2018-02-05 13:43:00

‘‘നിശ്ശബ്ദതയിലുള്ള ദൈവാരാധന ശ്രേഷ്ഠം ’’: മാര്‍പ്പാപ്പാ


ദൈവം നമ്മെ  തെരഞ്ഞെടുക്കുകയും നമ്മോടു ഉടമ്പടി ചെയ്യുകയും ചെയ്തത് അനുസ്മരിച്ചുകൊണ്ട്, നിശ്ശബ്ദമായി നടത്തുന്ന ദൈവാരാധനയിലേക്കു നാം വളരണം, എന്ന് ഫെബ്രുവരി അഞ്ചാം തീയതി, സാന്താ മാര്‍ത്ത കപ്പേളയിലെ പ്രഭാതദിവ്യബലിയില്‍ രാജാക്കന്മാരുടെ പുസ്തകത്തില്‍ നിന്നുള്ള വായനയെ (1 രാജാ. 8:1-7.9-13) ആസ്പദമാക്കി പാപ്പാ ഉദ്ബോധിപ്പിച്ചു: പഴയനിമയവായനയുടെ ആദ്യഭാഗത്ത്, സോളമന്‍ രാജാവ് ദേവാലയത്തിലേക്കു പോകുന്നതിനു ജനനേതാക്കളെ വിളിച്ചുകൂട്ടിയതിനെ അനുസ്മരിപ്പിച്ചുകൊണ്ടു പാപ്പാ പറഞ്ഞു: ''ദേവാലയത്തിലേക്കുള്ള കയറുന്നത് ഹൃദയത്തില്‍, ദൈവം നമ്മെ തെരഞ്ഞെടുത്തതിനെക്കുറിച്ചും നാമുമായി ചെയ്ത ഉടമ്പടിയെക്കുറിച്ചും ഉള്ള ഓര്‍മയോടെ, ദൈവാരാധനയില്‍ വളര്‍ന്നുകൊണ്ടായിരിക്കണം''. 

വാഗ്ദാനപേടകത്തില്‍, മോശ ഹോറെബില്‍ വച്ചു നിക്ഷേപിച്ച രണ്ടു ശിലാഫലകങ്ങളല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല എന്ന വാക്യത്തെ എടുത്തുപറഞ്ഞ പാപ്പാ, ആ കല്പലകകളിലെ, രണ്ടു പ്രമാണങ്ങളെ ലളിതമായി വിശദീകരിച്ചത് ഇങ്ങനെയാണ്:  ''ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങളും എന്നെ സ്നേഹിക്കണം. ഇതായിരുന്നു ഒന്നാമത്തെ പ്രമാണം, ദൈവത്തെ സ്നേഹിക്കണം.  രണ്ടാമത്തേത്, നിങ്ങളുടെ അയല്‍ക്കാരനെ സ്നേഹിക്കണം എന്നതും''. 

വാഗ്ദാനപേടകം, ദാവീദിന്‍റെ നഗരമായ സീയോനില്‍ നിന്ന്, സോളമന്‍ രാജാവ് പുതുതായി നിര്‍മി ച്ച ജറുസലെം ദേവാലയത്തില്‍ സ്ഥാപിക്കുന്നതിനു മുമ്പ്, അനേകം ബലികളര്‍പ്പിച്ചു. എന്നിരുന്നാലും, കര്‍ത്താവിന്‍റെ പുരോഹിതര്‍ വാഗ്ദാനപേടകം അതിവിശുദ്ധ സഥലമായ ശ്രീകോവിലില്‍ സ്ഥാപിച്ച ശേഷം പുറത്തിറങ്ങിയപ്പോള്‍ ഒരു മേഘം കര്‍ത്താവിന്‍റെ ആലയത്തില്‍ നിറഞ്ഞു. അപ്പോള്‍ ജനം ദൈവത്തെ ആരാധിച്ചു. ഈ വിശുദ്ധഗ്രന്ഥസംഭവത്തെ ആസ്പദമാക്കിയായിരുന്നു പാപ്പായുടെ സന്ദേശത്തിന്‍റെ അവസാനഭാഗം. ബലികളില്‍ നിന്നും നിശ്ശബ്ദമായ ആരാധനയിലേക്കുള്ള വളര്‍ച്ചയെന്ന് ആ പ്രാര്‍ഥനയെ വിശേഷിപ്പിച്ചുകൊണ്ട്, പാപ്പാ പറഞ്ഞു, ''സ്വര്‍ഗത്തില്‍ നാം ചെയ്യാനുള്ള ജോലി ആരാധനയാണ്. അതുകൊണ്ട് നമുക്ക് ഇപ്പോള്‍ത്തന്നെ അതു പരിശീലിക്കാം...  പ്രാര്‍ഥിക്കാന്‍, പാടാന്‍, സ്തുതിക്കാന്‍ ഒക്കെ നമുക്കു പഠിപ്പിക്കാം''.  ''എന്നാല്‍'', ദിവ്യബലിയ്ക്കെത്തിയിരുന്ന നവാഭിഷിക്തരായ വൈദികരോടായി പാപ്പാ പറഞ്ഞു, ''ജനത്തെ ആരാധിക്കുന്നതെങ്ങനെയെന്നു പഠിപ്പിക്കുക.  നിശ്ശബ്ദതയില്‍ ആരാധിക്കുന്നതിന്...''  വാഗ്ദാനപേടകം നമ്മുടെ കരങ്ങളിലും ഹൃദയ ത്തിലും സംവഹിച്ചുകൊണ്ട് നമുക്ക് ദൈവത്തിന്‍റെ മല കയറാമെന്നും, അവിടെ ദൈവത്തിന്‍റെ മഹത്വത്തിനുമുമ്പില്‍ വാക്കുകള്‍ അപ്രത്യക്ഷമാകുമെന്നും പറഞ്ഞ പാപ്പാ, ഞങ്ങളെ ശ്രവിക്കണമേയെന്നും ഞങ്ങളോടു ക്ഷമിക്കണമേയെന്നുമുള്ള വിനയപൂര്‍ണമായ ചെറുപ്രാര്‍ഥനയോടെ നിശ്ശബ്ദതയില്‍ ദൈവത്തെ ആരാധിക്കാന്‍ ആഹ്വാനം ചെയ്തു.
All the contents on this site are copyrighted ©.