2018-04-06 12:34:00

യുവതയക്ക് വേരുകള്‍ നഷ്ടപ്പെടുന്നു- പാപ്പായുടെ ആശങ്ക


യുവജനത്തിന് വേരുകള്‍ നഷ്ടപ്പെടുകയാണെന്ന് മാര്‍പ്പാപ്പാ ആശങ്ക പ്രകടിപ്പിക്കുന്നു.

സ്പെയിനില്‍ അനുവര്‍ഷം ആചരിക്കപ്പെടുന്ന സമര്‍പ്പിതജീവിത സമൂഹങ്ങള്‍ക്കു വേണ്ടിയുള്ള ദേശീയവാരത്തോടനുബന്ധിച്ചു അതിന്‍റെ പ്രാരംഭദിനമായിരുന്ന വ്യാഴാഴ്ച (05/04/18) നല്കിയ വീഡിയൊ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ തന്‍റെ ഈ അതിയായ ഉല്‍ക്കണ്ഠ വെളിപ്പെടുത്തിയത്.

“വൃദ്ധന്മാര്‍ സ്വപ്നം കാണുകയും യുവജനങ്ങള്‍ പ്രവചിക്കുകയും ചെയ്യും” എന്ന  ജോയേല്‍ പ്രവാചകന്‍റെ പ്രവചനം സാക്ഷാല്‍ക്കരിക്കപ്പെട്ടുകാണുന്നതിനായി പ്രവര്‍ത്തിക്കുകയാണ് ഇന്നു നാം ചെയ്യേണ്ടതെന്ന് പാപ്പാ സന്ദേശത്തില്‍ ഓര്‍മ്മപ്പെടുത്തുന്നു.

ദൈവവിളി കുറഞ്ഞുകൊണ്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തെക്കുറിച്ചും പരാമര്‍ശിക്കുന്ന പാപ്പാ അതെക്കുറിച്ച് വിലപിച്ചുകൊണ്ടിരിക്കാതെ മുന്നോട്ടു നോക്കാനും എന്താണു ചെയ്യേണ്ടതെന്ന് ചിന്തിക്കാനുമുള്ള കര്‍ത്താവിന്‍റെ വാക്കുകള്‍ ശ്രവിക്കുകയാണ് വേണ്ടതെന്ന് ഓര്‍മ്മിപ്പിക്കുന്നു.

നിര്‍ബന്ധിത മതപരിവര്‍ത്തനപ്രക്രിയയിലേക്കു വഴുതിവീഴാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതിന്‍റെ അനിവാര്യതയും പാപ്പാ ചൂണ്ടിക്കാട്ടുന്നു.

പകരം, കര്‍ത്താവിനു സംസാരിക്കാനും വിളിക്കാനുമുള്ള സഹചര്യം ഒരുക്കുകയാണു വേണ്ടതെന്ന് പാപ്പാ വ്യക്തമാക്കുകയും ചെയ്യുന്നു.

ദൈവവിളി വാണിജ്യലോകത്തിന്‍റെ ശൈലിക്കന്യമായി നിലകൊള്ളുന്ന ഒന്നാണെന്ന് വിശദീകരിക്കുന്ന പാപ്പാ അതുകൊണ്ടു തന്നെ ദൈവവിളിയുടെ കാര്യത്തില്‍ രാഷ്ട്രീയ തിരഞ്ഞെടുപ്പിന്‍റെയൊ, കച്ചവട പരസ്യങ്ങളുടെയൊ ശൈലിയിലുള്ള പ്രചാരണ പരിപാടികള്‍ ഫലശൂന്യമായിരിക്കുമെന്ന് പറയുന്നു.

ദൈവവിളികളുടെ എണ്ണത്തെക്കുറിച്ചു പരാമര്‍ശിക്കുന്ന പാപ്പാ, ദൈവവിളികളില്‍ തീരുമാനം കര്‍ത്താവിന്‍റെതാണെന്നും അവിടന്ന് നമ്മോട് എന്ത് ആവശ്യപ്പെട്ടിരിക്കുന്നവൊ അതു ചെയ്യുകയാണ്, അതായത്, പ്രാര്‍ത്ഥിക്കുകയും സാക്ഷ്യമേകുകയുമാണ് നമ്മുടെ കടമയെന്നും ഓര്‍മ്മിപ്പിക്കുന്നു.

സ്പെയിനിന്‍റെ തലസ്ഥാനമായ മാഡ്രിഡില്‍ പോള്‍ ആറാമന്‍ പാപ്പായുടെ നാമത്തിലുള്ള സ്ഥാപനത്തില്‍ നടന്നുവരുന്ന, സമര്‍പ്പിതജീവിത സമൂഹങ്ങള്‍ക്കു വേണ്ടിയുള്ള ദേശീയവാരാചരണം ഞായറാഴ്ച (08/04/18) സമാപിക്കും.

 








All the contents on this site are copyrighted ©.