2018-03-08 12:39:00

DOCAT LVIII: "ദാരിദ്ര്യവും സമൃദ്ധിയും''


ക്ഷേമവും നീതിയും എല്ലാവര്‍ക്കും എന്നു ശീര്‍ഷകം നല്‍കിയിട്ടുള്ള ഡുക്യാറ്റിന്‍റെ ഏഴാമധ്യായത്തില്‍ സാമ്പത്തിക പ്രവര്‍ത്തനത്തെ നിര്‍വചിക്കുകയും വിശദീകരിക്കുകയും സാമ്പത്തികവ്യാപാരങ്ങളുടെ ധാര്‍മികതയെ വിശകലനം ചെയ്യുകയും ചെയ്യുന്ന സഭാപ്രബോധനങ്ങള്‍ യുവജനങ്ങള്‍ക്ക് അനുയോജ്യമായ വിധത്തില്‍ ലളിതമായും സുഗ്രഹമായും പകര്‍ന്നുനല്‍കുകയാണ്. 

ഇന്ന് ഈ അധ്യായത്തിലെ 162 മുതലുള്ള അഞ്ചു ചോദ്യോത്തരങ്ങളാണ് നാം ചര്‍ച്ചാവിഷയമാക്കുന്നത്.  സാമ്പത്തികപ്രവര്‍ത്തന ത്തെക്കുറിച്ച് സഭയ്ക്ക് നിഷേധാത്മക വീക്ഷണമാണുള്ളതെന്നു ചിന്തിക്കുന്നവരുണ്ടാകാം.  എന്നാല്‍ സഭയ്ക്ക് സാമ്പത്തിക പ്രവര്‍ത്തനത്തെക്കുറിച്ച് അതിലൂടെയുണ്ടാകുന്ന സാമൂഹ്യക്ഷേമത്തെക്കുറിച്ച് ഭാവാത്മകവീക്ഷണമാണുള്ളത് എന്ന് 162-ാമത്തെ,  ചോദ്യത്തിനുത്തരമായി വ്യക്തമാക്കുന്നു.  

ചോദ്യം 162: സഭ സാമ്പത്തികപ്രവര്‍ത്തനത്തെ കര്‍ക്കശമായി വിമര്‍ശിക്കുന്നുണ്ടോ?

     സഭയ്ക്ക് സാമ്പത്തികപ്രവര്‍ത്തനത്തെ സംബന്ധിച്ച് മൗലികമായി ഭാവാത്മകവീക്ഷണമാണുള്ളത്.  വാണിജ്യം തന്നെത്തന്നെ സമ്പൂര്‍ണമായ ഒന്നായി സ്ഥാപിക്കുമ്പോള്‍ മാത്രമാണ് സഭ സാമ്പത്തിക പ്രവര്‍ത്തനത്തെ വിമര്‍ശിക്കുന്നത്.  ഇതു സംഭവിക്കുന്നത്, ഉദാഹരണമായി, തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെടുമ്പോള്‍ അല്ലെങ്കില്‍ ഭൂമിയുടെ വിഭവങ്ങള്‍ നിലനില്‍ക്കാന്‍ സഹായിക്കാത്ത വിധം ഉപയോഗിക്കുന്നതില്‍ അവഗണന കാണിക്കുമ്പോള്‍ ആണ്.  സാമ്പത്തികപ്രവര്‍ത്തനം വഴി മനുഷ്യര്‍ക്ക് മിതമായ സമൃദ്ധി എങ്കിലും ആസ്വദിക്കാന്‍ കഴിയുമ്പോഴും ദാരിദ്ര്യത്തെ ഭയപ്പെടേണ്ടതില്ലാത്തപ്പോഴും സാമ്പത്തിക പ്രവര്‍ത്തനത്തെ സഭ പിന്താങ്ങുന്നു.  സാമ്പത്തിക പുരോഗതിയുണ്ടാക്കാനും സാമ്പത്തിക ഉത്പാദനം അഭിവൃദ്ധിപ്പെടുത്താനും ഭൗതികവസ്തുക്കള്‍ വിതരണം ചെയ്യാനും എല്ലാവരും സജീവമായി പങ്കുചേരണമെന്ന് കത്തോലിക്കാ സഭയുടെ സാമൂഹികസിദ്ധാന്തം ആവശ്യപ്പെടുന്നു (Cf. GS 63, 65).

ബെനഡിക്ട് പതിനാറാമന്‍ പാപ്പാ, സത്യത്തില്‍ സ്നേഹം എന്ന രേഖയില്‍ ഉദ്ബോധിപ്പിക്കു ന്നതും ഇവിടെ ശ്രദ്ധേയമാണ്.  പാപ്പാ പറയുന്നു, ഐക്യദാര്‍ഢ്യത്തിന്‍റെയും പരസ്പരവിശ്വാസത്തിന്‍റെയും ആന്തരികരൂപങ്ങള്‍ ഇല്ലാതെ കൃത്യമായ സാമ്പത്തിക പ്രവര്‍ത്തനം നിറവേറ്റാന്‍ വിപണിക്കു സാധിക്കുകയില്ല (35). ഫ്രാന്‍സീസ് പാപ്പാ ഇക്കാര്യം കുറച്ചുകൂടി സുവ്യക്തമാക്കുന്നു: "മനുഷ്യജീവന്‍റെ മൂല്യത്തെ സുരക്ഷിതമാക്കാന്‍ “നീ കൊല്ലരുത്” എന്ന കല്പന വ്യക്തമായ അതിരു കല്‍പ്പിച്ചു.  അതുപോലെ തന്നെ ഇന്ന്, ഒഴിവാക്കലിന്‍റെയും അസ മത്വത്തിന്‍റെയും ഒരു സാമ്പത്തികതയോട് “നീ ചെയ്യരുത്” എന്നു നാം പറയേണ്ടിയിരിക്കുന്നു.  അത്തരമൊരു സാമ്പത്തികത കൊല്ലുന്നു" (EG 53). ചുരുക്കത്തില്‍, യുക്യാറ്റ് അതിന്‍റെ 442-ാം നമ്പറില്‍ പറയുന്നതുപോലെ, പൊതുനന്മയ്ക്കു സേവനം ചെയ്യുന്നുണ്ടോയെന്ന ചോദ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടേണ്ടത്.

തൊഴില്‍ ദൈവവിളിയായി അംഗീകരിക്കപ്പെടുമ്പോള്‍ ബിസിനസ്സും ദൈവവിളി തന്നെയാണെന്ന് അംഗീകരിക്കപ്പെടുകയാണ്. സാമ്പത്തികപ്രവര്‍ത്തനത്തില്‍ ലാഭം നേടുന്നത് നീതിയും സ്നേഹവും ഇല്ലാതെയാണ് എന്ന ഒരു വീക്ഷണം പൊതുവെ ഉള്ളതുകൊണ്ട്, അത് സാധാരണ തൊഴിലിന്‍റെ പരിധിയിലാണെന്ന് മനസ്സിലാക്കുന്നതില്‍ നാം പരാജയപ്പെടുന്നുണ്ട്.  നമ്മുടെ സമയവും, കായിക- മാനസിക കഴിവുകളും ഉപയോഗിക്കേണ്ട സാമ്പത്തികപ്രവര്‍ത്തനത്തില്‍ ദൈവേഷ്ടമനുസരിച്ച്, നീതിയിലും സ്നേഹത്തിലും അതു നിര്‍വഹിക്കുക എന്നത് അതിലേര്‍പ്പെടുന്നവര്‍ക്കു ദൈവം നല്‍കുന്ന വിളിയാണ്. ഇക്കാര്യത്തെക്കുറിച്ച്, 163-ാം ചോദ്യം വിശദീകരിക്കുന്നു.

ചോദ്യം 163: ബിസിനസ്സിലുള്ള തൊഴില്‍ ഒരു വിളി ആണെന്നു പറയാന്‍ കഴിയുമോ?

ഉവ്വ്.  വാണിജ്യത്തിലും വ്യാപാരത്തിലുമുള്ള തൊഴിലിന് ദൈവത്തില്‍ നിന്നുള്ള യഥാര്‍ഥ വിളി ആയിരിക്കാന്‍ കഴിയും.  തങ്ങള്‍ വൈദഗ്ധ്യം നേടിയിട്ടുള്ള ഉത്തരവാദിത്വത്തിന്‍റെ സ്ഥാനത്ത് ആ ളുകള്‍ സഹജീവികളായ മനുഷ്യര്‍ക്കുവേണ്ടിയും സ്വയം സമര്‍പ്പിക്കുന്നു. അത് എല്ലാവര്‍ക്കും ഒരു അനുഗ്രഹമാണ്.  ദൈവം നമ്മെ ഭൂമി ഏല്‍പ്പിച്ചത് അത് ഉഴാനും കാത്തു സൂക്ഷിക്കാനും വേണ്ടിയാണ്. നമ്മുടെ ജോലിയില്‍ നമുക്ക് ദൈവേഷ്ടം അനുസരിക്കാന്‍ കഴിയും. നാം നീതിപൂര്‍വകമായും സ്നേഹപൂര്‍വകമായും പ്രവര്‍ത്തിച്ചാല്‍ ഭൂമിയുടെ നല്ല ദാനങ്ങളെയും നമ്മുടെ ജന്മസിദ്ധമായ കഴിവുകളെയും നമ്മെ ഭരമേല്‍പ്പിച്ചിട്ടുള്ള നമ്മുടെ സഹജീവികളായ മനുഷ്യര്‍ക്കു നന്മയ്ക്കായി നാം ഉപയോഗിക്കും. (മത്താ 25:14-20; ലൂക്കാ 19:12-27).

ബനഡിക്ട് പതിനാറാമന്‍ പാപ്പാ സ്ഥിരീകരിക്കുന്നു: “പരസ്നേഹം സഭയുടെ സാമൂഹിക സിദ്ധാന്തത്തിന്‍റെ കേന്ദ്രത്തിലുണ്ട്.  ആ സിദ്ധാന്തം പറയുന്ന ഓരോ ഉത്തരവാദിത്വവും ഓരോ സമര്‍പ്പ ണവും ആ പരസ്നേഹത്തില്‍ നിന്ന് ഉദ്ഭവിക്കുന്നതാണ്” (CV 35).    

കായികപ്രാധാന്യമുള്ള തൊഴിലിനെക്കാള്‍ സമ്പത്തുല്‍പാദിപ്പിക്കുന്നതിന്, മറ്റു വിധത്തിലുള്ള സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ സഹായകമാണെന്നു നമുക്കറിയാം. അവിടെ അമിതലാഭത്തിനുള്ള പ്രലോഭനം ശക്തവുമാണ്.  ഈ രംഗത്ത് ബൈബിള്‍ അഭിലഷണീയമായി നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്ന ദാരിദ്ര്യത്തിലെ സമ്പന്നതയെക്കുറിച്ച് ഓര്‍മിക്കേണ്ടതുണ്ട് എന്ന കാര്യത്തില്‍ സഭയുടെ പ്രബോധനം ശക്തമാണ്.  

ചോദ്യം 164:  ദാരിദ്ര്യത്തെയും സമ്പത്തിനെയും കുറിച്ച് ബൈബിള്‍ എന്തുപറയുന്നു?

യേശുവിനെ അനുഗമിക്കുന്ന ഏതു വ്യക്തിയും ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഒരു വസ്തുതയുണ്ട്.  നാം പ്രഥമവും പ്രധാനവുമായി ദൈവത്തില്‍ സമ്പന്നര്‍ (ലൂക്കാ 12:21) ആയിരിക്കണം എന്നതാണ് ആ വസ്തുത.  ഭൗതികവസ്തുക്കളില്‍ സമ്പന്നരായിരിക്കുകയെന്നത് ദൈവത്തിന്‍റെ പ്രത്യേക കൃപയുടെ സുനിശ്ചിതമായ ഒരടയാളമല്ല.  യേശു ഇങ്ങനെ പ്രാര്‍ഥിക്കാന്‍ നമ്മെ പഠിപ്പിക്കുന്നു.  "ഞങ്ങളുടെ അന്നന്നയപ്പം ഇന്നു ഞങ്ങള്‍ക്കു തരണമേ" (മത്താ 6:11).  നമ്മുടെ ഭൗമിക ജീവിതത്തില്‍ ആവശ്യമായി ഉള്ളതെല്ലാം നല്‍കണമെന്ന് ഈ വാക്കുകള്‍കൊണ്ട് പിതാവിനോട് നാം അപേക്ഷിക്കുന്നു.  ആഡംബര സമൃദ്ധിയുടേതായ സമ്പാദ്യങ്ങള്‍ക്കായി നാം പരിശ്രമിക്കുന്നില്ല.  പിന്നെയോ മിതമായ സമൃദ്ധിയില്‍ സന്തോഷപ്രദമായ ജീവിതത്തിനു വേണ്ട വസ്തുക്കള്‍ക്കായി, കുടുംബത്തിന്‍റെ പിന്തുണയ്ക്കും പരസ്നേഹപ്രവൃത്തികള്‍ക്കും സംസ്ക്കാരത്തിനും വിദ്യാഭ്യാസത്തിലുമുള്ള പങ്കുചേരലിനും കൂടുതല്‍ വികസനത്തിനും വേണ്ട വകയ്ക്കായി പരിശ്രമിക്കുന്നു.

ഇക്കാര്യത്തെ കൂടുതല്‍ വിശദമാക്കുന്നതാണ്, യുക്യാറ്റ് 449-ാമത്തെ നമ്പറില്‍ നല്‍കുന്ന പ്രബോധനം.  അവിടെ ഇങ്ങനെ നാം വായിക്കുന്നു: "ദരിദ്രരോടുള്ള സ്നേഹം ഓരോ നൂറ്റാണ്ടി ലും ക്രൈസ്തവരെ തിരിച്ചറിയാനുള്ള അടയാളമായിരിക്കണം.  അവരെ സ്നേഹിക്കുക, സഹായിക്കുക എന്നതിലുമപ്പുറം അവര്‍ക്ക് നീതി ലഭിക്കുക എന്നതും ക്രൈസ്തവര്‍ തങ്ങളുടെ സ്വത്തു പങ്കുവയ്ക്കുന്നതിന് കടപ്പെട്ടിരിക്കുന്നു എന്നതും ഇവിടെ സവിശേഷശ്രദ്ധ അര്‍ഹിക്കുന്നു". ബംഗ്ലാദേശില്‍ നിന്നുള്ള സാമ്പത്തികശാസ്ത്രജ്ഞനും നോബല്‍ സമ്മാനജേതാവുമായ മുഹമ്മദ് യൂനുസ്,  “ലാഭം ലക്ഷ്യമായിരിക്കാതെ അത് ഉപോത്പന്നമായിരിക്കുന്ന ഒരു കമ്പനി ദരിദ്രരെ സേവിക്കാന്‍വേണ്ടി നിനക്കു സൃഷ്ടിക്കാന്‍ കഴിയും” എന്നു പ്രസ്താവിക്കുന്നത്, ചിന്തനീയമാണ്.

ഇവിടെ ദാരിദ്യമെന്ന തിന്മയെയും ദാരിദ്ര്യമെന്ന പുണ്യത്തെയും വ്യതിരിക്തമാക്കേണ്ടതുണ്ട്.ഡുക്യാറ്റ് അടുത്ത ചോദ്യത്തിലൂടെ അക്കാര്യം വ്യക്തമാക്കുന്നു

ചോദ്യം 165: ദാരിദ്ര്യം എപ്പോഴും മോശമാണോ?

ജീവസന്ധാരണത്തിന് അത്യാവശ്യമായ വസ്തുക്കളുടെ അഭാവവും സ്വയം ഏറ്റെടുത്തതല്ലാത്തതുമാണെങ്കില്‍ ദാരിദ്ര്യം ഒരു തിന്മയാണ്.  മനുഷ്യവംശത്തിന്‍റെ ഒരുഭാഗം പട്ടിണികിടക്കുകയും മറ്റേഭാഗം ഭക്ഷണത്തിന്‍റെ അമിതഭാഗം എറിഞ്ഞുകളയുകയും ചെയ്യുന്നുവെന്ന വസ്തുത ഒരു ഉതപ്പും സ്വര്‍ഗത്തെ നോക്കി വിലപിക്കുന്ന പാപവുമാണ്.  സമ്പന്നരാഷ്ട്രങ്ങളില്‍ ഭൗതിക ദാരിദ്ര്യത്തിന്‍റെ അതിര്‍ത്തിരേഖ എവിടെയാണെന്ന്, മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, മിനിമം ഉപജീവനമാര്‍ഗത്തിന്‍റെ നിലവാരമായി എന്താണ് പരിഗണിക്കപ്പെടേണ്ടതെന്നു പറയാന്‍ പ്രയാസമാണ്. ആപേക്ഷിക ദാരിദ്ര്യം – അമിതത്വത്തില്‍ ജീവിക്കാതിരിക്കല്‍ - നിഷേധാത്മകമായ ഒന്നായിരിക്കണമെന്നു നിര്‍ബന്ധമില്ല.  ദൈവത്തിന്‍റെ കണ്ണുകളില്‍ തങ്ങളുടെ യഥാര്‍ഥ ആവശ്യം എന്താണെന്നു മനസ്സിലാക്കാനും അപേക്ഷയുടെയും വിശ്വാസത്തിന്‍റെയും മനോഭാവത്തില്‍ ദൈവത്തെ സമീപിക്കാനും ആളുകളെ പ്രേരിപ്പിക്കാന്‍ അതിനു കഴിയും.  ക്രിസ്ത്യാനികള്‍ സുവിശേഷത്തെ ഗൗരവപൂര്‍വം പരിഗണിക്കുമ്പോള്‍ ഭൗതികസമ്പത്തിന്‍റെ സുചിന്തിതവും സന്മനസ്സോടു കൂടിയതുമായ പരിത്യജിക്കല്‍ വീണ്ടും വീണ്ടും കാണാം. സ്വതന്ത്ര ഹൃദയത്തോടെ ദൈവത്തെ സേവിക്കാന്‍ സാ ധിക്കണമെന്ന് അനേകര്‍ ആഗ്രഹിക്കുന്നു.  പൊതുവെ ഇതു സത്യമാണ്. യേശുവിനെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്ന ഏതു വ്യക്തിയും ദൈവതിരുമുമ്പില്‍ ദരിദ്രനായിരിക്കണം.  അതായത്, ആന്തരികമായി സമ്പത്തുകളില്‍ നിന്ന് അകന്നിരിക്കണം (മത്താ 5,3).  ദൈവത്തോടുള്ള സ്നേഹത്തിനല്ലാതെ മറ്റൊന്നിനും പ്രാഥമ്യം കല്‍പ്പിക്കരുത്.

ഈ ഭൂമിയില്‍ ദാരിദ്ര്യമനുഭവിക്കുന്നവരുടെ സംഖ്യ വളരെ വലുതാണ്.  എല്ലാ മനുഷ്യര്‍ക്കും ജീവിക്കാനുള്ള ഭക്ഷണവും ജീവിക്കാനുള്ള ഇടവും നല്‍കി സൃഷ്ടിക്കപ്പെട്ട ഈ ഭൂമിയില്‍, ഭക്ഷണമില്ലാതെയും മറ്റു സൗകര്യങ്ങളില്ലാതെയും അനേകര്‍ ക്ലേശിക്കുന്നെങ്കില്‍ അവിടെ നീതിയും സ്നേഹവും പുലരുന്നില്ല എന്നു തന്നെയാണര്‍ഥം.  അതുകൊണ്ട് സമൃദ്ധി എപ്പോഴും നല്ലതാണോ എന്ന ചോദ്യവും നാം ചോദിക്കേണ്ടതുണ്ട്.  

ചോദ്യം 166:  സമൃദ്ധി എപ്പോഴും നല്ലതാണോ?

     ഭൗതിക കാര്യങ്ങളെക്കുറിച്ച് ആകുലതയില്ലാതെ ജീവിക്കാന്‍ കഴിയുകയെന്നത് വലിയ ഒരു ആനുകൂല്യമാണ്. അതിനു ദൈവത്തോട് എന്നും നന്ദി പറയണം. ഈ വിധത്തില്‍ ജീവിക്കുന്ന ഒരാള്‍ക്ക്, ഏതെങ്കിലും കാരണത്താല്‍ ജീവിതത്തില്‍ ഹതഭാഗ്യരായവരെ സഹായിക്കാന്‍ കഴിയും. എന്നാലും ആധ്യാത്മികമായ സ്വയം തൃപ്തിയിലേക്കും ധിക്കാരത്തിലേയ്ക്കും അഹങ്കാരത്തിലേയ്ക്കും നയിക്കാനും സമ്പത്തിനു കഴിയും.  ദരിദ്രനില്‍നിന്നു വ്യത്യസ്തമായി സമ്പന്നര്‍ താനുണ്ടാക്കിയ നേട്ടങ്ങളുടെ ഫലമാണ് തന്‍റെ ഭാഗ്യകരമായ സാഹചര്യങ്ങളെന്നു ചിന്തിക്കാന്‍ പ്രലോഭിപ്പിക്കപ്പെടും. അത്യാഗ്രഹത്തിലേയ്ക്ക് – അത് മിക്കപ്പോഴും ഹൃദയകാഠിന്യത്തോടു കൂടിയതായിരിക്കും – അതു നയിക്കും.  ഭൗതിക വസ്തുക്കളില്‍ ഉറച്ചിരിക്കുന്ന സമ്പന്നനോട് യേശു ദുഃഖകരമായ വാക്കുകള്‍ പറഞ്ഞു:  “ഭോഷാ, ഈ രാത്രി നിന്‍റെ ആത്മാവിനെ നിന്നില്‍ നിന്നു ആവശ്യപ്പെടും”  (ലൂക്കാ 12,20).

“അത്യാഗ്രഹത്തില്‍ നിന്ന് എല്ലാ കുററകൃത്യങ്ങളും തെറ്റായ പ്രവൃത്തികളും ഉദ്ഭവിക്കുന്നു”  എന്ന് സിസെറോ (ബിസി. 106-43) പുരാതനകാലത്തു പറഞ്ഞുവച്ചത് ഈ ആധുനികകാലത്തും ശരിതന്നെ.  “ധനമോഹമാണ് എല്ലാ തിന്മകളുടെയും അടിസ്ഥാന കാരണ”മെന്ന്, പൗലോസ് ശ്ലീഹായും സ്ഥിരീകരിക്കുന്നു.   ശ്ലീഹാ തുടരുന്നു, “ധനമോഹത്തിലൂടെ പലരും വിശ്വാസത്തില്‍ നിന്നു വ്യതിചലിച്ചുപോകാനും ഒട്ടേറെ വ്യഥകളാല്‍ തങ്ങളെത്തന്നെ മുറിപ്പെടുത്താനും ഇടയായിട്ടുണ്ട്” (1 തിമോ 6,10).  അത്യാഗ്രഹത്തില്‍ നിന്നകന്ന്, നമ്മെ കരുതുകയും നമ്മുടെ ആവശ്യങ്ങളറിയുകയും ചെയ്യുന്ന ദൈവത്തില്‍ നമുക്കു പ്രത്യാശയര്‍പ്പിക്കാം.  








All the contents on this site are copyrighted ©.