2018-04-12 09:36:00

ബുദ്ധപൂര്‍ണ്ണിമയും അഴിമതിവിരുദ്ധ സന്ദേശവും


അഴിമതിക്കെതിരെ പോരാടണമെന്ന്, ബുദ്ധമതക്കാരുടെ വൈശാഖ് ദിനത്തില്‍ അല്ലെങ്കില്‍ ബുദ്ധപൂര്‍ണ്ണിമ ദിനത്തില്‍ വത്തിക്കാന്‍റെ സന്ദേശം ഉദ്ബോധിപ്പിച്ചു. മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലാണ് അനുവര്‍ഷം വൈശാഖ് ദിനത്തില്‍ സന്ദേശം പ്രസിദ്ധപ്പെടുത്തുന്നത്. ബൗദ്ധമതസ്ഥരും ക്രൈസ്തവരും കൈകോര്‍ത്ത് അഴിമെതിക്കെതിരെ പോരാടണമെന്ന ശീര്‍ഷകത്തിലാണ് വത്തിക്കാന്‍റെ ഈവര്‍ഷത്തെ സന്ദേശം പുറത്തുവന്നത്. ശ്രീ ബുദ്ധദേവന്‍റെ ജന്മത്തിന്‍റെയും ബോധോദയത്തിന്‍റെയും ഓര്‍മ്മയാചരണമാണ് ബുദ്ധപൂര്‍ണ്ണിമ അല്ലെങ്കില്‍ വൈശാഖി.  ഭാരതത്തില്‍ മെയ് മാസത്തിലെ വിവിധ ദിനങ്ങളിലും പ്രത്യേകിച്ച 5-മുതല്‍ 29-വരെ തിയതികളിലാണ് വൈശാഖി ആചരിക്കപ്പെടുന്നത്.
രാജ്യാന്തരതലത്തില്‍ യുഎന്‍ വേശാഖി ആചരിക്കുന്നത് ഡിസംബര്‍ 9-നാണ്.

അഴിമതി പാപമാണെന്നും, അതിനെതിരായ പുണ്യമാണ് സേവനമെന്നും സന്ദേശം ആമുഖമായി പ്രസ്താവിച്ചു. മനസ്സിന്‍റെ സമഗ്രതയും സമനിലയും തെറ്റിക്കുന്ന ഈ പാപം മാനവികതയ്ക്ക് ഏറെ യാതനകള്‍ വരുത്തിവയ്ക്കുന്നുണ്ട്. അങ്ങനെ അഴിമതിമൂലം സമൂഹം ആകമാനം വേദനിക്കുകയും വ്യസനിക്കുകയും ചെയ്യുന്നു.

മനുഷ്യന്‍റെ അഹങ്കാരവും ധിക്കാരവുമാണ് അഴിമതിക്ക് അടിത്തറയാകുന്നത്. വിഹിതമല്ലാത്തത് കൈക്കലാക്കുന്നതാണ് അഴിമതി. അഴിമതിയുടെ സമ്പത്ത് അവിഹിതമാകയാല്‍ അത് അനധികൃതവുമാണ്. അതിനാല്‍ അത് പൂഴ്ത്തിവയ്ക്കപ്പെടുന്നു, പങ്കുവയ്ക്കപ്പെടുകയില്ല. കുറെപ്പേര്‍ അത് സ്വാര്‍ത്ഥമായി ഉപയോഗിക്കുന്നു. അവിഹിതമായി സ്ഥാനം പിടിച്ചുപറ്റുന്ന വ്യക്തികള്‍ പ്രസ്ഥാനത്തെ തളര്‍ത്തും, നശിപ്പിക്കും.

വ്യക്തിതലത്തില്‍ തുടങ്ങുന്ന അഴിമതിയാണ് സാമൂഹികതലത്തില്‍ വളര്‍ന്ന് ദേശീയതലത്തില്‍ എത്തുന്നത്. ഉന്നതതലത്തിലുള്ള അഴിമതി ദേശീയ സമ്പത്തിക വ്യവസ്ഥിതിയെ ബാധിക്കുന്നു. അത് പ്രസ്ഥാനങ്ങളിലും പൊതുമേഖലകളിലും നഷ്ടങ്ങള്‍ വരുത്തിവയ്ക്കുന്നു. മേന്മയില്ലാത്ത പ്രവര്‍ത്തന ഫലങ്ങളും തരംതാണ ഉല്പന്നങ്ങളും മായംചേര്‍ന്ന ഭക്ഷ്യവസ്തുക്കളുമെല്ലാം അഴിമതിക്കാരുടെ സമൂഹത്തിനുള്ള നീചമായ സംഭാവനയാണ്.

പരിസ്ഥിതി വിനാശത്തിനും അഴിമതി കാരണമാക്കും. അതുപോലെ സമൂഹത്തിന്‍റെയും വ്യക്തികളുടെയും മനഃസ്സമാധാനം അവര്‍ കെടുത്തുനും, ആരോഗ്യത്തിനും സുരക്ഷയ്ക്കും അഴിമതി ഭീഷണിയായി മാറും. അങ്ങനെ രാഷ്ട്രത്തിന്‍റെയും പ്രസ്ഥാനങ്ങളുടെയും സമഗ്രത നശിപ്പിക്കുന്നവരാണ് അഴിമതിയുടെ എല്ലാവക്താക്കളും. അങ്ങനെയുള്ളവരെ തടയാനും തിരുത്താനം ക്രൈസ്തവരും ബുദ്ധമതക്കാരും കൈകോര്‍ത്തു പ്രവര്‍ത്തിക്കുകയും ചിന്തിക്കുകയും സംവദിക്കുകയും ചെയ്യുന്ന ദിനമാകട്ടെ വൈശാഖി! ആശംസയോടെയാണ് സന്ദേശം ഉപസംഹരിക്കപ്പെട്ടത്.

മതാന്തര സംവാദങ്ങള്‍ക്കുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ഷോണ്‍ ലൂയി ട്യുറാനാണ് വത്തിക്കാന്‍റെ പേരില്‍ വേശാഖ് സന്ദേശം പ്രബോധിപ്പിച്ചിരിക്കുന്നത്.
 








All the contents on this site are copyrighted ©.