2018-04-07 13:09:00

യേശുവിന്‍റെ സ്വപ്നം സ്വന്തമാക്കാന്‍ സന്നദ്ധരാണോ ?-പാപ്പാ


ദൈവരാജ്യം എന്ന യേശുവിന്‍റെ സ്വപ്നം സ്വന്തമാക്കാന്‍ സന്നദ്ധരാണോ, അതോ, സ്വന്തം കിനാവുകളെ യേശുവിന്‍റെ സ്വപ്നം അസ്വസ്ഥമാക്കുമെന്ന ഭീതിയിലാണോ എന്ന് ആത്മശോധനചെയ്യാന്‍ പാപ്പാ യുവജനത്തെ ക്ഷണിക്കുന്നു.

ഉത്തര ഇറ്റലിയിലെ ബ്രേഷ്യ രൂപതയില്‍ നിന്നെത്തിയ 3000 ത്തോളം യുവജനപ്രതിനിധികളെ ശനിയാഴ്ച (07/04/18) വത്തിക്കാനില്‍ പോള്‍ ആറാമന്‍ ശാലയില്‍ വച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ദൈവരാജ്യം എന്ന പദം ദ്യോതിപ്പിക്കുന്നത് മനുഷ്യന് ദൈവത്തോടും മനുഷ്യര്‍ക്ക്   പരസ്പരവും ഉള്ള സ്നേഹവും, സകലരെയും സ്നേഹിക്കുകയും നഷ്ടപ്പെട്ടു പോയവന്‍ തിരിച്ചെത്തുമ്പോള്‍ സന്തോഷിക്കുകയും ചെയ്യുന്ന  പിതാവായ ദൈവത്തോടു ചേര്‍ന്ന് സകലരും സഹോദരീസഹോദരന്മാരായി ജീവിക്കുന്ന മഹാ കുടുംബം തീര്‍ക്കലും ആണെന്ന് പാപ്പാ വിശദീകരിച്ചു.

ദൈവരാജ്യമെന്ന യേശുവിന്‍റെ സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിന് സന്നദ്ധനെങ്കില്‍ അവന്‍ സ്വയം പരിത്യജിക്കണമെന്ന് അവിടന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ഇതിനര്‍ത്ഥം  ദൈവം തന്ന സകലത്തെയും, അതായത്, ജീവന്‍, അഭിലാഷങ്ങള്‍, ശരീരം, ബന്ധങ്ങള്‍ തുടങ്ങിയവയെ അവമതിക്കണം എന്നല്ലയെന്നും പാപ്പാ പറഞ്ഞു.

തന്നെ പിന്‍ചെല്ലുന്നതിന് സ്വയം പരിത്യജിക്കാന്‍ യേശു ആവശ്യപ്പെടുന്നത്, നമ്മിലുള്ള പഴയ മനുഷ്യന്‍, ദൈവത്തിന്‍റെ യുക്തിയെ, സ്നേഹത്തിന്‍റെ യുക്തിയെ പിന്‍ചെല്ലാത്തതും സ്വന്തം താല്പര്യം മാത്രം സംരക്ഷിക്കുന്നതുമായ സ്വര്‍ത്ഥതയാര്‍ന്ന  അഹം, നമ്മിലുള്ളതുകൊണ്ടാണെന്ന് പാപ്പാ വ്യക്തമാക്കി.

ബാഹ്യമായതല്ല, പ്രത്യുത, ആന്തരികമായ ഈ അടിമത്തത്തില്‍ നിന്ന് നമ്മെ മോചിപ്പിക്കാനാണ് യേശു കുരിശില്‍ മരണം വരിച്ചതെന്നും പാപമാണ് നമ്മുടെ മരണഹേതുവെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

യേശുവിന്‍റെ സ്വപ്നം ആശ്ലേഷിച്ച് പഴയ മനുഷ്യനെ ഉരിഞ്ഞുമാറ്റുകയും സ്വാര്‍ത്ഥതയെ തള്ളിക്കളയുകയും ചെയ്ത വിശുദ്ധ ഫ്രാന്‍സീസ് അസ്സീസിയുടെ നാമം പാപ്പാ പ്രത്യേകം അനുസ്മരിച്ചു.








All the contents on this site are copyrighted ©.