2018-03-05 12:51:00

ചിന്തകളിലും ചിന്താശൈലിയിലും പരിവര്‍ത്തനം ആവശ്യം -പാപ്പാ


നമ്മുടെ ചിന്തകളുടെ പരിവര്‍ത്തനത്തിന്‍റെ ആവശ്യകതയെക്കുറിച്ച് സഭ നമ്മെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് മാര്‍പ്പാപ്പാ.

വത്തിക്കാനില്‍, തന്‍റെ വാസയിടമായ, വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലുള്ള കപ്പേളയില്‍ തിങ്കളാഴ്ച(05/03/18) രാവിലെ അര്‍പ്പിച്ച വിശുദ്ധകുര്‍ബ്ബാന മദ്ധ്യേ വചനവിശകലനം നടത്തുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

പ്രവാചകന്‍ സ്വദേശത്ത് അവഗണിക്കപ്പെടുന്നതിനെക്കുറിച്ച് യേശു നാഥന്‍ താന്‍ വളര്‍ന്ന നസ്രത്തിലെ ഒരു സിനഗോഗില്‍ വച്ച് വേദപുസ്തകം വായിച്ച് വിശദീകരിക്കുന്ന സംഭവം, ലൂക്കായുടെ സുവിശേഷം അദ്ധ്യായം 4, 24 മുതല്‍ 30 വരെയുള്ള വാക്യങ്ങള്‍, ആയിരുന്നു പാപ്പായുടെ പരിചിന്തനത്തിന് മുഖ്യാധാരം.

നമ്മുടെ ചിന്തകളെ മാത്രമല്ല നമ്മുടെ ചിന്താരീതിയും, ചിന്താശൈലിയും മാറ്റേണ്ടിയിരിക്കുന്നുവെന്നും നാമോരോരുത്തരും ചിന്തിക്കുന്നത് ക്രൈസ്തവനെപ്പോലെയോ അതോ വിജാതീയനെപ്പോലെയോ എന്ന് സ്വയം ചോദിക്കേണ്ടിയിരിക്കുന്നുവെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

വികാരങ്ങളും പരിവര്‍ത്തനം ചെയ്യപ്പെടണമെന്നും, നല്ല സമറായന്‍റെ ഉപമ കാണിച്ചുതരുന്നതുപോലെ അത് അനുകമ്പയായി മാറണമെന്നും സഭ നമ്മോ‌ടു പറയുന്നുണ്ടെന്ന വസ്തുതയും പാപ്പാ അനുസ്മരിച്ചു.

യേശു സിനഗോഗില്‍ പഠിപ്പിച്ച വാക്കുകള്‍ കേ‌ട്ട് ആദ്യം പ്രശംസിച്ചവര്‍ പിന്നീട് അവന്‍ ആശാരിയുടെ മകനല്ലേ എന്നു പറഞ്ഞു അവിടത്തെ താഴ്ത്തിക്കാണിക്കുന്ന സംഭവത്തെക്കുറിച്ചും തുടര്‍ന്ന് ജനങ്ങളുടെ മനോഭാവത്തില്‍ വരുന്ന മാറ്റത്തെക്കുറിച്ചും മലമുകളില്‍ നിന്ന് താഴേക്കു തള്ളിയിട്ടു അവിടത്തെ വധിക്കാന്‍ ശ്രമിക്കുന്നതിനെക്കുറിച്ചും പരാമര്‍ശിച്ച പാപ്പാ ഈ സംഭവങ്ങള്‍ കാണിച്ചു തരുന്നത് നാമെല്ലാം പ്രതീക്ഷിക്കുന്നത് ബാഹ്യമായ പ്രകടനങ്ങളാണെന്ന് കുറ്റപ്പെടുത്തി.

എന്നാല്‍ മതവും വിശ്വാസവും ഒന്നും പ്രദര്‍ശനങ്ങളല്ല എന്നും ദൈവത്തിന്‍റെ  വചനമാണ്, ദൈവാരൂപിയാണ് നമ്മുടെ ഹൃദയങ്ങളില്‍ പ്രവര്‍ത്തിക്കുകയെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

ലോകത്തിന്‍റെ അരൂപിയാലാണോ ദൈവവാത്മവിനാലാണോ നാം ചിന്തിക്കുന്നതെന്ന് വിവേചിച്ചറിയാനുള്ള അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കാന്‍ പാപ്പാ എല്ലാവരേയും ക്ഷണിക്കുകയും ചെയ്തു.    

 








All the contents on this site are copyrighted ©.