2018-04-12 12:42:00

DOCAT ​LXII​: “ബിസിനസ്സും നീതിയും ''


ക്ഷേമവും നീതിയും എല്ലാവര്‍ക്കും എന്നു ശീര്‍ഷകത്തിലുള്ള ഡുക്യാറ്റിന്‍റെ ഏഴാമധ്യായത്തില്‍ നിന്ന് 183 മുതലുള്ള ആറു ചോദ്യങ്ങളാണ് സഭാദര്‍ശനം പരിപാടിയിലുള്ളത്.  സാമ്പത്തിക പ്ര വര്‍ത്തനത്തില്‍ യൂണിയനുകളും സംഘടനകളും എന്തിന്? അവയുടെ പ്രസക്തിയും ധര്‍മവുമെ ന്ത്? ബിസിനസ്സ് എന്ന സാമ്പത്തികപ്രക്രിയ. മാനവകുലത്തിനു ചെയ്യുന്ന നന്മയും ആ പ്രവര്‍ത്ത നത്തില്‍ കടന്നുകൂടാവുന്ന സ്വാര്‍ഥലക്ഷ്യങ്ങള്‍ ഏവ? എന്നിവയെ അധികരിച്ചുള്ള പ്രബോധനങ്ങള്‍ ഇവിടെ വിശകലനം ചെയ്യപ്പെടുന്നു

സഭയുടെ സാമൂഹികപ്രബോധനങ്ങള്‍, സാമ്പത്തികപ്രവര്‍ത്തനത്തിലെ വ്യത്യസ്ത വിഭാഗങ്ങള്‍ക്ക് തങ്ങളുടെ അവകാശങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ബലമേകുന്നവിധത്തിലുള്ള സംഘടന രൂപീകരിക്കുന്നതിന് അനുകൂലമായി പഠിപ്പിക്കുന്നുണ്ട്.  ഈ യൂണിയനുകളും കൂട്ടായ്മകളും ഐക്യ ദാര്‍ഢ്യം സൃഷ്ടിക്കുന്നതിനാല്‍, അവ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്ന് ഇവിടെ ആദ്യ ചോദ്യത്തിന് ഉത്തരം നല്‍കുന്നു

ചോദ്യം 183: ഗ്രൂപ്പുകള്‍, യൂണിയനുകള്‍, ഫൗണ്ടേഷനുകള്‍, സംഘടനകള്‍ എന്നിവയുടെ ധര്‍മം എന്താണ്?

സ്വകാര്യ വ്യക്തികള്‍ നടത്തുന്ന ലാഭരഹിതസ്ഥാപനങ്ങളുണ്ട്. പൊതുതാല്‍പ്പര്യമുള്ള ലക്ഷ്യ  ങ്ങള്‍ക്കായി അവ പരിശ്രമിക്കുന്നു.  സ്പോര്‍ട്സ് ക്ലബുകള്‍, റീജിയണല്‍ അസോസിയേഷനുകള്‍, പരിസ്ഥിതി സംരക്ഷണ ഗ്രൂപ്പുകള്‍, മതപരമായ സംഘടനകള്‍ മുതലായവ അത്തരം സ്ഥാ പനങ്ങളാണ്.  അവ സഹകരണപരമായ പ്രവര്‍ത്തനത്തിന്‍റെ രൂപങ്ങളാണ്.  അവയുടെ വേരു കള്‍ സിവിള്‍ സമൂഹത്തിലാണ്.  അവ ഐക്യദാര്‍ഢ്യം സൃഷ്ടിക്കുന്നു.  സമൂഹത്തെ സംബന്ധി ച്ചിടത്തോളം വളരെ പ്രധാനപ്പെട്ടവയുമാണ്.  സ്റ്റേറ്റ് അതിന്‍റെ നിയമങ്ങളിലും നികുതിപരമായ നയങ്ങളിലും അവയെ വളര്‍ത്തുകയും സംരക്ഷിക്കുകയും വേണം.

സുവിശേഷത്തിന്‍റെ സന്തോഷം എന്ന രേഖ ഇക്കാര്യം ഇങ്ങനെ വിശദീകരിച്ചു പഠിപ്പിക്കുന്നു: “മിക്കവാറും യുവജനങ്ങളുള്ള അസോസിയേഷനുകളുടെയും പ്രസ്ഥാനങ്ങളുടെയും ഉത്ഭവവും വളര്‍ച്ചയും പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനങ്ങളായി കാണാവുന്നതാണ്.  അവിടുന്ന് അവരുടെ പ്രതീക്ഷകള്‍, അഗാധമായ ആധ്യാത്മികത, സ്വന്തമായിരിക്കുന്നതിന്‍റെ ഉപരിയായ ബോധം എന്നി വ സഫലമാക്കാനുള്ള വഴികള്‍ പരസ്യമാക്കുന്നു.  എന്നാലും ഈ അസോസിയേഷനുകള്‍ സഭയു ടെ പൊതുവായ അജപാലനപരിശ്രമങ്ങളില്‍ സജീവമായി പങ്കെടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക ആവശ്യമാണ്” (105).

“ഒന്നിച്ചുനിന്നാല്‍ നമുക്കു ചെയ്യാന്‍ കഴിയാത്തതായി ഒന്നുമുണ്ടാവില്ല. എന്നാല്‍ ഭിന്നിച്ചു നിന്നാലോ, ചെയ്യാന്‍ കഴിയുന്നതായും ഒന്നുമുണ്ടാവില്ല” എന്ന്  യു.എസ്. പ്രസിഡന്‍റായിരുന്ന ജോണ്‍ എഫ് കെന്ന‍ഡി പറഞ്ഞിരിക്കുന്നത് ഇവിടെ ശ്രദ്ധേയമാണ്.

തൊഴിലും കൂട്ടായ്മയുടെ അനുഭവവും എത്ര പ്രസക്തമാണെന്നു മനസ്സിലാക്കാന്‍ ആല്‍ബര്‍ട്ട് ഷ്വൈറ്റ്സറിന്‍റെ വാക്കുകള്‍ തികച്ചും ഉചിതമാണ്. അദ്ദേഹം പറയുന്നു: “ഒരു തൊഴില്‍ തെരഞ്ഞെടുക്കുക, ശ്രദ്ധിക്കപ്പെടാത്ത തൊഴില്‍... നിങ്ങള്‍ കണ്ണു തുറന്ന്, കുറച്ചു സമയം കുറച്ചു സൗഹൃദം, കുറച്ചു കൂട്ടുകെട്ട്, ചെറിയ ഒരു ജോലി എന്നിവ ആവശ്യമുള്ള മറ്റൊരു മനുഷ്യനെ അന്വേഷിക്കുക. അയാള്‍ ദുഃഖിക്കുന്നു. രോഗിയായ, സുന്ദരനല്ലാത്ത വ്യക്തിയായിരിക്കും അയാള്‍.  അയാള്‍ക്കായി നിങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍കഴിയും. അതുമല്ലെങ്കില്‍ നല്ലൊരു കാര്യത്തിന് സന്നദ്ധസേവകരെ ആവശ്യമായിരിക്കും...  മറ്റു മനുഷ്യര്‍ക്കുവേണ്ടി ഒരു മനുഷ്യനെപ്പോലെ പ്രവര്‍ത്തിക്കാനുള്ള ഒരു ഉപപാതയാണത്.  നിന്നെ കാത്തിരിക്കുന്ന ഒരാളുണ്ട്, നീ യഥാര്‍ഥത്തില്‍ അത് ആഗ്രഹിക്കു ന്നുണ്ടെങ്കില്‍” (ആല്‍ബര്‍ട്ട് ഷ്വൈറ്റ്സര്‍, 1875-1975).

ബിസിനസ്സ് എന്ന പദം ഒട്ടൊക്കെ നിഷേധാത്മകമായി നാം ഉപയോഗിക്കാറുണ്ട്. അതു പണമുണ്ടാക്കാനുള്ള ഒരുപാധിയാണ്. അവിടെ ധാര്‍മികതയും സ്നേഹവുമില്ല എന്നൊക്കെയുള്ള ചിന്തകള്‍ സാധാരണമാണ്.  എന്നാല്‍ അതിലൂടെ കൈവരുന്ന പൊതുനന്മയെ കുറിച്ചും നാം ചിന്തിക്കേണ്ടതുണ്ട്.   പൊതുനന്മയ്ക്കെതിരായ പ്രവര്‍ത്തനങ്ങളെ ബിസിനസ്സില്‍ പ്രോത്സാഹിപ്പിക്കാതിരിക്കുന്നതിനും അതേറ്റവും ആവശ്യമാണ്.  എന്താണ് ബിസിനസ്സ് എന്നും അതു കൈവരുത്തുന്ന പൊതുനന്മ എന്തെന്നും തുടര്‍ന്നുള്ള ചോദ്യങ്ങള്‍ വിശകലനം ചെയ്യുന്നു. 

ചോദ്യം 184: എന്താണ് ബിസിനസ്സ്?

ഉപകരണങ്ങള്‍, സ്ഥലസൗകര്യം, പണം മുതലായവ ആവശ്യമുള്ള ഉത്പാദനത്തിന്‍റെ യൂണിറ്റാണ് ബിസിനസ്സ്.  വ്യക്തികളുടെ ഒരു സൊസൈറ്റിയാണത് (ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ, CA 43).  ബിസിനസ്സ് ആളുകള്‍ക്ക് നല്ല സാധനങ്ങള്‍ നല്‍കണം.  യഥാര്‍ഥത്തില്‍ സേവനംചെയ്യുന്ന ശുശ്രൂഷകളും നല്‍കണം. ഒരു നല്ല ബിസിനസ്സ് സ്ഥാപിക്കുകയെന്നത് അസാധാരണമായ ധീരതയും പ്രചോ ദനാത്മകമായ സര്‍ഗാത്മകതയും ഉയര്‍ന്ന ഉത്തരവാദിത്വബോധവും ആവശ്യമുള്ള കാര്യമാണ്.

ഓരോരുത്തര്‍ക്കും ഓരോ ദൗത്യം ദൈവം കൊടുക്കുന്നുണ്ട്. ദൈവിക പ്രചോദനം വിവേചിച്ചറിഞ്ഞുകൊണ്ടു നാം പ്രവര്‍ത്തിക്കേണ്ടതുണ്ട്.  നന്മപ്രവൃത്തികളെക്കുറിച്ച് നമ്മുടെ കണക്കുകൂട്ടലുകളില്‍ ദൈവികപദ്ധതി തിരിച്ചറിയുക പ്രധാനമാണ്.  ഇവിടെ, ക്രിസ്റ്റഫര്‍ കൊളൊംബസിനോടു പറയുന്നുവെന്ന് സങ്കല്പിച്ചുകൊണ്ട് ഉദ്ധരിച്ചിരിക്കുന്ന ബില്‍ ഗേറ്റിന്‍റെ വാക്കുകള്‍, രസകരമെങ്കിലും ഏറെ ചിന്തനീയമാണ്.  അദ്ദേഹം പറയുന്നു: "ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങള്‍ യുദ്ധം, പട്ടിണി, ദാരിദ്ര്യം, കുറ്റ കൃത്യങ്ങള്‍, പരിസ്ഥിതിപരമായ മലിനീകരണം, രോഗങ്ങള്‍, അനക്ഷരത, വര്‍ഗീയവാദം, എന്നീ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നതുവരെ, ക്രിസ്റ്റഫര്‍! നീ ഇവിടെ താമസിക്കുക.  കണ്ടുപിടുത്തത്തിനുള്ള നിന്‍റെ യാത്രയ്ക്കു കുറെക്കൂടി കാത്തിരിക്കുക എന്ന് കൊളൊംബസിനോട് ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ നാം ഇന്ന് എവിടെയാകുമായിരുന്നു?" 

ബിസിനസ്സ് തുടങ്ങുന്നതിനും ഏറെ ധൈര്യവും സര്‍ഗാത്മകതയും ആവശ്യമാണ്. അതുളവാക്കുന്ന പൊതുനന്മയും ഒരുതരത്തില്‍ പറഞ്ഞാല്‍ പരിധിയില്ലാത്തതാണ്.

ചോദ്യം 185: നല്ല ഒരു ബിസിനസ്സ് ഏതെല്ലാം മാനുഷികഗുണങ്ങളെ പോറ്റിവളര്‍ത്തുന്നുണ്ട്?

നന്നായി കൈകാര്യം ചെയ്യപ്പെടുമ്പോള്‍ ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ തൊഴിലാളിയുടെ മഹത്വത്തെ വര്‍ധിപ്പിക്കും.  ഐക്യദാര്‍ഢ്യം, പ്രായോഗികജ്ഞാനം, നീതി, ശിക്ഷണം മുതലായ അനേകം സദ്ഗുണങ്ങളുടെ വികസനത്തെ വര്‍ധിപ്പിക്കുകയും ചെയ്യും.  കുടുംബം സമൂഹത്തിന്‍റെ പ്രഥമവിദ്യാലയമായിരിക്കുമ്പോള്‍, ബിസിനസ്സ് മറ്റുള്ള അനേകം സാമൂഹിക സ്ഥാപനങ്ങളെപ്പോലെ ജനങ്ങളെ സദ്ഗുണം പഠിപ്പിക്കല്‍ തുടരുന്നു (നീതിക്കും സമാധാനത്തിനുംവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍, “ബിസിനസ് നേതൃത്വത്തിന്‍റെ വിളി”).

ചോദ്യം 186: സാമ്പത്തികത മനുഷ്യത്വത്തിന്‍റെ സ്ഥലവും വിദ്യാലയവും ആകുന്നത് എന്തുകൊണ്ട്?

അനേകം തൊഴിലാളികളും തൊഴില്‍ ദായകരും കടമ ആവശ്യപ്പെടുന്നതിനെക്കാള്‍ വളരെയേറെ ജോലി ചെയ്യുന്നുണ്ട്. അവര്‍ അതു ചെയ്യുന്നത് ഉത്തരവാദിത്വബോധംകൊണ്ടും തങ്ങളുടെ ജോലിയോടുള്ള സ്നേഹംകൊണ്ടും അവരുടെ സേവനത്തില്‍ ആശ്രയിക്കുന്ന ജനങ്ങളോടുള്ള സ്നേഹം കൊണ്ടുമാണ്.  തൊഴിലുടമകള്‍ പോലും ലാഭത്തെ ലക്ഷ്യം വച്ചുകൊണ്ട് എപ്പോഴും പ്രവര്‍ത്തിക്കുന്നില്ല.  മുതല്‍മുടക്കുകള്‍ മിക്കപ്പോഴും ഔദാര്യത്തിന്‍റെ പ്രവൃത്തിയാണ്.  കാരണം, മുതല്‍മുടക്കുകയെന്നതിന്‍റെ അര്‍ഥം പെട്ടെന്നുള്ള ഉപഭോഗം ഉപേക്ഷിക്കുകയും തൊഴിലുകള്‍ സൃഷ്ടിക്കാന്‍ വേണ്ടി ഫണ്ടുകള്‍ ഉപയോഗിക്കുകയും ചെയ്യുകയെന്നതാണ്. കൂടാതെ, കൂടുതല്‍ കൂടുതല്‍ ആളുകള്‍ ലാഭരഹിത സംഘടനകളെന്നു വിളിക്കപ്പെടുന്ന സംഘടനകളില്‍ ജോലി ചെയ്യുന്നുണ്ട്.  അവ സംരംഭപരമായ ചൈതന്യത്തില്‍ സാമൂഹിക ലക്ഷ്യങ്ങള്‍ക്കായി പരിശ്രമിക്കുന്നവയാണ്.  സന്നദ്ധ സേവകരും പരസ്നേഹത്താല്‍ പ്രചോദിതമായ തൊഴിലിന്‍റെ മറ്റൊരു രൂപമാണ്.

ബിസിനസ്സിലെ വിജയവും നീതിയും ചിന്താവിഷയമാക്കുന്നവയാണ് അടുത്ത രണ്ടു ചോദ്യങ്ങളുടെ ഉത്തരങ്ങള്‍

ചോദ്യം 187:  എപ്പോഴാണ് ഒരു ബിസിനസ്സ് നന്നായി പ്രവര്‍ത്തിക്കുന്നത്?

വിജയം അടങ്ങിയിരിക്കുന്നത് ഒന്നാമതായി ലാഭം കാര്യക്ഷമമായി സമ്പാദിക്കുന്നതില്‍ മാത്രമല്ല.  ഒരു ബിസിനസ്സ് മറ്റുള്ളവര്‍ക്കും സമൂഹത്തിനും വേണ്ടി നന്മയുള്ള, എന്തെങ്കിലും സ്ഥിരതയോടെ സൃഷ്ടിക്കുമ്പോള്‍ അതു നല്ലതാണ്.  സ്റ്റേറ്റ് നിയമപരമായ ചട്ടക്കൂടു നിര്‍മിക്കുന്നു.  ഒരു ബിസിനസ്സ് അതിന്‍റെ ലാഭത്തില്‍ നിന്നുമാത്രം സംഭാവനകള്‍ നല്‍കുന്നത് മതിയാവുകയില്ല.  സുപ്രധാനമായ കാര്യം നീതിപൂര്‍വകമായും മാനുഷികമായും സാമൂഹികമായും പരിസ്ഥിതി പരമായും ബോധപൂര്‍വകമായ രീതിയിലും പ്രവര്‍ത്തിക്കുകയെന്നതാണ്.  അതാകട്ടെ, സാമ്പത്തിക പ്രവര്‍ത്ത നത്തിനുള്ളില്‍ തന്നെ ബോധപൂര്‍വം ഉള്ളതാണ്.  ബിസിനസ്സിന്‍റെതന്നെ പ്രക്രിയകളുടെയും ലക്ഷ്യങ്ങളുടെയും കേന്ദ്രത്തില്‍ നിലകൊള്ളുന്നതുമാണ്.

ചോദ്യം 188:  ബിസിനസ്സില്‍ ഒരാള്‍ എങ്ങനെ നീതിപൂര്‍വം പ്രവര്‍ത്തിക്കുന്നു?

സാമ്പത്തിക പ്രവര്‍ത്തനത്തില്‍ അപരന് അവകാശപ്പെട്ടത് കൊടുക്കുന്നതുവഴി ഒരുവന്‍ നീതി പൂര്‍വം പ്രവര്‍ത്തിക്കുന്നു.  ഇതു പ്രധാനമായും അടങ്ങിയിരിക്കുന്നത് ഉടമ്പടികള്‍ വിശ്വസ്തതാ പൂര്‍വം നിര്‍വഹിക്കുന്നതിലും എഗ്രിമെന്‍റുകളെ ആദരിക്കുന്നതിനും വസ്തുക്കള്‍ കൃത്യസമയത്ത് നല്‍കുന്നതിനും സമ്മതിച്ച സമയത്തിനുള്ളില്‍തന്നെ വില കൊടുക്കുന്നതിലുമാണ്.  കരാറുകള്‍ നീതി പൂര്‍വകമായിരിക്കുന്നതിനു സ്വതന്ത്രമായി അവയില്‍ ഏര്‍പ്പെടണം.  വഞ്ചനയോ, ഭയമോ, നിര്‍ബന്ധമോ കൂടാതെ അതില്‍ ഏര്‍പ്പെടണമെന്നര്‍ഥം.  വ്യാപാര ഇടപാടു നടത്തുന്ന കൂടുതല്‍ ശക്തനായ പങ്കാളി എന്ന നിലയില്‍ ഒരുവന്‍ താന്‍ നല്‍കുന്ന വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ നിര്‍ബന്ധം ചെലുത്തുന്നെങ്കില്‍ അയാള്‍ നീതിയില്ലാത്തവനായി മാറുന്നു.

ബെനഡിക്ട് പതിനാറാമന്‍ പാപ്പാ പ്രബോധിപ്പിക്കുന്നതുപോലെ, “സൗഹൃദം, ഐക്യദാര്‍ഢ്യം, പാരസ്പര്യം എന്നിവയുടെ നിര്‍വ്യാജമായ മാനുഷിക സാമൂഹികബന്ധങ്ങളും സാമ്പത്തിക പ്രവര്‍ത്തനത്തിന്‍റെ പുറമേ മാത്രമല്ല, അതിനുശേഷവുമല്ല, ആ പ്രവര്‍ത്തനത്തില്‍ തന്നെ നടപ്പാക്കാന്‍ കഴിയുമെന്ന് സഭയുടെ സാമ്പത്തികസിദ്ധാന്തം അഭിപ്രായപ്പെടുന്നു” (CiV 36). പാപ്പായുടെ ഈ പ്ര ബോധനത്തോടു യോജിച്ചുപോകുന്ന ബിസിനസ്സ് തീര്‍ച്ചയായും മാനവനന്മയെയും പരിസ്ഥിതിയെയും ആദരിച്ചു കൊണ്ടുള്ളതായിരിക്കും. അതാണ് ദൈവഹിതം. അങ്ങനെയായാല്‍,  സ്വാര്‍ഥ താല്‍പ്പര്യങ്ങളുടെയും അധാര്‍മികനേട്ടത്തിന്‍റെയും സാന്നിധ്യമില്ലാത്തതായാല്‍ ബിസിനസ് രംഗം നന്മയുടെ സാക്ഷ്യമാണ്.








All the contents on this site are copyrighted ©.