2018-02-16 11:26:00

മനുഷ്യക്കടത്തിനെതിരെ പാപ്പായുടെ പരിചിന്തനങ്ങള്‍


മനുഷ്യക്കടത്തിനെതിരെ പ്രാര്‍ഥിക്കുന്നതിനും പരിചിന്തനം നടത്തുന്നതിനുമായി ഒത്തുചേര്‍ന്നവരുമായി അവര്‍ക്കുവേണ്ടിയുള്ള ആഗോള പ്രാര്‍ഥനാദിനമായ ഫെബ്രുവരി 12-ാംതീയതി ഫ്രാന്‍സീസ് പാപ്പാ നടത്തിയ കൂടിക്കാഴ്ചയില്‍  ഈ ദൂഷിതവലയത്തില്‍ പെടാതിരിക്കാനും, ഇരകളാകാതിരിക്കാനുമുള്ള മുന്‍കരുതലുകള്‍ എന്ത്, ഈ പ്രശ്ന പരിഹാരാര്‍ഥം യുവജനങ്ങള്‍ക്ക്, സഭയ്ക്ക് എന്തുചെയ്യാനാവും, യുവജനങ്ങള്‍എങ്ങനെ മാറ്റത്തിനുള്ള നായകരാകും, എന്നിങ്ങനെയുളള ചോദ്യങ്ങള്‍ക്ക് മുന്‍പ് താന്‍ തന്നെ നല്കിയിരിക്കുന്ന പ്രബോധനങ്ങളെ അടിസ്ഥാനമാക്കി, പാപ്പാ നല്‍കിയ മറുപടി താഴെച്ചേര്‍ക്കുന്നു.

1.  പരിശുദ്ധ പിതാവേ, ''ഞങ്ങള്‍ ഇറ്റലിയില്‍ എത്തുന്നതിനുമുമ്പ്, വളരെയേറ്റ ബുദ്ധിമുട്ടുകളും സഹനങ്ങളും അനുഭവിച്ചിട്ടുണ്ട്.  ഇറ്റലിയില്‍ എത്തിയതിനുശേഷവും ആ ദേശത്തോടു ഉള്‍ച്ചേരാന്‍ പെടാപ്പാടുപെടുന്നു, അന്തസ്സുള്ള ഒരു ജോലി അസാധ്യമെന്നു തന്നെ കരുതുന്നു...   മനുഷ്യക്കടത്തിനെക്കുറിച്ചു ഇന്നു പൊതുവെ കാണുന്ന ഈ അതിശയകരമായ മൗനം, ഇക്കാര്യത്തിലുള്ള അജ്ഞതകൊണ്ടാണോ?''
ഫ്രാന്‍സീസ് പാപ്പാ:  തീര്‍ച്ചയായും ഇക്കാര്യത്തില്‍ ധാരാളം അജ്ഞതയുണ്ട്.  എന്നിരുന്നാലും, ചിലസമയങ്ങളില്‍ ഇക്കാര്യത്തെക്കുറിച്ചു മനസ്സിലാക്കുന്നതിനു് ഒട്ടുംതന്നെ താല്പര്യമില്ലായ്മ ഉണ്ടെന്നും തോന്നിയിട്ടുണ്ട്.  എന്തുകൊണ്ട്? കാരണം, ഇത് നമ്മുടെ മനസ്സാക്ഷിയെ അടുത്ത് സ്പര്‍ശിക്കുന്ന ഒന്നാണ്, ഒരു വ്രണമാണ്, അത് നമ്മെ ലജ്ജിപ്പിക്കുന്നതാണ്.  അറിയുന്നുണ്ടെങ്കിലും സംസാരിക്കാന്‍ ഇഷ്ടപ്പെടാത്തതിനു മറ്റൊരു കാരണവുമുണ്ട്.  കാരണം, ഈ ഉപഭോഗച്ചങ്ങലയുടെ അറ്റത്താണ് ചിലര്‍ നില്‍ക്കുന്നത്. ഇവരെയുള്‍പ്പെടുത്തിയുള്ള സേവനങ്ങളുടെ വഴിയിലാണവര്‍ .. അവസാനമായി, ചിലര്‍ ഇതിനെക്കുറിച്ചു സംസാരിക്കുന്നതിനിഷ്ടപ്പെടുന്നില്ല. കാരണം, അവര്‍ ഈ കുറ്റകൃത്യങ്ങളില്‍ നേരിട്ട് ബന്ധമുള്ളവരാണ്, അത്തരം ഗൂഢസംഘടനകളില്‍ നിന്ന്, ലാഭമുണ്ടാക്കുന്നവര്‍ ആണ്...  അതെ, ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യണമെങ്കില്‍ ധൈര്യവും സത്യസന്ധതയുമുണ്ടാകണം.  ഇക്കാര്യത്തിലുള്ള സംവേദനം വീടുകളില്‍ തന്നെ തുടങ്ങണം, നമ്മില്‍നിന്നു തന്നെ... എന്നാല്‍ മാത്രമേ, നമുക്കു നമ്മുടെ സമൂഹത്തിന് അതേക്കുറിച്ച് അവബോധമുണ്ടാക്കാനും, മനുഷ്യക്കടത്തിന്‍റെ ഇരകള്‍ ഇനിയുണ്ടാകാതിരിക്കേണ്ടതിന്  പ്രതിബദ്ധരാക്കാനും കഴിയുകയുള്ളു....

2. ''പരിശുദ്ധ പിതാവേ, ഞങ്ങളിലേറെപ്പേര്‍ക്കും മനുഷ്യക്കടത്തിനെക്കുറിച്ച്, കുടിയേറ്റത്തെക്കുറിച്ച് അവയുടെ കാരണങ്ങളെക്കുറിച്ച് അറിയാനാഗ്രഹമുണ്ട്.  അതെ, ഞങ്ങള്‍ കൂടുതല്‍ നീതിപൂര്‍വകമായ ഒരു ലോകത്തിനുവേണ്ടി അധ്വാനിക്കുവാന്‍ ആഗ്രഹിക്കുന്നു...  പ്രിയ ഫ്രാന്‍സീസ് പാപ്പാ, ഇടവകകൂട്ടായ്മകളില്‍, യുവജനസംഘടനകളില്‍, കത്തോലിക്കാ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍, ഇത്തരം പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നതിന് പര്യാപ്തമായ ഇടം ലഭിക്കുന്നില്ല.  മനുഷ്യക്കടത്തിന്‍റെ ഇരകളെ സാമൂഹികമായി, സാംസ്ക്കാരികമായി സമുദ്ഗ്രഥിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക വളരെ ആവശ്യമാണ്...  യുവജനങ്ങള്‍ക്ക് എന്തു ചെയ്യാനാവും? സഭയ്ക്ക് എന്തുചെയ്യാനാവും?''

ഫ്രാന്‍സീസ് പാപ്പാ:  മനുഷ്യക്കടത്തിന്‍റെ ഇരകളായവരുമായി കൂടിക്കാഴ്ച നടത്തുന്ന കാര്യത്തില്‍ യുവജനങ്ങളുടെ സ്ഥാനം സവിശേഷമാണ്... നിങ്ങളുടെ ഇടവകകളിലും, സംഘടനകളിലും ഒക്കെ പോയി, ഇത്തരം ദുരിതമനുഭവിക്കുന്നവരെ കാണുകയും ശ്രവിക്കുകയും ചെയ്യുക.  അവിടെ നിന്ന്, നിങ്ങള്‍ എങ്ങനെ പ്രത്യുത്തരിക്കണമെന്നും, സമൂര്‍ത്തമായ സമര്‍പ്പണം എങ്ങനെയായിരിക്കണമെന്നും ഉള്ള കാര്യങ്ങള്‍ ഉയര്‍ന്നുവരും.  ഈ പ്രശ്നങ്ങളൊന്നും അമൂര്‍ത്തമല്ല... ഈ പ്രശ്നങ്ങള്‍ എങ്ങനെ വായിക്കണമെന്നു നിങ്ങളെ പഠിപ്പിക്കുന്ന അടയാളങ്ങളുണ്ട്... വി. പൗലോസ്, ഫിലെമോനെഴുതിയ ലേഖനത്തില്‍ (1:16) നമുക്കൊരു ഉദാഹരണം നല്‍കുന്നുണ്ട്.  അടിമയായ ഒനേസിമൂസ്, ക്രിസ്തുവില്‍, ഇനിമേല്‍ അടിമയല്ല, എല്ലാറ്റിനുമുപരി, അവന്‍ ഒരു പ്രിയസഹോദരനാണ് എന്നു പൗലോസ് പറയുന്നു.

നിങ്ങള്‍, ചെറുപ്പക്കാര്‍ക്ക്, ക്രിസ്തുവില്‍ പ്രത്യാശവയ്ക്കാന്‍ കഴിയും. വീടുവി‌ട്ടുപോകേണ്ടി വരുന്ന, വിവിധ കെണികളില്‍ ആയിരിക്കുന്ന പ്രവാസിജനങ്ങളെ നിങ്ങള്‍ അവനില്‍ കണ്ടുമുട്ടും. അങ്ങനെയുള്ള കൂടിക്കാഴ്ചകള്‍ക്ക് നിങ്ങള്‍ ഭയപ്പെടേണ്ടതില്ല. ഇത്തരം കൂടിക്കാഴ്ചകള്‍ സ്വാഭാവികമായും, മാറ്റങ്ങള്‍ക്ക് പ്രേരകമാകും... അത് എപ്പോഴും നല്ലതിനുവേണ്ടിയാണ്... ഏശയ്യായുടെ ഈ വാക്കുകള്‍ ഓര്‍മിക്കുക: ''നിന്‍റെ കൂടാരം വിസ്തൃതമാക്കുക'' (54:2).
സഭ ഇത്തരം കൂടിക്കാഴ്ചകളെ പ്രോത്സാഹിപ്പിക്കണം, അതിനുള്ള ഇടം നല്കണം.  അതുകൊണ്ടാണ് ഇടവകകള്‍ അവരെ സ്വാഗതം ചെയ്യണമെന്നു ഞാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.  തീര്‍ച്ചയായും ആധുനിക സാമൂഹിക സമ്പര്‍ക്കമാധ്യമങ്ങള്‍ ഇവരുമായുള്ള കൂടിക്കാഴ്ചകള്‍ക്കും, അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനും വളരെയേറെ സഹായകമാണ്...  ഇത്തരം നല്ല സംരംഭങ്ങളും പ്രായോഗികപ്രവര്‍ത്തനങ്ങളും ലോകമാസകലമുള്ള സഹോദരങ്ങളുമായി ഇവയിലൂടെ പങ്കുവയ്ക്കാനും കഴിയും...

3.  ''പരിശുദ്ധ പിതാവേ, ഞാന്‍ വിദൂരദേശങ്ങളില്‍ നിന്നുള്ള യുവജനങ്ങളില്‍ ഒരാളാണ്. വ്യത്യസ്തമായ സംസ്ക്കാരങ്ങളും, ജീവിതസാഹചര്യങ്ങളും, വ്യത്യസ്തമാ സഭാനുഭവങ്ങളും ഉള്ള ഒരാള്‍.  ഇപ്പോള്‍, ഞാനിവിടെയാണ്, ഇവിടെ എന്‍റെ ഭാവി പടുത്തുയര്‍ത്താനാഗ്രഹിക്കുന്നു. എന്നാല്‍ ഞാനെന്‍റെ രാജ്യത്തെ ഓര്‍മിക്കുന്നു, അവിടെയുള്ള അനേക യുവജനങ്ങളെ ഓര്‍ക്കുന്നു. വ്യാജവാഗ്ദാനങ്ങളാല്‍ വഞ്ചിക്കപ്പെട്ട, അടിമകളാക്കപ്പെട്ട, വേശ്യാവൃത്തിയിലേയ്ക്കു നയിക്കപ്പെട്ട അനേകരെ.  എങ്ങനെയാണ് ഞങ്ങള്‍ക്ക് ഇത്തരം കെണികളില്‍പ്പെടാതെ യുവജനങ്ങളെ സഹായിക്കാനാവുക?''

ഫ്രാന്‍സീസ് പാപ്പാ:  നിങ്ങള്‍ പറഞ്ഞതുപോലെ, ചെറുപ്പക്കാര്‍ മനുഷ്യക്കടത്തുകാരുടെ കൈകളില്‍ പെട്ടുപോകാതെ സൂക്ഷിക്കേണ്ടതുണ്ട്.  എത്ര ഭയാനകമാണ്, ഒരുപാടു ചെറുപ്പക്കാര്‍ തങ്ങളുടെ കുടുംബങ്ങളാല്‍ ഉപേക്ഷിക്കപ്പെടുകയും, സമൂഹത്തിന്‍റെ അവശിഷ്ടമെന്നു പരിഗണിക്കപ്പെടുകയും ചെയ്യുന്നു എന്ന വസ്തുത. വളരെയധികം പേര്‍, തങ്ങളുടെ തന്നെ ബന്ധുക്കളാലും സ്നേഹിതരെന്നു വിളിക്കപ്പെടുന്നവരാലും ഈ കെണികളിലേക്കു നയിക്കപ്പെടുകയാണ്... ഇങ്ങനെയുള്ള സംഭവങ്ങള്‍ ബൈബിളിലും നാം കാണുന്നു... ഓര്‍മിക്കുക, യുവാവായിരുന്ന ജോസഫിനെ അവന്‍റെ മൂത്ത സഹോദരങ്ങള്‍ അടിമയാക്കി വിറ്റു. അങ്ങനെ ഈജിപ്തിലെ അടിമത്തത്തിലേയ്ക്ക് എടുക്കപ്പെട്ടു.

ഏറ്റവും അരക്ഷിതമായ അവസ്ഥയിലും വിദ്യാഭ്യാസം വളരെ പ്രധാനമാണ്.  അത് മനുഷ്യക്കടത്തിനെതിരായി സുരക്ഷയ്ക്കായി ഒരുപകരണമാണ്. വാസ്തവത്തില്‍, അപകടങ്ങളെ  തിരിച്ചറിയാനും, മിഥ്യാമോഹങ്ങളെ ഉപേക്ഷിക്കാനും അതു നമ്മെ സഹായിക്കും... ഇത്തരം കെണികളില്‍ പെട്ടവര്‍തന്നെ, മറ്റു നിഷ്ക്കളങ്കരെക്കൂടി കെണിയില്‍ പെടുത്തുന്നു... മനുഷ്യക്കടത്തിലുള്‍പ്പെട്ടവര്‍ ധാര്‍മികതയോ സന്മാര്‍ഗനിയമങ്ങളോ ഇല്ലാതെ ജീവിക്കുന്നവരും, മറ്റുള്ളവരുടെ ദൗര്‍ഭാഗ്യത്തില്‍ നിന്നും വൈകാരികസാഹചര്യങ്ങളില്‍ നിന്നും മുതലെടുക്കുന്നവരുമായിരിക്കും... സഭ എപ്പോഴും സഹിക്കുന്നവരുടെ ഭാഗത്തായിരിക്കണമെന്ന് ആഗ്രഹിക്കുന്നു, വളരെ പ്രത്യേകമായി, കുട്ടികളുടെയും ചെറുപ്പക്കാരുടെയും, അവരെ സംരക്ഷിക്കുകയും, സമഗ്രമായ വികസനത്തിനായി പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട്... 

ഏറ്റവും വിഷമകരമായ യാഥാര്‍ഥ്യങ്ങളില്‍ പോലും, നിങ്ങള്‍ പ്രത്യാശയുടെയും പിന്തുണയുടെയും പ്രകാശരശ്മികളായിരിക്കണം.  എന്തെന്നാല്‍, ദൈവം എപ്പോഴും നിങ്ങളോടുകൂടെയുണ്ട്...  ധൈര്യവും, പ്രതീക്ഷയും എല്ലാവര്‍ക്കുമുള്ള ദൈവദാനങ്ങളാണ്, എന്നാല്‍, യുവജനങ്ങള്‍ക്ക് ഇവ, പ്രത്യേകമായും അനുയോജ്യമായ ദാനങ്ങളാണ്...

4.  ''പരിശുദ്ധ പിതാവേ, ഞങ്ങള്‍ ഇറ്റലിയിലെ യുവജനങ്ങള്‍, സംസ്ക്കാരങ്ങളുടെയും മതങ്ങളുടെയും ബഹുലത കൂടിക്കൂടി വരുന്ന ഒരു പശ്ചാത്തലത്തെ അഭിമുഖീകരിക്കുകയാണ്... ഇത് ഒരു തുറന്ന വെല്ലുവിളിയാണ്..  മിക്കവാറും, വ്യത്യസ്തങ്ങളായവയോട് ആദരവ് കുറഞ്ഞുവരുന്നു, ചൂഷണത്തിന്‍റെ മാലിന്യത്തിന്‍റെയും സംസ്ക്കാരത്തില്‍, മനുഷ്യക്കടത്തു സാധാരണമെന്നു തോന്നിപ്പിക്കുന്നു.  ഫ്രാന്‍സീസ് പാപ്പാ, ചൂഷണത്തിനെതിരെ പട‌പൊരുതാന്‍, ആയുധക്കച്ചവടം ഉപേക്ഷിക്കാന്‍, ഭരണത്തിലിരിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നത്, അങ്ങു ദയവായി തുടരുക ഒപ്പം, മതനേതാക്കളെ, മറ്റു സംസ്ക്കാരങ്ങള്‍ക്കും മതങ്ങള്‍ക്കും ഇടം നല്‍കുന്നതിന് പ്രോത്സാഹിപ്പിക്കുക... ഏവരും സ്വീകരണത്തിന്‍റെ ആധ്യാത്മികത പങ്കുവയ്ക്കുന്നതിനായി... പരിശുദ്ധ പിതാവേ, നമുക്കെന്താണു ഇവിടെ ചെയ്യാന്‍ കഴിയുക, മനുഷ്യക്കടത്തെന്ന ചമ്മട്ടി എന്നേയ്ക്കുമായി അപ്രത്യക്ഷമാകുന്നതിന്?''

ഫ്രാന്‍സീസ് പാപ്പാ:   കൊടിയ ദാരിദ്ര്യത്തിന്‍റെയും അക്രമത്തിന്‍റെയും ചൂഷണത്തിന്‍റെയും ഇരകളായിത്തീര്‍ന്നിരിക്കുന്ന രാജ്യങ്ങള്‍ സാമ്പത്തികമായും ഭരണപരമായും സുരക്ഷ നല്‍കുന്നതിനോ അടിസ്ഥാനാവകാശങ്ങളെ സംരക്ഷിക്കുന്നതിനോ കഴിവില്ലാത്തവയായിരിക്കും.  ഈ പശ്ചാത്തലത്തില്‍, ഈ കുറ്റകൃത്യങ്ങള്‍ ശിക്ഷിക്കപ്പെടുകയില്ല.  സംഘടിതരായ ഈ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ മനുഷ്യക്കടത്തിനും, നിയമപരമല്ലാത്ത മയക്കുമരുന്നു കടത്തുകള്‍ക്കും ആയി ഉപയോഗപ്പെടുത്തുന്നത്, നിത്യദാരിദ്ര്യത്തിലും നാളെയെക്കുറിച്ചു മറ്റു പ്രതീക്ഷകള്‍ ഇല്ലാത്തവരെയുമാണ്.. അതുകൊണ്ട് ഇതിനു പ്രതിവിധി സമഗ്രമാനവവികസനത്തിനായുള്ള അവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ്.  ഗുണമേന്മയുള്ള വിദ്യാഭ്യാസം ബാല്യത്തിലേ നല്‍കിയും, ക്രമേണ തൊഴിലിന് വര്‍ധിച്ച അവസരം സൃഷ്ടിച്ചും  ഈ പ്രശ്നത്തിനു പരിഹാരം കാണേണ്ടതാണ്...  ഇതുകൂടി പറയാന്‍ അനുവദിക്കുക,  അനേകം പെണ്‍കുട്ടികള്‍ മനുഷ്യക്കടത്തിനിരയാകുകയും നമ്മുടെ നഗരങ്ങളിലെ തെരുവുകളില്‍ അവസാനിക്കുകയും ചെയ്യുന്നെങ്കില്‍...അതിനു കാരണം, നമ്മുടെ അനേക പുരുഷന്മാര്‍ - ചെറുപ്പക്കാരും, മധ്യവയസ്ക്കരും, പ്രായമായവരും - ഇത്തരം സേവനങ്ങള്‍ ആവശ്യപ്പെടുന്നുവെന്നും അത്തരം സുഖങ്ങള്‍ക്കായി പണമൊടുക്കാന്‍ തയ്യാറാകുന്നു എന്നതുമാണ്...

5.  ''ഫ്രാന്‍സീസ് പാപ്പാ, വത്തിക്കാനില്‍ സമ്മേളിച്ച വലിയ നഗരങ്ങളുടെ മേയര്‍മാര്‍ക്ക് അങ്ങു നല്‍കിയ സന്ദേശത്തില്‍, പരിസ്ഥിതി അവബോധത്തിന്‍റെയും മനുഷ്യക്കടത്തിനും അവയവക്കടത്തിനും, മറ്റു ആധുനികാടിമത്തരൂപങ്ങള്‍ക്കും എതിരായി പോരാടു ന്നതിന് പൊതുവായ പ്രതിബദ്ധത ഫലപ്രദമാക്കണമെങ്കില്‍, നിങ്ങള്‍ അതിരുകളില്‍ നിന്നു തുടങ്ങേണ്ടതുണ്ട് എന്ന് പറയുകയുണ്ടായി (ജൂലൈ 21, 2015)... ഞങ്ങള്‍ യുവജനങ്ങള്‍, തൊഴിലില്ലാതെയും ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനവസരമില്ലാതെയും, യുദ്ധങ്ങളിലും അക്രമങ്ങളിലും, ഞങ്ങളുടെ ദേശങ്ങളെ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുന്നതുകൊണ്ട് മിക്കവാറും പുറന്തള്ളപ്പെടുന്നതായും, പാര്‍ശ്വവത്ക്കരിക്കപ്പടുന്നതായും കാണപ്പെടുന്നു... എല്ലാറ്റിനുമുപരി, ഞങ്ങള്‍ സ്ത്രീകള്‍ മിക്കവാറും പ്രധാന ഇരകളാകുന്നു, ശിക്ഷിക്കപ്പെടുന്നു... യുവജനങ്ങള്‍ക്കുവേണ്ടിയുള്ള അടുത്ത മെത്രാന്‍ സിനഡില്‍ ഇത്തരം പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്ക് എന്ത് ഇടമാണു ലഭിക്കുക?...''

ഫ്രാന്‍സീസ് പാപ്പാ:  ഞാനാഗ്രഹിക്കുന്നത്, ഇത്തരം മനുഷ്യക്കടത്തിനിരയായി ദുരിതങ്ങള്‍ അനുഭവിച്ചിട്ടുള്ള യഥാര്‍ഥ സാക്ഷികളെ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ ഈ സിന‍ഡില്‍ ഇടംകൊടുക്കണമെന്നാണ്. അത് സഭയെ തുടര്‍ നടപടികളിലേയ്ക്കു തിരിയുന്നതിനു സഹായിക്കും.  അതുകൊണ്ട്, എന്‍റെ വലിയ ആഗ്രഹം, അതിരുകളിലായിരിക്കുന്ന യുവപ്രതിനിധികള്‍ ഈ സിനഡിന്‍റെ നായകരായി ഉണ്ടായിരിക്കണമെന്നാണ്.  ഈ സിനഡ്, രാജ്യങ്ങള്‍ക്കും ഭരണകര്‍ത്താക്കള്‍ക്കും ഇത്തരത്തിലുള്ള ദുരിതമനുഭവിക്കുന്നവര്‍ക്കു വേണ്ടി പ്രത്യേക സന്ദേശം അയയ്ക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു... കത്തോലിക്കാസഭ മനുഷ്യക്കടത്തിന്‍റെ എല്ലാ തലങ്ങളിലും ഇടപെടാന്‍ ഉദ്ദേശിക്കുന്നു... ഈ വിഷയത്തില്‍ സമൂര്‍ത്തമായ പ്രതികരണങ്ങള്‍ പരമപ്രധാനമാണ്...

അടിമത്തത്തിനു ഇരകളായിരിക്കുന്നവര്‍ക്കുവേണ്ടി, അടിമയായിരിക്കെ, അനന്യസാധാരണമായ സാക്ഷ്യമേകി വിശുദ്ധയായി മാറിയ ജോസഫീന ബക്കീതയോടുള്ള മാധ്യസ്ഥ പ്രാര്‍ഥനയോടെയാണ് ഈ ചോദ്യോത്തരവേള അവസാനിച്ചത്.  
നമുക്കു പ്രാര്‍ഥിക്കാം... എന്ന ആഹ്വാനത്തോട് എല്ലാവരും ഒത്തുചേര്‍ന്നു.  
വി. ജൂസെപ്പീന ബക്കീത, കുഞ്ഞുന്നാളില്‍ തന്നെ നീ ഒരു അടിമയായി വില്ക്കപ്പെട്ടവളും, അനേക പ്രയാസങ്ങളും സഹനങ്ങളും അഭിമുഖീകരിച്ചവളും ആണല്ലോ.
ഒരിക്കല്‍ നീ ശാരീരിക അടിമത്തത്തില്‍ നിന്നു മോചിതയായപ്പോള്‍, ക്രിസ്തുവിനെയും അവന്‍റെ സഭയെയും കണ്ടുമുട്ടുകയും, അവിടെ സത്യമായ മോചനം കണ്ടെത്തുകയും ചെയ്തുവല്ലോ... വി. ജുസെപ്പീന ബക്കീത, അടിമത്തത്തിലായിരിക്കുന്ന എല്ലാവരുടെയും സഹായമായിരിക്കണമേ... 
നിസ്സംഗതയില്‍ വീഴാതിരിക്കുന്നതിന്, തങ്ങളുടെ അന്തസ്സും, സ്വാതന്ത്ര്യവും നഷ്ടപ്പെട്ടിരിക്കുന്ന ഞങ്ങളുടെ സഹോദരീസഹോദരങ്ങളുടെ ദുരിതങ്ങളും മുറിവുകളും കാണുന്നതിനായി ഞങ്ങളുടെ കണ്ണുകള്‍ തുറക്കുന്നതിന്, സഹായത്തിനായുള്ള അവരുടെ നിലവിളി കേള്‍ക്കുന്നതിന്, ഞങ്ങള്‍ക്കെല്ലാവര്‍ക്കുംവേണ്ടി, പ്രാര്‍ഥിക്കണമേയെന്നു ഞങ്ങള്‍ യാചിക്കുന്നു. ആമേന്‍.

 

 
All the contents on this site are copyrighted ©.