2018-04-14 16:02:00

ദൈവം ആഗ്രഹിക്കുന്ന സ്നേഹത്തിന്‍റെ മൗലികവാദം


പെസഹാക്കാലം മൂന്നാംവാരം ഞായര്‍ - ലൂക്ക 24, 35-48.

1. മരണം
ഇന്നത്തെ സുവിശേഷം വിവരിക്കുന്ന എമാവൂസ് സംഭവം ക്രിസ്തുവിന്‍റെ മരണം, ഉത്ഥാനം, ജീവന്‍ എന്നിവയുടെ പുനരാവിഷ്ക്കരണങ്ങളാണ്. രണ്ടു ശിഷ്യന്മാര്‍ നിരാശരായി തങ്ങളുടെ സാധാരണ ജീവിതങ്ങളിലേയ്ക്ക് മടങ്ങിപ്പോയി. നയിച്ചവനും തങ്ങളുടെ ജീവിതങ്ങളെ കരുപ്പിടിപ്പിച്ചവനും മരിച്ചു. ഇനി രക്ഷയില്ല! പ്രത്യാശ അറ്റും നിരാശരായും അവര്‍ പുറപ്പെട്ടു. അതൊരു മടക്കയാത്രയായിരുന്നു. പൗലോശ്ലീഹാ പറയുന്നതുപോലെ, നാശത്തിന്‍റെ വഴിയിലൂടെ ചരിക്കുന്നവര്‍ക്ക് ക്രിസ്തുവിന്‍റെ കുരിശ് ഉതപ്പും മൗഢ്യവുമായി തോന്നാം (1 കൊറി. 1, 18, 2, 2). ക്രിസ്തു മരിച്ച് അടക്കം ചെയ്യപ്പെട്ടതോടെ അവരുടെ ആശകളും പ്രത്യാശകളും മൂടപ്പെട്ടതുപോലെ..., കുഴിച്ചുമൂടപ്പെട്ടതുപോലെയായി.

ദൈവം എന്തുകൊണ്ട് മനുഷ്യകുലത്തെ കുരിശിന്‍റെ ത്യാഗത്തിലൂടെയും സഹനത്തിലൂടെയും രക്ഷിച്ചുവെന്ന് മനസ്സിലാക്കാന്‍ അവര്‍ക്ക് സാധിക്കാതെ പോയി. ഇന്ന് നമ്മുടെ ഭാവനയില്‍ മെനഞ്ഞെടുക്കുന്ന ദൈവത്തെയും ദൈവങ്ങളെയുമാണ് നമുക്കാവശ്യം! ദൈവികശക്തി മാനുഷികമായ അധികാരത്തിലോ നേട്ടത്തിലോ ശക്തിയിലോ അല്ല, സ്വയാര്‍പ്പണത്തിലും ക്ഷമയിലും സഹത്തിലുമാണെന്ന് മനസ്സിലാക്കാന്‍ നമുക്കു സാധിക്കാതെ പോകുന്നുണ്ട്. അപ്പം മുറിച്ചപ്പോഴാണ് ശിഷ്യന്മാര്‍ ക്രിസ്തുവിനെ തിരിച്ചറി‍ഞ്ഞത്. നമ്മുടെ കാഴ്ചപ്പാടിനെ മറയ്ക്കുകയും, അതിന് മങ്ങലേല്പിക്കുകയും ചെയ്യുന്ന ഹൃദയത്തിലെ മുന്‍വിധിയുടെയും തെറ്റിദ്ധാരണകളുടെയും വിരികള്‍ കീറിമുറിച്ചില്ലെങ്കില്‍ ദൈവത്തിന്‍റെ മുഖകാന്തി നാം എങ്ങനെ ദര്‍ശിക്കും, ഒരിക്കലും ദര്‍ശിക്കുകയില്ല.

2. ഉത്ഥാനം
ഭീതിയുടെയും നിരാശയുടെയും രാവിലാണ് ക്രിസ്തു എമാവൂസിലേയ്ക്കു പോയ രണ്ടുശിഷ്യന്മാരെ തേടിപ്പിടിച്ച്, സമീപിച്ച് അവരോടൊപ്പം നടന്നു നീങ്ങിയത്. തന്നെ തിരിച്ചറിയാതെ പോയവര്‍ക്ക്, വഴിയും സത്യവും ജീവനും താനാണെന്ന് ക്രിസ്തു മനസ്സിലാക്കിക്കൊടുത്തു (യോഹ. 14, 6).  ക്രിസ്തു അവരുടെ നിരാശയെ പ്രത്യാശയും ജീവനുമാക്കി മാറ്റി. മാനുഷികമായ പ്രത്യാശ അറ്റുപോകുമ്പോള്‍ ദൈവികമായ പ്രത്യാശ നമ്മില്‍ ഉദിച്ചുയരണം. മനുഷ്യര്‍ക്ക് അസാദ്ധ്യമായത് ദൈവത്തിന് സാദ്ധ്യമാണ്
(ലൂക്ക 18, 27).

നാം ആരൊക്കെയാണെന്നോ, ഈ ലോകത്തിന്‍റെ കേന്ദ്രമാണെന്നൊക്കെയോ ഉള്ള മിഥ്യബോധം തകരും. നിരാശയും നിസ്സഹായതയും നമ്മെ വിഴുങ്ങും. അപ്പോള്‍ നമ്മുടെ ജീവിതത്തിന്‍റെ സന്ധ്യകളെ പ്രഭാതവും പ്രത്യാശയുമാക്കി മാറ്റാന്‍ ഇതാ, ദൈവം - ക്രിസ്തു നമ്മിലേയ്ക്കു വരുന്നു. ഉത്ഥിതന്‍ നമ്മുടെ ചാരത്തേയ്ക്ക് നടന്നടുക്കുന്നു. നമ്മുടെ ചുവടുകളെ ജീവിതപരിസരങ്ങളുടെ ജരൂസലത്തേയ്ക്ക് അവിടുന്നു തിരിച്ചുവിടും. തിരികെ അനുദിന ജീവിതത്തിലേയ്ക്കും, കുരിശിന്‍റെ വിജയത്തിലേയ്ക്കും പോകാന്‍ നമുക്കു സാധിക്കണം (ഹെബ്ര. 11, 34). അങ്ങനെ ഉത്ഥിതനെ കണ്ടവര്‍ ഉണര്‍വ്വോടും സന്തോഷത്തോടും ആത്മവിശ്വാസത്തോടുംകൂടെ അവിടുത്തെ സാക്ഷികളാകാന്‍ തിരികെപ്പോകുന്നു. അവരുടെ അവിശ്വസ്തതയുടെയും നിരാശയുടെയും പടുകുഴിയില്‍നിന്നും എഴുന്നേല്ക്കാന്‍ ഉത്ഥിതന്‍ അവരെ സഹായിക്കുന്നു. ക്രൂശിതനും ഉത്ഥിതനുമായി നേര്‍ക്കാഴ്ച നടത്തിയവര്‍ തിരുവെഴുത്തുകളുടെയും നിയമത്തിന്‍റെയും പ്രവചനത്തിന്‍റെയും പൂര്‍ണ്ണിമയും അര്‍ത്ഥവും കണ്ടെത്തി. കുരിശിലെ താല്ക്കാലിക പരാജയത്തിന്‍റെ അര്‍ത്ഥവും വിജയവും അവര്‍ കണ്ടെത്തി. ഉത്ഥാനത്തിന്‍റെ സത്യത്തിലേയ്ക്കും അനുഭവത്തിലേയ്ക്കും കുരിശിലൂടെയല്ലാതെ കടക്കുന്നവര്‍ നിരാശരായേക്കാം! മാനുഷികമായ കരുത്തും അധികാരവും സ്വപ്നംകാണുന്ന നമ്മുടെ സങ്കുചിതമായ ദൈവിക സങ്കല്പങ്ങള്‍ ആദ്യം ക്രൂശിക്കപ്പെടാതെ യഥാര്‍ത്ഥ ദൈവത്തെ നമുക്ക് കണ്ടെത്താനാവില്ല.

3. ജീവന്‍
ഉത്ഥിതനായ ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയാണ് നമുക്ക് ജീവന്‍ നല്കുന്നത്. ഉത്ഥിതനിലുള്ള, ഉത്ഥിതനോടുകൂടെയുള്ള ജീവിതമാണ് ക്രൈസ്തവ ജീവിതം. ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുന്നതും, നിര്‍ജ്ജീവവും നിഷ്ഫലവുമായിരുന്ന നമ്മുടെ മനുഷ്യജീവിതങ്ങളെ സജീവവും ഫലവത്തുമാക്കുന്നത്, ഗുണകരമാകുന്നത്. അവിടുന്നാണ്. ഉത്ഥിതനായ ക്രിസ്തുവിലുള്ള വിശ്വാസം സഭയുടെ സൃഷ്ടിയല്ല. കാരണം സഭ ഉത്ഥിതനിലുള്ള വിശ്വാസത്തില്‍നിന്നും ഉടലെടുത്തതാണ്. പൗലോശ്ലീഹാ ഉദ്ബോധിപ്പിക്കുന്നതുപോലെ, ക്രിസ്തു ഉയിര്‍ത്തില്ലായിരുന്നെങ്കില്‍ നമ്മുടെ വിശ്വാസവും പ്രസംഗവുമെല്ലാം വ്യര്‍ത്ഥമായേനേ! (1കൊറി. 15, 14). ഉത്ഥിതനായ ക്രിസ്തു ശിഷ്യന്മാരില്‍നിന്നും മറഞ്ഞുപോയി, ചരിത്രത്തില്‍ പിന്നെയും പ്രത്യക്ഷനായതുപോലെ എന്നും അവിടുത്തോടൊപ്പം കൈപിടിച്ചു നടക്കാന്‍ നമുക്കാവില്ലല്ലോ. “കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍...”. ദിവ്യകാരുണ്യത്തിലും കൂദാശയിലും, വചനത്തിലും ക്രിസ്തു നമ്മോടൊപ്പം ഇന്നും വസിക്കുന്നെന്ന് സഭ ഇനിയും വിശ്വസിക്കണം. എമാവൂസിലേയ്ക്കു പുറപ്പെട്ടുപോയ ശിഷ്യന്മാര്‍ക്ക് ഇതു മനസ്സിലായി. കിട്ടിയ അനുഭവം മറ്റു സഹോദരങ്ങളോട് പങ്കുവയ്ക്കാനാണ് അവര്‍ ജരൂസലേമിലേയ്ക്കു മടങ്ങിയത്. “ഞങ്ങള്‍ ഉത്ഥിതനെ കണ്ടു. അവിടുന്ന് സത്യമായും ഉയിര്‍ത്തെഴുന്നേറ്റു” (ലൂക്ക 24, 32) എന്നവര്‍ പങ്കുവച്ചു, പ്രഘോഷിച്ചു.

4. വിശ്വാസം  സ്നേഹജീവിതമാക്കാം
തെല്ലുപോലും ദൈവത്തെക്കുറിച്ചുള്ള സാന്നിദ്ധ്യാവബോധമോ ഭീതിയോ നമ്മുടെ ഹൃദയങ്ങളിലില്ലാതെ നാം ദേവാലയങ്ങളിലേയ്ക്കോ ധ്യാനകേന്ദ്രങ്ങളിലേയ്ക്കോ ഓടുന്നതുകൊണ്ട് യാതൊരു അര്‍ത്ഥവുമില്ലെന്നാണ് എമാവൂസ് സംഭവം പഠിപ്പിക്കുന്നത്. ദൈവത്തോടുള്ള പ്രാര്‍ത്ഥന സഹോദരങ്ങളിലേയ്ക്ക് തിരിയാന്‍ നമ്മെ സഹായിക്കുന്നില്ലെങ്കില്‍ പ്രാര്‍ത്ഥനകൊണ്ട് വലിയ പ്രയോജനമില്ല. ആഴമായ സ്നേഹവും വിശ്വാസവും ഉദ്ദീപ്തമാക്കാത്ത ആത്മീയത അര്‍ത്ഥശൂന്യമാണ്. ദൈവം നമ്മുടെ ആത്മാവിന്‍റെയും ഹൃദയത്തിന്‍റെയും ഉള്ളറകളെ വീക്ഷിക്കുകയും കാപട്യത്തെ വെറുക്കുകയുംചെയ്യുന്നു. അങ്ങനെയെങ്കില്‍ നാം പുറംമോടിയെക്കുറിച്ച് ആകുലപ്പെടുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത് (1 സാമു. 16, 17, ലൂക്ക 11, 37-54). ദൈവത്തെ സംബന്ധിച്ച് ഞാന്‍ ഒരു അന്ധവിശ്വാസിയോ, കപടഭക്തനോ ആകുന്നതിനെക്കാള്‍ ഭേദം വിശ്വസിക്കാതിരിക്കുന്നതല്ലേ?   

5. എന്തു കൊടുക്കാനാകുമെന്നു ചിന്തിക്കാം!
യഥാര്‍ത്ഥ വിശ്വാസം നമ്മെ കൂടുതല്‍ സ്നേഹമുള്ളവരും കരുണയുള്ളവരും സത്യസന്ധരും മനുഷ്യത്വമുള്ളവരുമാക്കുന്നു.
എന്തു കിട്ടുമെന്നു ചിന്തിക്കാതെ അപ്പോള്‍  സഹോദരങ്ങളെ സ്നേഹിക്കാനും അവര്‍ക്കായ് എല്ലാം പങ്കുവയ്ക്കാനും അവര്‍ സന്നദ്ധരാകും. കീഴ്പ്പെടുത്തേണ്ട ഒരു ശത്രുവായിട്ടല്ല, സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യേണ്ടൊരു വ്യക്തിയും, സഹോദരനും സഹോദരിയുമായിട്ടാണ് അപരനെ നാം കാണേണ്ടത്. കൂട്ടായ്മയുടെയും സംവാദത്തിന്‍റെയും പരസ്പരാദരവിന്‍റെയും സാഹോദര്യത്തിന്‍റെയും സംസ്കൃതി വളര്‍ത്താനും പ്രചരിപ്പിക്കാനും സംരക്ഷിക്കാനും അതു നമ്മെ പ്രചോദിപ്പിക്കുന്നു. നമ്മോടു തെറ്റുചെയ്യുന്നവരോടു ക്ഷമിക്കാനും, വീണവരെ താങ്ങാനും, പാവങ്ങളെ സഹായിക്കാനും, രോഗികളെ പരിചരിക്കാനും, കാരാഗൃഹവാസികളെ സന്ദര്‍ശിക്കാനും, നഗ്നരെ ഉടുപ്പിക്കാനും, ദാഹിക്കുന്നവര്‍ക്ക് കുടിക്കാന്‍ കൊടുക്കാനും, പ്രായമായവരെ സഹായിക്കാനും, ആവശ്യത്തിലായിരിക്കുന്നവരെ പരിഗണിക്കാനുമുള്ള കരുത്ത് നമുക്കതു നല്കുന്നു (മത്തായി 25).

6. സ്വീകാര്യമായ ഏകമൗലികവാദം!
അങ്ങനെ നമ്മുടേത് എന്നപോലെതന്നെ അപരന്‍റെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സഹായിക്കുന്നതായിരിക്കണം യഥാര്‍ത്ഥമായ വിശ്വാസം. വിശ്വാസത്തിലും അറിവിലും നാം എത്രത്തോളം വളരുന്നുവോ, അത്രത്തോളം  നമ്മുടെ കുറവുകളെക്കുറിച്ച് അവബോധമുള്ളവരുമായി നാം എളിമയില്‍ വളരും. പ്രിയ സഹോദരങ്ങളേ, ജീവിതംകൊണ്ട് പ്രഘോഷിക്കുന്ന വിശ്വാസത്തിലാണ് ദൈവം സംപ്രീതനാകുന്നത്. വിശ്വാസികളില്‍ ഉണ്ടാകേണ്ട ഏകമൗലികവാദം ഉപവിയുടേതാണ്, സ്നേഹത്തിന്‍റേതാണ്. മറ്റേതു വിധത്തിലുമുള്ള മൗലികവാദവും ദൈവം സ്വീകരിക്കുന്നില്ല, അവിടുന്ന് അതില്‍ സംപ്രീതനല്ല! അതിനാല്‍ നമ്മുടെ അനുദിന ജീവിതത്തിന്‍റെ ജരൂസലേമിലേയ്ക്ക് - കുടുംബത്തിന്‍റെയും തൊഴിലിന്‍റെയും നാടിന്‍റെയും ജീവിത പരിസരങ്ങളിലേയ്ക്ക് എമാവൂസിലെ ശിഷ്യന്മാരെപ്പോലെ തിരികെ പോകാം. ഉത്ഥിതനായ ക്രിസ്തുവിന്‍റെ വെളിച്ചത്തിലേയ്ക്ക് ഹൃദയങ്ങള്‍ തുറക്കാം. ജീവിതത്തിന്‍റെ അനിശ്ചിതത്ത്വത്തെയും നിരാശയെയും നഷ്ടബോധത്തെയും ക്രിയാത്മകവും ഗുണകരവുമായ ശക്തിയാക്കി അവിടുന്നു മാറ്റട്ടെ. ശത്രുവിനെയും മിത്രത്തെയും ഒരുപോലെ സ്നേഹിക്കുന്നതില്‍ ഭയപ്പെടരുത്. കാരണം വിശ്വാസിയുടെ ശക്തിയും ഉള്‍ക്കാമ്പും സ്നേഹജീവിതത്തിലാണ്!

ഭയവിഹ്വലരായിരുന്ന അപ്പസ്തോലക്കൂട്ടായ്മയ്ക്ക് തുണയായ പരിശുദ്ധ കന്യകാനാഥ
നമ്മുടെ ജീവിതവഴികളെ നയിക്കട്ടെ പ്രകാശിപ്പിക്കട്ടെ!
All the contents on this site are copyrighted ©.