2018-04-13 13:16:00

കുടിയേറ്റം സുസ്ഥിര വികസനത്തിന് -ആര്‍ച്ച്ബിഷപ്പ് ഔത്സ


സമുചിതം കൈകാര്യംചെയ്യപ്പെടുന്ന കുടിയേറ്റം സുസ്ഥിര വികസനത്തിന് സംഭാവനയേകുമെന്ന് ആര്‍ച്ച്ബിഷപ്പ് ബെര്‍ണ്ണര്‍ദീത്തൊ ഔത്സ.

ഐക്യരാഷ്ട്രസഭയുടെ വിവിധവിഭാഗങ്ങളില്‍ ഒന്നായ ജനസംഖ്യ, വികസനം എന്നിവയ്ക്കായുള്ള സമിതിയുടെ അമ്പത്തിയൊന്നാം യോഗത്തെ അമേരിക്കന്‍ ഐക്യനാടുകളിലെ ന്യുയോര്‍ക്കില്‍, ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത്, സംബോധനചെയ്യുകയായിരുന്നു പരിശുദ്ധസിംഹാസനത്തിന്‍റെ പ്രതിനിധിയായ അദ്ദേഹം.

ഐക്യരാഷ്ട്ര സംഘടനയില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനാണ് ആര്‍ച്ച്ബിഷപ്പ് ബെര്‍ണ്ണര്‍ദീത്തൊ ഔത്സ.

ആനന്ദം, കൂടുതല്‍ അവസരങ്ങള്‍, മെച്ചപ്പെട്ട ജീവിതം എന്നിവയ്ക്കായുള്ള നൈസര്‍ഗ്ഗികമായ മാനവാഭിവാഞ്ഛയുടെ സാക്ഷിപത്രമാണ് കുടിയേറ്റം എന്ന് അദ്ദേഹം പ്രസ്താവിച്ചു.

സ്വദേശത്ത് സമാധാനത്തോടും സുസ്ഥിതിയോടും സുരക്ഷിതത്വത്തോടും ജീവിക്കാന്‍ ഒരോ വ്യക്തിക്കുമുള്ള അവകാശം ഉറപ്പുവരുത്തുന്നതില്‍ നിന്നു തുടങ്ങുന്നു അന്താരാഷ്ട്ര കുടിയേറ്റത്തോടുള്ള യഥാര്‍ത്ഥ മാനവകേന്ദ്രീകൃത സമീപനമെന്ന ന്യുയോര്‍ക്ക് പ്രഖ്യാപനത്തിന്‍റെ വാക്കുകള്‍ ആര്‍ച്ച്ബിഷപ്പ് ഔത്സ അനുസ്മരിച്ചു.

അന്താരാഷ്ട്ര കുടിയേറ്റത്തിന് പ്രേരപ്പിക്കുന്നതായ ദാരിദ്ര്യം അസമത്വം എന്നീ വിപത്തുകള്‍ക്കെതിരായ പോരാട്ടം ഈ ഉത്തരവാദിത്വനിര്‍വ്വഹണത്തില്‍ സര്‍വ്വപ്രധാനമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.  

 








All the contents on this site are copyrighted ©.