2018-03-30 14:25:00

തടവറയ്ക്കു പ്രത്യാശയായി, പാപ്പായുടെ പെസഹാവ്യാഴാചരണം


പെസഹാവ്യാഴാഴ്ചയില്‍, റോമിലെ റെജീന ചേലി (Regina Coeli) ജയിലില്‍ വൈകിട്ട് നാലുമണിക്ക് അന്തേവാസികളോടൊത്ത് ദിവ്യബലി അര്‍പ്പിച്ചും കാലുകഴുകല്‍ ശുശ്രൂഷ നടത്തിയും മാര്‍പ്പാപ്പാ കര്‍ത്താവിന്‍റെ അന്ത്യഅത്താഴം ആചരിച്ചു. പ്രത്യാശയുടെ വചനങ്ങളായിരുന്നു  പാപ്പാ നല്‍കിയ വചനസന്ദേശം. ദിവ്യബലിയില്‍ സമാധാനാശംസയ്ക്കുമുമ്പും മാര്‍പ്പാപ്പാ ഹ്രസ്വമായ സന്ദേശം നല്‍കി അവരുടെ പരസ്പരമുള്ള സമാധാനാശംസ അര്‍ഥപൂര്‍ണമാക്കി.  പാപ്പായ്ക്ക് ജയില്‍ ഡിറക്ട്രസ് സ്വാഗതമേകി.  ജയില്‍ അന്തേവാസികളിലൊരാളായ അലക്സാണ്ഡര്‍ പ്രതിനിധിയായി തടവറയിലെ അംഗങ്ങള്‍ക്കായി പാപ്പായെ അഭിസംബോധന ചെയ്യുകയും ചെയ്തു. നഷ്ടപ്പെട്ട ആടിനെ മുള്ളുകള്‍ക്കിടയില്‍ കണ്ടെത്തുന്ന, അതിനെ രക്ഷിക്കാന്‍ മുറിവേല്ക്കാന്‍ തയ്യാറാകുന്ന നല്ലിടയന്‍റെ ചിത്രം അവര്‍ക്കു സമ്മാനമായി പാപ്പാ നല്‍കി.  റോമിലെ റെജീന ചേലി  ജയിലിലെ പെസഹാവ്യാഴാഴ്ച ആചരണത്തോടനുബന്ധിച്ചു നടന്ന പ്രധാന സംഭവങ്ങളുടെ സംഗ്രഹം വായിക്കാം.

"സഹിക്കുന്നവര്‍ പ്രധാനപ്പെട്ടവര്‍": പാപ്പായുടെ വചനസന്ദേശം

പെസഹാവ്യാഴാഴ്ചയിലെ വായനയില്‍ നിന്ന്, “എന്തെന്നാല്‍ ഞാന്‍ നിങ്ങള്‍ക്കു ചെയ്തതു പോലെ നിങ്ങളും ചെയ്യേണ്ടതിന് ഞാന്‍ നിങ്ങള്‍ക്കൊരു മാതൃക നല്‍കിയിരിക്കുന്നു” (യോഹ 13:15) എന്ന വാക്യം ഉദ്ധരിച്ചുകൊണ്ടാരംഭിച്ച വചനസന്ദേശത്തില്‍, പാപ്പാ തുടര്‍ന്നു: "അക്കാലഘട്ടത്തില്‍, മറ്റുള്ളവരുടെ പാദങ്ങള്‍ കഴുകുക എന്നത് അടിമകളുടെ ജോലിയായിരുന്നു. അന്നത്തെക്കാലത്ത് പൊടി നിറഞ്ഞ നിരത്തുകളിലൂടെ നടക്കുന്ന ജനത്തിന്‍റെ പാദങ്ങള്‍ അഴുക്കു പുരണ്ടതായിരുന്നു. അതിനാല്‍ വീടിന്‍റെ വാതില്‍ക്കല്‍ നില്‍ക്കുന്ന അടിമകള്‍ വീട്ടിലേയ്ക്കു പ്രവേശിക്കാനെത്തുന്നവരുടെ  പാദങ്ങള്‍ കഴുകിയിരുന്നു.  യേശു ഈ ശുശ്രൂഷ ചെയ്യാനാഗ്രഹിച്ചു; നാം മറ്റുള്ളവര്‍ക്കു ശുശ്രൂഷ ചെയ്യേണ്ടതെങ്ങനെയെന്നൊരു മാതൃക നല്‍കുകയുംചെയ്തു".

തന്‍റെ ഇടത്തും വലത്തും ഇരിക്കാനുള്ള ആഗ്രഹം അറിയിച്ച ശിഷ്യന്മാരെ സ്നേഹപൂര്‍വം നോക്കി യേശു പറഞ്ഞതു (മര്‍ക്കോ 10:35-45) സൂചിപ്പിച്ചുകൊണ്ട് പാപ്പാ പറഞ്ഞു: “രാജാക്കന്മാരുടെ ആ കാലഘട്ടത്തെക്കുറിച്ചു ചിന്തിക്കുക, അടിമകളെ ഉപയോഗിച്ചിരുന്ന ക്രൂരരായ ചക്രവര്‍ത്തിമാരെ ഓര്‍ക്കുക... എന്നാല്‍ യേശു പറയുന്നു, നിങ്ങളുടെ നേതാവ് നിങ്ങളുടെ ദാസനായിരിക്കണം (വാ. 43). ചരിത്രത്തിന്‍റെ ഭാഗമായിത്തീര്‍ന്നതും, അന്നത്തെ സംസ്ക്കാരം അംഗീകരിച്ചിരുന്നതുമായിരുന്ന ഒരു രീതിയെ, യേശു കീഴ്മേല്‍ മറിക്കുകയായിരുന്നു... ക്രൂരമായ കല്പനകള്‍ പുറപ്പെടുവിക്കുകയും അനേകരെ കൊല്ലുകയും, ചെയ്തിരുന്ന രാജാക്കന്മാരും ചക്രവര്‍ത്തിമാരും, യേശുവിന്‍റെ ഈ പ്രബോധനം മനസ്സിലാക്കിയിരുന്നുവെങ്കില്‍ എത്ര യുദ്ധങ്ങള്‍ ഒഴിവാക്കാമായിരുന്നു...

സഹിക്കുന്ന ജനങ്ങള്‍, സമൂഹം തിരസ്ക്കരിച്ച ജനങ്ങള്‍, അവരോട് യേശു പറയുന്നു: നിങ്ങള്‍ എനിക്ക് പ്രധാനപ്പെട്ടവരാണ്. ഇന്ന് ഈ റെജീന ചേലി തടവറയില്‍, നിങ്ങളില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട 12 പേരുടെ പാദങ്ങള്‍ 12 അപ്പസ്തോലന്മാരുടേതെന്നപോലെ കഴുകിയ ഈ പ്രതീകാത്മകപ്രവൃത്തി, യേശുതന്നെയാണ് യഥാര്‍ഥത്തില്‍ ചെയ്യുന്നത്... യേശു വിളിക്കപ്പെടുന്നത്, പന്തിയോസ് പീലാത്തോസ് എന്നല്ല, യേശു എന്നാണ്. അതുകൊണ്ട് യേശുവിനു കൈകള്‍ കഴുകി മാറാനാവില്ല.  എങ്ങനെ അപകടങ്ങളെ നേരിടാമെന്നു മാത്രമേ, അവിടുത്തേയ്ക്കറിയൂ”. പാപ്പാ അവര്‍ക്കു സമ്മാനമായി നല്‍കിയ, മുള്ളുകള്‍ക്കിടയില്‍ നിന്ന് ആടുകളെ മോചിപ്പിക്കുന്ന ഇടയന്‍റെ ചിത്രം ചൂണ്ടിക്കാണിച്ചുകൊണ്ടു പറഞ്ഞു: “ഈ ചിത്രത്തിലേയ്ക്കു നോക്കുക, യേശു മുള്ളുകള്‍ക്കിടയിലേക്കു കുനിഞ്ഞ്, നഷ്ടപ്പെട്ട ആടിനെ വീണ്ടെടുക്കുന്നതിനു മുറിവേല്‍ക്കുന്നതിനു തയ്യാറാകുന്നു. 

ഇന്നു ഞാനും, നിങ്ങളെപ്പോലെ ഒരു പാപി, യേശുവിനെ പ്രതിനിധാനം ചെയ്യുന്നു. ഇന്ന് നിങ്ങളോരോരുത്തരുടെയും മുമ്പില്‍ ഞാന്‍ കുമ്പിട്ടപ്പോള്‍, ഞാന്‍ ചിന്തിച്ചു, യേശു, ഈ മനുഷ്യനിലേയ്ക്ക്, ഈ പാപിയിലേയ്ക്ക്, എന്നിലേയ്ക്ക് വരുന്നതിനുള്ള അപകടസാധ്യത ഏറ്റെടുത്തു, എന്നെ സ്നേഹിക്കുന്നുവെന്നു പറയുന്നതിന് അവിടുന്ന് എന്നിലേയ്ക്കു വരുന്നു.  ഇതാണ് യേശു, അവിടുന്ന് ഒരിക്കലും നമ്മെ തള്ളിക്കളയുകയില്ല. ക്ഷമിക്കുന്നതില്‍ അവിടുന്ന് ഒരിക്കലും മടുക്കുന്നില്ല...” ഈ ചിന്തകളോടെ, ഈ പ്രതീകാത്മക ആചരണത്തിലേയ്ക്കു നമുക്കു പ്രവേശിക്കാമെന്നും, അവിടുത്തെ തിരുശ്ശരീരരക്തങ്ങള്‍ നമുക്കായി നല്‍കുന്നതിനു മുമ്പ്, നമ്മെ അതിയായി സ്നേഹിക്കുന്നതുകൊണ്ട്, ശുശ്രൂഷയുടെ അപകടസാധ്യതകളെ അവിടുന്നു നേരിട്ടു എന്നും ഉള്ള വാക്കുകളോടെയാണ് പാപ്പാ വചനസന്ദേശം അവസാനിപ്പിച്ചത്.

വചനസന്ദേശം കൂടാതെ സമാധാനാശംസയ്ക്കുമുമ്പും, പാപ്പാ അവര്‍ക്കു ഹ്രസ്വമായ സന്ദേശം നല്‍കി: "ഇപ്പോള്‍, നാമെല്ലാവരും - എനിക്കു തീര്‍ച്ചയാണ് നാമെല്ലാവരും - എല്ലാവരോടുമായി സമാധാനത്തിലായിരിക്കുവാനാഗ്രഹിക്കുന്നവരാണ്.  എന്നാല്‍ നമ്മുടെയെല്ലാവരുടെയും ഹൃദയങ്ങളില്‍, പരസ്പരം ഏറ്റുമുട്ടുന്ന ഒരുപാടു വികാരങ്ങളുണ്ട്.  നാം സ്നേഹിക്കുന്നവരോടും നമു ക്കുവേണ്ടി നല്ലതു ചെയ്യുന്നവരുമായവരോട് സമാധാനത്തിലായിരിക്കുവാന്‍ നമുക്കെളുപ്പമാണ്.  എന്നാല്‍, നമുക്കെതിരെ തെറ്റു ചെയ്തവരോട്, നമ്മെ സ്നേഹിക്കാത്തവരോട്, നാം ശത്രുതയിലായിരിക്കുന്നവരോട് സമാധാനത്തിലായിരിക്കുവാന്‍ നമുക്ക് അത്ര എളുപ്പമല്ല.  ഒരു നിമിഷം മൗനമായി, നമ്മെ സ്നേഹിക്കുന്നവരെയും, നാം സ്നേഹിക്കുന്നവരെയും, അതുപോലെ നാമോരുത്തരും, നമ്മെ സ്നേഹിക്കാത്തവരെയും, ആരോടൊക്കെ പ്രതികാരം ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ടോ അവരെയും മനസ്സില്‍ കൊണ്ടുവരിക.  നമുക്കു കര്‍ത്താവിനോട് ചോദിക്കാം, മൗനമായി എല്ലാവര്‍ക്കുംവേണ്ടി, നല്ലവര്‍ക്കും നല്ലവരല്ലാത്തവര്‍ക്കുമായി സമാധാനത്തിന്‍റെ വരംഅവിടുത്തോടു ചോദിക്കാം".

"ആത്മനേത്രങ്ങള്‍ നവദര്‍ശനമേകണം": പാപ്പായുടെ സമാപനസന്ദേശം

ജയില്‍ ഡിറക്ട്രസിന്‍റെയും ജയില്‍ അന്തേവാസിയായ അലക്സാണ്ഡ‍റിന്‍റെയും വാക്കുകള്‍ക്കു ശേഷം, മറുപടി പറയവേ, ആണ് മാര്‍പ്പാപ്പ ഇങ്ങനെ ഓര്‍മിപ്പിച്ചത്.

നവമായ ഒരു വീക്ഷണം, തന്‍റെ ഈ പ്രായത്തില്‍ കണ്ണുകള്‍ക്ക് കാഴ്ച കുറവാണെന്നും, അടുത്ത വര്‍ഷം ഓപ്പറേഷന്‍ നടത്തേണ്ടിയിരിക്കുന്നുവെന്നും സൂചിപ്പിച്ചുകൊണ്ട്, പാപ്പാ അത് ആത്മീ യമായ കാഴ്ചയിലേയ്ക്കു ബന്ധിപ്പിച്ചു.  ജീവിതത്തിലെ ജോലികള്‍, ക്ഷീണം, തെറ്റുകള്‍, എന്നി വയൊക്കെ ആത്മാവിന്‍റെ കാഴ്ചശക്തിയെ കുറച്ചേക്കാം.  തലേദിവസം പൊതുകൂടിക്കാഴ്ചാ വേളയില്‍ ഇതേക്കുറിച്ചു പറഞ്ഞത് അനുസ്മരിച്ചുകൊണ്ട് പാപ്പാ ഇങ്ങനെ കൂട്ടിച്ചേര്‍ത്തു, പല ഗ്രാമങ്ങളിലും, കര്‍ത്താവിന്‍റെ ഉയിര്‍പ്പറിയിച്ചുകൊണ്ട് ദേവാലയ മണികള്‍ മുഴങ്ങുമ്പോള്‍, അമ്മ മാരും, വല്ല്യമ്മമാരും, കുട്ടികളുടെ കണ്ണുകള്‍ കഴുകിക്കുന്നു.   അവര്‍ ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവിന്‍റെ പ്രതീക്ഷയിലേക്കു നോക്കുന്നതിനാണത്.  അതുകൊണ്ട്, നിങ്ങളുടെ കാഴ്ച നവീ കരിക്കുന്നതില്‍ മടുപ്പുതോന്നരുത്.  ആത്മ നേത്രങ്ങളുടെ തിമിരം നീക്കുന്ന ഓപ്പറേഷന്‍ എല്ലാ ദിവസവും നടത്തുക. എല്ലായ്പോഴും കാഴ്ച നവീകരിക്കുക.  അത് നല്ലൊരു യത്നമാണ്.

തുടര്‍ന്ന് പകുതിയോളം വീഞ്ഞു നിറച്ച ഒരു കുപ്പിയില്‍ നിറഞ്ഞ ഭാഗവും ശൂന്യഭാഗവും നോക്കുന്നതിലെ പ്രത്യേക മനോഭാവങ്ങളെ വിശദീകരിച്ചുകൊണ്ട്, പാപ്പാ പ്രത്യാശയെ ചിന്താവിഷയമാക്കി. ഏതൊരു ശിക്ഷയും പ്രത്യാശയിലേയ്ക്കു തുറവിയുള്ളതാകണം എന്നും അതില്ലെങ്കില്‍ ആ ശിക്ഷ ക്രീസ്തീയമല്ലെന്നും, മാനുഷികം പോലുമല്ല എന്നും പാപ്പാ വ്യക്തമാക്കി.  "പ്രത്യാശ വിതയ്ക്കുക എല്ലായ്പ്പോഴും.. നിങ്ങളുടെ ജോലി അതായിരിക്കട്ടെ. ഓരോ ശിക്ഷയും പ്രത്യാശയുടെ ചക്രവാളത്തിലേക്കു തുറവിയുള്ളതായിരിക്കട്ടെ!"

"ഈസ്റ്ററിന്‍റെ പുതുജലം നിങ്ങള്‍ക്ക് നവവീക്ഷണവും, പ്രത്യാശയും നല്‍കട്ടെ എന്നതാണ് തന്‍റെ ആശംസ"യെന്നു പറഞ്ഞ പാപ്പാ, തന്‍റെ സന്ദര്‍ശനാര്‍ഥം അവര്‍ ചെയ്ത ഒരുക്കങ്ങള്‍ക്ക് നന്ദിപറഞ്ഞു.  "ഞാന്‍ നിങ്ങള്‍ക്കു സമീപസ്ഥനാണെന്നും, നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും" അറിയിച്ച പാപ്പായുടെ സമാപനവാക്കുകള്‍, തനിക്കു വേണ്ടി പ്രാര്‍ഥിക്കുന്നതിനു മറക്കരുതെന്നുള്ള  അഭ്യര്‍ഥനയായിരുന്നു.

"പാപ്പാ തടവറയുടെ ഇരുളില്‍ പ്രകാശമേകി" ജയില്‍ ഡിറക്ട്രസ്

ഈ പുരാതനമായ തടവറയെ അങ്ങയുടെ സന്ദര്‍ശനത്താല്‍ പ്രകാശിപ്പിച്ചു എന്ന വാക്കുകളോടെയാണ്, റെജീന ചേലി ജയിലിന്‍റെ ഡിറക്ട്രസ് പാപ്പായ്ക്കു സ്വാഗതവചനങ്ങള്‍ ആശംസിച്ചത്.  അവര്‍ തുടര്‍ന്നു, ഞങ്ങള്‍ മിക്കവാറും കാണുന്നത് ഇരുട്ടാണ്, ഇവിടെ മിക്കവാറും ഇവര്‍ കാണുന്നത് വേദനയും, കോപവും, വെറുപ്പും...  അങ്ങയുടെ സാന്നിധ്യത്താല്‍ ഇവയെല്ലാം മധുരമാക്കപ്പെടുകയാണ്.  ഞങ്ങളുടെയും, ഈ അതിഥികളുടെയും ആത്മാക്കള്‍ അങ്ങയുടെ പ്രാര്‍ഥനയിലുണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്.

ഈ മതിലുകള്‍ ഞങ്ങളെ പഠിപ്പിക്കുന്നുണ്ട്, എപ്പോഴാണ്, ശിക്ഷ ആരംഭിക്കുന്നതെന്നും, കുറ്റപ്പെടുത്തലുകള്‍ അവസാനിക്കുന്നതെന്നും.  ഒരുപക്ഷേ, ക്രമേണ, ഞങ്ങള്‍ കൃപാവരത്തെ സമീപിക്കും. ആ കൃപ, പ്രതീക്ഷയുള്ളവരായിരിക്കാന്‍, മെച്ചപ്പെട്ട ഒരു ജീവിത പദ്ധതിയില്‍ വിശ്വസിക്കാന്‍ ഞങ്ങളെ കഴിവുള്ളവരാക്കും എന്നു ഞാന്‍ വിചാരിക്കുന്നു.  പരിശുദ്ധ പിതാവേ, അങ്ങയുടെ സന്ദര്‍ശനം, എല്ലാറ്റിനുമുപരി, ഞങ്ങളുടെ അനുദിനവ്യാപാരങ്ങളില്‍ പ്രത്യാശ സന്നിവേശിപ്പിക്കാന്‍ ഞങ്ങളെ സഹായിക്കും, ഇവിടേയ്ക്കു ഞങ്ങളെ നയിച്ച വഴിയില്‍ നിന്നു വ്യത്യസ്തമായൊരു പാതയെ ചൂണ്ടിക്കാണിക്കും...  പ്രതീക്ഷ നല്‍കാന്‍ ഞങ്ങള്‍ക്കു കഴിയുന്നില്ലെങ്കില്‍, ഞങ്ങളുടെ യത്നം സത്യത്തില്‍ പരിപോഷകമല്ല. ഞങ്ങള്‍ അങ്ങയുടെ പ്രാര്‍ഥനകളില്‍ ശരണം വയ്ക്കുന്നു..."

പാപ്പായുടെ പ്രാര്‍ഥന ആവശ്യപ്പെട്ടുകൊണ്ടാണ് ഡയറക്ടര്‍ തന്‍റെ സ്വാഗതാശംസ അവസാനിപ്പിച്ചത്.

"ഇതൊരു കുടുംബസംഭവം": ജയിലന്തേവാസികളുടെ പ്രതിനിധി

പ്രിയ ഫ്രാന്‍സീസ് പാപ്പാ, എന്ന അഭിസംബോധനയോടെ, ഈ തടവറയിലെ അന്തേവാസിയായ അലക്സാണ്ഡര്‍ എല്ലാവരുടെയും പ്രതിനിധിയായി ഇങ്ങനെ പറഞ്ഞു: "ഞങ്ങള്‍  ഈ സന്ദര്‍ശനത്തില്‍ ആനന്ദിക്കുന്നു.  ഇത് ഒരു കുടുംബസംഭവമാണ്. ഒരു പിതാവിനോടു കുട്ടികള്‍ എന്നപോലെ, സ്വാഭാവികമായ അടുപ്പത്തോടെയാണ് ഈ കൂടിക്കാഴ്ച".  ആമുഖമായി ഇങ്ങനെ പറഞ്ഞശേഷം, "ഞങ്ങള്‍ ചെയ്തവയില്‍ ഞങ്ങള്‍ നല്ലവരായിരുന്നില്ലെന്നും എന്നാല്‍, ദൈവം നല്‍കിയിരിക്കുന്ന ജീവിതം അമൂല്യമായതിനാല്‍, അത് കൂടുതല്‍ നന്നായി ചെലവഴിക്കണമെന്നും ഇതു തങ്ങളെ ഓര്‍മിപ്പിക്കുന്നു"വെന്നും അലക്സാണ്ഡര്‍ പറഞ്ഞു. തങ്ങളുടെ വിവിധ ഭാഷകളിലുളള നന്ദി, രണ്ടുവിധത്തിലാണ് എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം, ആദ്യത്തേത് ഈ സന്ദര്‍ശന ത്തിനും, രണ്ടാമത്തേത്, ലോകമെമ്പാടുമുള്ള എല്ലാ ജയില്‍ നിവാസികള്‍ക്കുംവേണ്ടിയാണെന്നും, വിശദീകരിച്ചു: "ജയില്‍ ജീവിതം അനുഭവിക്കുന്നവരോടു മാര്‍പ്പാപ്പയ്ക്കുള്ള വലിയ ശ്രദ്ധയ്ക്കുവേണ്ടി നല്‍കുന്ന നന്ദിയാണിത്...  കാരുണ്യത്തിന്‍റെ ജൂബിലിവര്‍ഷം ഞങ്ങള്‍ക്കു മറക്കാനാവില്ല..."  ആ ജൂബിലിവര്‍ഷത്തില്‍, പാപ്പാ നടത്തിയ തടവറ സന്ദര്‍ശനങ്ങള്‍, കാരാഗൃഹവാസികളെക്കുറിച്ചുള്ള നിരന്തര പരാമര്‍ശങ്ങള്‍, എന്നിവയ്ക്കെല്ലാം, ലോകമാസകലമുള്ള ജയില്‍ നിവാസികള്‍ക്കുംവേണ്ടി നന്ദി പറഞ്ഞു.  ആനന്ദവും പ്രത്യാശയുമേകുന്ന സുവിശേഷസന്ദേശം എല്ലാവര്‍ക്കും നല്‍കാന്‍, പാപ്പായ്ക്ക് ആയുസ്സും ആരോഗ്യവും ദൈവം നല്‍കട്ടെ എന്ന ആശംസയോടെയാണ് ആ ജയിലിലെ എല്ലാ അന്തേവാസികള്‍ക്കും വേണ്ടിയുള്ള തന്‍റെ വാക്കുകള്‍ അലക്സാണ്ഡര്‍ അവസാനിപ്പിച്ചത്.








All the contents on this site are copyrighted ©.