2018-03-16 13:23:00

“നിന്‍റെ ഹിതം നിറവേറ്റുവാന്‍...”: നോമ്പുകാലപ്രഭാഷണം -IV


വത്തിക്കാനിലെ റെതെംപ്തോറിസ് മാത്തെര്‍ കപ്പേളയില്‍, പാപ്പായ്ക്കും കൂരിയ അംഗങ്ങള്‍ക്കു മായി ഫാ. റനിയേരോ കാന്തെലമേസ്സ, 2018-ലെ വലിയനോമ്പുകാലപ്രഭാഷണപരമ്പരയിലെ നാലാമത്തെ ധ്യാനവിചിന്തനം നല്‍കി.

മാര്‍ച്ച് പതിനാറാം തീയതി വെള്ളിയാഴ്ച രാവിലെ, 'അരൂപിയില്‍ നവജനനം നേടുന്നവരുടെ സ്നേഹത്തെക്കുറിച്ചും വിനയത്തെക്കുറിച്ചും പറഞ്ഞ ശേഷം അനുസരണത്തെക്കുറിച്ചാണ് പൗലോസ്ശ്ലീഹാ  പഠിപ്പിക്കുന്നത്' എന്ന വാക്കുകളോടെയാണ് അദ്ദേഹം തന്‍റെ പ്രഭാഷണം ആരംഭിച്ചത്. റോമാക്കാര്‍ക്കുള്ള ലേഖനത്തിലെ “ഓരോരുത്തരും മേലധികാരികള്‍ക്കു വിധേയരായിരിക്കട്ടെ” (റോമ 13:1) എന്ന ആദ്യവാക്യം പ്രമേയമായി സ്വീകരിച്ചുകൊണ്ട്, പൗരാധികാരികള്‍ക്കു വിധേയരായിരിക്കുന്നതിനെക്കുറിച്ച് വളരെ വ്യക്തമായി പൗലോസ്ശ്ലീഹാ ഇവിടെ സംസാരിക്കുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. എല്ലാ അനുസരണത്തിന്‍റെയും അടിസ്ഥാനമായിരിക്കുന്നത് ദൈവത്തോടുള്ള അനുസരണമാണെന്നും, അനുസരണത്തില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ അത് വെളിവാക്കുന്നത് പരിശുദ്ധാരൂപിയ്ക്ക് വിധേയപ്പെടുന്നില്ലെന്ന വസ്തുതയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

സഹനത്തിലൂടെ അനുസരണം അഭ്യസിച്ചവനും (ഹെബ്രാ 5:8-9)  മരണത്തോളം അനുസരിച്ചവനുമായ (ഫിലി 2:8) ക്രിസ്തു ആണ് ക്രൈസ്തവരുടെ മാതൃകയെന്നും, അനുസരണത്തിന്‍റെ കൃപ മാമോദീസായിലൂടെയാണ് നാം സ്വീകരിക്കുന്നതെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. ഈ അനുസരണം ക്രിസ്തുവിനെ അനുകരിക്കുന്നതിനു നമ്മെ സഹായിക്കുന്നു. മാത്രമല്ല, അത് ക്രിസ്തുവിനെ അനുകരിക്കുന്നവരുടെ കടമയുമാണെന്നു വ്യക്തമാക്കി, നമ്മുടെ ഭാവി എന്താണെന്നു നമുക്കറിയില്ലെങ്കിലും, “ദൈവമേ,നിന്‍റെ ഹിതം നിറവേറ്റുവാന്‍ ഇതാ ഞാന്‍” എന്ന വാക്കുകള്‍ ഉരുവിട്ടുകൊണ്ടായിരിക്കട്ടെ നമ്മുടെ യാത്ര, എന്ന ആഹ്വാനമേകിയാണ് അദ്ദേഹം പ്രഭാഷണത്തിനു പരിസമാപ്തി കുറിച്ചത്.








All the contents on this site are copyrighted ©.