2018-03-31 13:11:00

പുനരുത്ഥാനം : ക്രിസ്തുവില്‍ നേ‌ടേണ്ട നവജീവന്‍


വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം 20, 1-9.... വിശുദ്ധ ലൂക്ക 24, 13-25.

1. ക്രിസ്തുവിന്‍റെ പുനരുത്ഥാന സാക്ഷികള്‍
പുനരുത്ഥാനരംഗം സുവിശേഷങ്ങളില്‍ ആരംഭിക്കുന്നത് സാബത്തു കഴിഞ്ഞു വരുന്ന ഞായറാഴ്ചയുടെ ആദ്യയാമത്തില്‍ സ്ത്രീകള്‍ ക്രിസ്തുവിന്‍റെ കല്ലറ സന്ദര്‍ശിക്കുന്നതോടെയാണ്. മഗ്ദലയിലെ മറിയം കല്ലറയില്‍ എത്തിയെന്നു വിശുദ്ധ യോഹന്നാന്‍ സാക്ഷ്യപ്പെടുത്തുന്നു. പിറകെ പത്രോസും യോഹന്നാനും. യഹൂദ പാരമ്പര്യത്തില്‍ മൃതദേഹത്തില്‍ തൈലാഭിഷേകം നടത്തുന്നതിനാണ് മരണത്തിന്‍റെ പിറ്റെനാള്‍ പ്രഭാതത്തില്‍ അവര്‍ കല്ലറയിങ്കല്‍ പോകുന്നത്. എന്നാല്‍ അവര്‍ അവിടുത്തെ ശരീരം അവിടെ കണ്ടില്ല,  പകരം ശൂന്യമായ കല്ലറയാണു കണ്ടത്! സുവിശേഷകന്മാര്‍ രേഖപ്പെടുത്തുന്നത്, അപ്പോള്‍ ഒരു ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ട് അവരെ അറിയിച്ചു. “ഭയപ്പെടേണ്ട, ക്രിസ്തു മരിച്ചവരില്‍നിന്നും ഉയിര്‍ത്തെഴുന്നേറ്റു! (മത്തായി 8, 5). അവിടുന്ന് നിങ്ങള്‍ക്കുമുന്‍പേ ഗലീലിയയിലേയ്ക്ക് പോയിരിക്കുന്നു. നിങ്ങള്‍ പോയി ഇത് മറ്റു ശിഷ്യന്മാരെയും അറിയിക്കുക!!” (മത്തായി 8, 7-10). യോഹന്നാന്‍ പറയുന്നു മേരിക്കും ശിഷ്യന്മാര്‍ക്കും അപ്പോഴാണ് തിരുവെഴുത്തുകള്‍ മനസ്സിലായത്. അവിടുന്ന് മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു! (യോഹ. 20, 9).

2. ജീവിതത്തിന്‍റെ  നവമായതീരം – ഗലീലിയ
ഗുരുവിന്‍റെ മരണശേഷം ശിഷ്യന്മാര്‍ ഭയവിഹ്വലരായി ചിതറിപ്പോയിരുന്നു. എല്ലാം അവസാനിച്ചെന്നു തോന്നിയവര്‍ ബോധ്യങ്ങള്‍ നഷ്ടപ്പെട്ട്, പ്രത്യാശ അറ്റവരായിരുന്നു. സ്ത്രീകള്‍ ചെന്ന് വിവരം ശിഷ്യന്മാരെ അറിയിച്ചു. കേട്ടകാര്യങ്ങള്‍ ആദ്യം അവിശ്വാസ്യമായി തോന്നിയെങ്കിലും, നഷ്ടധൈര്യരായ അവരുടെ ജീവിതത്തിന്‍റെ ഇരുട്ടിലേയ്ക്ക് പ്രത്യാശയുടെ കിരണങ്ങള്‍ മെല്ലെ വീശുകയായിരുന്നു. മുന്നേ പറഞ്ഞിരുന്നതുപോലെ ‘ക്രിസ്തു ഉത്ഥാനംചെയ്തു’വെന്ന വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങി. ഒപ്പം ഗലീലിയയിലേയ്ക്ക് പോകുവാനുള്ള ആഹ്വാനവും  അവിടെവച്ച് അവിടുത്തെ കാണാമെന്നുള്ള വാര്‍ത്തയും അവര്‍ക്കു ലഭിച്ചു.  ശിഷ്യന്മാരെ ക്രിസ്തു ആദ്യം വിളിച്ച ഇടമാണ് ഗലീലി. അവിടെയായിരുന്നല്ലോ എല്ലാറ്റിന്‍റെയും തുടക്കം! അവിടേയ്ക്ക് പോവുക എന്നു പറഞ്ഞാല്‍, വിളിച്ചിടത്തുനിന്നും വീണ്ടും തുടങ്ങുകയെന്നാണ്. ഗലീലിയക്കടലില്‍ മീന്‍പിടിക്കവെയാണ് ക്രിസ്തു ആ തീരങ്ങള്‍ പരതി വന്ന് അവരെ വിളിച്ചത്. വിളി കേട്ടവര്‍ മടിച്ചില്ല. തങ്ങളുടെ വഞ്ചിയും വലയുമെല്ലാം ഉപേക്ഷിച്ച് അവിടെനിന്നും അവര്‍ ക്രിസ്തുവിന്‍റെകൂടെ ജീവിതത്തിന്‍റെ പുതിയ തീരങ്ങളിലേയ്ക്കു പുറപ്പെട്ടുപോയി (മത്തായി 8, 4-12).

3. ജീവിത നവീകരണത്തിനുള്ള വിളി
‘ഗലീലിയായിലേയ്ക്കു മടങ്ങുക’ എന്നുവച്ചാല്‍, കുരിശിന്‍റെയും അതിന്‍റെ വിജയത്തിന്‍റെയും അടിസ്ഥാനത്തില്‍ എല്ലാം പുനരാവിഷ്ക്കരിക്കുക, പുനരവലോകനംചെയ്യുക എന്നാണ്. ക്രിസ്തുവിന്‍റെ പ്രബോധനങ്ങള്‍, അത്ഭുതങ്ങള്‍, നവമായ സമൂഹം, അതിന്‍റെ ആവേശപൂര്‍ണ്ണമായ അനുഭങ്ങളും പാളിച്ചകളും, ഒരുമിച്ചുള്ള ജീവിതത്തില്‍ അവര്‍ കണ്ട ഒറ്റുകൊടുക്കലും വഞ്ചനയും, എല്ലാം ആദ്യന്ത്യം പുനരവലോകനംചെയ്യുക എന്നു പറയുന്നത്... ക്രിസ്തുവിന്‍റെ അപാരമായ സ്നേഹപാരമ്യത്തില്‍നിന്നും നവമായി തുടങ്ങുകയെന്നാണ്. അതിനുള്ള ആഹ്വാനമാണ് ഉത്ഥിതന്‍ നല്കുന്നത്. 

നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിന്‍റെ ആരംഭം ‘ഗലീലി’യില്‍ന്നുമാണെന്നു കരുതിയാല്‍... ക്രിസ്ത്വാനുഭവത്തിന്‍റെയും വിശ്വാസ ജീവിതത്തിന്‍റെയും ഉറവിടങ്ങളിലേയ്ക്കുള്ള ഒരു പുനര്‍പ്രയാണമാണത്. ‘ഗലീലിയയിലേയ്ക്കു പോകാം’ എന്നു പറയുന്നത്, വീണ്ടും കൃപാസ്പര്‍ശത്തിന്‍റെ പൊന്‍നാമ്പേറ്റ ക്രിസ്തുവിലുള്ള നവജീവന്‍റെയും, ക്രിസ്തീയ ജീവിതയാത്രയുടെയും ആരംഭത്തിലേയ്ക്കുള്ള തിരിച്ചുപോക്കെന്നാണ്. അവിടെനിന്നും ഒരിക്കല്‍ക്കൂടി ജ്ഞാനസ്നാന ജീവിതത്തിന്‍റെ പൊന്‍നാളം തെളിയിച്ചെടുത്ത്, അതിന്‍റെ ശോഭയും ഊഷ്മളതയും ചുറ്റുമുള്ള സഹോദരങ്ങളുമായി ഇന്നുമെന്നും പങ്കുവയ്ക്കുവാനുമുള്ള ആഹ്വാനമാണിത്. ജീവിതദുഃഖങ്ങള്‍ക്കോ സന്താപങ്ങള്‍ക്കോ കെടുത്തുവാനാവാത്ത നന്മയും ശ്രേഷ്ഠതയുമുള്ള ലാളിത്യമാര്‍ന്ന ആനന്ദപ്രഭയാണ് ജീവിതത്തില്‍ ഉത്ഥിതനായ ക്രിസ്തുവിന്‍റെ പ്രഭാപൂരം നമുക്കായി തെളിയിക്കുന്നത്.

4. ഉറവിടങ്ങളിലേയ്ക്കുള്ള  തിരിച്ചുപോക്ക്
ജ്ഞാനസ്നാനശേഷമുള്ള ക്രൈസ്തവ ജീവിതത്തിന്‍റെ സമകാലീന സ്ഥാനങ്ങളില്‍നിന്നും ഉറവി‌ടങ്ങളിലേയ്ക്കുള്ള തിരിച്ചുപോക്കാണത്: അത് വിളിച്ച ക്രിസ്തുവിനെ അനുധാവനംചെയ്യുവാനും അവിടുത്തെ പ്രേഷിതദൗത്യം വിശ്വസ്തതയോടെ ജീവിക്കുവാനുമുള്ള അഹ്വാനമാണ്. ഒരിക്കല്‍ ക്രിസ്തു എന്‍റെ ചാരത്തണഞ്ഞ്, കണ്ണുകളില്‍ നോക്കി കാരുണ്യത്തോടെ വിളിച്ച്, അവിടുത്തെ അനുഗമിക്കാന്‍ എന്നോട് ആഹ്വാനംചെയ്ത സുന്ദര മുഹൂര്‍ത്തത്തിന്‍റെ സജീവസ്മരണയും, അവിടുന്ന് എന്നെ സ്നേഹിക്കുന്നുവെന്ന് വെളിപ്പെടുത്തിത്തന്ന നിമിഷാര്‍ദ്ധത്തിന്‍റെ മങ്ങാത്ത സ്മരണയുടെ അയവിറയ്ക്കലുമാണ് മറ്റൊരര്‍ത്ഥത്തില്‍ ഗലീലിയയിലേയ്ക്കുള്ള തിരിച്ചുപോക്ക്!  എന്നാല്‍ എന്‍റെ ഗലീലി എവിടെയാണ്? എന്താണ് ഗാലീലി എനിക്ക്? ഗലീലിയന്‍ എനിക്കു തന്ന പുതുജീവന്‍റെ ഓര്‍മ്മ നിലനില്ക്കുന്നുണ്ടോ?  അതോ, മറുന്നുപോയിട്ടുണ്ടോ? അതു മറന്നുപോകത്തക്കവിധം ജീവിതപാതകള്‍ പതറിയിട്ടുണ്ടോ? എനിക്ക് വഴിതെറ്റിയിട്ടുണ്ടോ? അത്രത്തോളം ഞാന്‍ ക്രിസ്തുവില്‍നിന്നും അകന്നുപോയിട്ടുണ്ടോ? യേശുവേ, ഗലീലി കണ്ടെത്താന്‍ എന്നെ സഹായിക്കണമേ! അതെനിക്ക് വെളിപ്പെടുത്തി തരണമേ!! അവിടെ അങ്ങേ കാണുവാനും, അങ്ങേ കാരുണ്യം ആസ്വദിക്കുവാനും ഞാന്‍ ഇനിയും ആഗ്രഹിക്കുന്നു.

5. ഉത്ഥാനത്തിന്‍റെ ആത്മീയയാത്ര
ഈസ്റ്ററിന്‍റെ സന്ദേശം സുവ്യക്തമാണ്. നാം തിരിച്ചുപോയി, ഉത്ഥിതനെ കണ്ടെത്തണം. എന്നിട്ട് നാം അവിടുത്തെ പുനരുത്ഥാനത്തിന്‍റെ സാക്ഷികളാകണം. കാലത്തിലുള്ള യാഥാര്‍ത്ഥമായ തിരിച്ചുപോക്കല്ലിത്, തിരിച്ചുപോക്കിന്‍റെ ഗൃഹാതുരത്വവുമല്ല. എന്നാല്‍ ഈ ലോകത്തു പ്രകാശിച്ചതും, സകല ജനതകളെയും അവരുടെ ജീവിതത്തിന്‍റെ അതിര്‍ത്തികളെയും പ്രോജ്വലിപ്പിച്ച ക്രിസ്തുവിന്‍റെ ആദ്യ വിളിയിലേയ്ക്കും ആദ്യസ്നേഹത്തിലേയ്ക്കുമുള്ള ആത്മീയയാത്രയാണിത്. ‘ക്രിസ്തുവിനെ ഇനിയും ജനങ്ങള്‍ തിരിച്ചറായത്ത ഗലീലികള്‍ ഇന്നുണ്ട്. ജനതകള്‍ അന്ധകാരത്തില്‍ ആണ്ടുപോകുന്ന ഇടങ്ങളുമുണ്ട്’ (മത്തായി 4, 15... ഏശയ്യ് 8, 23). എന്നാല്‍ തീവ്രതയോടെ നാം കണ്ടെത്തേണ്ട ഉത്ഥിതന്‍റെ സ്നേഹചക്രവാളമാണ് ഗലീലി! ഇത് സഭയുടെ അജപാലന മേഖലയാണ്! നമുക്ക് അവിടേയ്ക്ക് പുറപ്പെടാം, ഉത്ഥിതനെ കണ്ടെത്താം! പാപ്പാ ഫ്രാന്‍സിസ് ഇന്നു ഉദ്ബോധിപ്പിക്കുന്ന ഇന്നിന്‍റെ നമ്മുടെ യാത്രകള്‍, പ്രേഷിതയാത്രകള്‍ അതിരുകള്‍ തേടിയുള്ളതായിരിക്കട്ടെ. പാവങ്ങളും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരും, ആത്മീയമായി വ്രണിതാക്കളുമായവര്‍ വസിക്കുന്ന അതിരുകളിലേയ്ക്ക് അരമുറുക്കി ഇറങ്ങിച്ചെല്ലാം... അവര്‍ ഇന്നത്തെ ലോകത്തു ധാരാളമാണ്. അവരെയും ക്രിസ്തുവിന്‍റെ സ്നേഹവലയത്തില്‍ ആശ്ലേഷിക്കുന്ന സാകല്യസംസ്കൃതി (An all inclusive culture) വളര്‍ത്താന്‍ ഉത്ഥിതന്‍ നമ്മെ ഗലിലിയുടെ തീരങ്ങളിലേയ്ക്ക് ക്ഷണിക്കുന്നു! ദൈവത്തിന്‍റെ അത്ഭുതപ്രവൃത്തികള്‍ ചിലപ്പോള്‍ നമ്മെ ഭീതിപ്പെടുത്താം. ദൈവത്തിന്‍റെ ചെയ്തികള്‍ സകലതും നമ്മെ ആശ്ചര്യപ്പെടുത്തുന്നു. ദൈവം ജീവിതത്തില്‍ നമ്മെ ഇനിയും ആശ്ചര്യപ്പെടുത്തുകതന്നെ ചെയ്യും. നമ്മുടെ ജീവിതത്തിലേയ്ക്ക് കടന്നുവരുന്ന നവമായ ദൈവികപദ്ധതികളോട് തുറവുള്ളവരായിരിക്കണം.

6. ദൈവിക നന്മകളുടെ ഓര്‍മ്മകള്‍ അയവിറയ്ക്കാം!
കല്ലറയിങ്കല്‍ എത്തിയ സ്ത്രീകള്‍ ഭയവിഹ്വലായിരുന്നെങ്കിലും തുറവുള്ളവരായിരുന്നു. ഭയന്നിട്ട് തലകുനിച്ചു നില്കുകയായിരുന്നവര്‍. വിശുദ്ധ ലൂക്കാ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ അപരിചിതരായി അവിടെ എത്തിയ രണ്ടുപേരുടെ വാക്കുകളാണ് അവര്‍ക്ക് പ്രത്യാശ പകര്‍ന്നത്. “അവിടുന്ന് ഗലീലിയയിലായിരുന്നപ്പോള്‍ പറഞ്ഞകാര്യങ്ങള്‍ ഓര്‍ക്കുന്നില്ലേ....”   അവര്‍ അവിടുത്തെ വാക്കുകള്‍ അനുസ്മരിച്ചു  (ലൂക്കാ 24, 6, 8).  ക്രിസ്തുവുമായുളള ഇടപഴകലിന്‍റെ നല്ല ജീവിതാനുഭവങ്ങളെ ഓര്‍ക്കുവാനാണ് അവര്‍ ആവശ്യപ്പെട്ടത്. അവിടുത്തെ വാക്കുകളും, പ്രവൃത്തികളും, ജീവിതവുമെല്ലാം അവര്‍ ഓര്‍ക്കുന്നു. അവരുടെ ഭീതിയെ കീഴ്പ്പെടുത്തി, ഗുരുവിന്‍റെ ഉത്ഥാന സന്ദേശവുമായി ജനമദ്ധ്യത്തിലേയ്ക്കു പോകാനും, അതു പ്രഘോഷിക്കാനും കരുത്തു ലഭിക്കുന്നത്, അവിടുന്നുമായുള്ള ജീവിതാനുഭവങ്ങള്‍ ഓര്‍മ്മിക്കാനും മനസ്സില്‍ കൊണ്ടുവരാനും സാധിച്ചപ്പോഴാണ് (ലൂക്കാ 24, 9). ദൈവം എനിക്കായ് ചെയ്തതും, ചെയ്തുകൊണ്ടിരിക്കുന്നതുമായ നന്മകള്‍ ഓര്‍ക്കുമ്പോള്‍ ജീവിതവഴികളെക്കുറിച്ച് ഞാന്‍ അവബോധമുള്ളവനായി മാറുന്നു. ഈ അവബോധമായിരിക്കും ഭാവി ജീവിതത്തിന് പ്രത്യാശപകരുന്നത്. ദൈവം നമുക്കായി ചെയ്ത നന്മകള്‍ എന്നും നന്ദിയോടെ അനുസ്മരിക്കാം.

7. ക്രിസ്തുവിന്‍റെ ഉത്ഥാനപ്രഭ അറിഞ്ഞവള്‍
ക്രിസ്തുവിന്‍റെ ജീവിത സംഭവങ്ങളൊക്കെയും ഹൃദയത്തിലേറ്റിയ കന്യകാനാഥയുടെ മാദ്ധ്യസ്ഥ്യം നമുക്കു പ്രാര്‍ത്ഥിക്കാം. തന്‍റെ തിരുക്കുമാരന്‍റെ ഉത്ഥാനത്തില്‍ നമ്മെയും പങ്കുകാരാക്കണമേ... എന്നു പ്രാര്‍ത്ഥിക്കാം. ഉത്ഥാനത്തിന്‍റെ നവജീവനിലേയ്ക്ക് നമ്മെ നയിക്കണമേ എന്നു പ്രാര്‍ത്ഥിക്കാം. ദൈവം നമ്മുടെ ജീവതത്തിലും ഈ ലോകത്തും ചെയ്തിട്ടുള്ള നന്മകളെ അനുദിനം അനുസ്മരിക്കുന്നവരാകാം. ക്രിസ്തു ഇന്നും നമ്മുടെമദ്ധ്യേ ജീവിക്കുന്നു! അവിടുത്തെ സുവിശേഷ സന്ദേശവും അനുഭവങ്ങളും സ്വായത്തമാക്കാന്‍ പരിശ്രമിക്കാം. ‘ഇന്നും ജീവിക്കുന്ന ഉത്ഥിതനായ ക്രിസ്തുവിന്‍റെ കൃപയും കാരുണ്യവും നമ്മുടെ കുടുംബങ്ങളിലും നമ്മില്‍ ഓരോരുത്തരിലും സമൃദ്ധമായി വര്‍ഷിക്കപ്പെടട്ടെ!
All the contents on this site are copyrighted ©.