2018-03-22 17:25:00

വത്തിക്കാന്‍ മാധ്യമങ്ങളുടെ തലവന്‍ രാജിവച്ചു


വത്തിക്കാന്‍ മാധ്യമ കാര്യാലയത്തിന്‍റെ പ്രീഫെക്ട് മോണ്‍സീഞ്ഞോര്‍ ഡാരിയോ വിഗനോ രാജിവച്ചു,
പാപ്പാ ഫ്രാന്‍സിസ് രാജി അംഗീകരിച്ചു.

വത്തിക്കാന്‍റെ എല്ലാ മാധ്യമ വിഭാഗങ്ങളെയും ഏകോപിപ്പിച്ച് ഒരു കുടക്കീഴിലാക്കി രൂപപ്പെടുത്തിയ വത്തിക്കാന്‍ മാധ്യമ കാര്യാലയത്തിന്‍റെ (Secretariat for Communications) ആദ്യത്തെ പ്രീഫെക്ടാണ് മോണ്‍സീഞ്ഞോര്‍ ഡാരിയോ വിഗനോ. 2015 ജൂണ്‍ മുതലാണ് അദ്ദേഹം വത്തിക്കാന്‍ മാധ്യമ വിഭാഗത്തിന്‍റെ തലവനായത്.  ഇത്രയും കാലം വ്യത്യസ്ത കമ്പനികള്‍പോലെ പ്രവര്‍ത്തിച്ചിരുന്ന വത്തിക്കാന്‍ ടെലിവിഷന്‍, റേഡിയോ, പ്രസ്സ്, പ്രസിദ്ധീകരണങ്ങള്‍, ദിനപത്രം, പ്രസ്സ് ഓഫിസ്, വെബ് സൈറ്റ്, ഫോട്ടോഗ്രാഫിക് വിഭാഗം എന്നിവയെ കൂട്ടിയിണക്കിയത് പാപ്പാ ഫ്രാന്‍സിസിന്‍റെ നവീകരണ പദ്ധതിയായിരുന്നു.

ഇറ്റാലിയന്‍ വേരുകളുള്ള ബ്രസീല്‍ സ്വദേശിയാണ് മോണ്‍സീഞ്ഞോര്‍ ഡാരിയോ വിഗനോ. ആശയവിനിമയ ശാസ്ത്രത്തില്‍ ഡോക്ടറല്‍ ബിരുദധാരിയാണ്. പാപ്പാ ഫ്രാന്‍സിസന്‍റെ രചനകളുടെ ശേഖരത്തിന് ദൈവശാസ്ത്രപരമായ ആധികാരികത സ്ഥാപിക്കാന്‍വേണ്ടി വത്തിക്കാനില്‍ വിശ്രമജീവിതം നയിക്കുന്ന ദൈവശാസ്ത്ര പണ്ഡിതനായ മുന്‍പാപ്പാ ബെനഡിക്ടില്‍നിന്നും മോണ്‍സീഞ്ഞോര്‍ വിഗനോ ഒരു കത്ത് ചോദിച്ചു വാങ്ങിയിരുന്നു. യഥാര്‍ത്ഥ കത്തിന്‍റെ ഒരു ഭാഗം മായിച്ചുകളഞ്ഞ്  ദേദഗതിവരുത്തിയാണ് അത് ഒരു വാര്‍ത്താസമ്മേളനത്തില്‍ പ്രസിദ്ധപ്പെടുത്തിയത്. ഇതു സംബന്ധിച്ച് രാജ്യാന്തരതലത്തില്‍ വാര്‍ത്താഏജെന്‍സികള്‍ ഉയര്‍ത്തിയ പ്രതിഷേധമാണ് മോണ്‍സീഞ്ഞോര്‍ വിഗനോ വിരമിക്കുന്നതിന് കാരണമായത്. ലോകം അറിഞ്ഞ ദൈവശാസ്ത്ര പണ്ഡിതനും വാഗ്മിയുമായ മുന്‍പാപ്പാ റാത്സിങ്കറിന്‍റെ (പാപ്പാ ബെനഡിക്ടിന്‍റെ കത്ത് ഒരു ഭാഗം മറച്ചുവച്ച് പ്രസിദ്ധപ്പെടുത്തിയതില്‍ രാജ്യാന്തര വാര്‍ത്താ ഏജെന്‍സികള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതില്‍പ്പിന്നെയാണ് മോണ്‍സീഞ്ഞോര്‍ വിഗനോ വിരമിക്കല്‍ കത്ത് സമര്‍പ്പിച്ചത്.

രാജിക്കത്ത് മാര്‍ച്ച് 21-Ɔο തിയതി ബുധനാഴ്ച പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചു. ചെയ്ത സേവനങ്ങള്‍ക്ക് കത്തിലൂടെ നന്ദിപറയുകയുംചെയ്തു. മറ്റേതെങ്കിലും തസ്തികയില്‍ സഭാ സേവനത്തില്‍ തുടരാനുള്ള സന്നദ്ധത രേഖാമൂലം പാപ്പാ ഫ്രാന്‍സിസിന് നല്കിക്കൊണ്ടാണ് 55 വയസ്സുകാരന്‍ ഫാദര്‍ വിഗനോ മാധ്യമ കാര്യാലയത്തിന്‍റെ തലപ്പത്തുനിന്നും വിരമിച്ചത്. വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഗ്രെഗ് ബേര്‍ക്കിന്‍റെ പ്രസ്താവനയിലൂടെ ഇക്കാര്യം റോമില്‍ അറിയിച്ചു. തല്‍സ്ഥാനത്തേയ്ക്ക് മറ്റൊരാളെ പാപ്പാ ഫ്രാന്‍സിസ് നിയോഗിക്കുംവരെ ഇപ്പോള്‍ വത്തിക്കാന്‍ മാധ്യമ കാര്യാലയത്തിന്‍റെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന അര്‍ജന്‍റീനക്കാരന്‍, മോണ്‍സീഞ്ഞോര്‍ റൂത്സിയോ ലൂയിസ് ഉത്തരവാദിത്ത്വങ്ങള്‍ വഹിക്കുമെന്ന് മാര്‍ച്ച് 21-Ɔο തിയതി ബുധനാഴ്ച പുറത്തുവിട്ട വത്തിക്കാന്‍ പ്രസ്സ് ഓഫിസിന്‍റെ പ്രസ്താവന അറിയിച്ചു.








All the contents on this site are copyrighted ©.