2018-03-06 08:22:00

"ദേവാലയം കച്ചവടസ്ഥലമാക്കരുത്": ത്രികാലജപസന്ദേശം


2018, മാര്‍ച്ച് 4-ാം തീയതി, വത്തിക്കാനിലെ വി. പത്രോസിന്‍റെ ബസ്ലിക്കയുടെ അങ്കണത്തില്‍ ആയിരക്കണക്കിനു വിശ്വാസികള്‍ പാപ്പാ നയിക്കുന്ന ത്രികാലജപത്തില്‍ പങ്കുചേരുന്നതിനും സന്ദേശം ശ്രവിച്ച് ആശീര്‍വാദം സ്വീകരിക്കുന്നതിനുമായി എത്തിയിരുന്നു.  ത്രികാലജപത്തിനു മുമ്പ് നല്കിയ സന്ദേശം ലത്തീന്‍ ആരാധനക്രമമനുസരിച്ച് വി. കുര്‍ബാനയിലെ വായനയെ (യോഹ 2:13-25) അടിസ്ഥാനമാക്കിയായിരുന്നു.  ഇറ്റാലിയന്‍ ഭാഷയില്‍ നല്‍കിയ ഈ സന്ദേശത്തിന്‍റെ പരിഭാഷ വായിക്കാം.

പ്രിയ സഹോദരീസഹോദരന്മാരേ, സുപ്രഭാതം!

ഇന്നത്തെ സുവിശേഷം അവതരിപ്പിക്കുന്നത്, യേശു വില്‍പ്പനക്കാരെ, ജറുസലെംദേവാലയത്തില്‍ നിന്നു പുറത്താക്കുന്ന സംഭവത്തെക്കുറിച്ച് യോഹന്നാന്‍ നല്‍കുന്ന വിവരണമാണ്.  അവിടുന്ന് ഈ പ്രവൃത്തി ചെയ്യുന്നത്, കയറുകൊണ്ടുണ്ടാക്കിയ ഒരു ചമ്മട്ടിയുടെ സഹായത്തോടെയാണ്.  മേശകള്‍ തട്ടിമറിച്ചിട്ട് അവിടുന്നു പറഞ്ഞു: “എന്‍റെ പിതാവിന്‍റ ആലയം നിങ്ങള്‍ കച്ചവടസ്ഥല മാക്കരുത്” (വാ. 16). പെസഹായോട് അടുത്ത ദിനത്തിലെ ഈ നിര്‍ണായകപ്രവൃത്തി ജനക്കൂട്ടത്തെ വളരെ സ്വാധീനിച്ചെങ്കിലും, മതാധികാരികള്‍ക്കും, തങ്ങളുടെ സാമ്പത്തിക താല്പര്യങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് തോന്നിയവര്‍ക്കും അതു ശത്രുത ഉളവാക്കുകയാണു ചെയ്തത്.  നാമെങ്ങനെയാണ് ഇതിനെ വ്യാഖ്യാനിക്കുക.  പൊതുസുരക്ഷയുടെ കാവല്‍ക്കാര്‍, പോലീസ് എത്തുന്ന വിധത്തില്‍, തീര്‍ച്ചയായും ഇതൊരു അക്രമ നടപടിയായിരുന്നില്ല,   എന്നാല്‍, കൃത്യമായും ഇത് ഒരു പ്രവാചകനടപടി ആയിരുന്നുവെന്നു മനസ്സിലാക്കാം. ദൈവത്തിന്‍റെ പേരില്‍, ചൂഷണവും കൊള്ളയും നടത്തിയിരുന്നവര്‍ക്കെതിരെ പ്രവാചകന്മാര്‍ നടത്തുന്ന പ്രവര്‍ത്തനമായിരുന്നു അത്.  അവിടെ ചോദ്യമുയരുന്നത്, അധികാരി കളുടെയാണ്.  വാസ്തവത്തില്‍, യഹൂദര്‍ യേശുവിനോടു ചോദിക്കുന്നത് ഇതാണ്: “ഇതു ചെയ്യാന്‍ നിനക്ക് അധികാരമുണ്ടെന്നതിന് എന്തടയാളമാണ് നീ ഞങ്ങളെ കാണിക്കുക?” (വാ 18).  അതായത്, ഇക്കാര്യങ്ങള്‍ ചെയ്യാന്‍ നിനക്ക് എന്ത് അധികാരമാണുള്ളത്? എന്നാണ് ആ ചോദ്യം. യേശു ദൈവനാമത്തിലാണ് ഇതു ചെയ്തതെന്നു പ്രകടമാക്കുന്നപോലെയുള്ള ഒരു ചോദ്യമായിരുന്നു ഇത്.

ദൈവത്തിന്‍റെ ആലയം വിശുദ്ധീകരിക്കാനുള്ള യേശുവിന്‍റെ ഈ പ്രവൃത്തി, അവിടുത്തെ ശിഷ്യന്മാരെ, 69-ാം സങ്കീര്‍ത്തനത്തിലെ ഒന്‍പതാം വചനമാണ് ഓര്‍മിപ്പിച്ചത്: “അവിടുത്തെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ വിഴുങ്ങി” (വാ. 17). ഈ സങ്കീര്‍ത്തനം, ശത്രുക്കളുടെ എതിര്‍പ്പിനാല്‍ വന്നു ചേരാവുന്ന ഭീകരദുരിതത്തിന്‍റെ സാഹചര്യത്തില്‍ സഹായം യാചിച്ചുകൊണ്ടുള്ള ഒന്നാണ്.  അതേ സാഹചര്യമാണ്, യേശു തന്‍റെ പീഡാനുഭവത്തിലും അനുഭവിക്കാനിരിക്കുക. പിതാവിനെക്കുറിച്ചും അവിടുത്തെ ഭവനത്തെക്കുറിച്ചുമുള്ള തീക്ഷ്ണത യേശുവിനെ കൊണ്ടെത്തിക്കുക കുരിശിലേയ്ക്കാണ്.  അവിടുത്തെ സ്നേഹതീക്ഷ്ണത പ്രാണത്യാഗത്തിലേയ്ക്കാണ് എത്തിക്കുക.  അല്ലാതെ, ദൈവത്തെ അക്രമത്തിലൂടെ ശുശ്രൂഷിക്കാമെനന്ന വ്യാജസങ്കല്പത്തി ലേയ്ക്കല്ല.  വാസ്തവത്തില്‍, തന്‍റെ അധികാരത്തിന്‍റെ തെളിവായി യേശു നല്‍കുന്ന ഈ അടയാളം, കൃത്യമായി പറഞ്ഞാല്‍, മരണവും ഉത്ഥാനവുമാണ്: “ഈ ദേവാലയം നശിപ്പിക്കുക” – അവിടുന്നു പറയുന്നു – “മൂന്നു ദിവസത്തിനകം ഞാന്‍ അതു പുനരുദ്ധരിക്കും” (വാ. 19). സുവിശേഷകന്‍ ഇവിടെ സവിശേഷമായി കുറിക്കുന്നു: “അവിടുന്നു പറഞ്ഞത് തന്‍റെ ശരീരമാകുന്ന ദേവാലയത്തെക്കുറിച്ചാണ്” (വാ. 21). പെസഹായോടനുബന്ധിച്ച്, യേശു ആരംഭിക്കുന്നത് പുതിയ ദൈവാരാധനയും പുതിയ ദേവാലയവുമാണ്. സ്നേഹത്തിന്‍റെ ദൈവാരാധനയും താനാകുന്ന ദൈവാലയവുമാണ്.

ഇന്നത്തെ സുവിശേഷഭാഗത്ത് വിവരിക്കുന്ന യേശുവിന്‍റെ മനോഭാവം നമ്മെ, നമ്മുടെ ജീവിതം, നമ്മുടെ നേട്ടങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കുംവേണ്ടി ജീവിക്കാനല്ല, മറിച്ച്, സ്നേഹമാകുന്ന ദൈവത്തിന്‍റെ മഹത്വത്തിനുവേണ്ടി ജീവിക്കാനാണ് ഉത്തേജിപ്പിക്കുന്നത്.  യേശുവിന്‍റെ ഈ ശക്തമായ വാക്കുകള്‍ നമ്മുടെ മനസ്സില്‍ സൂക്ഷിക്കാന്‍ നാം ആഹ്വാനം ചെയ്യപ്പെടുകയാണ്: “എന്‍റെ പിതാവിന്‍റെ ആലയം നിങ്ങള്‍ കച്ചവടസ്ഥലമാക്കരുത്” (വാ. 16).  ദൈവത്തിന്‍റെ ആലയം ഒരു കച്ചവടസ്ഥലമെന്ന നിലയിലേയ്ക്ക് സഭയുടെ, ദൈവത്തിന്‍റെ വാസസ്ഥലമാകുന്ന സഭയുടെ മനോഭാവം വഴുതി പ്പോകുന്നെങ്കില്‍ അതു വളരെ മോശമാണ്.  ഈ വാക്കുകള്‍ ദൈവത്തിന്‍റെ വാസസ്ഥല മായിരിക്കുന്ന നമ്മുടെ ആത്മാക്കളെ കച്ചവടസ്ഥലമാക്കുന്ന അപകടത്തെ തള്ളിക്കളയാനും, ഔദാര്യവും പിന്തുണയും നല്‍കുന്ന സ്നേഹത്തിലേയ്ക്കു നിരന്തരം മടങ്ങിവരാനും നമ്മെ സഹായിക്കുന്നു. യേശുവിന്‍റെ ഈ പ്രബോധനങ്ങള്‍, സഭാസമൂഹങ്ങള്‍ക്കുമാത്രമല്ല, വ്യക്തികള്‍ക്കും പൗരസമൂഹങ്ങള്‍ക്കും, മുഴുവന്‍ സമൂഹങ്ങള്‍ക്കും എപ്പോഴും അധുനാതനമാണ്,  അന്യായമല്ലെങ്കില്‍ പോലും, പൊതുനന്മയില്‍ നിന്നു നേട്ടമെടുക്കുവാനും, ചിലസമയങ്ങളില്‍ മറ്റുള്ളവരുടെ അത്യാവശ്യങ്ങളില്‍ നിന്നുപോലും ലാഭമെടുക്കുവാനും, സ്വകാര്യനേട്ടത്തിനായും ഉള്ള പ്രവര്‍ത്തനങ്ങളിലേയ്ക്കു നാം പ്രലോഭിപ്പിക്കപ്പെടാറുണ്ട് എന്നത് വാസ്തവമാണ്.  അത് ഗുരുതരമായ ഒരു അപകടമാണ്, പ്രത്യേകിച്ചും,  ദൈവത്തിനും അവിടുത്തേയ്ക്കു കടപ്പെട്ട ആരാധനയ്ക്കും ആവശ്യമായ കാര്യങ്ങളില്‍ അതു ചൂഷണ മാകുന്നുവെങ്കില്‍. അല്ലെങ്കില്‍, അവിടുത്തെ സാരൂപ്യമായ മാനവന്‍റെ ശുശ്രൂഷയില്‍ അതു ചൂഷണമാകുന്നുവെങ്കില്‍.  ഇത്തരം മാരകാപകടങ്ങളില്‍ നിന്നു നമ്മെ മാറ്റിക്കളയുന്നതിന് അതുകൊണ്ട്, യേശു അത്തരം സമയങ്ങളില്‍, ശക്തമായ മാര്‍ഗങ്ങളുപയോഗിക്കുന്നു. 

ദൈവത്തെ നമ്മുടെ ജീവിതത്തിന്‍റെ ഏകകര്‍ത്താവായി അംഗീകരിക്കുന്നതിനും, നമ്മുടെ ഹൃദയത്തില്‍ നിന്നും പ്രവൃത്തികളില്‍ നിന്നും വിഗ്രഹാരാധയുടെ  എല്ലാത്തരത്തിലുമുള്ള രൂപങ്ങളെയും നീക്കം ചെയ്യുന്നതിനും വേണ്ടി സമര്‍പ്പിക്കുന്നതിന് നോമ്പുകാലത്തെ ഒരവസരമാക്കി തീര്‍ക്കാന്‍, കന്യകാമറിയം നമ്മെ പിന്തുണയ്ക്കട്ടെ!

ഈ ആശംസയോടെ, പാപ്പാ സന്ദേശമവസാനിപ്പിച്ച് ലത്തീന്‍ഭാഷയില്‍ ത്രികാലജപം ചൊല്ലുകയും  തുടര്‍ന്ന് അപ്പസ്തോലികാശീര്‍വാദം നല്‍കുകയും ചെയ്തു. 








All the contents on this site are copyrighted ©.