2018-03-17 16:28:00

ഗന്ധര്‍വ്വനാദത്തില്‍ പൗലോസ്ലീഹായുടെ സ്നേഹഗീതി


ആബേലച്ചന്‍റെയും എം.ഈ. മാനുവലിന്‍റെയും സംഗീതസൃഷ്ടി... ഗന്ധര്‍വ്വനാദത്തില്‍

മാലാഖമാരുടെ ഭാഷയറിഞ്ഞാലും...
കെ. ജെ. യേശുദാസ് ആല്പിച്ച ഗാനം.
രചന ഫാദര്‍ ആബേല്‍ സി.​എം.ഐ.
സംഗീതം എം. ഈ. മാനുവല്‍

മാലാഖമാരുടെ ഭാഷയറിഞ്ഞാലും
മാലാഖമാരൊത്തു ജീവിച്ചാലും
വാനവരാജ്യത്തെ വാരൊളി കണ്ടാലും
സ്നേഹമില്ലെങ്കില്‍ അതൊക്കെ ശൂന്യം (2).
          - മാലാഖമാരുടെ

പാരിലെനിക്കുള്ള സമ്പത്തു സര്‍വ്വവും
പങ്കിട്ടു പാവങ്ങള്‍ക്കേകിയാലും (2)
തീക്കുണ്ടില്‍ ദേഹം ദഹിക്കാനെറിഞ്ഞാലും
സ്നേഹമില്ലെങ്കില്‍ അതൊക്കെശൂന്യം (2).
          - മാലാഖമാരുടെ

സ്നേഹത്തിലിന്നു നാം ചെയ്യുന്നതൊക്കെയും
നിത്യസമ്മാനം പകര്‍ന്നുനല്കും (2)
മര്‍ത്ത്യര്‍ക്കുചെയ്യുന്ന സേവനമോരോന്നും
കൃത്യമായ് ദൈവം കുറിച്ചുവെയ്ക്കും (2).
          - മാലാഖമാരുടെ

ബൈബിളിള്‍ -  പുതിയ നിയമത്തിലെ ഒരു  സ്നേഹഗീതമാണിത്
അത്  ആബേലന്‍ 12 വരികളില്‍ ഭംഗിയായി ഒതുക്കിയിരിക്കുന്നു.
സംഗീതസംവിധായകന്‍ മാനുവലിന്‍റെ സ്നേഹത്തിന്‍റെ ആര്‍ദ്രതയുള്ള ഈണവും അതിനിണങ്ങുന്ന
അദ്ദേഹത്തിന്‍റെതന്നെ പശ്ചാത്തലസംഗീതവും ഈ സുവിശേഷഗാനത്തെ കാലാതീതമാക്കുന്നു.
ആബേലച്ചന്‍റെയും മാനുവലിന്‍റെയും സൃഷ്ടി ഗന്ധവ്വനാദത്തില്‍ മലയാളത്തിന്‍റെ ഒരു അനശ്വരഗാനമായി തീര്‍ന്നിരിക്കുന്നു!

തരംഗിണിയുടെ  “സ്നേഹമാല്യം” എന്ന ഗാനശേഖരത്തിലെ ആബേലച്ചന്‍റെയും എം.ഈ. മാനുവലിന്‍റെയും സൃഷ്ടിയായ 10 ഗാനങ്ങളില്‍ ഒന്നാണിത്. അതിലെ 8 ഗാനങ്ങളും യേശുദാസ് പാടിയപ്പോള്‍ രണ്ടു ഗാനങ്ങള്‍ ചിത്രയുടെ മധുരമായ നാദത്തിലും കേള്‍ക്കാം.  

ദാസേട്ടന്‍റെ അനുഗ്രഹത്തോടെ...
തരംഗിണിയിലൂടെ പുറത്തുവന്നിട്ടുള്ള ഈ നല്ല ഭക്തിഗാനങ്ങളുടെ പിന്നണിയിലെ  കലാകാരന്മാരെ സ്നേഹപൂര്‍വ്വം അനുസ്മരിക്കുന്നു. നന്ദി! ഈ ഗാനം മൂന്നു പതിറ്റാണ്ടുകള്‍ക്കു ശേഷം ഇങ്ങനെയും പ്രസിദ്ധപ്പെടുത്തുന്നതില്‍ സംഗീതസംവിധായകന്‍ മാനുവല്‍ പരിഭവം പറയരുതേ... എന്ന് അപേക്ഷിക്കുന്നു!

സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള പൗലോശ്ലീഹായുടെ സ്നേഹമഞ്ജരി An Anthology of Love അപൂര്‍വ്വചാരുതയോടെ ഇന്നും ലോകത്ത് മലയാളഗാനമായും മുഴങ്ങും...  അതും ഗന്ധര്‍വ്വനാദത്തില്‍....! സഞ്ചാരിയായ പൗലോസ് എന്ന സുവിശേഷകന്‍ കൊറീന്ത് എന്ന ഗ്രീസിലെ തുറമുഖ പട്ടണക്കാര്‍‍ക്ക് ക്രിസ്താബ്ദം 53-ല്‍ എഴുതിയ ഒരു നീണ്ടകത്തിലെ സ്നേഹഗാഥയാണിത് – കൊറീന്തോസുകാര്‍ക്കെഴുതിയ ആദ്യലേഖനത്തിലെ 13-Ɔο അദ്ധ്യായം 1-മുതല്‍ 13-വരെ വാക്യങ്ങള്‍!  








All the contents on this site are copyrighted ©.