ്റുള്ളവരോടും പറയുന്നു എന്നാണ്. ആകയാല്‍ നന്നായി കരിശടയാളം വരയ്ക്കാന്‍ കുഞ്ഞുങ്ങളെ അഭ്യസിപ്പിക്കുക സുപ്രധാനമാണ്. ആകയാല്‍ ഞാന്‍ ആവര്‍ത്തിക്കുന്നു, കുരിശടയാളം വരയ്ക്കാന്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കുക. നിങ്ങള്‍ക്കു മനസ്സിലയല്ലോ? നന്ദി.

പാപ്പായുടെ പ്രഭാഷണം അവസാനിച്ചതിനെ തുടര്‍ന്ന് അതിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു.

അമേരിക്കന്‍ ഐക്യനാടുകളില്‍, വാഷിംഗ്ടണില്‍ ഈ മാസം 21 ന് (21/04/18) ലോക ബാങ്കിന്‍റെ വസന്തകാല സമ്മേളനം നടക്കാന്‍ പോകുന്നത് പാപ്പാ അനുസ്മരിക്കുകയും പാവപ്പെട്ടവരുടെ ഉന്നമനം, മാനവാന്തസ്സിനെ ആദരിക്കുന്ന അധികൃത സമഗ്രപുരോഗതി എന്നിവയ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ പരിപോഷിപ്പിക്കുന്നതിന് പ്രചോദനം പകരുകയും ചെയ്തു.

വൈദ്യശാസ്ത്രത്തിന്‍റെ സഹായത്താല്‍ മാത്രം ജീവന്‍ നിലനിറുത്തപ്പെടുന്ന, ഫ്രാന്‍സിലെ വിന്‍സന്‍ ലാംബെര്‍ത്ത്, ഇംഗ്ലണ്ടിലെ നവജാത ശിശു ആല്‍ഫി ഈവന്‍സ്  എന്നിവരെ ഒരിക്കല്‍ കൂടി പ്രത്യേകം അനുസ്മരിച്ച പാപ്പാ ജീവന്‍റെ നാഥന്‍ ദൈവം ആണെന്ന സത്യം ആവര്‍ത്തിച്ചു. അവര്‍ക്കും അതുപോലുള്ള അവസ്ഥയില്‍ കഴിയുന്ന മറ്റുള്ളവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പാപ്പാ എല്ലാവരേയും ക്ഷണിച്ചു.

യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ ഉത്ഥിതനില്‍ ജീവിതത്തിന്‍റെ യഥാര്‍ത്ഥ ഗുരുവിനെ ദര്‍ശിക്കാന്‍ അവരെ ആഹ്വാനം ചെയ്തു.                      

പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.








All the contents on this site are copyrighted ©.