2018-02-27 10:18:00

പൈതൃകസ്നേഹമായി പാപ്പാ സാന്‍ ജെലാസിയോ ഇടവകയില്‍


ഫെബ്രുവരി 25-ാംതീയതി ഞായറാഴ്ച, ഫ്രാന്‍സീസ് പാപ്പാ റോമിലെ പൊന്തെ മാമ്മൊളോ എന്ന സ്ഥലത്തെ വി. ജെലാസിയോ പ്രഥമന്‍ പാപ്പായുടെ നാമത്തിലുള്ള ഇടവക സന്ദര്‍ശിച്ചു

വൈകുന്നേരം ഏതാണ്ട് നാലുമണിയോടുകൂടി ദേവാലയത്തിലെത്തിയ പാപ്പായെ ആര്‍ച്ചുബിഷപ്പ് ആഞ്ചെലോ ദെ ദൊണാത്തിസ്, ബിഷപ്പ്, ഗ്വെറീനോ ദി തോറാ, ഇടവകവികാരിമാര്‍, വിശ്വാസികള്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.  സന്ദര്‍ശനത്തിന്‍റെ ആദ്യപടിയില്‍, പാപ്പാ കുട്ടികളുമായും, രോഗികള്‍, വൃദ്ധര്‍ എന്നിവരുമായും കാരിത്താസ് കേന്ദ്രത്തിലെ  പാവപ്പെട്ട അന്തേവാസികളുമായും കൂടിക്കാഴ്ച നടത്തി.  തുടര്‍ന്ന് ഇടവകാംഗങ്ങളില്‍ ചിലര്‍ പാപ്പായുടെ പക്കല്‍ അനുരഞ്ജനകൂദാശയ്ക്കണഞ്ഞു.  വൈകിട്ട്, ആറുമണിക്ക്, വിശ്വാസികളുമൊത്ത് ദിവ്യബലിയര്‍പ്പിച്ച് വചനസന്ദേശം നല്‍കുകയും ചെയ്ത ശേഷമാണ് പാപ്പാ വത്തിക്കാനിലേക്കു മടങ്ങിയത്. 

പാപ്പായുടെ സന്ദര്‍ശനദിനം മഴയില്‍ കുളിച്ചതായിരുന്നതിനാല്‍, ഈ മഴയത്ത് തനിക്കുവേണ്ടി, നേരത്തെതന്നെ എത്തി കാത്തിരുന്നതില്‍ കുട്ടികളോടു പാപ്പാ നന്ദി പറഞ്ഞു.  എന്നിട്ട് അവരോടു ഇങ്ങനെ പറഞ്ഞു: ''കേള്‍ക്കുക, നമ്മുടെ ജീവിതവും ഇന്നത്തെ ദിനം പോലെയാണ്, അതായത്, ചിലപ്പോള്‍ സൂര്യപ്രകാശവും, ചിലപ്പോള്‍ മഴക്കാറും, ചിലപ്പോള്‍ മഴയും, മോശം കാലാവസ്ഥയും ഉണ്ടാകും.  അതുപോലെ ജീവിതത്തിലും നല്ല സമയവും മോശം സമയവും ഉണ്ടാകും.  അപ്പോള്‍ ഒരു ക്രിസ്ത്യാനി എന്താണു ചെയ്യേണ്ടത്?  ധൈര്യത്തോടുകൂടി മുന്നോട്ടു പോകുക, നമ്മെ യേശു നയിച്ചുകൊള്ളും''.  'നല്ലതും മോശമായതുമായ സമയങ്ങളില്‍ ധൈര്യപൂര്‍വം മുന്നോട്ടു പോവുക' എന്നു കുട്ടികളെക്കൊണ്ട്, പല പ്രാവശ്യം ആവര്‍ത്തിപ്പിച്ച ശേഷം, ''ആ സമയങ്ങളില്‍ നമ്മോടൊത്തുള്ളത് ആരാണ്?'' എന്ന പാപ്പായുടെ ചോദ്യത്തിന്  'യേശു' എന്ന് കുട്ടികള്‍ ഉച്ചത്തില്‍ പറഞ്ഞു.

വൃദ്ധരും രോഗികളുമായവരോടൊത്തും പാപ്പാ അല്പസമയം ചെലവഴിച്ചു. ലോകത്തിനും സഭയ്ക്കുമായി അവര്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ക്കു നന്ദി പറഞ്ഞുകൊണ്ട്, പാപ്പാ ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: ''നിങ്ങളെന്നോടു ചോദിക്കുമായിരിക്കും.  ഞാനെന്താണ് ലോകത്തിനുവേണ്ടി ചെയ്യുന്നത്? ഞാന്‍ ഐക്യരാഷ്ട്രസഭയില്‍ പോവുകയോ, സമ്മേളനങ്ങളില്‍ പങ്കെടുക്കുകയോ ഒന്നും ചെയ്യുന്നില്ല.  ഞാനെപ്പോഴും വീട്ടില്‍ത്തന്നെയാണ്.  ഞാനെന്താണ് സഭയ്ക്കുവേണ്ടി ചെയ്യുന്നത്?  സഭ എനിക്കുവേണ്ടിയാണ് ചെയ്യുന്നത് എന്നും നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും.  എന്നാല്‍ നിങ്ങളുടെ  വിശ്വാസ സാക്ഷ്യത്തിലൂടെ, ജനത്തിനു നന്മ വരണമേയെന്നുള്ള ആഗ്രഹത്തിലൂടെ, നല്ല ആശംസകളിലൂടെ അഗ്നിക്കുസമാനം നിങ്ങള്‍ ലോകത്തെ ഊഷ്മളതയുള്ളതാക്കുന്നു...

ദയവായി നിങ്ങള്‍ യുവജനങ്ങളോടു സംസാരിക്കുക.  അവരെ കേള്‍ക്കുക. അവരെ മനസ്സിലാക്കാന്‍ ശ്രമിക്കുക.  നിങ്ങളുടെ അനുഭവങ്ങള്‍ അവര്‍ക്കാവശ്യമുണ്ട്.  നിങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന അഗ്നി അവരിലേക്കു കൊളുത്തേണ്ടതുണ്ട്.  അതുകൊണ്ട്, നിങ്ങള്‍ മറക്കാതിരിക്കുക. നിങ്ങള്‍ യേശുവിന്‍റെ കരങ്ങളാണ്, ചരിത്രത്തിന്‍റെ കരങ്ങളാണ്, ലോകത്തിന്‍റെ കരങ്ങളാണ്, സഭയുടെ കരങ്ങളാണ്''.

തന്നെക്കാണാനെത്തിയതിനു നന്ദിപറഞ്ഞുകൊണ്ടാണ് കാരിത്താസ് കേന്ദ്രത്തിലെ പാവപ്പെട്ടവരുമായി പാപ്പായുടെ സ്നേഹസംഗമം ആരംഭിച്ചത്.  അവരുടെയിടയിലുണ്ടായിരുന്ന കുഞ്ഞുങ്ങളെയും ബാലകരെയുമൊക്കെ സ്നേഹപൂര്‍വം വീക്ഷിച്ചുകൊണ്ട്, ഏവരുടെയും വളര്‍ച്ചയില്‍ പരസ്പരം സഹകരിക്കാന്‍, അവശതയില്‍ ശുശ്രൂഷിക്കാന്‍, രോഗവേളയില്‍ സൗഖ്യസാന്ത്വനമേകാന്‍, ജീവിതത്തിന്‍റെ എല്ലാ ഘട്ടങ്ങളിലുള്ളവര്‍ക്കും ആവശ്യമായ പരിരക്ഷണമേകാന്‍ കൃത്യമായ ഉദാഹരണങ്ങളേകി പാപ്പാ അവര്‍ക്ക് ഉപദേശം നല്‍കി. 

അവര്‍ക്കെല്ലാവര്‍ക്കും ആശീര്‍വാദം നല്‍കിയും തനിക്കുവേണ്ടിയുള്ള പ്രാര്‍ഥന അവരോട് അഭ്യര്‍ഥിച്ചുമാണ് പാപ്പാ കൂടിക്കാഴ്ചകള്‍ ഓരോന്നിനും സമാപനം കുറിച്ചത്.
All the contents on this site are copyrighted ©.