2018-03-01 12:39:00

DOCAT ​LVII​: ''സാമ്പത്തിക പ്രവര്‍ത്തനം''


ഡുക്യാറ്റിന്‍റെ ''തൊഴിലും ദൈവനിയോഗവും'' എന്ന ആറാമധ്യായമായിരുന്നു കഴിഞ്ഞ ദിനങ്ങളില്‍ നമ്മുടെ ചര്‍ച്ചാ വിഷയമായിരുന്നത്.  ഇന്ന് ഡുക്യാറ്റ് പഠനപരമ്പര 57-ല്‍ നാം ക്ഷേമവും നീതിയും എല്ലാവര്‍ക്കും എന്നു ശീര്‍ഷകം നല്‍കിയിട്ടുള്ള ഏഴാമധ്യായത്തിലേക്കു പ്രവേശിക്കുകയാണ്. ഇതില്‍, സാമ്പത്തികപ്രവര്‍ത്തനത്തെ നിര്‍വചിക്കുകയും വിശദീകരിക്കുകയും സാമ്പത്തികവ്യാപാരങ്ങളുടെ ധാര്‍മികത, മുതലാളിത്ത വ്യവസ്ഥിതി എന്നിവയൊക്കെ വിശകലനം ചെയ്യുകയും ചെയ്യുന്നു.

സാമ്പത്തികവും സാമൂഹികവുമായ മണ്ഡലങ്ങളിലും മനുഷ്യവ്യക്തിയുടെ മഹത്വവും സമ്പൂര്‍ണവിളിയും സമൂഹത്തിന്‍റെ മുഴുവന്‍ ക്ഷേമവും ആദരിക്കപ്പെടുകയും വളര്‍ത്തപ്പെടുകയും വേണം.  എന്തെന്നാല്‍ സാമ്പത്തിക-സാമൂഹികജീവിതത്തിന്‍റെ മുഴുവനും ഉറവിടവും കേന്ദ്രവും ലക്ഷ്യവും മനുഷ്യനാണ് എന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ  പ്രബോധനത്തോടെയാണ് (GS 63) ഈ അധ്യായമാരംഭിക്കുക.

ഈ അധ്യായത്തിലെ ആദ്യ നാലു ചോദ്യോത്തരങ്ങള്‍, അതായത്, സാമ്പത്തിക പ്രവര്‍ത്തനം എന്നാല്‍ എന്താണ്?, അതിന്‍റെ ലക്ഷ്യമെന്താണ്?, അതിന്‍റെ ധാര്‍മികത, അതിലൂടെയുണ്ടാകുന്ന സമൃദ്ധി എന്നിവയെല്ലാം സഭ എങ്ങനെ വീക്ഷിക്കുന്നു? എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നു.  

അധ്യായം 7. ക്ഷേമവും നീതിയും എല്ലാവര്‍ക്കും

ചോദ്യം 158: സാമ്പത്തികപ്രവര്‍ത്തനം എന്നതുകൊണ്ട് നാം എന്താണ് അര്‍ഥമാക്കുന്നത്?

സാമ്പത്തികപ്രവര്‍ത്തനം എന്നതുകൊണ്ട് നാം അര്‍ഥമാക്കുന്നത് നമ്മുടെ സാമൂഹിക പരസ്പര പ്രവര്‍ത്തനങ്ങളുടെ മണ്ഡലമാണ്.  അതില്‍ ആളുകള്‍ തങ്ങളുടെയും തങ്ങളുടെ സഹജീവികളായ മറ്റു മനുഷ്യരുടെയും ഭൗതികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നു.  അതുകൊണ്ട് സാമ്പത്തിക ജീവിതത്തില്‍ വസ്തുക്കളുടെയും സേവനങ്ങളുടെയും ഉത്പാദനവും വിതരണവും ഉപഭോഗവും ഉള്‍ക്കൊള്ളുന്നു.

സാമ്പത്തികപ്രവര്‍ത്തനം

സാമ്പത്തികപ്രവര്‍ത്തനമെന്നത്, ‘‘ദൈവേഷ്ടപ്രകാരം വികസിക്കുന്നതിനു വൈയക്തിക-സാമൂഹിക രംഗങ്ങളെ ശക്തിപ്പെടുത്തുന്ന വസ്തുക്കള്‍ക്കും സേവനങ്ങള്‍ക്കുംവേണ്ടിയുള്ള മാനുഷികാവശ്യങ്ങളുടെ ക്രമാനുഗതവും പുരോഗമനപരവും സുരക്ഷിതവുമായ ക്രമപ്പെടുത്തലുകളുടെയും പ്രവര്‍ത്തനങ്ങളുടെയും ആകെത്തുകയാണ്’’ (കര്‍ദിനാള്‍ ജോസഫ് ഹോഫ്നര്‍)

പാരസ്പരികതയുള്ള പ്രവര്‍ത്തനമാണ് സാമ്പത്തികപ്രവര്‍ത്തനം.  ഈ സാമ്പത്തികപ്രവര്‍ത്തനമാണ് ഇന്നു നമുക്കുള്ള ക്ഷേമവും സൗകര്യവും ഒരുക്കിത്തരുന്നത് എന്നു നമുക്കറിയാം. വിവിധതരം വ്യവസായങ്ങളും വ്യാപാരങ്ങളും ജീവിക്കാനാവശ്യമായ ഭൗതികവസ്തുക്കള്‍ നമുക്കു തരുന്നു.  അപ്പോള്‍ ഇതിന്‍റെ സംരംഭകര്‍ പൊതുനന്മയെ ലക്ഷ്യമാക്കുന്നവരാണ് എന്നതു നാം അംഗീകരിക്കുന്നു.  അതെ എല്ലാത്തരം സാമ്പത്തികപ്രവര്‍ത്തനങ്ങളുടെയും ലക്ഷ്യം പൊതുനന്മയും, ശ്രദ്ധാകേന്ദ്രം മനുഷ്യവ്യക്തിയുമാണ്. 159-ാം ചോദ്യം ഇക്കാര്യം വിശദീകരിക്കുന്നു.

ചോദ്യം 159: സാമ്പത്തികപ്രവര്‍ത്തനത്തിന്‍റെ ലക്ഷ്യം എന്താണ്?

ജീവിക്കാനാവശ്യമായ എല്ലാ ഭൗതികവസ്തുക്കളും നമുക്കു നല്‍കുകയെന്നതാണ് സാമ്പത്തിക പ്രവര്‍ത്തനത്തിന്‍റെ ലക്ഷ്യം.  ഈ ലക്ഷ്യത്തിനായുള്ള വിഭവങ്ങള്‍ - ഉദാഹരണമായി – അസംസ്കൃതവസ്തുക്കള്‍, യന്ത്രങ്ങള്‍, ഭൂമി, മണ്ണ്, മാനുഷികാധ്വാനം എന്നിവ – പരിമിതമാണ്.  അതുകൊണ്ട് നാം സാമ്പത്തിക ക്രമവത്ക്കരണം നടത്തണം.  മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, പരിമിതമായ ഈ വിഭവങ്ങള്‍ ആവുന്നത്ര കാര്യക്ഷമമായും യുക്തിപൂര്‍വകമായും ഉപയോഗിക്കത്തക്കവിധം സാമ്പത്തിക പ്രവര്‍ത്തനത്തെ സംഘടിപ്പിക്കണം.  എല്ലാ സാമ്പത്തിക പ്രവര്‍ത്തനത്തിന്‍റെയും ഉറവിടവും ശ്രദ്ധാകേന്ദ്രവും ലക്ഷ്യവും സ്വതന്ത്രനായ മനുഷ്യനാണ്.  എല്ലായ്പോഴും എന്നപോലെ നാം സാമൂഹിപ്രവൃത്തിയില്‍ ഏര്‍പ്പെടുമ്പോള്‍, മനുഷ്യവ്യക്തിയും പൊതുനന്മയുടെ വികസനവും കേന്ദ്രസ്ഥാനങ്ങള്‍ ആയിരിക്കണം (cf. GS 63).

എന്നാല്‍ സ്വാര്‍ഥനായ മനുഷ്യന്‍ ഈ പൊതുനന്മയ്ക്ക് വിപരീതമായി പ്രവര്‍ത്തിക്കുന്നുണ്ട്.  അതിനാല്‍, അവിടെ നീതി പാലിക്കേണ്ടതിന് ധാര്‍മികശാസ്ത്രം സഹായത്തിനെത്തേണ്ടിയിരിക്കുന്നു.  ഇവയുടെ പരസ്പരബന്ധത്തെക്കുറിച്ചാണ് അടുത്ത ചോദ്യം. 

ചോദ്യം 160: സാമ്പത്തികപ്രവര്‍ത്തനവും ധാര്‍മികശാസ്ത്രവും എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു?

സാമ്പത്തിക ശാസ്ത്രം അതിന്‍റേതായ നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്നു.  സാമ്പത്തികതയുടെ ഒരു ഇനമായ കമ്പോളവ്യവസ്ഥിതി, വര്‍ധമാനമായ തോതില്‍ ലോകവ്യാപകമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.  അത് ഒരു യഥാര്‍ഥ ‘‘ചന്ത’’പോലെയാണ്.  വിതരണക്കാരും ഉപഭോക്താക്കളും കണ്ടുമുട്ടുകയും ഉല്‍പ്പന്നങ്ങളുടെ വില, അളവ്, ഗുണമേന്മ എന്നിവയെക്കുറിച്ച് സ്വതന്ത്രമായി പരസ്പരം പറഞ്ഞ് തീരുമാനത്തിലെത്തുകയും ചെയ്യുന്നു.  വിപണി സാമ്പത്തികത വളരെ കാര്യക്ഷമമാണെന്നു തെളിയിക്കപ്പെട്ടിരിക്കുന്നു.  എന്നാല്‍ അത് ഭരണഘടനാപരമായ ഒരു സ്റ്റേറ്റിനോട് ചേര്‍ന്നു നില്‍ക്കുന്ന സാമൂഹിക വിപണി സാമ്പത്തികതയാണെങ്കില്‍ മാത്രമേ, ധാര്‍മികമായി സ്വീകാര്യയോഗ്യമാകുകയുള്ളു.  അതുകൊണ്ട്, ഒന്നാമതായി ഗവണ്‍മെന്‍റ് ഗ്യാരന്‍റി ചെയ്യുന്ന വ്യക്തമായ നിയമങ്ങള്‍ ഉണ്ടായിരിക്കണം.  രണ്ടാമതായി, ആ വിപണിയില്‍ ഒന്നും നല്‍കാനില്ലാത്തവര്‍ക്കായി – ഉദാഹരണമായി തൊഴിലോ പണമോ ഇല്ലാത്തവര്‍ക്കായി – നടപടികളുണ്ടായിരിക്കണം.  കൂടാതെ, ചന്തസ്ഥലത്തെ യുക്തികൊണ്ടു മാത്രം കൈകാര്യം ചെയ്യാനാവാത്ത മാനുഷികാനുഭവങ്ങളും ഉണ്ട്. ഉദാഹരണമായി സഹനം, രോഗം, വൈകല്യം, സാമ്പത്തികത.  സാമ്പത്തികത സ്വന്തം നിയമങ്ങളനുസരിച്ചു പ്രവര്‍ത്തിക്കുന്നു എന്നതിന് വിപണിയിലെ നിയമ ങ്ങള്‍ ദൈവത്തിന്‍റെ നിമയങ്ങള്‍ക്കും കല്‍പ്പനകള്‍ക്കും വിധേയമല്ലെന്ന് അര്‍ഥമില്ല.  ധര്‍മശാസ്ത്രം നല്ല സാമ്പത്തിക പ്രവര്‍ത്തനത്തിന്‍റെ സാരാംശപരമായ ഘടകമാണ്.  ധര്‍മശാസ്ത്ര വിരുദ്ധമായ ബിസിനസ്സ് ക്രമേണ സാമ്പത്തിക പിശകായി തീരുകയും ചെയ്യും. അതുപോലെ തന്നെ ശരിയാണ് സാമ്പത്തിക ശാസ്ത്രവിരുദ്ധമായ ബിസിനസ്സ്, ഉദാഹരണമായി വിഭവങ്ങളെ ധൂര്‍ത്തടിക്കല്‍ - ധര്‍മശാസ്ത്ര വിരുദ്ധമാണെന്നതും.

മുതലാളിത്തത്തിന്‍റെ രൂപങ്ങള്‍ പൊതുനന്മയില്‍ ഉളവാക്കിയേക്കാവുന്ന നിഷേധാത്മകഫലത്തെക്കുറിച്ച്, യുക്യാറ്റ് കൃത്യമായി പ്രബോധിപ്പിക്കുന്നത്, അതിന്‍റെ 442-443 നമ്പറുകളില്‍ നാം കേള്‍ക്കുന്നുണ്ട്.  അതിപ്രകാരം ചൂണ്ടിക്കാട്ടുന്നു:  ''സുസ്ഥാപിതമായ നിയമവ്യവസ്ഥിതിയില്‍ അടിയുറപ്പിക്കാത്ത ഏതു രൂപവും പൊതുനന്മയില്‍ നിന്നു പിന്മാറുകയും വ്യക്തികള്‍ക്കു ലാഭമുണ്ടാക്കാന്‍ മാത്രമുള്ള മാര്‍ഗമായിത്തീരുകയും ചെയ്യുകയെന്ന അപകടത്തിലാണ്.  സഭ അതിനെ സുനിശ്ചിതമായി തള്ളിക്കളയുന്നു... സംരംഭകര്‍ക്കും മാനേജര്‍മാര്‍ക്കും... സാമൂഹിക ഉത്തരവാദിത്വമുണ്ട്''.

അവരുടെ തൊഴിലാളികളുടെയും ഉപഭോക്താക്കളുടെയും സമൂഹം മുഴുവന്‍റെയും നീതിപൂര്‍വകമായ താല്‍പ്പര്യങ്ങള്‍ പരിഗണിക്കാനും പരിസ്ഥിതിയെ ആദരിക്കാനും അവര്‍ക്ക് കടമയുണ്ട് എന്നു സാമൂഹികപ്രബോധനങ്ങള്‍ വ്യക്തമായി പഠിപ്പിക്കുന്നുണ്ട്.

ചോദ്യം 161: അതിസമൃദ്ധി അധാര്‍മികമാണോ?

അല്ല. ഐശ്വര്യം വര്‍ധിപ്പിക്കുകയെന്നത് ശ്രേഷ്ഠമായ ഒരു ധാര്‍മികലക്ഷ്യമായിരിക്കാവുന്നതാണ്.  എന്നാല്‍, എല്ലാ മനുഷ്യരുടെയും ഐക്യധാര്‍ഢ്യത്തിലുള്ള ആഗോള വികസനത്തിനു ചേര്‍ന്ന വി ധത്തില്‍ അതിനെ അനുധാവനം ചെയ്താല്‍ മാത്രമേ, ഈ ലക്ഷ്യം ധാര്‍മികമായി നല്ലതായിരിക്കുകയുള്ളു.  വര്‍ധിച്ച സമൃദ്ധിയില്‍ നിന്ന് കുറച്ചു വ്യക്തികള്‍ക്കുമാത്രം ലാഭം കിട്ടുമ്പോള്‍ അതു ധാര്‍മികമായി നല്ലതായിരിക്കുകയില്ല.  വികസനമെന്നത് മനുഷ്യരുടെ സമ്പൂര്‍ണവും സമഗ്രവുമായ വികസനമാണ്.  ഇതില്‍ വിശ്വാസവും കുടുംബവും വിദ്യാഭ്യാസവും ആരോഗ്യവും മ റ്റു പല മൂല്യങ്ങളും ഉള്‍ക്കൊള്ളുന്നു.  അതു അമിതമായ ഉപഭോഗത്തിന്‍റെ കാര്യമായിരിക്കരുത്. ഒരു വിധത്തില്‍ ‘‘ഉപഭോഗസംസ്ക്കാരം’’ ആളുകളെ കൂടുതല്‍ കൂടുതല്‍ ദരിദ്രരാക്കുന്നു.

ഒരുപാടു മാനുഷികാവശ്യങ്ങള്‍ ഈ ആഗോളവത്ക്കരണത്തില്‍ ഇടം ലഭിക്കാതെ പോകുന്നുണ്ട് എന്നും, ഈ ആവശ്യങ്ങളോടു ഭാവാത്മകമായി പ്രതികരിക്കാത്ത ഈ അവസ്ഥ അനീതിയാണെന്നും വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ചൂണ്ടിക്കാണിക്കുന്നു.  സാമ്പത്തിക നിയമങ്ങളെ മറികടന്നുപോകുന്ന ധാര്‍മികതയ്ക്ക് എതിരായ പ്രവര്‍ത്തനങ്ങളെ ബെനഡിക്ട് പതിനാറാമന്‍ പാപ്പായും സാമ്പത്തികപ്രവര്‍ത്തനങ്ങളില്‍ വീക്ഷിക്കുന്നതു നമുക്കു കാണാന്‍ കഴിയും.

അതിസമൃദ്ധി അധാര്‍മികമല്ല എന്നു പറയുമ്പോഴും, ഈ ഭൂമിയില്‍ മനുഷ്യന്‍റെ അത്യാഗ്രഹത്തെ തൃപ്തിപ്പെടുത്താനുള്ള വക ദൈവം നല്‍കിയിട്ടില്ല എന്ന വസ്തുത നാം മനസ്സിലാക്കേണ്ടതാണ്.  ഒരുവന്‍ അത്യാഗ്രഹത്തെ തൃപ്തിപ്പെടുത്താന്‍ ഭൗമികവിഭവങ്ങള്‍ ഉപയോഗിക്കുമ്പോള്‍, മറ്റൊരുവന് ആവശ്യത്തെ തൃപ്തിപ്പെടുത്താനുള്ള വക ലഭ്യമാകാതെ വരും.  ഈ ലോകത്തിലെ ദാരി ദ്ര്യത്തിനു പിന്നില്‍ പല കാരണങ്ങളും നമുക്കു നിരത്താന്‍ കഴിയുമെങ്കിലും, പ്രധാന കാരണം, അത്യാഗ്രഹവും അതോടനുബന്ധിച്ചുള്ള ചൂഷണങ്ങളുമാണ്. മനുഷ്യക്കടത്തിനും യുദ്ധത്തിനും പിന്നിലുള്ള കാരണവും ഇതുതന്നെയാണ്.  ഈ അത്യാഗ്രഹത്തില്‍ നിന്ന് ഒഴിവാകുന്നെങ്കില്‍, അത്യാവശ്യക്കാരുമായി പങ്കുവയ്ക്കാനുള്ള മനസ്സ് ഏറെപ്പേര്‍ക്കുണ്ടെങ്കില്‍, ദാരിദ്ര്യം ഒരു പ്രശ്നമാകുകയില്ല എന്നു വ്യക്തം.  അതായത്,  'നിന്നെപ്പോലെ, നിന്‍റെ അയല്‍ക്കാരനെ സ്നേഹിക്കുക' എന്ന ദൈവകല്പന പാലിക്കുന്ന സമൂഹത്തില്‍ ദരിദ്രരുടെ വിലാപം ഉണ്ടായിരിക്കുകയില്ല.  








All the contents on this site are copyrighted ©.