2018-03-16 09:28:00

പാക്കിസ്ഥാനിലെ ദേശീയ മെത്രാന്‍ സംഘത്തിന്‍റെ ‘ആദ് ലീമിന’ സന്ദര്‍ശനം


പാക്കിസ്ഥാനിലെ ദേശീയ മെത്രാന്‍ സംഘം പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി.

മാര്‍ച്ച് 15-Ɔο തിയതി വ്യാഴാഴ്ച രാവിലെയാണ് ‘ആദ് ലീമിന’ (Ad Limina Apostolorum) സന്ദര്‍ശനത്തിനെത്തിയ അല്ലെങ്കില്‍ അഞ്ചുവര്‍ഷം കൂടുമ്പോള്‍ ‘കടപ്പാടുള്ള സന്ദര്‍ശന’ത്തിനെത്തിയ പാക്കിസ്ഥാനി ദേശീയ മെത്രാന്‍ സംഘം പാപ്പാ ഫ്രാന്‍സിസുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയത്. മുസ്ലിം രാഷ്ട്രമായ പാക്കിസ്ഥാനിലെ 1 ശതമാനം കത്തോലിക്കരുടെ (പത്തു ലക്ഷത്തില്‍ താഴെയുള്ള കത്തോലിക്കരുടെ) 7 സഭാ പ്രവിശ്യകളുടെ തലവന്മാരാണ് കറാച്ചി അതിരൂപതാദ്ധ്യക്ഷന്‍, ജോസഫ് കൂട്സിന്‍റെ നേതൃത്വത്തില്‍ പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തിയത്.

ലാഹോര്‍ അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് സെബാസ്റ്റ്യന്‍ ഷാ,
ഹൈദ്രാബാദ് രൂപതാ മെത്രാന്‍, സാംസണ്‍ ഷുക്കാര്‍ദിന്‍,
ഒഴിഞ്ഞു കിടക്കുന്ന ഇസ്ലാമാബാദ്-റാവല്‍പ്പിണ്ടി രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും,
ഫൈസലാബാദ് രൂപതാമെത്രാനുമായ ജോസഫ് ആര്‍ഷദ് എന്നിവരാണ് പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ചയ്ക്കെത്തിയത്. തികച്ചും സ്വകാര്യമായിരുന്ന കൂടിക്കാഴ്ചയില്‍ പാപ്പാ ഫ്രാന്‍സിസ് അവര്‍ക്ക് പ്രത്യേക സന്ദേശം നല്കിയതായി വത്തിക്കാന്‍റെ പ്രസ്താവന അറിയിച്ചു.

മെത്രാന്മാരുടെ ആദ് ലീമിനാ സന്ദര്‍ശനം
Ad Limina, ആദ് ലീമിനാ എന്ന ലത്തീന്‍ പ്രയോഗത്തിന് ‘കടപ്പാടുള്ള’, ‘ഉത്തരവാദിത്വപൂര്‍ണ്ണമായ’ എന്നൊക്കെയാണ് വാച്യാര്‍ത്ഥം. ആഗോള സഭാതലവനുമായി കത്തോലിക്കാ സഭയിലെ മെത്രാന്മാരുടെ 5 വര്‍ഷംകൂടുമ്പോഴുള്ള ഔദ്യേഗിക കൂടിക്കാഴ്ചയ്ക്കാണ് ad limina visita എന്ന് പറയുന്നത്. പത്രോസിന്‍റെ പിന്‍ഗാമിയായ പാപ്പാ തന്‍റെ ഭരണസീമയില്‍പ്പെട്ട മെത്രാന്മാരുമായി ഒരു നിശ്ചിത സമയപരിധിയില്‍ കൂടിക്കാഴ്ച നടത്തുകയും അതാത് രൂപതകളുടെ അല്ലെങ്കില്‍ സഭാ പ്രവിശ്യകളുടെ ഭരണക്രമങ്ങളെക്കുറിച്ചും വിവധ മേഖലകളിലുള്ള അജപാലന ശുശ്രൂഷയുടെ കാര്യക്ഷമതയെക്കുറിച്ചും ആരായുകയും അന്വേഷിക്കുകയും ചെയ്യുന്ന അവസരമാണിത്. മെത്രാന്മാര്‍ വളരെ ക്രിത്യമായി രേഖാമൂലം തങ്ങളുടെ അജപാലന സീമയിലുള്ള എല്ലാക്കാര്യങ്ങളെക്കുറിച്ചും സഭാതലവനെ ബോധിപ്പിക്കുകയും, അങ്ങനെ പരിശുദ്ധ സിംഹാസനത്തോടുള്ള തങ്ങളുടെ സ്നേഹവും വിധേയത്വവും വിശ്വസ്തതയും പ്രകടമാക്കുകയും ചെയ്യുന്ന ഒരവസരമാണ് Ad Limina സന്ദര്‍ശനം.

Ad Limina എന്നു നാമകരണം ചെയ്തിട്ടുള്ള ഒരു ഡിക്രിയിലൂടെ 1909 മുതലാണ് പത്താം പിയൂസ് പാപ്പ മെത്രാന്മാരുടെ ഇപ്രകാരമുള്ള സന്ദര്‍ശനം അഞ്ചു വര്‍ഷംകൂടുമ്പോള്‍ ഒരിക്കല്‍ എന്ന് നിജപ്പെടുത്തിയത്. പ്രത്യേക കാരണങ്ങളാല്‍ മെത്രാനു റോമിലെത്തുവാന്‍ സാധിക്കാതെ വരികയാണെങ്കില്‍, അതാതു തൂപതയുടെ വികാരി ജനറല്‍ വഴിയോ, പ്രതിനിധിയായി മെത്രാന്‍ നിയോഗിക്കുന്ന ഒരു വൈദികന്‍ വഴിയോ ആദ് ലീമിനാ സന്ദര്‍ശനം നടത്താവുന്നതാണെന്ന് ഡിക്രി വ്യക്തമാക്കുന്നു. പാപ്പായുമായുള്ള ആലോചനയ്ക്കുശേഷം വത്തിക്കാന്‍റെ സ്റ്റേറ്റ് സെക്രട്ടറിയേറ്റ് അറിയിക്കുന്ന സമയക്രമത്തില്‍ ഒരു രാജ്യത്തെ അല്ലെങ്കില്‍ പ്രവിശ്യയിലെ മെത്രാന്മാര്‍ റോമില്‍ വന്ന് പാപ്പായെ അവര്‍ ഒറ്റയായും കൂട്ടമായും നേരില്‍ക്കണ്ട് തങ്ങളുടെ അജപാലന സീമയെക്കുറിച്ചുള്ള സ്ഥിതിവിവരങ്ങള്‍ ബോധിപ്പിക്കുന്നു.

ഒരു മെത്രാന്‍  വ്യക്തിപരമായ വിവരങ്ങള്‍ നല്കുന്നതു കൂടാതെ, രൂപതയുടെ അജപാലനക്രമം, പ്രവര്‍ത്തനങ്ങള്‍, സ്ഥാപനങ്ങള്‍, സന്യസ്തര്‍, ദൈവദികര്‍, സെമിനാരി വിദ്യാര്‍ത്ഥികള്‍, അല്മായര്‍, അവരുടെ സംഘടനകള്‍ തുടങ്ങി കൂദാശകള്‍, അവയുടെ സ്വീകരണം, വിദ്യാഭ്യാസം, യുവജനങ്ങള്‍ ഇങ്ങനെ വളരെ വിശദമായ അന്വേഷണത്തിലേയ്ക്കും വിവര ശേഖരണത്തിലേയ്ക്കും
Ad Limina സന്ദര്‍ശനം വഴിതെളിക്കുന്നു.

ഔദ്യോഗിക സന്ദര്‍ശനത്തിന്‍റെ ഭാഗമായ അതാതു രൂപതാദ്ധ്യക്ഷന്മാര്‍ സഭയുടെ റോമിലുള്ള വിവധ അജപാലന ശുശ്രൂഷകളുടെ ഓഫിസുകള്‍ (Dicasteries) സന്ദര്‍ശിച്ച് രൂപതയുടെ ആവശ്യങ്ങള്‍ വെളിപ്പെടുത്തുകയും വേണ്ടുന്ന സഹായങ്ങള്‍ അതാതു ഓഫിസുകളില്‍നിന്നു അഭ്യര്‍ത്ഥിക്കുകയും, സംശയങ്ങള്‍ക്ക് നിവാരണം വരുത്തുകയും ചെയ്യുന്ന പതിവും അദ് ലീമിനാ സന്ദര്‍ശനത്തിന്‍റെ ഭാഗമാണ്. വത്തിക്കാനിലെ ബസിലിക്കായുടെ നിലവറയിലുള്ള പ്രഥമ സഭാതലവനായിരുന്ന പത്രോസ് ശ്ലീഹായുടെ കബറിടവും റോമന്‍ ചുവരിനു പുറത്തുള്ള വിശുദ്ധ പൗലോശ്ലീഹായുടെയും സ്മൃതിയിടവും പാപ്പായുടെ ഭദ്രാസനദേവാലയമായ ലാറ്ററന്‍ ബസിലിക്കയും മെത്രാന്മാര്‍ സന്ദര്‍ശിച്ച് ദിവ്യബലിയര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്ന പാരമ്പര്യവും
ഈ സന്ദര്‍ശനത്തിന്‍റെ വൈകാരികമായ വശമാണ്.








All the contents on this site are copyrighted ©.