2018-03-09 12:17:00

ദൈവത്തിന്‍റെ സൃഷ്ടികള്‍ തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്...!


കിഴക്കിന്‍റെ എക്യുമേനിക്കല്‍ പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമന്‍റെ
പാരിസ്ഥിതിക സന്ദേശത്തില്‍നിന്ന്...

പ്രകൃതിയെ പരിരക്ഷിക്കാനും അതിന്‍റെ മഹത്വം പ്രഘോഷിക്കാനും വിളിക്കപ്പെട്ടവരാണു മനുഷ്യരെന്ന് കിഴക്കിന്‍റെ എക്യുമേനിക്കല്‍ പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമന്‍ പ്രസ്താവിച്ചു. റോമിലെ ഗ്രിഗോരിയന്‍ യൂണിവേഴ്സിറ്റിയില്‍ സമ്മേളിച്ച രാജ്യാന്തര പരിസ്ഥിതി സമ്മേളനത്തിന് മാര്‍ച്ച് 6-Ɔο തിയതി അയച്ച ആശംസാസന്ദേശത്തിലാണ് പ്രകൃതിയില്‍ ജീവിക്കാനും അതു സംരക്ഷിക്കാനുമുള്ള മനുഷ്യന്‍റെ നൈസര്‍ഗ്ഗികമായ ഉത്തരവാദിത്വത്തെക്കുറിച്ച് പാത്രിയര്‍ക്കിസ് ചൂണ്ടിക്കാട്ടിയത്.

ദൈവത്തിന്‍റെ സൃഷ്ടികള്‍ തമ്മിലുള്ള ആന്തരികവും അഭേദ്യവുമായുള്ള ബന്ധത്തെക്കുറിച്ച് മാനവകുലത്തിന് അവബോധം നല്കിയെങ്കിലേ സുസ്ഥിതിയുള്ള പരിസ്ഥിതിയും സമാധാനപൂര്‍ണ്ണമായ ലോകവും യാഥാര്‍ത്ഥ്യമാക്കാനാവൂ. അതിനാല്‍ ഭൂമുഖത്തെ സകല മനുഷ്യരോടും സകല ജീവജാലങ്ങളോടും പരസ്പരാദരവും അംഗീകാരവുമുള്ള ഒരു സംസ്ക്കാരം സമൂഹത്തില്‍ വളര്‍ത്തേണ്ടത് അനിവാര്യമാണെന്ന് പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു.

മനസ്സാക്ഷിയുടെ മാത്രം പ്രശ്നമല്ല മാനസാന്തരം. അഭേദ്യമായ മനുഷ്യഹൃദയത്തോടും ജീവിതത്തോടും അനുതാപം എന്ന ഹൃദയാവസ്ഥ ബന്ധപ്പെട്ടിരിക്കുന്നതാകയാല്‍, “രണ്ടു യജമാനന്മാരെ സേവിക്കുന്ന,” (മത്തായി 6, 24) ഇരട്ടത്താപ്പു നയം അസ്വീകാര്യമാണ്. മറിച്ച് ഹൃദയവിചാരവും മനോഭാവവും ജീവല്‍ബന്ധിയാക്കിക്കൊണ്ട് ചിന്തകളും പ്രവൃത്തികളും പ്രകൃതിയെയും അതിന്‍റെ സ്രഷ്ടാവിനെയും ആദരിക്കുന്ന രീതിയിലുള്ള ധാര്‍മ്മികതയില്‍ വളര്‍ത്തിയെടുക്കണം.

ക്രിസ്തുവിന്‍റെ പ്രകാശം നമ്മുടെ തീരുമാനങ്ങളെയും പ്രവര്‍ത്തനങ്ങളെയും നയിക്കട്ടെ!
ഈ ചിന്തയോടെയാണ് പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ സന്ദേശം ഉപസംഹരിച്ചത്.
All the contents on this site are copyrighted ©.