2018-03-30 12:19:00

ജയിലിലെ പെസഹാ ആചരണം : പാപ്പാ ജയില്‍വാസികളുടെ കാലുകഴുകി


ക്രിസ്തുവിന്‍റെ അന്ത്യത്താഴവിരുന്നിന്‍റെ അനുസ്മരണം :  ജയില്‍ വാസികളായ 12 പേരുടെ കാലുകള്‍ പാപ്പാ ഫ്രാന്‍സിസ് കഴുകി ചുംബിച്ചു. തുടര്‍ന്ന് ജയിലിലെ കപ്പേളയില്‍ പെസഹാബലി അര്‍പ്പിച്ചു. മാര്‍ച്ചു 29-Ɔο തിയതി പെസഹാവ്യാഴാഴ്ച പ്രാദേശികസമയം വൈകുന്നേരം 4 മണിക്കായിരുന്നു പാപ്പായുടെ ജയില്‍ സന്ദര്‍ശനത്തിലെ കാലുകഴുകല്‍ ശുശ്രൂഷയും തുടര്‍ന്നുള്ള ദിവ്യബലിയര്‍പ്പണവും.

ജയിലിലെ കാലുകഴുകല്‍ ശുശ്രൂഷ
പാദക്ഷാളനത്തിനുള്ള 12 പേരും പുരുഷന്മാരായിരുന്നു. സ്ത്രീകള്‍ ഇല്ലായിരുന്നതിനു കാരണം, ഇത്തവണ പാപ്പാ സന്ദര്‍ശിച്ച റോമിലെ ‘റെജീന ചേളി’ ജയിലിന്‍റെ 8-Ɔο വാര്‍ഡിലെ അന്തേവാസികള്‍ പുരുഷന്മാര്‍ മാത്രമായിരുന്നു. എന്നാല്‍ 12 പേരില്‍ വിവിധ മതക്കാരും, വിവിധ രാഷ്ട്രക്കാരുമുണ്ടായിരുന്നു. വത്തിക്കാന്‍റെ പ്രസ്താവന അറിയിച്ചു.
4 ഇറ്റലിക്കാര്‍, 2 ഫിലിപ്പീന്‍കാര്‍, 2 മൊറോക്കോക്കാര്‍, 1 മാല്‍ഡീവിയന്‍, 1 കൊളംമ്പിയന്‍,
1 നൈജീരിയന്‍, 1 സിയെരാ ലിയോണ്‍കാരന്‍ എന്നിവരുടെ പാദക്ഷാളനമാണ് ക്രിസ്തുവിന്‍റെ അന്ത്യത്താഴവിരുന്നിന്‍റെ അനുസ്മരണമായി പാപ്പാ നിര്‍വ്വഹിച്ചത്.  കാലുകഴുകിയവരില്‍ 8 പേര്‍ കത്തോലിക്കരും, 2 മുസ്ലീങ്ങളും, ഒരു ഓര്‍ത്തഡോക്സ് ക്രിസ്ത്യാനിയും ഒരു ബുദ്ധമതക്കാരനുമായിരുന്നു.

അന്തേവാസികള്‍ക്കൊപ്പം തിരുവത്താഴപൂജ
ജയിലിലെ അന്തേവാസികള്‍, ഉദ്യോഗസ്ഥര്‍, പരിചാരകര്‍ എന്നിവര്‍ക്കൊപ്പം പാപ്പാ ദിവ്യബലിയര്‍പ്പിച്ചു. ദിവ്യബലിമദ്ധ്യേ പെസഹായുടെ സന്ദേശം അന്തേവാസികളുമായി പാപ്പാ പങ്കുവച്ചു, യേശു അന്ത്യത്താഴവിരുന്നില്‍ ഒരു ദാസന്‍റെ അടിമയുടെ രൂപം ഉള്‍ക്കൊണ്ടാണ് ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയത്. അധികാരവും സ്ഥാനവും ശുശ്രൂഷയും സേവനവുമായിരിക്കണം. മനുഷ്യരെ തല്ലാനോ കൊല്ലാനോ ഉള്ളതല്ല. പ്രതിസന്ധികളെ അവഗണിച്ചും മനുഷ്യരെ സഹായിക്കുന്നതാണ് സേവനം, ശുശ്രൂഷ! ജയിലിലേയ്ക്ക് സമ്മാനമായി നല്കിയ അള്‍ത്താരയുടെ വെങ്കലശില്പം പാപ്പാ വിവരിച്ചു. പ്രതിസന്ധികളെ വെല്ലുവിളിച്ചു നഷ്ടപ്പെട്ട ഒരാടിനെ തേടി മുള്ളും കല്ലും ചവിട്ടി എത്തുന്ന നല്ലിടയന്‍റെ രൂപം പാപ്പാ വ്യാഖ്യാനിച്ചു. ദൈവം കരുണാര്‍ദ്രനാണ്. എല്ലാവരുടെയും തെറ്റുകള്‍ ക്ഷമിക്കും, നമ്മോടു കരുണ കാട്ടും എന്ന പ്രത്യാശയുടെ വാക്കുകളോടെയാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.

പാപ്പാ ഫ്രാന്‍സിസിന്‍റെ 5 പെസഹാനാളുകള്‍
എല്ലാവര്‍ഷവും വ്യത്യസ്ത സ്ഥാപനങ്ങളിലാണ് പാപ്പാ ഫ്രാന്‍സിസ് പെസഹാ ആചരിച്ചത് :
2017-ല്‍ റോമാ നഗരത്തിന്‍റെ പ്രാന്തത്തിലുള്ള പാലിയാനോ ജയില്‍.
2016-ല്‍ റോമിന്‍റെ അതിര്‍ത്തിയിലുള്ള ക്യാസില്‍ നുവോവോ ദി പോര്‍ത്തോ (Castel Nuovo di Porto) അഭയാര്‍ത്ഥികേന്ദ്രം.
2015 റോമിലെ റെബിബിയ ജയില്‍
2014 ഡോണ്‍ നോക്കി ഫൗണ്ടേഷന്‍റെ അഗതിമന്ദിരം.
2013 കാസാ ദേല്‍ മാര്‍മോ, എന്ന കുട്ടികളുടെ ജയില്‍...

ലിങ്ക് ഉപയോഗപ്പെടുത്തിയാല്‍ ജയില്‍ സന്ദര്‍ശനങ്ങളുടെ വീഡിയോ Clipping  കാണാം:
cf. The link below: http://www.vaticannews.va/en/pope/storico/2018-03/pope-francis-holy-thursday-liturgy.html#play








All the contents on this site are copyrighted ©.