2018-03-29 18:32:00

പൗരോഹിത്യം ഒരു സാന്ത്വന സാമീപ്യമാവണം


പാപ്പാ ഫ്രാന്‍സിസ് പൗരോഹിത്യക്കൂട്ടായ്മയോട്....

ജനങ്ങളോടുള്ള സാമീപ്യം സഭാശുശ്രൂഷകന്‍റെ നിര്‍ണ്ണായകവും അനിവാര്യവുമായ മനോഭാവമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. മാര്‍ച്ച് 29-Ɔο തിയതി പെസഹാ വ്യാഴാഴ്ച രാവിലെ വത്തിക്കാനില്‍ അര്‍പ്പിച്ച പൗരോഹിത്യ കൂട്ടായ്മയുടെ സമൂഹബലിയര്‍പ്പണത്തില്‍ നല്കിയ വചനചിന്തയിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. റോമാ രൂപതയിലെ വൈദികരെക്കൂടാതെ പാപ്പായ്ക്കൊപ്പം ബലിയര്‍പ്പിക്കാനും തങ്ങളുടെ പൗരോഹിത്യവ്രതം നവീകരിക്കാനും ഒട്ടനവധി വൈദികര്‍ ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുമായി വത്തിക്കാനില്‍ എത്തിയിരുന്നു.

മനുഷ്യരുടെകൂടെ ആയിരിക്കുകയെന്നത് ദൈവത്തിന്‍റെ തിരഞ്ഞെടുപ്പായിരുന്നു. അതു ക്രിസ്തുവിന്‍റെയും തിരഞ്ഞെടുപ്പായിരുന്നു. അതുകൊണ്ടാണ് 30 വര്‍ഷക്കാലത്തെ രഹസ്യജീവിതത്തിനുശേഷം ജനമദ്ധ്യത്തിലേയ്ക്ക് അവിടുന്നു ഇറങ്ങിയത്. അവിടുത്തേയ്ക്കുവേണമെങ്കില്‍ നസ്രത്തെ ദേവാലയത്തിലെ പണ്ഡിതനോ പുരോഹിതനോ ആയി കഴിഞ്ഞുകൂടാമായിരുന്നു. മനുഷ്യാവതാരത്തിന്‍റെ പ്രബോധനരീതി തദ്ദേശവത്ക്കരണത്തിന്‍റെയും തന്‍റെ ജനത്തിന്‍റെയുംകൂടെ ആയിരിക്കുന്നതുമാണെന്ന് മനസ്സിലാക്കാം.

ജനങ്ങളോടുള്ള സാമീപ്യം ഒരു പ്രത്യേക പുണ്യം എന്നതിനുമപ്പുറം ഒരു വ്യക്തിയെ പൂര്‍ണ്ണമായും ആശ്ലേഷിക്കേണ്ട മനോഭാവമാണ്. അത് നമ്മോടുതന്നെ എന്നപോലെ മറ്റുള്ളവരോടുമുള്ള കരുതലിന്‍റെയും സ്നേഹത്തിന്‍റെയും മനോഭാവമാണ്. ഒരു സഭാശുശ്രൂഷകന്‍ അല്ലെങ്കില്‍ വൈദികന്‍ ജനങ്ങള്‍ക്കൊപ്പമാണെന്നു പറയുമ്പോള്‍, രണ്ടു കാര്യങ്ങള്‍ സ്പഷ്ടമാണ്. ആദ്യമായി ജനങ്ങളുടെ കൂടെയായിരിക്കുന്ന ശാരീരിക സാന്നിദ്ധ്യമാണ്. ചിലര്‍ ജനങ്ങള്‍ക്ക് ലഭ്യമായിരിക്കില്ല, എന്നിട്ട് തിരക്കാണെന്ന് പറയും! രണ്ടാമതായി സഭാശുശ്രൂഷകന്‍റെ ലഭ്യതയുടെ അടയാളമാണ്, അദ്ദേഹത്തിന് ജനങ്ങളോടു സംസാരിക്കാന്‍ സമയമുണ്ടായിരിക്കുന്നത്. അദ്ദേഹം എല്ലാവരോടും – മുതിര്‍ന്നവരോടും കുട്ടികളോടും, വലിയവരോടും ചെറിയവരോടും, പാവങ്ങളോടും പണക്കാരോടരും സംസാരിക്കും സംവദിക്കും. അങ്ങനയുള്ളവര്‍ പള്ളിമേടയിലും ഓഫിസിലും മാത്രമല്ല, തെരുവില്‍നിന്നും ‍‍ജനങ്ങളോടു സംസാരിക്കും.

അപ്പസ്തോലന്‍ ഫിലിപ്പോസിന്‍റെ ഉദാഹരണം പാപ്പാ ചൂണ്ടിക്കാട്ടി. അദ്ദേഹം ഒരു തെരുവോര പ്രബോധനകനായിരുന്നത്രേ! അദ്ദേഹം നഗരങ്ങളിലും ഗ്രാമങ്ങളിലുംപോയി സുവിശേഷപ്രഘോഷണം നടത്തിയ കാര്യം നടപടിപ്പുസ്തകം രേഖപ്പെടുത്തുന്നുണ്ട് (നടപടി 8, 4.5-8). അരൂപിയാല്‍ പ്രചോദിതനായി ഫിലിപ്പോസ് എപ്പോഴും എവിടെയും ലഭ്യമാകുന്ന ശുശ്രൂഷകനായി മാറി. വിശ്വാസം പ്രകടമാക്കിയവരെ അദ്ദേഹം എവിടെയും ജ്ഞാനസ്നാനപ്പെടുത്തി. എത്യോപ്യന്‍ രാജ്ഞിയുടെ ഭൃത്യനെ ഫിലിപ്പോസ് ജ്ഞാനസ്നാനപ്പെടുത്തുന്നത് യാത്രയില്‍ വഴിയോരത്തുവച്ചല്ലേ! (നടപടി 8,5.36-40).

അതിനാല്‍ എവിടെയും എപ്പോഴും ലഭ്യമാകുന്ന സാന്ത്വന സാമീപ്യം ശുശ്രൂഷാജീവിതത്തിന്‍റെ നിര്‍ണ്ണായകമായ ഘടകമാണ്. സുവിശേഷം വിവരിക്കുന്നത് അതിനെ സുവിശേഷപ്രബോധകന്‍റെ അനുപേക്ഷണീയമായ മനോഭാവവും മനഃസ്ഥിതിയുമായിട്ടാണ്. ക്രിസ്തു ദൈവരാജ്യത്തിന്‍റെ സാമീപ്യത്തെക്കുറിച്ചും, സമീപസ്ഥമാകുന്ന അതിന്‍റെ അടയാളങ്ങളെക്കുറിച്ചും സംഭാഷിക്കുന്നുണ്ട്. അതിനാല്‍ ഓര്‍ക്കണം, ദൈവിക കാരുണ്യത്തിന് സമവാക്യമാണ് സാമീപ്യം, ജനങ്ങളോടു ചേര്‍ന്നുനില്ക്കുന്ന സാന്ത്വനസാമീപ്യം. അതിരുകളിലേയ്ക്കുള്ള അകലം മറന്നും, അത് ഇല്ലാതാക്കിയും കാരുണ്യംകാട്ടുന്ന ‘നല്ല സമറിയാക്കാര’ന്‍റെ മനോഭാവവും മഹാമനസ്കതയുമാണ് ക്രിസ്തീയ സാമീപ്യം.

സത്യം കണ്ടെത്താനും അതു തിരിച്ചറിയാനുമുള്ള  സൂത്രവും മുഖ്യമാര്‍ഗ്ഗവും സാമീപ്യംതന്നെയാണ്. സത്യം വിശ്വസ്തതയാണ്. കാരണം അകലെനിന്നുള്ള നിരീക്ഷണമോ കാഴ്ചപ്പാടോ അല്ല സത്യം. സത്യം സാമീപ്യമാണ്. ജനങ്ങളെ പേരുചൊല്ലി വിളിക്കുന്നതും, ജീവിതസാഹചര്യങ്ങള്‍ അടുത്തറിയുന്നതുമായ സാമീപ്യംതന്നെയാണത്.... (incomplete). 








All the contents on this site are copyrighted ©.