2018-03-12 13:27:00

വിശ്വാസവും അത്ഭുതങ്ങളും- പാപ്പായുടെ വചനസമീക്ഷ


ദൈവത്തെ അന്വേഷിക്കുകയും അവിടന്നുമായുള്ള കൂടിക്കാഴ്ചയ്ക്കായി മുന്നോട്ടു പോകുകയും ചെയ്യേണ്ടവനാണ് ക്രൈസ്തവനെന്ന് മാര്‍പ്പാപ്പാ.

വത്തിക്കാനില്‍ താന്‍ വസിക്കുന്ന വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ തിങ്കളാഴ്ച(12/03/18) രാവിലെ അര്‍പ്പിച്ച വിശുദ്ധകുര്‍ബ്ബാന മദ്ധ്യേ വായിക്കപ്പെട്ട, യേശു രാജസേവകന്‍റെ പുത്രനെ സുഖപ്പെടുത്തുന്ന സംഭവം, യോഹന്നാന്‍റെ സുവിശേഷം നാലാം അദ്ധ്യായം 13-54 വരെയുള്ള വാക്യങ്ങള്‍ വിശകലനം ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

വിശ്വസിക്കുന്നതിന് അടയാളങ്ങളും അത്ഭുതങ്ങളും തേടിപ്പോകുന്നവരെക്കുറിച്ച് യേശു പരാമര്‍ശിക്കുന്നത് അനുസ്മരിച്ച പാപ്പാ വിശ്വാസമെന്നത് ദൈവത്തെ കണ്ടെത്താനും കണ്ടുമുട്ടാനും അവിടത്തോടൊപ്പം ആനന്ദിക്കാനുമുള്ള ആഗ്രഹമാണെന്ന് ഉദ്ബോധിപ്പിച്ചു.

ആദ്യം ലഭിച്ച അനുഗ്രഹം കൊണ്ട് തൃപ്തരായി നിശ്ചലരായിരിക്കാതെ മുന്നോട്ടു പോകേണ്ടവരാണ് ക്രൈസ്തവരെന്ന് ഓര്‍മ്മിപ്പിച്ച പാപ്പാ  നേരെ മറിച്ചാണെങ്കില്‍ അവര്‍, ഭക്ഷണ ശാലയിലെത്തി തുടക്ക വിഭവം മാത്രം കഴിച്ച്, വരാനിരിക്കുന്ന സ്വാദിഷ്ടമായ വിഭവങ്ങളെക്കുറിച്ചുള്ള അജ്ഞതയോടെ മടങ്ങുന്നവരെപ്പോലെയാണെന്ന് പറഞ്ഞു.

കര്‍ത്താവ് കടന്നു പോകുമ്പോള്‍ അവിടന്ന് നമ്മിലോരോരുത്തരിലും അത്ഭുതം പ്രവര്‍ത്തിക്കുന്നുവെന്നും എന്നാലത് അത് അവിടെ അവസാനിക്കുന്നില്ല ഒരു തുടക്കം മാത്രമാണെന്നും പാപ്പാ വിശദീകരിച്ചു.








All the contents on this site are copyrighted ©.