2018-03-17 12:30:00

പാപ്പാ വിശുദ്ധ പാദ്രെ പീയോയുടെ സന്നിധിയില്‍


പ‍ഞ്ചക്ഷതധാരിയായ വിശുദ്ധ പാദ്രെ പീയോയുടെ ജീവിത പ്രവര്‍ത്തന വേദികള്‍ പാപ്പാ  സന്ദര്‍ശിച്ചു.

വിശുദ്ധ പാദ്രെ പീയൊയുടെ അമ്പതാം ചരമവാര്‍ഷികത്തോടും അദ്ദേഹത്തിന്‍റെ  പഞ്ചക്ഷതധാരണത്തിന്‍റെ നൂറാം വാര്‍ഷികത്തോടും അനുബന്ധിച്ച് ശനിയാഴ്ച (17/03/18) ആണ് ഫ്രാന്‍സീസ് പാപ്പാ വിശുദ്ധന്‍റെ ജന്മസ്ഥലമായ പീയെത്രെല്‍ചീനയിലും അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്ന സാന്‍ ജൊവാന്നി റൊത്തോന്തൊയിലും ഇടയസന്ദര്‍ശനം നടത്തിയത്.

വത്തിക്കാനില്‍ നിന്ന് 250ലേറെ കിലോമീറ്റര്‍ അകലെ ഇറ്റലിയുടെ തെക്കു മദ്ധ്യത്തിലായുള്ള ബെനെവേന്തോ രൂപതയില്‍പ്പെട്ട പിയെത്രെല്‍ചീനയും  ഏതാണ്ട് 400 കലോമിറ്റര്‍ അകലെ തെക്കു പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന മാന്‍ഫ്രെദോണിയ-വിയെസ്തെ രൂപതയില്‍പ്പെട്ട സാന്‍ ജൊവാന്നി റോത്തൊന്തൊയും, ആയിരുന്നു സന്ദര്‍ശനവേദികള്‍.

ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം ആദ്യം പിയത്രെല്‍ചിനയില്‍ ശനിയാഴ്ച രാവിലെ പ്രാദേശികസമയം 8 മണിക്ക് (ഇന്ത്യയിലെ സമയം 12.30 ന്) എത്തിയ പാപ്പാ അവിടെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ നാമത്തിലുള്ള ദേവാലയം സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുകയും ചത്വരത്തില്‍ വച്ച് ജനങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

ദൈവിക പദ്ധതിയ്ക്കനുസൃതം മുന്നോട്ടുപോകുന്നതിന് പ്രാര്‍ത്ഥനയില്‍ മുഴുകി ജീവിച്ച വിശുദ്ധ പാദ്രെ പിയൊയുടെ ഓരോ ദിവസത്തിന്‍റെയും ഹൃദയസ്ഥാനവും ആദ്ധ്യാത്മകതയുടെ പൂര്‍ണ്ണതയും വിശുദ്ധകുര്‍ബ്ബാനാര്‍പ്പണമായിരുന്നുവെന്നും ഈ ദിവ്യബലിയിലൂടെ കര്‍ത്താവുമായുള്ള ഐക്യത്തിന്‍റെ ഉന്നത തലത്തില്‍ അദ്ദേഹം എത്തിച്ചേര്‍ന്നുവെന്നും പാപ്പാ ജനസഞ്ചയത്തെ സംബോധന ചെയ്യവെ അനുസ്മരിച്ചു.

എളിയ കപ്പൂച്ചിന്‍ വൈദികന്‍, വിശുദ്ധ പാദ്രെ പീയൊ  പ്രാര്‍ത്ഥാനാധിഷ്ഠിത ജീവിതത്താലും, ക്രിസ്തുവിന്‍റെ  സ്നേഹം ഒരു തൈലമായി സഹോദരങ്ങളുടെ സഹനങ്ങളുടെമേല്‍ ചൊരിഞ്ഞുകൊണ്ട് അവരെ ക്ഷമയോടെ ശ്രവിക്കുകവഴിയും ലോകത്തെ വിസ്മയത്തിലാഴ്ത്തിയെന്നും പാപ്പാ പറഞ്ഞു.

ഏറ്റം ബലഹീനരോടുള്ള യേശുവിന്‍റെ സ്നേഹത്തിന്‍റെ ഉപകരണങ്ങളാകാന്‍ വിശുദ്ധ പാദ്രെ പീയൊയുടെ വീരോചിതമാതൃകയും പുണ്യങ്ങളും പിന്‍ചെന്നുകൊണ്ട് ഏവര്‍ക്കും സാധിക്കട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.

വൃദ്ധജനത്തോടുള്ള വാത്സല്യം നിറഞ്ഞ കരുതല്‍ ഉള്ളവാരായിരിക്കാനും പാപ്പാ പ്രചോദനം പകര്‍ന്നു.

പിയെത്രെല്‍ചീനയിലെ ജനങ്ങളുമായുള്ള കൂടിക്കാഴ്ചാനന്തരം ഫ്രാന്‍സീസ് പാപ്പാ കപ്പൂച്ചിന്‍ സമൂഹാംഗങ്ങളുമായും വിശ്വാസികളുടെ ഒരു പ്രതിനിനിധിസംഘവുമായും നേര്‍ക്കാഴ്ച നടത്തി.

തുടര്‍ന്ന് പാപ്പാ പീയെത്രേല്‍ചീനയില്‍ നിന്ന് 130 ലേറെ കിലോമീറ്റര്‍ അകലെയുള്ള “സാന്‍ ജൊവാന്നി റൊത്തോന്തോ”യിലേക്കു പോകുകയും വിശുദ്ധ പാദ്രെ പിയോയുടെ ഹിതാനുസാരം പണികഴിപ്പിക്കപ്പെട്ടതും വിശുദ്ധന്‍ തന്നെ ഉദ്ഘാടനം ചെയ്തതുമായ “സഹന സാന്ത്വന ഭവനം” എന്നര്‍ത്ഥം വരുന്ന “കാസ സൊള്ളിയേവൊ ദെല്ല സൊഫെറേന്‍സ” ആശുപത്രി സന്ദര്‍ശിക്കുകയും രോഗികളായ കുട്ടികളുമൊത്തു അല്പസമയം ചിലവഴിക്കുകയും ചെയ്തു.

തുടര്‍ന്ന് വരപ്രസാദനാഥയുടെ നാമത്തിലുള്ള മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിച്ച പാപ്പാ വിശുദ്ധ പാദ്രെ പിയോയുടെ പൂജ്യദേഹവും പഞ്ചക്ഷതങ്ങളുടെ ക്രൂശിതരൂപവും വണങ്ങിയതിനുശേഷം വിശുദ്ധ പാദ്രേ പിയോയുടെ നാമത്തിലുള്ള ദേവാലയത്തിന്‍റെ അങ്കണത്തില്‍ സമൂഹബലിയര്‍പ്പിച്ചു.

ബുദ്ധിമാന്മാരിലും വിവേകികളിലും നിന്നു മറച്ച് സ്വര്‍ഗ്ഗരാജ്യത്തിന്‍റെ രഹസ്യങ്ങള്‍ ശിശുക്കള്‍ക്ക്  വെളിപ്പെടുത്തിക്കൊടുക്കന്ന പിതാവിനെ സ്തുതിക്കുന്ന സുവിശേഷഭാഗത്തെ അവലംബമാക്കി പാപ്പാ തദ്ദവസരത്തില്‍ നടത്തിയ വചനസമീക്ഷയില്‍ പ്രാര്‍ത്ഥന, ചെറുമ, ജ്ഞാനം എന്നീ മൂന്നു പദങ്ങള്‍ വിശകലനം ചെയ്തു.

യേശുവിനെ സംബന്ധിച്ചിടത്തോളം പ്രാര്‍ത്ഥന ഐച്ഛികമായിരുന്നില്ല മറിച്ച് സ്വാഭാവികമായിരുന്നുവെന്ന് ഉദ്ബോധിപ്പിച്ച പാപ്പാ നാം യേശുവിനെ അനുകരിക്കാന്‍ ആഗ്രിഹിക്കുന്നുണ്ടെങ്കില്‍, അവിടന്ന് എവിടെ നിന്നാരംഭിച്ചുവൊ അവിടെ നിന്ന്, അതായത്, പ്രാര്‍ത്ഥനയില്‍ നിന്ന് നാം തുടങ്ങണമെന്ന് ഓര്‍മ്മിപ്പിച്ചു.

ക്രൈസ്തവരായ നാം വേണ്ടുവോളം പ്രാര്‍ത്ഥിക്കുന്നുണ്ടോ എന്ന് ആത്മശോധന ചെയ്യേണ്ടതിന്‍റെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടി.

യേശുവിന്‍റെ പ്രാര്‍ത്ഥന പിതാവുമായുള്ള സ്വതന്ത്രവും വിശ്വാസത്തോടുകൂടിയതുമായ സംഭാഷണമായിരുന്നുവെന്ന് പാപ്പാ പറഞ്ഞു.

ദൈവരാജ്യത്തിന്‍റെ രഹസ്യങ്ങള്‍ ദൈവം ശിശുക്കള്‍ക്ക് വെളിപ്പെടുത്തുന്നതിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് ചെറുമയെക്കുറിച്ചു വിശദീകരിച്ച പാപ്പാ കുഞ്ഞുങ്ങള്‍ സ്വയം പര്യാപ്തരല്ല, അവര്‍ക്ക് വലിയവരുടെ സഹായം ആവശ്യമുണ്ട് എന്ന വസ്തുത ചൂണ്ടിക്കാട്ടി.

കുഞ്ഞുങ്ങളുടെ ഹൃദയം എളിമ നിറഞ്ഞതും തുറവുള്ളതും പരസഹായം ആവശ്യമുള്ളതും പ്രാര്‍ത്ഥനയുടെയും ആശ്രയത്തിന്‍റെയും ആവശ്യകത വെളിപ്പെടുത്തുന്നുമാണെന്ന് പാപ്പാ വിശദീകരിച്ചു.

ശിശുക്കളെ ഇഷ്ടപ്പെടുന്നവര്‍ എക്കാലത്തെയും മരണത്തിന്‍റെ പ്രവാചകര്‍ക്കെതിരെ ജീവനെക്കുറിച്ച് ഉറക്കെ പ്രവചിക്കുന്നവരാണെന്നു പാപ്പ പ്രസ്താവിച്ചു.   

അറിവിനെക്കുറിച്ചു വിവരിക്കവെ പാപ്പാ ജെറമിയ പ്രവാചകന്‍റെ പുസ്തകം ഒമ്പതാം അദ്ധ്യായത്തിലെ 23-Ↄ○ വാക്യം ഉദ്ധരിച്ചു.

“ജാഞാനി തന്‍റെ ജ്ഞാനത്തില്‍ അഹങ്കരിക്കാതിരിക്കട്ടെ; ബലവാന്‍ സ്വന്തം കരുത്തില്‍ അഹങ്കരിക്കാതിരിക്കട്ടെ”.

കരുത്തുകാട്ടുന്നവന്‍ ജ്ഞാനിയല്ലെന്നും തിന്മയോടു തിന്മകൊണ്ടു പ്രതികരിക്കുന്നവന്‍ ശക്തനല്ലെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

അജയ്യവും വൈജ്ഞാനികവുമായ ഏക ആയുധം വിശ്വാസത്താല്‍ ചൈതന്യമാര്‍ന്ന  സ്നേഹമാണെന്നും അതിന് തിന്മയുടെ ശക്തികളെ നിരായുധീകരിക്കാനുള്ള കരുത്തുണ്ടെന്നും പാപ്പാ പറഞ്ഞു.

വിശുദ്ധ പാദ്രെ പിയൊ കര്‍ത്താവിനെപ്പോലെ തന്നെ എളിമയോടും അനുസരണയോടും കുരിശിനാലും സ്നേഹത്തെപ്രതി വേദന സമര്‍പ്പിച്ചുകൊണ്ടു ജീവിതം മുഴുവനും വിവേകപൂര്‍വ്വം  തിന്മയ്ക്കെതിരെ പോരാടിയെന്ന് പാപ്പാ അനുസ്മരിച്ചു.

ദിവ്യബലിയുടെ അവസാനം പാപ്പാ പൗരാധികാരികളുമായും വിശ്വസികളുടെ പ്രതിനിധികളുമായയും കൂടിക്കാഴ്ച നടത്തുകയും ഉച്ചയ്ക്ക് പ്രാദേശികസമയം ഒരു മണിയോടെ ഹെലിക്കോപ്റ്ററില്‍ വത്തിക്കാനിലേക്കു മടങ്ങുകയും ചെയ്തു.








All the contents on this site are copyrighted ©.