2018-04-07 13:27:00

ദരിദ്രര്‍ക്കിടയില്‍ സഭയുടെ ദൗത്യം അപരിമേയം-പാപ്പാ


ആത്മാവിലും ശരീരത്തിലും ദാരിദ്ര്യമനുഭവിക്കുകയും സഭയില്‍ നിന്നകലെ ആയിരിക്കുകയും ചെയ്യുന്നവരുടെ ഇടയില്‍ സഭയ്ക്കു നിര്‍വ്വഹിക്കാനുള്ള ദൗത്യം അതിബൃഹത്താണെന്ന് മാര്‍പ്പാപ്പാ.

വാഴ്‍ത്തപ്പെട്ട വൈദികന്‍ അന്ത്വാന്‍ ഷെവെരിയെ (ANTOINE CHEVRIER) ഫ്രാന്‍സില്‍ 1860 ഡിസംബര്‍ 10 ന് സ്ഥാപിച്ച പ്രാദൊയിലെ വൈദികര്‍ എന്നറിയപ്പെടുന്ന സമൂഹത്തിലെ അംഗങ്ങളുടെ പ്രതിനിധികളുടെ മുപ്പതോളം പേരടങ്ങിയ സംഘത്തെ ശനിയാഴ്ച (07/04/18) വത്തിക്കാനില്‍ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ഏറ്റം പാവപ്പെട്ടവരുടെ അവസഥകണ്ട് അവര്‍ക്ക് സമീപസ്ഥനായിരിക്കുന്നതിനും അങ്ങനെ അവരെ ക്രിസ്തുവിലേക്കടുപ്പിക്കുന്നതിനും വേണ്ടി ഇറങ്ങിത്തിരിച്ച വാഴ്‍ത്തപ്പെട്ട അന്ത്വാന്‍ ഷെവെരിയെ രൂപംകൊടുത്ത സമൂഹം ഇന്ന് വൈദികരും സന്ന്യാസിനികളും സമര്‍പ്പിതരായ അല്മായ വനിതകളും മുള്ള വലിയൊരു കുടുംബമായി വിവധ രാജ്യങ്ങളില്‍ പടര്‍ന്നിരിക്കുന്നത് പാപ്പാ അുസ്മരിച്ചു.

നമ്മു‌ടെ ഈ കാലഘടത്തിനും അതിന്‍റെതായ പുരാതനവും നൂതനവും, ഭൗതികവും ആത്മീയവുമായ ദാരിദ്ര്യം ഉണ്ടെന്നും വേദനയനുഭവിക്കുന്നവരും വ്രണിതരും നിര്‍ദ്ധനരും പലവിധ ആശങ്കകളലട്ടുന്നവരുമായ അനേകര്‍ നമുക്കു ചുറ്റുമുണ്ടെന്നും പാപ്പാ പറഞ്ഞു.

അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതിന് വാഴ്‍ത്തപ്പെട്ട അന്ത്വാന്‍ ഷെവെരിയെയുടെ ശിഷ്യരുടെ സഹായം സഭ സസന്തോഷം സ്വീകരിക്കുമെന്നും പാപ്പാ വെളിപ്പെടുത്തി.

സുവിശേഷവത്ക്കരണവും മാനവപുരോഗതിയും തമ്മിലുള്ള ഉറ്റ ബന്ധവും പാപ്പാ എടുത്തുകാട്ടുകയും ഈ മാനവ പരോഗതി സുവിശേഷവത്ക്കരണപ്രക്രിയയിലുടനീളം ആവിഷ്കൃതമാകുകയും വികാസം പ്രാപിക്കുകയും വേണമെന്ന തന്‍റെ പ്രബോധനം ആവര്‍ത്തിക്കുകയും ചെയ്തു. 








All the contents on this site are copyrighted ©.