2018-04-16 17:44:00

"വിശ്വാസമാകണം ക്രിസ്ത്വനുഗമനത്തിന്‍റെ പ്രേരണ": മാര്‍പ്പാപ്പ


സാന്താ മാര്‍ത്താ കപ്പേളയില്‍ ഏപ്രില്‍ 16-ാംതീയതി യോഹന്നാന്‍റെ സുവിശേഷത്തില്‍ നിന്നുള്ള വായനയെ അടിസ്ഥാനമാക്കി (യോഹ 6:22-29), നല്‍കിയ വചനസന്ദേശം, "അടയാളങ്ങള്‍ കണ്ടതുകൊണ്ടല്ല, അപ്പം ഭക്ഷിച്ചു തൃപ്തരായതുകൊണ്ടാണ് നിങ്ങള്‍ എന്നെ അന്വേഷിക്കുന്നത്" എന്ന യേശുവചനത്തിനു പ്രത്യേകമായി ഊന്നല്‍ നല്‍കിക്കൊണ്ടുള്ളതായിരുന്നു

"യേശുവിനെ അനുഗമിക്കുന്നത്,  നമുക്കുവേണ്ടി എന്താണ് അവിടുന്ന് ചെയ്തതെന്നു അനുസ്മരിച്ചുകൊണ്ട് അവയ്ക്ക് സ്നേഹത്തോടെ പ്രത്യുത്തരമേകിയായിരിക്കണം. യേശു തനിക്കുവേണ്ടി അത്ഭുതം പ്രവര്‍ത്തിക്കുമോ എന്നു നോക്കിയുള്ള അനുഗമനമായിരിക്കരുത് അത്" എന്ന ഉപദേശത്തോടെ പാപ്പാ തുടര്‍ന്നു: "ഗദറായരുടെ പ്രദേശത്തുകൂടി കടന്നുപോയപ്പോള്‍, യേശു പിശാചുബാധിതനെ സുഖപ്പെടുത്തുകവഴി, ജനത്തിനു പന്നികളെ നഷ്ടമായപ്പോള്‍, അവിടുത്തോട് അവിടം വിട്ടുപോകാന്‍ അവര്‍ ആവശ്യപ്പെട്ടു... പറയുന്നു, നശ്വരമായ അപ്പത്തിനുവേണ്ടി അദ്ധ്വാനിക്കാതെ, നിത്യജീവന്‍റെ അപ്പത്തിനുവേണ്ടി അധ്വാനിക്കുവിന്‍... യേശു പറയുന്നു... എന്തെങ്കിലും നേട്ടങ്ങളുടെ പിന്നാലെയുള്ള പോക്കല്ല അത്. ദൈവവചനം സ്വീകരിച്ച ഹൃദയത്തോടെ, വിശ്വാസപൂര്‍വം ഉള്ള അനുഗമിക്കലായിരിക്കണം നമ്മുടേത്..."

ആദ്യവായനയെ (Acts 6,8-15) വ്യാഖ്യാനിച്ചുകൊണ്ട് പാപ്പാ പറഞ്ഞു: "അനന്തരഫലങ്ങളെ കണക്കു കൂട്ടിക്കൊണ്ടല്ല സ്തേഫാനോസ് യേശുവിനെ അനുഗമിച്ചത്... കല്ലെറിഞ്ഞുകൊല്ലപ്പെട്ടപ്പോഴും, യേശു വിനു സാക്ഷ്യമേകുകയായിരുന്നു അദ്ദേഹം... "

അതുകൊണ്ട് നമ്മുടെ ജീവിതത്തെ, നേട്ടങ്ങള്‍ക്കായുള്ള താല്പര്യത്തില്‍ നിന്നും ശുദ്ധീകരിച്ച് വിശ്വാസത്തില്‍ കാത്തുസൂക്ഷിക്കാന്‍ ഉദ്ബോധിപ്പിച്ചുകൊണ്ടും, അതിനു യോജിച്ച ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ട്, ആത്മശോധയ്ക്കു പ്രേരിപ്പിച്ചുകൊണ്ടുമാണ് പാപ്പാ വചനസന്ദേശം അവസാനിപ്പിച്ചത്.








All the contents on this site are copyrighted ©.