2018-03-28 12:38:00

പെസഹാത്രിദിനം- പാപ്പായുടെ പൊതുദര്‍ശന പ്രഭാഷണം


വിശുദ്ധവാരത്തില്‍ പെസഹാ ത്രിദിനത്തിന് തൊ‍ട്ടുമുമ്പുവന്ന ഈ ബുധനാഴ്ച  ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ അനുവദിച്ച പ്രതിവാര പൊതുദര്‍ശന പരിപാടിയില്‍ പങ്കെടുക്കുന്നതിന് വിവിധരാജ്യക്കാരായിരുന്ന സന്ദര്‍ശകരും തീര്‍ത്ഥാടകരുമുള്‍പ്പടെ ആയിരക്കണക്കിനാളുകള്‍ വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ അതിവിശാലമായ അങ്കണത്തില്‍ സന്നിഹിതരായിരുന്നു. വിശുദ്ധവാരത്തില്‍ പതിവുള്ളതുപോലെ ഇക്കൊല്ലവും ലോകത്തിന്‍റെ  വിവിധ ഭാഗങ്ങളില്‍ നിന്ന് റോമില്‍ സമ്മേളിക്കുന്നതിനെത്തിയ(യുണിവ് 2018 UNIV 2018) 3200 ഓളം സര്‍വ്വകലാശാലാവിദ്യര്‍ത്ഥികളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. വെളുത്ത തുറന്ന വാഹനത്തില്‍ പാപ്പാ ചത്വരത്തിലേക്കു കടന്നപ്പോള്‍ ജനസഞ്ചയത്തിന്‍റെ   ആനന്ദാരവങ്ങളുടെ അലകളുയര്‍ന്നു. പുഞ്ചിരിതൂകി ഏവര്‍ക്കും  അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് ജനങ്ങളുടെ ഇടയിലൂടെ വാഹനത്തില്‍ നീങ്ങിത്തുടങ്ങിയ പാപ്പാ  ഇടയ്ക്കിടെ അംഗരക്ഷകര്‍ തന്‍റെ പക്കലേക്കു എടുത്തുകൊണ്ടുവന്നുകൊണ്ടിരുന്ന പിഞ്ചുകുഞ്ഞുങ്ങളെ ആശീര്‍വ്വദിക്കുകയും ചുംബിക്കുകയും, ചെയ്യുന്നുണ്ടായിരുന്നു. ഇടയ്ക്കുവച്ച് പാപ്പാ ഒരു ബാലനെ വാഹനത്തിലേറ്റി യാത്ര തുടര്‍ന്നു. പേപ്പല്‍ വാഹനം വേദിക്കരികില്‍ നിശ്ചലമായപ്പോള്‍ പാപ്പാ ആദ്യം ബാലനെ ഇറക്കിയതിനുശേഷം അതില്‍ നിന്നിറങ്ങി സാവധാനം നടന്ന് വേദിയിലെത്തുകയും റോമിലെ സമയം രാവിലെ 10 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30 ഓടെ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

നമ്മുടെ പെസഹാക്കുഞ്ഞാടായ ക്രിസ്തു ബലിയര്‍പ്പിക്കപ്പെട്ടിരിക്കുന്നു.8 അതിനാല്‍, അശുദ്ധിയും തിന്മയുമാകുന്ന പഴയപുളിപ്പുകൊണ്ടല്ല, ആത്മാര്‍ത്ഥതയും സത്യവുമാകുന്ന പുളിപ്പില്ലാത്ത അപ്പംകൊണ്ട് നമുക്കു തിരുന്നാള്‍ ആഘോഷിക്കാം” (വി.പൗലോസ് കോറിന്തോസുകാര്‍ക്കെഴുതിയ ഒന്നാം ലേഖനം അദ്ധ്യായം 05, വാക്യങ്ങള്‍ 07-08)

ഈ വിശുദ്ധഗ്രന്ഥഭാഗം പാരായണംചെയ്യപ്പെട്ടതിനുശേഷം, ജനസഞ്ചയത്തെ സംബോധനചെയ്ത പാപ്പാ പെസഹാത്രിദിനത്തെക്കുറിച്ച്, അതായത് ഉയിര്‍പ്പുതിരുനാളിനു മുമ്പുവരുന്ന പെസഹാവ്യാഴം, ദുഃഖവെള്ളി, വിശുദ്ധ ശനി  എന്നീ ദിനങ്ങളെക്കുറിച്ചുള്ള ചിന്തകള്‍ പങ്കുവച്ചു..

പ്രഭാഷണസംഗ്രഹം:

നാളെ ആരംഭിക്കുന്ന പെസഹാത്രിദിനത്തെക്കുറിച്ചു അല്പം ചിന്തിക്കനാണ് ഞാന്‍ ഇന്ന് ആഗ്രഹിക്കുന്നത്. വിശ്വാസികളായ നമ്മെ സംബന്ധിച്ചിടത്തോളം ആരാധനാക്രമവത്സരത്തിലെ സുപ്രധാനദിനങ്ങളെക്കുറിച്ച് അല്പം ആഴത്തില്‍ മനസ്സിലാക്കുന്നതിനുവേണ്ടിയാണിത്. ഞാന്‍ ഒന്നു ചോദിക്കട്ടെ,  തിരുപ്പിറവിയാണോ ഉയിര്‍പ്പുതിരുന്നാളാണോ, ഏതാണ് നമ്മുടെ വിശ്വാസത്തില്‍ ഏറ്റം പ്രധാനമായ ഉത്സവം. ഉയിര്‍പ്പു തിരുന്നാള്‍. കാര​ണം നമ്മുടെ രക്ഷയുടെ, ദൈവത്തിന് നമ്മോടുള്ള സ്നേഹത്തിന്‍റെ മഹോത്സവമാണ് അത്. കര്‍ത്താവായ യേശുവിന്‍റെ മരണോത്ഥാനങ്ങള്‍ എന്ന ഏക മഹാരഹസ്യത്തിന്‍റെ ഓര്‍മ്മയാചരണ ദിനങ്ങളാണ് പെസഹാത്രിദിനം. “തിരുവത്താഴ ദിവ്യയാഗ”ത്തോടെ നാളെ പെസഹാത്രിദിനത്തിന് തുടക്കം കുറിക്കപ്പെടുകയും ഉത്ഥാന ഞായറാഴ്ചത്തെ സായാഹ്നപ്രാര്‍ത്ഥനയോടെ അത് സമാപിക്കുകയും ചെയ്യുന്നു. നമ്മുടെ വിശ്വാസത്തിന്‍റെയും ലോകത്തിലെ നമ്മുടെ വിളിയുടെയും മൗലിക ഘട്ടങ്ങളെ കുറിക്കുന്നതാണിത്. തങ്ങളുടെ വ്യക്തിപരവും സാമൂഹ്യവുമായ ജീവിതത്തിന്‍റെ “മൂശ” എന്നപോലെ ഈ വിശുദ്ധ ദിനങ്ങള്‍ ജീവിക്കാന്‍ ക്രൈസ്തവരെല്ലാം വിളിക്കപ്പെട്ടിരിക്കുന്നു. ഈജിപ്തില്‍ നിന്നുള്ള പുറപ്പാട് നമ്മു‍ടെ യഹൂദസഹോദരങ്ങള്‍ എങ്ങനെ ജീവിച്ചുവൊ അതു പോലെയാണ് ഈ ത്രിദിനം ക്രൈസ്തവര്‍ക്ക്. ക്രിസ്തു പ്രവര്‍ത്തിച്ച രക്ഷാകരമായ മഹാസംഭവങ്ങള്‍ ക്രൈസ്തവജനതയ്ക്കുമുന്നില്‍ വീണ്ടും അവതരിപ്പിക്കുന്നവയാണ് ഈ ത്രിദിനം.

പെസഹാത്രിദിനത്തിലെ ഘട്ടങ്ങളിലൂടെ വീണ്ടും പ്രയാണം ചെയ്തുകൊണ്ട് ഉയിര്‍പ്പു    ദിനത്തിലെ പ്രഭാതത്തിലെ ഉത്ഥാനവിളംബരത്തില്‍ പ്രഘോഷിക്കപ്പെടുന്നു “നമ്മുടെ പ്രത്യാശയായ ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു, നമുക്കു മുമ്പേ ഗലീലിയിലേക്കു പോകുന്നു.” വികാരനിര്‍ഭരമായ ഈ പ്രഘോഷണത്തോടെ പെസഹാത്രിദിനം അതിന്‍റെ   പാരമ്യത്തിലെത്തുന്നു. ഈ വാക്കുകളില്‍ സന്തോഷത്തിന്‍റെയും പ്രത്യാശയുടെയും വിളംബരം മാത്രല്ല ഉത്തരവാദിത്വത്തിനും പ്രേഷിതപ്രവര്‍ത്തനത്തിനുമുള്ള ആഹ്വാനവും അന്തര്‍ലീനമായിരിക്കുന്നു. ഈ വിളംബരം സ്വീകരിക്കാന്‍ പെസഹാത്രിദിനം നമ്മെ ഒരുക്കുന്നു. അത് നമ്മുടെ വിശ്വാസത്തിന്‍റെയും പ്രത്യാശയുടെയും കേന്ദ്രമാണ്, സുവിശേഷവത്ക്കരിക്കാന്‍ അയക്കപ്പെട്ടിരിക്കുന്ന സഭയെ നിരന്തരം സുവിശേഷവത്ക്കരിക്കുന്ന സന്ദേശമാണ്.

വിശുദ്ധ പൗലോസ് പെസഹാസംഭവത്തെ ഈ വാക്കുകളില്‍ സംക്ഷേപിക്കുന്നു: “നമ്മുടെ പെസഹ ആയ ക്രിസ്തു ബലികഴിക്കപ്പെട്ടു” (1കോറിന്തോസ് 5,7) “പഴയവ കടന്നു പോയി, പുതിയവ വന്നുകഴിഞ്ഞു” ജ്ഞാനസ്നാനത്താല്‍, വാസ്തവത്തില്‍, നാം ക്രിസ്തുവിനോടുകൂടെ ഉയിര്‍പ്പിക്കപ്പെടുകയും ലൗകിക വസ്തുക്കളോടും ലോകത്തിന്‍റെ യുക്തിയോടും നാം മരിക്കുകയും പുതിയ സൃഷ്ടികളായി ജന്മംകൊള്ളുകയും ചെയ്തിരിക്കുന്നു. ഒരു ക്രൈസ്തവന്‍ യഥാര്‍ത്ഥത്തില്‍ ക്രിസ്തുവിനാല്‍ ക്ഷാളനം ചെയ്യപ്പെടാന്‍, പുതിയ ജീവിതത്തില്‍ നടക്കേണ്ടതിന് പഴയ മനുഷ്യനെ ഉരിഞ്ഞുകളായന്‍, അനുവദിച്ചാല്‍ അവന്‍ പാപിയാണെങ്കിലും ഇനിയൊരിക്കിലും ജീര്‍ണ്ണതയുള്ളവനാകില്ല, ആത്മാവില്‍ മരണവുമായി ജീവിക്കാന്‍ ഇനിയൊരിക്കലും അവനാവില്ല, മരണകാരണമാകാനും അവന് സാധിക്കില്ല. ഇവിടെ ദുഃഖകരമായ, വേദനാജനകമായ ഒരു കാര്യം ഞാന്‍ പറയേണ്ടിവരുന്നു, അതായത്, കപട ക്രൈസ്തവരുണ്ട്, അവര്‍ പറയുന്നു: "യേശു ഉത്ഥാനം ചെയ്തു", "ഞാന്‍ യേശുവിനാല്‍ നീതീകരിക്കപ്പെട്ടു,ഞാന്‍ നവജീവനിലാണ്. എന്നാല്‍ അവന്‍ നയിക്കുന്നത് ജീര്‍ണ്ണതയുടെ ജീവിതമാണ്. ഈ കപട ക്രൈസ്തവരുടെ അന്ത്യം പരിതാപകരമായിരിക്കും. ക്രൈസ്തവന്‍, ഞാനുള്‍പ്പടെ, പാപിയാണ്. എന്നാല്‍ മാപ്പുചോദിച്ചാല്‍ കര്‍ത്താവ് പൊറുക്കുമെന്ന ഉറപ്പ് നമുക്കുണ്ട്. അഴിമതിക്കാരനായവന്‍ മാന്യനായ വ്യക്തിയുടെ മൂടുപടം അണിഞ്ഞിരിക്കുന്നു, അവന്‍റെ ഹൃദയത്തില്‍ ജീര്‍ണ്ണതയുണ്ട്. യേശു നമുക്കു പ്രദാനം ചെയ്യുന്നത് പുതുജീവനാണ്. ആത്മാവില്‍ മരണവുമായി ജീവിക്കാനും മരണഹേതുവാകാനും ക്രൈസ്തവനാകില്ല. ഒന്നു ചിന്തിച്ചു നോക്കൂ,  അകലെയെങ്ങും അലയേണ്ടതില്ല, നമ്മുടെ ഭവനത്തെക്കുറിച്ചു ചിന്തിക്കൂ, മാഫിയക്കാരായ ക്രൈസ്തവരെക്കുറിച്ച് ചിന്തിക്കൂ. ഇത്തരക്കാരായവരില്‍  ക്രൈസ്തവികമായ  ഒന്നുമില്ല. ക്രൈസ്തവരെന്ന് അവകാശപ്പെടുന്ന അവര്‍ ആത്മാവില്‍ സംവഹിക്കുന്നത് മരണമാണ്. അവര്‍ മറ്റുള്ളവര്‍ക്കും മരണകാരണമാകുന്നു.   അവരുടെ ഹൃദയത്തെ കര്‍ത്താവ് സ്പര്‍ശിക്കുന്നതിനുവേണ്ടി നമുക്കു പ്രാര്‍ത്ഥിക്കാം.

 മരണത്തില്‍ നിന്ന് ജീവനിലേക്കുള്ള യേശുവിന്‍റെ കടക്കലില്‍ മാമ്മോദീസാവഴി നാമും പങ്കുചേരുന്നു. അവിടന്നുമായി ഐക്യപ്പെട്ടും നമ്മുടെ സഹോദരീസഹോദരന്മാരില്‍ ഏറ്റം എളിയവരയവരോടുള്ള അവിടത്തെ സ്നേഹപൂര്‍വ്വമായ കരുതല്‍ അനുകരിച്ചുകൊണ്ടും ഈ പുതുജീവന്‍ പൂര്‍ണ്ണതയില്‍ ജീവിക്കാന്‍ നാം ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നു.

പ്രിയ സഹോദരീസഹോദരന്മാരേ, നമുക്കുവേണ്ടി മരിച്ച് ഉത്ഥാനം ചെയ്ത ക്രിസ്തുവിന്‍റെ രഹസ്യത്തില്‍ എന്നും ആഴത്തില്‍ ഉള്‍ച്ചേരുന്നതിനായി നമുക്കു ഈ വിശുദ്ധ ത്രിദിനം സമുചിതം ജീവിക്കുന്നതിന് സന്നദ്ധരാകാം. യേശുവിനെ അവിടത്തെ പീഢാസഹനത്തില്‍ പിന്തുടരുകയും കുരിശിന്‍ ചുവട്ടില്‍ അവിടത്തോടു ചേര്‍ന്നു   നില്ക്കുകയും ഉത്ഥാനത്തിന്‍റെ അപരിമേയാനന്ദം മാതൃഹൃദയത്തില്‍ സ്വീകരിക്കുകയും ചെയ്ത പരിശുദ്ധ കന്യകാമറിയം ഈ ആദ്ധ്യാത്മിക യാത്രയില്‍ നമുക്കു തുണയാകട്ടെ.

എല്ലാവര്‍ക്കും, നിങ്ങളുടെ സമൂഹങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും സന്തോഷപ്രദവും പരിശുദ്ധവുമായ ഉയിര്‍പ്പുതിരുന്നാള്‍ മംഗളങ്ങള്‍ ഹൃദയംഗമമായി ആശംസിക്കുന്നു.

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു.

സര്‍വ്വകാലാശാലയിലെ പരിശീലനത്തിന്‍റെതായ വര്‍ഷങ്ങള്‍ മാനവസേവനത്തിനുള്ള സമഗ്രമായ ഒരുക്കത്തിന്‍റെ വേളയാക്കി സന്തോഷത്തിനും വിശ്വാസത്തിന്‍റെ   മൂല്യങ്ങള്‍ക്കും സാക്ഷ്യമേകി ജീവിക്കാന്‍ പാപ്പാ, റോമില്‍ സര്‍വ്വകലാശാലാവിദ്യര്‍ത്ഥികളുടെ ഇക്കൊല്ലത്തെ അന്താരാഷ്ട്ര സംഗമത്തില്‍ -യുണിവ് 2018 ല്‍ പങ്കെടുക്കുന്നവരെ പ്രത്യേകം സംബോധന ചെയ്യവെ ഓര്‍മ്മിപ്പിച്ചു. 

യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ പ്രത്യേകം സംബോധന ചെയ്ത പാപ്പാ യാതനകളുടെ വേളകളില്‍ ക്ഷമയുള്ളവരായിരിക്കാന്‍ ദുഃഖവെള്ളി പഠിപ്പിക്കട്ടെയെന്നും ഉയിര്‍പ്പുഞായര്‍, ജീവനും ലോകത്തിന്‍റെ നന്മയ്ക്കും എതിരായ സകലത്തിന്‍റെയുംമേല്‍ ക്രിസ്തുവരിച്ച വിജയത്തിന്‍റെ  ആനന്ദത്താല്‍ നിറയ്ക്കട്ടെയന്നും ആശംസിച്ചു.

പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

 








All the contents on this site are copyrighted ©.